പൂര്‍ണ്ണകാമാവപി യുവാം നരനാരായണാവൃഷീ
ധര്‍മ്മമാചരതാം സ്ഥിത്യൈ ഋഷഭൗ ലോകസംഗ്രഹാം (10-89-60)
ഇത്യാദിഷ്ടൗ ഭഗവതാ തൗ കൃഷ്ണൗ പരമേഷ്ഠിനാ
ഓമിത്യാനമ്യ ഭൂമാനമാദായ ദ്വിജദാരകാന്‍ (10-89-61)
ന്യവര്‍ത്തതാം സ്വകം ധാമ സംപ്രഹൃഷ്ടൗ യഥാഗതം
വിപ്രായ ദദതുഃ പുത്രാന്‍ യഥാരൂപം യഥാവയഃ (10-89-62)

ശുകമുനി തുടര്‍ന്നു:
ദ്വാരകയില്‍ ഒരു ബ്രാഹ്മണപത്നി പല ചാപിളളകളെയും പ്രസവിച്ചു. അതിനാല്‍ ബ്രാഹ്മണന്‍ ഹൃദയവ്യഥിതനായിരുന്നു. ഒരു നാള്‍ കൃഷ്ണനും അര്‍ജ്ജുനനും ഇരിക്കുന്ന കൊട്ടാരത്തില്‍ ഒരു ശിശുവിന്റെ ജഡവുമായി അദ്ദേഹം എത്തി. എന്നിട്ടിങ്ങനെ ഉറക്കെ വിലപിച്ചു: ‘തീര്‍ച്ചയായും നമ്മുടെ രാജാവ്‌ അധാര്‍മ്മികനായിരിക്കണം. കാരണം, അയാളുടെ പാപങ്ങളുടെ ഫലമായാണ്‌ ശിശുമരണങ്ങള്‍ സംഭവിക്കുന്നത്‌.’ അര്‍ജ്ജുനന്‌ ബ്രാഹ്മണന്റെ കുറ്റപ്പെടുത്തല്‍ കേട്ട്‌ വാശിയായി. അയാള്‍ പറഞ്ഞു: ‘ദ്വാരകയില്‍ ഈ നല്ല മനുഷ്യന്റെ കുട്ടികളെ സംരക്ഷിക്കാന്‍ കഴിവുളള വില്ലാളികള്‍ ആരുംതന്നെയില്ലെന്നോ? തീര്‍ച്ചയായും ഒരു രാജാവ്‌ തന്റെ രാജ്യത്ത്‌ ഒരു ബ്രാഹ്മണന്‌ ദുരിതമനുഭവിക്കാന്‍ ഇടവരുത്തുകയാണെങ്കില്‍ അയാള്‍ വെറുമൊരു കൂലിപ്പടയാളിക്ക്‌ തുല്യം. അയാള്‍ രാജാവല്ല തന്നെ. അല്ലയോ ബ്രാഹ്മണാ, ഞാന്‍ സ്വയം നിങ്ങളുടെ അടുത്ത കുട്ടിയെ സംരക്ഷിക്കുന്നതാണ്‌. പേടി വേണ്ട.’ എന്നാല്‍ ബ്രാഹ്മണന്‌ അര്‍ജ്ജുനന്റെ കഴിവില്‍ സംശയമുണ്ടായിരുന്നു.

ബ്രാഹ്മണപത്നിക്ക്‌ വീണ്ടും പ്രസവമടുത്തപ്പോള്‍ ബ്രാഹ്മണന്‍ അര്‍ജ്ജുനനെ സമിപിച്ച്‌ സംരക്ഷണം തേടി. അര്‍ജ്ജുനന്‍ ബ്രാഹ്മണഗൃഹത്തിലേക്ക്‌ പോയി അതിനു ചുറ്റും പലേവിധത്തിലുളള ശക്തിയേറിയ ശരങ്ങള്‍ കൊണ്ട്‌ ഒരു കോട്ട തീര്‍ത്തു. ആരാലും തകര്‍ക്കാനാവാത്ത പ്രതിരോധം വീട്ടിനുചുറ്റുമുണ്ടാക്കി. ശിശു ജനിച്ചു. കുറച്ചു കരഞ്ഞു. എന്നിട്ട്‌ ശരീരത്തോടെ അപ്രത്യക്ഷമായി. ദുഃഖാകുലനായ ബ്രാഹ്മണന്‍ വിലപിച്ചു: ‘ഞാനൊരു വിഡ്ഢി. ഈ ആണും പെണ്ണുമല്ലാത്തവന്റെ വാക്കും വിശ്വസിച്ച്‌ കഴിഞ്ഞുവല്ലോ.’ അര്‍ജ്ജുനന്‍ കോപിഷ്ഠനായി. ശിശുവിനെ താന്‍ തിരികെ കൊണ്ടുവരും അല്ലെങ്കില്‍ ആത്മഹത്യ. അതായിരുന്നു അര്‍ജ്ജുനന്റെ തീരുമാനം.

അര്‍ജ്ജുനന്‍ യമലോകത്തു ചെന്നു. ശിശുവിനെ അവിടെ കണ്ടില്ല. സ്വര്‍ഗ്ഗത്തിലും പാതാളത്തിലും പോയെങ്കിലും ശിശുവിനെ കണ്ടില്ല. അര്‍ജ്ജുനന്‍ ദേഹത്യാഗം ചെയ്യാന്‍ ചിതയൊരുക്കി. കൃഷ്ണന്‍ അര്‍ജ്ജുനനെ തടഞ്ഞു. ബ്രാഹ്മണന്റെ കുട്ടികളെ കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനവും നല്‍കി. എന്നിട്ട്‌ അര്‍ജ്ജുനനേയും കൂട്ടി യാത്രയായി. അവര്‍ പല സൗരയൂഥങ്ങളും മണ്ഡലങ്ങളും കടന്നുപോയി. അവര്‍ അവയ്ക്കെല്ലാമപ്പുറത്തുളള ലോകാലോകപര്‍വ്വതങ്ങളും കടന്നു. കൃഷ്ണന്റെ പ്രഭാപൂരമായ സ്വപ്രകാശത്തില്‍ അതീവ തമസ്സിലൂടെ അവര്‍ യാത്ര തുടര്‍ന്നു. ഭഗവാന്റെ പരിപൂര്‍ണ്ണാവബോധം തന്നെ ഈ പ്രഭ. അവര്‍ ഇരുട്ടിന്റെ അങ്ങേ അറ്റത്തെത്തി. അതിനപ്പുറം പരമപ്രകാശം. അതിനുമപ്പുറം ജലമണ്ഡലം. അവിടെ ആയിരം ഫണങ്ങളുളള സര്‍പ്പത്തിന്റെ പുറത്ത്‌ ദിവ്യശക്തികളാല്‍ പരിസേവിതനായി ഭഗവാന്‍ വിഷ്ണു ശയിക്കുന്നു. കൃഷ്ണനും അര്‍ജ്ജുനനും ഭഗവാനെ നമസ്കരിച്ചു. ഭഗവാന്‍ പറഞ്ഞു: ‘നിങ്ങളെ രണ്ടാളെയും കാണാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ ബ്രാഹ്മണന്റെ കുട്ടികളെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്‌. നിങ്ങള്‍ മഹാത്മാക്കളായ നരനും നാരായണനുമത്രെ. നിങ്ങള്‍ക്ക്‌ നേടാന്‍ പ്രത്യേകിച്ചൊന്നുമില്ലെങ്കിലും നിങ്ങള്‍ സര്‍വ്വജീവജാലങ്ങളുടെയും ക്ഷേമത്തിനായി ധര്‍മ്മപാതയില്‍ ചരിച്ചാലും., കൃഷ്ണനും അര്‍ജ്ജുനനും അനന്തനായ ഭഗവാനെ വണങ്ങി പറഞ്ഞു: ‘ശരി’.

ബ്രാഹ്മണപുത്രന്‍മാരെ കൂടെക്കൂട്ടി അവര്‍ ദ്വാരകയിലേക്ക്‌ പോയി. ബ്രാഹ്മണന്‌ പുത്രന്‍മാരെ തിരിച്ചു നല്‍കി.

ബഹിരാകാശയാത്രയെ കുറിക്കുന്നു ഈ കഥ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF