ഗുണൈര്‍ഗുണാന്‍ സ ഭുഞ്ജാന ആത്മപ്രദ്യോതിതൈഃപ്രഭുഃ
മന്യമാന ഇദം സൃഷ്ടമാത്മാനമിഹ സജ്ജതേ (11-3-5)
കര്‍മ്മാണി കര്‍മ്മഭിഃ കുര്‍വ്വന്‍ സനിമിത്താനി ദേഹഭൃത്‌
തത്തത്‌ കര്‍മ്മഫലം ഗൃഹ്ണന്‍ ഭ്രമതീഹ സുഖേതരം (11-3-6)
കര്‍മ്മണ്യാരഭമാണാനാം ദുഃഖഹത്യൈ സുഖായ ച
പശ്യേത്‌ പാകവിപര്യാസം മിഥുനീചാരിണാം നൃണാം (11-3-18)

അന്തരീക്ഷമുനി പറഞ്ഞു:
ജീവാത്മാക്കളുടെ മോക്ഷത്തിനായി പരംപൊരുള്‍ സൃഷ്ടിപരിണാമങ്ങള്‍ നടത്തുന്നത്‌ മായ എന്ന ഊര്‍ജ്ജത്തിന്റെ സഹായത്തോടെയത്രെ. പരമാവബോധമാണല്ലോ ആ പരംപൊരുള്‍. ഈ വിശ്വത്തെ സൃഷ്ടിച്ച ശേഷം അതു സ്വയം സൃഷ്ടികളിലേക്ക് ഇറങ്ങിച്ചെന്ന് മനസ്സും ഇന്ദ്രിയങ്ങളും വിടര്‍ത്തി. ഇവകളിലൂടെ അന്തര്യാമി പുറംലോകത്തേയും ദ്രവ്യങ്ങളേയും ആസ്വദിക്കുന്നു. അയാള്‍ ചിലതരം അനുഭവങ്ങളില്‍ ആകൃഷ്ടനാവുകയും ആ അനുഭവങ്ങളെ സാധിതമാക്കിത്തന്ന വസ്തുക്കളില്‍ ആസക്തനാവുകയും ചെയ്യുന്നു. അതിനുശേഷം അയാളുടെ കര്‍മ്മങ്ങള്‍ സുഖാസ്വാദനം തേടിയുളളവയാവുകയും അവയുടെ പരിണിതഫലങ്ങള്‍ അയാള്‍ക്ക്‌ അനുഭവിക്കേണ്ടതായി വരികയും ചെയ്യുന്നു. അങ്ങനെ അയാള്‍ ഈ സൃഷ്ടി ചക്രത്തില്‍ നിസ്സഹായനായി വലയുന്നു. ഈ ലോകചക്രത്തിന്റെ അവസാനം നൂറുകൊല്ലം നീണ്ടു നില്‍ക്കുന്ന ഒരു വരള്‍ച്ച ഉണ്ടാവും. അതിന്റെ അവസാനം വിശ്വാഗ്നിയില്‍ എല്ലാം അലിഞ്ഞു ചേരും. അവസാനമായി ഒരു വിശ്വപ്രളയത്തില്‍പ്പെട്ട്‌ സകലതും മുങ്ങിപ്പോവും. സൃഷ്ടികള്‍ ഉള്‍വലിഞ്ഞ് തങ്ങളുടെ കാരണങ്ങളിലേക്കു‌ മടങ്ങിപ്പോവും. അവസാനം പ്രകൃതിയില്‍ വിലയിക്കുകയും ചെയ്യും. ഇങ്ങനെ മായ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തുന്നു.

പ്രബുദ്ധമുനി പറഞ്ഞു:
ഒരുവന്‍ അനവരതം അസന്തുഷ്ടിയെ ഒഴിവാക്കി സുഖമാസ്വദിക്കാന്‍ പരിശ്രമിക്കുമ്പോള്‍ വിപരീതഫലമാണ്‌ അവനുണ്ടാവുന്നതെന്ന് അറിയേണ്ടതാണ്‌. ഇഹലോകത്തോ സ്വര്‍ഗ്ഗത്തില്‍ പോലുമോ നിതാന്തപരമാനന്ദം സാദ്ധ്യമല്ലതന്നെ. കാരണം, വെറുപ്പില്‍നിന്നും മത്സരത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവിടെയും സ്വര്‍ഗ്ഗത്തിലും ജീവിതത്തെ ബാധിക്കും. ഇതറിഞ്ഞ് വിവേകശാലിയായ ഒരുവന്‍ ആസക്തി വിട്ടവനും സത്യദര്‍ശിയുമായ ഒരു ഗുരുവിനെ അഭയം പ്രാപിക്കണം. ഗുരുപൂജയിലൂടെയും ഗുരുസേവയിലൂടെയും ഭഗവല്‍പ്രേമത്തിലേക്കുളള പാതയും ലൗകികസുഖങ്ങളിലൂളള അനാസക്തിയും മനുഷ്യബന്ധങ്ങളോടുളള ശരിയായ മനോഭാവവും ആത്മനിയന്ത്രണം ശീലിക്കുന്നതെങ്ങനെയെന്നും ശുദ്ധവും ലളിതവുമായ ജീവിതം നയിക്കുന്നതെങ്ങനെയെന്നും സകലജീവജാലങ്ങളിലും ആത്മാവിനേയോ ഈശ്വരനേയോ ദര്‍ശിക്കുന്നതെങ്ങനെയെന്നും സ്വന്തം ജീവന്‍ ആത്മത്യാഗത്തിലൂടെ ഭഗവാനര്‍പ്പിക്കുന്നതെങ്ങനെയെന്നും ഭഗവദ്‍ഭക്തരെയും മറ്റുളളവരെയും എങ്ങനെ സ്നേഹപൂര്‍വ്വം പരിചരിക്കണമെന്നും തുടര്‍ച്ചയായി ഭഗവല്‍കഥാകഥനവും ശ്രവണവും നടത്തേണ്ടതെങ്ങനെയെന്നും അയാള്‍ പഠിക്കണം.

അങ്ങനെയുളള ഭക്തന്‍ ഭഗവല്‍സ്മരണയാല്‍ സദാ വിലീനനായിരിക്കും. ചിലപ്പോള്‍ ഭഗവദ്‌ വിരഹദുഃഖത്തില്‍ തപിച്ചു കണ്ണീരൊഴുക്കിയും ചിലപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയും ഭഗവല്‍സാന്നിദ്ധ്യം അറിഞ്ഞു പാടിയും ആടിയും മറ്റു ചിലപ്പോള്‍ ഈശ്വരസാക്ഷാത്കാരത്തില്‍ സ്വയം മറന്നു ശാന്തനും നിശ്ശബ്ദനായും അയാള്‍ ഇരിക്കുന്നു. ആരൊരുവന്‍ അങ്ങനെ ഈശ്വരഭക്തന്റെ അപ്രതീക്ഷിതവും വ്യവസ്ഥാനുസാരിയല്ലാത്തതുമായ കാര്യങ്ങളെ പഠിക്കുന്നുവോ, അയാള്‍ക്ക്‌ ഈശ്വരപ്രേമം വര്‍ദ്ധിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF