MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഔഷധാഹരണയാത്ര

കൈകസീനന്ദനനായ വിഭീഷണന്‍
ഭാഗവതോത്തമന്‍ ഭക്തപരായണന്‍
പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു
പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍
കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ-
നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു
നോക്കി നോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ-
നാക്കമേറും വായുപുത്രനുമന്നേരം
ആരിനിയുള്ളതൊരു സഹായത്തിനെ-
ന്നാരായ്കവേണമെന്നോര്‍ത്തവനും തദാ
ശാഖാമൃഗങ്ങള്‍ കിടക്കുന്നവര്‍കളില്‍
ചാകാതവരിതിലാരെന്നു നോക്കുവാന്‍
ഏകാകിയായ്‌ നടക്കുന്നനേരം തത്ര
രാഘവഭക്തന്‍ വിഭീഷണനെക്കണ്ടു
തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു
നിര്‍മ്മലന്മാര്‍ നടന്നീടിനാര്‍ പിന്നെയും
പാഥോജസംഭവനന്ദനന്‍ ജ‍ാംബവാന്‍
താതനനുഗ്രഹം കൊണ്ടു മോഹം തീര്‍ന്നു
കണ്ണുമിഴിപ്പനരുതാഞ്ഞിരിക്കുമ്പോള്‍
ചെന്നു വിഭീഷണന്‍ ചോദിച്ചിതാദരാല്‍
‘നിന്നുടെ ജീവനുണ്ടോ കപിപുംഗവ?
നന്നായിതെങ്കില്‍ നീയെന്നെയറിഞ്ഞിതോ?
‘കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു
നിന്നുടെ വാക്കു കേട്ടുള്ളില്‍ വിഭാതി മേ
രാക്ഷസരാജന്‍ വിഭീഷണനെന്നതു
സാക്ഷാല്‍ പരമാര്‍ത്ഥമെന്നോടു ചൊല്ലുക’
‘സത്യം വിഭീഷണനായതു ഞാനെടോ!
സത്യമതേ’ പുനരെന്നതു കേട്ടവന്‍
ചോദിച്ചിതാശരാധീശ്വരന്‍തന്നോടു
‘ബോധമുണ്ടല്ലോ ഭവാനേറ്റമാകയാല്‍
മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളില്‍ നമ്മുടെ മാരുതി
ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി-
ലാവതെല്ല‍ാം തിരയേണമിനിയെടോ!’
ചോദിച്ചിതാശു വിഭീഷണ’നെന്തെടോ
വാതാത്മജനില്‍ വാത്സല്യമുണ്ടായതും?
രാമസൗമിത്രിസുഗ്രീവ‍ാംഗദാദിക-
ളാമവരേവരിലും വിശേഷിച്ചു നീ
ചോദിച്ചതെന്തു സമീരണപുത്രനെ
മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?’
‘എങ്കിലോ കേള്‍ക്ക നീ മാരുതിയുണ്ടെങ്കില്‍
സങ്കടമില്ല മറ്റാര്‍ക്കുമറിഞ്ഞാലും
മാരുതപുത്രന്‍ മരിച്ചിതെന്നാകില്‍ മ-
റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ’
സാരസസംഭവപുത്രവാക്യം കേട്ടു
മാരുതിയും ബഹുമാനിച്ചു സാദരം
‘ഞാനിതല്ലോ മരിച്ചീലെ’ന്നവന്‍കാലക്ക-
ലാമോദമുള്‍ക്കൊണ്ടു വീണു വണങ്ങിനാന്‍
ഗാഢമായാശ്ലേഷവും ചെയ്തു ജ‍ാംബവാന്‍
കൂടെത്തലയില്‍ മുകര്‍ന്നു ചൊല്ലീടിനാന്‍
‘മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ
രാഘവന്മാരെയും ജീവിച്ചിരുത്തുവാ-
നാകുന്നവരാരുമില്ല നീയെന്നിയേ
പോകവേണം നീ ഹിമവാനെയും കട-
ന്നാകുലമറ്റു കൈലാസശൈലത്തോളം
കൈലാസസന്നിധിയിങ്കലൃഷഭാദ്രി-
മേലുണ്ടു ദിവ്യൗഷന്ധങ്ങളറികനീ
നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു
നാലിനും നാമങ്ങളും കേട്ടുകൊള്ളുക
മുമ്പില്‍ വിശല്യകരണിയെന്നൊന്നെടോ
പിമ്പു സന്ധാനകരണി മൂന്നാമതും
നല്ല സുവര്‍ണ്ണകരണി നാലാമതും
ചൊല്ലുവന്‍ ഞാന്‍ മൃതസഞ്ജീവനി സഖേ!
രണ്ടു ശൃംഗങ്ങളുയര്‍ന്നു കാണാമവ-
രണ്ടിനും മദ്ധ്യേ മരുന്നുകള്‍ നില്‍പതും
ആദിത്യനോളം പ്രഭയുണ്ടു നാലിനും
വേദസ്വരൂപങ്ങളെന്നുമറിക നീ
വാരാന്നിധിയും വനങ്ങള്‍ ശൈലങ്ങളും
ചാരുനദികളും രാജ്യങ്ങളും കട-
ന്നാരാല്‍ വരിക മരുന്നുകളും കൊണ്ടു
മാരുതനന്ദന! പോക നീ വൈകാതെ’
ഇത്ഥം വിധിസുതന്‍ വാക്കുകള്‍ കേട്ടവന്‍
ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാന്‍
മേരുവിനോളം വളര്‍ന്നു ചമഞ്ഞവന്‍
വാരാന്നിധിയും കുലപര്‍വ്വതങ്ങളും
ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം
ശങ്കാരഹിതം കരുത്തോടലറിനാന്‍
വായുവേഗേന കുതിച്ചുയര്‍ന്നംബരേ
പോയവന്‍ നീഹാരശൈലവും പിന്നിട്ടു
വൈരിഞ്ചമണ്ഡവും ശങ്കരശൈലവും
നേരെ ധരാനദിയുമളകാപുരം
മേരുഗിരിയുമൃഷഭാദ്രിയും കണ്ടു
മാരുതി വിസ്മയപ്പെട്ടു നോക്കീടിനാന്‍