കേരളത്തെ ഒരു കോട്ടപോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടമലനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ ഒരു പര്‍വ്വത മേഖലയായ അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ് അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1860-ലേറെ മീറ്റര്‍ ഉയരം അഗസ്ത്യാര്‍കൂടത്തിനുണ്ട്. പ്രകൃതി രമണീയമായ ഈ പര്‍വ്വതനിരയില്‍ അഗസ്ത്യമുനി തപസ്സു ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇക്കാരണംകൊണ്ടുതന്നെ ഈ പര്‍വ്വതനിരയെ അഗസ്ത്യാര്‍കൂടം എന്ന് വിളിക്കുന്നു. അഗസ്ത്യമുടിയുടെ നെറുകയിലുളള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളത്. അഗസ്ത്യന്റെ പൂര്‍ണ്ണകായ പ്രതിഷ്ഠ. അവിടം പ്രകൃതി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്ന ചോലമരങ്ങള്‍ കാറ്റിന്റെ ഗതിയെ തിരിച്ച് അഗസ്ത്യന്റെ മുന്നിലെ വിളക്ക് കെടാതെ സൂക്ഷിക്കുന്നു. കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടുകളും മൊട്ടക്കുന്നുകളും പുല്‍മേടുകളും കളിര്‍കാറ്റും മഞ്ഞും അപൂര്‍വ്വ പഷിക്കൂട്ടങ്ങളും ചിത്രശലഭങ്ങളും അരുവികളും ഔഷധസസ്യങ്ങളും വന്യജീവികളും വന്‍വൃക്ഷങ്ങളും മറ്റുമായി സമ്പല്‍സമൃദ്ധമായ പ്രകൃതി അവിടുത്തെ പ്രത്യേകതയാണ്. 2001 നവംബര്‍ 12-ന് നിലവില്‍ വന്ന അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിനു ഉദ്ദേശം 3500 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇതിന്റെ 1828ചതുരശ്ര കിലോമീറ്റര്‍ കേരളത്തിലും ബാക്കി ഭാഗം തമിഴ്‌നാട്ടിലുമാണ് സ്ഥിതിചെയ്യുന്നത്. നെയ്യാര്‍ , പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ അഗസ്ത്യമല റിസര്‍വിന്റെ ഭാഗമാണ്.

അഗസ്ത്യവനത്തിന്റെ ഭൂമിശാസ്ത്രം

കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലെ ഒരു പര്‍വ്വത ശിഖരമാണ് ഇത്. ഏകദേശം 1868 മീറ്റര്‍ (6129 അടി) ഉയരം ഇതിന് കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുമായിട്ടാണ് ഈ പര്‍വ്വതം സ്ഥിതിചെയ്യുന്നത്. നെയ്യാര്‍, പേപ്പാറ വനമേഖലയില്‍ ഉള്‍പ്പട്ടതാണ് ഇത്. കേരളത്തിലെ വനസംരക്ഷണ വകുപ്പിലെ പേപ്പാറ വനമേഖലയാണ് ഇതിന്റെ സംരക്ഷണവും യാത്രാ നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്നത്.

നെയ്യാറില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരത്തിലും, തിരുവനന്തപുരത്തുനിന്നും ഏകദേശം 62 കിലോമീറ്റര്‍ ദൂരത്തിലുമാണ് അഗസ്ത്യാര്‍കൂടം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത വിമാനത്താവളവും അടുത്ത നഗരവും തിരുവന്തപുരമാണ്, അടുത്ത റയില്‍വേസ്റ്റേഷന്‍ തിരുനല്‍വേലി ജില്ലയിലെ അംബാസമുദ്രവുമാണ്. കേരളത്തിലെ തൊട്ടടുത്ത ഗ്രാമം ബോണക്കാടും പട്ടണം നെടുമങ്ങാടും ആണ്.

ആയൂര്‍വേദ ഔഷധസസ്യങ്ങളുടെ പൂങ്കാവനമായ അഗസ്ത്യാര്‍കൂടത്തില്‍ അഗസ്ത്യമുനി യാഗകുണ്ഠത്തില്‍ ഒഴിച്ച നെയ്യ് വഴിഞ്ഞൊഴുകിയതാണ് ‘നെയ്യാര്‍ ‘ എന്നുമാണ് ഐതിഹ്യം. അങ്ങനെ നെയ്യാറ്റിന്‍കരയെന്ന സ്ഥലപ്പേരും. അഗസ്ത്യമലയില്‍ നിന്നും ഉത്ഭവിച്ച് കീഴ്ക്കാംതൂക്കായി കാനന സാങ്കേതങ്ങളിലൂടെ ഒഴുകി കൊമ്പൈ, മീന്‍മുട്ടി എന്നീ ജലപാദങ്ങളിലൂടെ നെയ്യാറായി പരിണമിക്കുന്നു. വള്ളിയാര്‍, മുല്ലയാര്‍, കരമനയാര്‍, കുഴിത്തുറയാര്‍ എന്നീ നദികളും ഈ മലനിരകളില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. തമിഴ്നാട്ടിനെ കുളിരണിയിക്കുന്ന താമ്രപര്‍ണ്ണിയുടേയും ഉത്ഭവസ്ഥാനം അഗസ്ത്യാര്‍കൂടമാണ്.