ഡൗണ്‍ലോഡ്‌ MP3

അജാമിളോ നാമ മഹീസുര: പുരാ
ചരന്‍ വിഭോ ധര്‍മ്മപഥാന്‍ ഗൃഹാശ്രമീ |
ഗുരോര്‍ഗ്ഗിരാ കാനനമേത്യ ദൃഷ്ടവാ‍ന്‍
സുധൃഷ്ടശീല‍ാം കുലട‍ാം മദാകുല‍ാം || 1 ||

സര്‍വ്വേശ്വരാ! പണ്ടൊരിക്കല്‍ ഗൃഹസ്ഥാശ്രമം സ്വീകരിച്ച് ധര്‍മ്മമാര്‍ഗ്ഗങ്ങളി‍ല്‍ ജീവിതം നയിച്ചിരുന്ന അജാമിളന്‍ എന്ന ബ്രാഹ്മണ‍ന്‍ ഗുരുവിന്റെ ആജ്ഞയനുസരിച്ച് വനത്തിലേക്കുപോയ സമയം തീരെ ലജ്ജയില്ലാത്തവളും മദപരവശയുമായ ഒരു വേശ്യയെ കാണാനിടയായി.

സ്വത: പ്രശാന്തോപി തദാഹൃതാശയ:
സ്വധര്‍മ്മുത്സൃജ്യ തയാ സമാരമന്‍ |
അധര്‍മ്മകാരീ ദശമീ ഭവന്‍ പുന‍ര്‍ –
ദധൗ ഭവന്നാമയുതേ സുതേ രതിം || 2 ||

പ്രകൃത്യാ ശാന്തനാണെങ്കിലും അവളാല്‍ വശീകരിക്കപ്പെട്ട മനസ്സോടുകൂടിയവനായി തന്റെ കുലധര്‍മ്മത്തെ കൈവെടിഞ്ഞ് അവളോടൊന്നിച്ച് രമിച്ചുകൊണ്ട് അധര്‍മ്മങ്ങളനുഷ്ഠിക്കുന്നവനായി വാര്‍ദ്ധ്യക്യം പ്രാപിച്ചസമയത്ത് അങ്ങയുടെ തിരുനാമത്തോടുകൂടിയ പുത്രനില്‍ വാത്സല്യം കൈകൊണ്ടു.

സ മൃത്യുകാലേ യമരാജകിങ്കരാന‍ന്‍
ഭയങ്കര‍ാംസ്ത്രീനഭിലക്ഷയന്‍ ഭിയാ |
പുരാ മനാക്ത്വത്സ്മൃതിവാസനാബലാത്
ജുഹാവ നാരായണനാമകം സുതം || 3 ||

ആ അജാമിളന്‍ മരണസമയത്ത് ഭയങ്കരന്മാരായ മൂന്നു യമകിങ്കരന്മാരെ എതിരില്‍കണ്ട് ഭയംകൊണ്ട് മുന്‍പ് അല്പമെങ്കിലും ഉണ്ടായിട്ടുള്ള ഭഗവ‍ല്‍ സ്മരണയുടെ വാസനബലംകൊണ്ട് നാരായണന്‍ എന്ന് പേരോടുകൂടിയ മകനെ വിളിച്ചു.

ദുരാശയസ്യാപി തദാത്വനിര്‍ഗ്ഗത-
ത്വദീയനാമാക്ഷരമാത്രവൈഭവാത് |
പുരോഭിപേതുര്‍ഭവദീയപാര്‍ഷദാ:
ചതുര്‍ഭുജാ: പീതപടാ മനോരമാ: || 4 ||

അപ്പോള്‍ ഉച്ചരിക്കപ്പെട്ടതായ അങ്ങയുടെ നാമക്ഷരത്തിന്റെ വൈഭവംകൊണ്ട് ദുഷ്ടാത്മാവണെങ്കിലും അവന്റെ മുമ്പില്‍ നാലു കൈകളോടുകൂടിയവരും മഞ്ഞപ്പട്ടുടുത്തവരും മനോഹരമായ രൂപത്തോടുകൂടിയവരുമായ അങ്ങയുടെ ദൃത്യന്മാര്‍ ഓടിയെത്തി.

അമും ച സംപാശ്യ വികര്‍ഷതോ ഭടാ‍ന്‍
വിമുഞ്ചതേത്യാരുരുധുര്‍ബലാദമീ |
നിവാരിതാസ്തേ ച ഭവജ്ജനൈസ്തദാ
തദീയപാപം നിഖിലം ന്യവേദയ‍ന്‍ || 5 ||

ഇവനേയും പാശംകൊണ്ട് കെട്ടി വലിച്ചുകൊണ്ടുപോകുന്ന യമഭടന്മാരെ “വിടുവിന്‍” എന്ന് ഇവര്‍ ബലാല്ക്കാരമായി തടുത്തു; അപ്പോള്‍ അവരും അങ്ങയുടെ ആളുകളാ‍ല്‍ തടുക്കപ്പെട്ടവരായിട്ട് അവന്റെ എല്ലാ പാപകര്‍മ്മങ്ങളേയും എടുത്തെടുത്തു പറഞ്ഞറിയിച്ചു.

ഭവന്തു പാപാനി കഥം തു നിഷ്കൃതേ
കൃതേപി ഭോ ദണ്ഡനമസ്തി പണ്ഡിതാ: |
ന നിഷ്കൃതി: കിം വിദിതാ ഭവാദൃശാ-
മിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ || 6 ||

“അല്ലയോ പണ്ഡിതന്മാരെ! പാപങ്ങള്‍ ഉണ്ടായിക്കൊള്ളട്ടെ! പ്രായശ്ചിത്തം ചെയ്തതിന്നുശേഷവും എങ്ങിനെയാണ് ശിക്ഷ ഉണ്ടാവുക? നിങ്ങളെപ്പോലെയുള്ള വര്‍ക്ക് പ്രായശ്ചിത്തം എന്നത് എന്തെന്നറിയുകയില്ലേ? ” എന്നിങ്ങിനെ, ഭഗവന്‍ ! അങ്ങയുടെ പാ‍ര്‍ഷദന്മാ‍ര്‍ ചോദിച്ചു.

ശ്രുതിസ്മൃതിഭ്യ‍ാം വിഹിതാ വ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസന‍ാം |
അനന്തസേവാ തു നികൃന്തതി ദ്വയീ-
മിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ || 7 ||

ശ്രുതികളാലും സ്മൃതികളാലും വിധിക്കപ്പെട്ടുള്ള വ്രതം തുടങ്ങിയ കര്‍മ്മങ്ങ‍ള്‍ പാപത്തെ ശുദ്ധമാക്കുന്നു; പാപവാസനയെ നശിപ്പിക്കുന്നില്ല; ഭഗവല്‍സേവനമാകട്ടെ, രണ്ടിനേയും വേരറുക്കുന്നു; എന്നിങ്ങിനെ, ഹേ ഭഗവന്‍! അങ്ങയുടെ സേവകന്മാര്‍ പറഞ്ഞു.

അനേന ഭോ ജന്മസഹസ്രകോടിഭി:
കൃതേഷു പാപേഷ്വപി നിഷ്കൃതി: കൃതാ |
യദഗ്രഹീന്നാമ ഭയാകുലോ ഹരേ-
രിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ || 8 ||

“ഹേ കിങ്കരന്മാരേ! ഇവന്‍ പേടിച്ചുവിറക്കുന്നവനായി ഭഗവാന്റെ തിരുനാമത്തെ ഉച്ചരിച്ചു എന്നതുകൊണ്ട് ഇവനാല്‍ അനേകായിരം ജന്മങ്ങളില്‍ ചെയ്തിട്ടുള്ള പാപങ്ങളില്‍കൂടി പ്രായശ്ചിത്തം ചെയ്യപ്പെട്ടു.” എന്നിങ്ങിനെ ഹേ സര്‍വ്വേശ്വര ! അങ്ങയുടെ ആളുകള്‍ പറഞ്ഞു.

നൃണാമബുദ്ധ്യാപി മുകുന്ദകീര്‍ത്തനം
ദഹത്യഘൗഘാന്‍ മഹിമാസ്യ താദൃശ: |
യഥാഗ്നിരേധ‍ാംസി യഥൗഷധം ഗദാ –
നിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ || 9 ||

“അഗ്നി വിറകുകളെ എന്നതുപോലെയും മരുന്നു രോഗങ്ങളെയെന്നതുപോലെയും ബുദ്ധിപൂര്‍വ്വമല്ലാതെയാണെങ്കിലും മോക്ഷദനായ ശ്രീ ഹരിയുടെ നാമോച്ചാരണം ജനങ്ങളുടെ പാപസഞ്ചയങ്ങളെ പാടെ ദഹിപ്പിക്കുന്നു, ഈ നാമമഹാത്മ്യം അപ്രകാരമുള്ളതാണ്, എന്നിങ്ങിനെ, ഹേ പ്രഭോ! അങ്ങയുടെ സേവകന്മാര്‍ പറഞ്ഞു.

ഇതീരിതൈര്‍യ്യാമ്യഭടൈരപാസൃതേ
ഭവദ്ഭടാന‍ാം ച ഗണേ തിരോഹിതേ |
ഭവത്സ്മൃതിം കംചന കാലമാചരന‍ന്‍
ഭവത്പദം പ്രാപി ഭവദ്ഭടൈരസൗ || 10 ||

ഇപ്രകാരം പറയപ്പെട്ട യമഭടന്മാരാ‍ല്‍ ഒഴിഞ്ഞുപോകപ്പെട്ട സമയം അങ്ങയുടെ പാര്‍ഷദന്മാര്‍ മറഞ്ഞപ്പോള്‍ ഈ അജാമിളന്‍ കുറെക്കാലം ഭഗവത്‍സ്മരണം ചെയ്തുകൊണ്ട് കഴിച്ചുകൂട്ടിയശേഷം അങ്ങയുടെ സേവകന്മാരാല്‍ നിന്തിരുവടിയുടെ സന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു.

സ്വകിങ്കരാവേദനശങ്കിതോ യമ-
സ്ത്വദംഘ്രിഭക്തേഷു ന ഗമ്യതാമിതി |
സ്വകീയഭൃത്യാനശിശിക്ഷദുച്ചകൈ:
സ ദേവ വാതാലയനാഥ പാഹി മ‍ാം || 11 ||

യമന്‍ തന്റെ കിങ്കരന്മാ‍ര്‍ ഉണര്‍ത്തിച്ചതുകേട്ട് ശങ്കയോടുകൂടിയവനായിട്ട് ‘അങ്ങയുടെ തൃപ്പാദഭക്തന്മാരുടെ അടുത്തുകൂടി പോകരുത്’ എന്നിങ്ങനെ തന്റെ ഭടന്മാരെ കഠിനമായി ശാസിച്ചു. ഹേ ഗുരുവായൂരപ്പ! അപ്രകാരമുള്ള നിന്തിരുവടി എന്നെ കാത്തരുളേണമേ.

അജാമിളോപാഖ്യാനം എന്ന ഇരുപത്തിരണ്ട‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 232 – വൃത്തം : വംശസ്ഥം.  ലക്ഷണം – ജതങ്ങ‍ള്‍ വംശസ്ഥമത‍ാം ജരങ്ങളും.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.