ഡൗണ്‍ലോഡ്‌ MP3

സ്ഫുരത്പരാനന്ദ രസാത്മകേന ത്വയാ സമാസാദിത ഭോഗലീലാഃ
അസീമമാനന്ദഭരം പ്രപന്നാഃ മഹാന്തമാപുര്‍ മദമംബുജാക്ഷ്യഃ || 1 ||

സ്പഷ്ടമായ പരമാനന്ദരസംതന്നെ മൂര്‍ത്തികരിച്ചവരിച്ചിരുന്ന നിന്തിരുവടിയോടൊന്നിച്ച് ക്രീഡാസുഖം അനുഭവിച്ചവരായി അളവറ്റ ആനന്ദാനുഭൂതി ലഭിച്ചവരായ ആ സരസീരുഹാക്ഷികള്‍ വര്‍ദ്ധിച്ച മദത്തെ പ്രാപിച്ചു.

നിലീയതേഽസൗ മയി മയ്യമായം
രമാപതിര്‍ വിശ്വമനോഽഭിരാമഃ
ഇതി സ്മ സര്‍വാഃ കലിതാഭിമാനഃ
നിരീക്ഷ്യ ഗോവിന്ദ ! തിരോഹിതോഽഭൂഃ || 2 ||

ഭുവനമനോമോഹനനും ശ്രീകാന്തനുമായ ഈ സൗന്ദര്‍യ്യധാമം യഥാ‍ര്‍ത്ഥത്തി‍ല്‍ എന്നിലാണ്, എന്നിലാണ്, ആസക്തനായിരിക്കുന്നത് എന്നിങ്ങനെ അവരെല്ലാവരേയും അഹംഭാവത്തോടുകൂടിയവരായി കണ്ടിട്ട് ഹേ ഗോവിന്ദ ! നിന്തിരുവടി അവരുടെ മുന്നില്‍നിന്നു മറഞ്ഞു.

രാധാഭിധ‍ാം താവദജാതഗര്‍വ്വ‍ാം
അതിപ്രിയ‍ാം ഗോപവധും മുരരേ !
ഭവാനുപാദായ ഗതോ വിദൂരം
തയാ സഹ സ്വൈരവിഹാരകാരീ || 3 ||

ഹേ മുകുന്ദ! അതുവരേയ്ക്കും ഗര്‍വമുദിച്ചിട്ടില്ലാത്തവളും അതിനാ‍ല്‍ അങ്ങയ്ക്കു ഏറ്റവും പ്രിയപ്പെട്ടാവളുമായ രാധ എന്ന പേരോടുകൂടിയ ഗോപയുവതിയേയും കൂട്ടിക്കോണ്ട് ദൂരെച്ചെന്നു നിന്തിരുവടി അവളോടൊന്നിച്ച് സ്വൈരമായി ക്രീഡിച്ചു കൊണ്ടിരുന്നു.

തിരോഹിതേഽഥ ത്വയി ജാതതാപാഃ
സമം സമേതാഃ കമലായതാക്ഷ്യഃ
വനേ വനേ ത്വ‍ാം പരിമാര്‍ഗ്ഗയന്ത്യഃ
വിഷാദമാപുര്‍ ഭഗവന്നപാരം || 4 ||

ഹേ ഭഗവാനേ! അനന്തരം നിന്തിരുവടിയെ കാണാതായപ്പോള്‍ ഒരുപോലെ ഉത്സാഹം നശിച്ചു സന്തപ്തരായ ആ ഗോപ‍ാംഗനമാര്‍ എല്ലാവരും ഒരുമിച്ചുകൂടി വനംതോറും അങ്ങയെ തിരയുന്നവരായി അതിരില്ലാത്ത വിഷാദത്തെ പ്രാപിച്ചു.

ഹാ ചൂത! ഹാ ചമ്പക ! കര്‍ണ്ണീകാര!
ഹാ മല്ലികേ! മാലതി ! ബാലവല്യഃ !
കിം വീക്ഷിതോ നോ ഹൃദയൈകചോരഃ
ഇത്യാദി താസ്ത്വത് പ്രവണാ വിലേപുഃ || 5 ||

ഹേ തേന്മാവേ! ഹാ ചെമ്പകമേ! ഹേ കര്‍ണ്ണീകാരമേ! ഹേ മുല്ലേ! പിച്ചകമേ! ഇളംവള്ളികളേ! ഞങ്ങളുടെ ഹൃദയങ്ങളേയും അപഹരിച്ചുകൊണ്ടുപോയ ബാലഗോപാലനെ നിങ്ങളാ‍ല്‍ കാണപ്പെട്ടുവോ? എന്നിങ്ങനെ വെമ്പലോടുകൂടി ചിത്തത്തോടുകൂടിയ അവര്‍ വിലപിച്ചു.

നിരീക്ഷിതോഽയം സഖി! പങ്കജാക്ഷഃ
പുരോ മമേത്യാകുലമാലപന്തീ
ത്വ‍ാം ഭാവനാ ചക്ഷുഷി വീക്ഷ്യ കാചിത്
താപം സഖിന‍ാം ദ്വിഗുണീ ചകാര || 6 ||

ഒരുത്തി നിന്തിരുവടിയെ സങ്കല്പദൃഷ്ടികൊണ്ട് കണ്ടിട്ട് ഹേ തോഴി ! ഇതാ പങ്കജാക്ഷന്‍ എന്നാല്‍ കാണപ്പെട്ടു ! ഇതാ എന്റെ മുന്നിലുണ്ട് ! എന്നിങ്ങിനെ വെമ്പലോടുകൂടി പറയുന്നവളായി കൂട്ടുകാരികളുടെ ദുഃഖത്തെ ദ്വിഗുണീഭവിപ്പിച്ചു.

ത്വദാത്മികാസ്താ യമുനാതടാന്തേ
തവാനുചക്രുഃ കില ചേഷ്ടിതാനി
വിചിത്യ ഭൂയോഽപി തഥൈവ മാനാത്
ത്വയാ വിമുക്തം ദദൃശുശ്ച രാധ‍ാം || 7 ||

നിന്തിരുവടിയോടു തന്മയത്വം പ്രാപിച്ചവരായ അവര്‍ ആ യമുനാതീര പ്രദേശങ്ങളി‍ല്‍ അങ്ങയുടെ ചേഷ്ടിതങ്ങളെ അനുകരിച്ചുവത്രെ; വീണ്ടും തിരഞ്ഞുകൊണ്ടിരിക്കെ അതേപ്രകാരംതന്നെ ദംഭംനിമിത്തം നിന്തിരുവടിയാല്‍ ഉപേക്ഷിക്കപ്പെട്ട രാധയേയും കണ്ടെത്തി.

തതഃ സമം താ വിപിനേ സമന്താത്
തമോവതാരാവധി മാര്‍ഗ്ഗയന്ത്യഃ
പുനര്‍വിമിശ്രാ യമുനാതടാന്തേ
ഭൃശം വിലേപുശ്ച ജഗുര്‍ഗൂണ‍ാംസ്തേ || 8 ||

അനന്തരം അവരെല്ലാവരും ഒരുമിച്ചുതന്നെ ആ വനത്തിള്‍ നാലുപാടും കൂരിരു‍ള്‍ വ്യാപിക്കുന്നതുവരെ വീണ്ടും അന്വേഷിക്കുന്നവരായി യമുനാതീരത്തില്‍ തിരിച്ചുവന്നുകൂടി അങ്ങയുടെ ഗുണഗണങ്ങളെ കീര്‍ത്തിച്ചുകൊണ്ട് ഏറ്റവും താപത്തോടെ വിലപിക്കുകയും ചെയ്തു.

തഥാ വ്യഥാസങ്കുല മാനസാന‍ാം
വ്രജ‍ാംഗനാന‍ാം കരുണൈകസിന്ധോ!
ജഗത്‍ത്രയീമോഹന മോഹനാത്മാ
ത്വം പാദുരാസീരയി ! മന്ദഹാസി || 9 ||

ഹേ കരുണാവാരിധേ! അപ്രകാരം വിരഹപീഡയാല്‍ പര്‍യ്യാകുലമായ ചിത്തത്തോടുകൂടിയ ആ ഗോപ‍ാംഗനമാര്‍ക്കു ലോകത്രയമോഹനനായ സാക്ഷാ‍ല്‍ മന്മഥനെപോലും മോഹിപ്പിക്കുന്ന മോഹനവിഗ്രഹത്തോടുകൂടിയ നിന്തിരുവടി മന്ദഹസിച്ചുകൊണ്ട് പ്രത്യക്ഷനായി.

സന്ധിഗ്ദ്ധ സന്ദര്‍ശനമാത്മകാന്തം
ത്വ‍ാം വീക്ഷ്യ തന്വ്യഃ സഹസാ തദാനീം
കിം കിം ന ചക്രുഃ പ്രമദാതിഭാരാത് ?
സ ത്വം ഗദാത് പാലയ മാരുതേശ ! || 10 ||

കാണ്മാന്‍ കഴിയുമോ എന്ന് സംശയിക്കപ്പെട്ട ജീവിതേശ്വരനായ നിന്തിരുവടിയെ അപ്പോള്‍ കണ്ടിട്ട് ആ തരുണിമണികള്‍ സന്തോഷവായ്പുകൊണ്ട് പെട്ടെന്നു എന്തെന്തു ചെയ്തില്ല; ഹേ ഗുരുവായൂരപ്പ! അപ്രകാരമിരിക്കുന്ന നിന്തിരുവടി രോഗത്തില്‍നിന്നും രക്ഷിക്കേണമേ.

ഭവഗദന്തര്‍ദ്ധാനവും ആവിര്‍ഭാവവര്‍ണ്ണനവും എന്ന അറുപത്തേഴ‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 687
വൃത്തം ഇന്ദ്രവജ്ര്, ഉപേന്ദ്രവജ്ര, ഉപജാതി

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.