ജയ ജയ ജഹ്യജാമജിത, ദോഷഗൃഭീതഗുണാം
ത്വമസി യദാത്മനാ സമവരുദ്ധസമസ്തഭഗഃ
അഗജഗദോകസാമഖിലശക്ത്യവബോധക, തേ
ക്വചിദ ജയാത്മനാ ച ചരതോഽനുചരേന്നിഗമഃ (10-87-14)
ഉദരമുപാസതേ യ ഋഷിവര്‍ത്മസു കൂര്‍പ്പദൃശഃ
പരിസരപദ്ധതിം ഹൃദയമാരുണയോ ദഹരം
തത ഉദഗാദനന്ത, തവ ധാമ ശിരഃ പരമം
പുനരിഹ യത്‌ സമേത്യ ന പതന്തി കൃതാന്തമുഖേ (10-87-18)

പരീക്ഷിത്തിന്റെ മറ്റൊരു ചോദ്യത്തിനുത്തരമായി വേദത്തില്‍ പറഞ്ഞിട്ടുളള ഭഗവല്‍സ്തുതി ശുകമുനി ഇപ്രകാരം ചൊല്ലിക്കേള്‍പ്പിച്ചു:
‘അജയ്യപ്രഭോ, അവിടേയ്ക്കു നമസ്ക്കാരം. ആത്മപ്രകാശസ്വരൂപനായ ഭഗവാനേ, ത്രിഗുണരൂപമാര്‍ന്നു പാപം വിതറുന്ന അജ്ഞാനത്തെ നശിപ്പിച്ചാലും. വിജ്ഞാനികള്‍ ഈ വിശ്വത്തെ പരബ്രഹ്മത്തില്‍ നിന്നും വിഭിന്നമായി കാണുന്നില്ല. കാരണം, വിശ്വം പ്രകടമാവും മുന്‍പും പിന്‍പും പ്രകടിതാവസ്ഥയിലും അചഞ്ചലമായി നിലകൊളളുന്നത്‌ പരമാത്മാവു മാത്രം. അവിടുന്ന് ബുദ്ധിക്കും വാക്കിനും അതീതനാണെന്നു വേദങ്ങള്‍ പറയുന്നതിന്റെ കാരണവും അതാണ്‌. ബുദ്ധിക്ക്‌ എത്താനും വിശദീകരിക്കാനും കഴിയുന്ന ഏതും അവിടുന്നു തന്നെ. മനുഷ്യര്‍ എന്തിലേയ്ക്കു കാലടി വച്ചാലും ഭൂമിയിലേക്കാണല്ലോ വരുന്നത്‌. അതുപോലെ എല്ലാ ചിന്തകളുടെയും വിവരണങ്ങളുടെയും അടിത്തറ അവിടുന്നത്രെ. അതുകൊണ്ട്‌ വിവേകമുളളവര്‍ അവിടുത്തെ കഥകളിലും മഹിമാകഥനങ്ങളിലും ആഹ്ലാദചിത്തരായി ദുരിതക്ലേശങ്ങളില്‍ നിന്നും വിമുക്തരാവുന്നു. എല്ലാ പരിമിതികള്‍ക്കും കാലത്തിനുമതീതനായി അയാള്‍ പരമാനന്ദസച്ചിദാനന്ദമായ അങ്ങയില്‍ ഭക്തനായി ജീവിക്കുന്നു.

അങ്ങയിലേക്കുളള പാതയില്‍ ചലിക്കുന്നുവര്‍ മാത്രമെ ജിവിക്കുന്നുളളൂ. മറ്റുളളവര്‍ ശ്വാസം വലിക്കുന്ന വെറും വസ്തുക്കള്‍ മാത്രം. ഞങ്ങളുടെ ജീവന്റെ ജീവന്‍ അവിടുന്നാണ്‌. ചരവസ്തുക്കളെ ചലിപ്പിക്കുന്നതും അവിടുന്നു തന്നെ. അങ്ങ്‌ എല്ലാ ദ്രവ്യവസ്തുക്കള്‍ക്കുമതീതനാണെങ്കിലും അവയ്ക്ക്‌ അസ്തിത്വം ലഭിക്കുന്നത്‌ അവിടുത്തെ ശക്തിയാലത്രെ. പാതകളെല്ലാം അങ്ങയിലെത്തിച്ചേരുന്നു. സ്ഥൂലമായ ദര്‍ശനമുളളവര്‍ അവരുടെ ഉദരത്തോട്‌ ഭക്തിയുളളവരായിരിക്കും. അതായത്, അവര്‍ അങ്ങയെ ധ്യാനിക്കുന്നത്‌ ഉദരഭാഗത്ത്‌ ജീവകേന്ദ്രത്തെ പ്രതിഷ്ഠിച്ചിട്ടാണ്‌. ജ്ഞാനോദയം കിട്ടിയവരുടെ ദര്‍ശനം സൂക്ഷ്മമത്രെ. അവര്‍ ഹൃദയത്തെ വിഭാവനചെയ്ത്‌ അവിടുത്തെ ഭക്തരാവുന്നു. അതായത്, ഹൃദയഭാഗത്ത്‌ ജീവകേന്ദ്രത്തെ പ്രതിഷ്ഠിച്ച്‌ അവര്‍ ധ്യാനം ചെയ്യുന്നു. അതിനു മുകളില്‍ ശിരസ്സ്‌. അതാണ്‌ അവിടുത്തെ ഇരിപ്പിടം. അവിടെ ഒരിക്കല്‍ എത്തിയവര്‍ ലൗകികാസ്തിത്വത്തിലേക്ക്‌ തിരിച്ചു വരുന്നില്ല.

അവിടുന്ന് അനാദ്യന്തസ്വരൂപനായതു കൊണ്ട്‌ സര്‍വ്വാന്തര്യാമിയത്രെ. എന്നിലും സൃഷ്ടിക്കപ്പെട്ട നാനാതരങ്ങളായ ചരാചരങ്ങളിലും അവിടുന്നു സ്വയം പ്രവേശിച്ചു എന്നു പറയപ്പെടുന്നു. ആരൊരാള്‍ ഈ ലോകത്ത്‌ നിസ്വാര്‍ത്ഥിയായി അവനവന്റെ ധര്‍മ്മം പ്രതിഫലേഛ കൂടാതെ നിര്‍വ്വഹിക്കുന്നുവോ, അയാള്‍ അവിടുത്തെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. സര്‍വ്വസദാസഹജമായ സര്‍വ്വാന്തര്യാമിയായി അവിടുത്തെ അയാള്‍ സാക്ഷാത്കരിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF