ഭക്തിയോഗോ ബഹുവിധോ മാര്‍ഗ്ഗൈര്‍ഭാമിനി ഭാവ്യതേ
സ്വഭാവഗുണമാര്‍‍ഗ്ഗേണ പുംസാം ഭാവോ വിഭിദ്യതേ.(3 – 29 -7)

കപിലദേവന്‍:

ഭക്തിയോഗം പലതരത്തിലുളളതും സാധകന്റെ സ്വഭാവമനുസരിച്ച്‌ ആചാരങ്ങളില്‍ ഭിന്നങ്ങളുമാണ്. ഓരോരുത്തര്‍ക്കും യോജിച്ചരീതിയില്‍ ഭക്തിയോഗമാകാം. എങ്കിലും പൊതുവെ പറഞ്ഞാല്‍ ഹൃദയത്തില്‍ അക്രമവാസനയും അസൂയയും കപടതയും നിറഞ്ഞ ഭക്തന് ‍താമസഭക്തനത്രേ. സ്വന്തം ഇഷ്ടലാഭത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച്‌ ലൗകീകകാര്യങ്ങള്‍ നേടുന്നവന്‍ രാജസികഭക്തനും , സ്വന്തം പാപങ്ങള്‍ അകലാനാഗ്രഹിക്കുകയും തന്റെ എല്ലാ കര്‍മ്മങ്ങളും എന്നിലര്‍പ്പിച്ച്‌ ഭക്തി തന്റെ ജീവിത ധര്‍മ്മമെന്ന് കരുതുകയും ചെയ്യുന്നുവന്‍ സാത്വികഭക്തനുമത്രെ. ഈ മൂന്നു് കൂട്ടരും എന്നില്‍നിന്നു വ്യത്യസ്ഥരായി സ്വയം കാണുന്നു. ശരിയായ ഭക്തിയോഗമാവട്ടെ അനുസ്യൂതമായി ഭക്തഹൃദയം എന്നോടുചേര്‍ന്ന് നിലകൊളളുന്ന അവസ്ഥയത്രെ.

ശരിയായഭക്തന്‍ ലൗകീകസുഖങ്ങളില്‍ തൃപ്തനല്ല. അവന്‌ സാലോക്യമോ (എന്റെ കൂടെയുളള വാസം), സാരഷ്ടിയോ (എന്റേതുപോലുളള സിദ്ധികള്‍), സാമീപ്യമോ (എന്റെസാന്നിദ്ധ്യം), സാരൂപ്യമോ (എന്റെ രൂപഭാവങ്ങളോ) സായൂജ്യം പോലുമോ ആഗ്രഹമായിട്ടില്ല. അവന്‍ തന്റെ ധര്‍മ്മങ്ങളെ സ്വാര്‍ത്ഥതയുടെ കണികപോലുമില്ലാതെ ചെയ്യുന്നു. എന്റെ മഹിമകള്‍ വാഴ്ത്തി പൂജിക്കുകയും പുണ്യപുരുഷന്മ‍ാരെ വന്ദിച്ചാദരിക്കയും ചെയ്യുന്നു. ഹൃദയത്തില്‍ കരുണയും ദയാവായ്പ്പും അവനില്‍ നിറഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും സുഹൃത്താണവന്‍. യമനിയമാദി ഗുണഗണങ്ങളുടെ ഇരിപ്പിടമായ അവന്‍ എന്റെ കഥകളും മഹിമകളും വര്‍ണ്ണിക്കാനിഷ്ടപ്പെടുന്നു. സജ്ജനങ്ങളെയും ഭക്തരെയും കൂട്ടി സ്വാര്‍ത്ഥരഹിതനായി സത്സംഗത്തിലേര്‍പ്പെടുന്നു. ഇങ്ങിനെയുളള ഭക്തന്‍ എന്റെ നാമശ്രവണമാത്രേന തീവ്രമായ ഭക്തിപ്രേമത്താല്‍ പുളകിതഗാത്രനുമാകുന്നു.

വിഗ്രഹാരാധന നടത്തുമെങ്കിലും എന്റെ ഏറ്റവും ചെറിയ പ്രാണികളെയെങ്കിലും വെറുക്കുന്ന ഭക്തന്‍ കപടഭക്തനത്രെ. അവന്‌ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഞാന്‍ എല്ലാറ്റിലും എപ്പോഴും നിറഞ്ഞിരിക്കുന്നു. ഹൃദയത്തില്‍ എന്നെ സാക്ഷാത്ക്കരിക്കുകയും അതേ സമയം സകലജീവികളിലും‍ എന്റെ സാന്നിദ്ധ്യം ദര്‍ശിക്കുകയും ചെയ്യുന്നുതുവരെ മാത്രമെ ഒരുവന്‍ വിഗ്രഹാരാധന നടത്തേണ്ടതുളളൂ. കാപട്യവും പൊങ്ങച്ചവും കാട്ടുന്ന ഭക്തന്‍ എന്നേയും ജീവജാലങ്ങളേയും വെറുക്കുന്നു. എന്നില്‍നിന്നു്‌ വ്യത്യസ്ഥനാണെന്ന് കരുതുകയോ ഏതെങ്കലും ജീവിയോട്‌ വെറുപ്പു പുലര്‍ത്തുകയോ ചെയ്യുന്നുവന്‌ മനഃശാന്തി അസാദ്ധ്യമത്രെ. അതുകൊണ്ട്‌ എന്റെ ഭക്തന്മ‍ാര്‍ സര്‍വ്വ ചരാചരങ്ങളേയും സ്നേഹിക്കുകയും എല്ലാവരിലും കരുണയുളളവരാവുകയും, ദാനധര്‍മ്മങ്ങളില്‍ മുഴുകുകയും വേണം. എന്റെ സാനിദ്ധ്യമാണ്‌ സര്‍വ്വചരാചരങ്ങളേയും നിയന്ത്രിക്കുന്നുതെന്ന് എല്ലാറ്റിനേയും തികഞ്ഞ ബഹുമാനത്തോടെ തൊഴുതു വണങ്ങി കഴിയണം.

ഞാന്‍ ധ്യാനയോഗത്തെപ്പറ്റിയും ഭക്തിയോഗത്തെപ്പറ്റിയും വിശദീകരിച്ചു കഴിഞ്ഞു. ഈ മാര്‍ഗ്ഗങ്ങളിലേതിലൂടെയും ഒരുവന്‌ ഭഗവല്‍ സന്നിധി പൂകാം. പ്രകൃതിയായും, പുരുഷനായും അവയുടെ അപ്പുറത്തുളള സത്യമായും വിശ്വത്തിന്റെയും, കാലത്തിന്റെയും ഊര്‍ജ്ജമായും വര്‍ത്തിക്കുന്ന പരമാത്മാവിന്റെ നിയന്ത്രണത്തിലത്രേ അണ്ഡകഠാഹങ്ങള്‍ തങ്ങളുടെ ധര്‍മ്മങ്ങള്‍ മുറതെറ്റാതെ അനുവര്‍ത്തിക്കുന്നുത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF