ഹേ രാമ! പ്രസിദ്ധമായ മഗധരാജ്യത്തില്‍ മനോഹരമായൊരു പര്‍വ്വതത്തിന്റെ സാനുപ്രദേശത്ത് ഒരു കാലത്തു ശരലോമനെന്നു പ്രസിദ്ധനായൊരു മഹര്‍ഷി താമസിച്ചു വന്നിരുന്നു. തപസ്സുകൊണ്ടും ജ്ഞാനംകൊണ്ടും എന്നുവേണ്ട എല്ല‍ാംകൊണ്ടും അദ്ദേഹം മറ്റൊരു ബ്രഹ്മദേവനാണെന്നു പറയണം. ബൃഹസ്പതിക്കു കുചനെന്നപോലെ അദ്ദേഹത്തിനു ദാശൂരനെന്നു പേരായൊരു പുത്രനുമുണ്ടായി. പുത്രന് വേണ്ടത്ര സംസ്കാരമുണ്ടാക്കിത്തീര്‍ക്കാന്‍ ഇടവരുന്നതിനുമുമ്പ് ശരലോമന്‍ ശരീരം വിട്ടു പരമകൈവല്യത്തെ പ്രാപിച്ചു. ശരിയായ ജ്ഞാനമുണ്ടായിട്ടില്ലാത്ത ദാശൂരന്‍ പിതാവ് തന്നെ വിട്ടുപോയപ്പോള്‍ അത്യന്തം ആര്‍ത്തനായി ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടുതന്നെ കഴിയാന്‍ തുടങ്ങി. ആ ഋഷിബാലനെ സ്വാന്തനപ്പെടുത്താനായി അവിടെ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്ന കാരണത്താല്‍ കുറെ ദിവസങ്ങളോളം തന്നെ അദ്ദേഹത്തിന്റെ ആര്‍ത്തരോദനം നീണ്ടുനിന്നു. അതു കണ്ടു മനസ്സലിഞ്ഞ ഒരു വനദേവത അദൃശ്യയായി നിന്നുകൊണ്ട് ഋഷിബാലനെ സമാധാനിപ്പിച്ചു.

മരണം അനിഷേദ്ധ്യവും പ്രതിവിധിയില്ലാത്തതുമായ പ്രകൃതിധര്‍മ്മമാണെന്നും അതു വിചാരിച്ചു നിലവിളിച്ചു കൊണ്ടുതന്നെ കഴിയുന്നതു വെറും മൗഢ്യമാണെന്നും അവരവരുടെ കര്‍ത്തവ്യങ്ങളെ നിര്‍വ്വഹിക്കലാണ് ബുദ്ധിപൂര്‍വ്വകമായ പ്രവര്‍ത്തിയെന്നുമൊക്കെ വനദേവതയുടെ മുഖത്തില്‍നിന്നു കേട്ടപ്പോള്‍ ബാലന്‍ സമാധിനിച്ചു. പിതാവിന്റെ ഉത്തരകര്‍മ്മങ്ങളെയൊക്കെ ചെയ്തു അനന്തരം കഠിനമായ തപസ്സു ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തി.

പലതരം ജീവകള്‍ നാനാതരത്തിലുള്ള കര്‍മ്മപരമ്പരകളില്‍ക്കൂടെ ജീവീച്ചുകൊണ്ടിരിക്കുന്ന ഈ ഭൂമിയില്‍ എവിടെയും ശുദ്ധിയില്ലെന്നും അതിനാല്‍ പക്ഷിയെന്നപോലെ വൃക്ഷത്തിനുമുകളില്‍ താമസിക്കാന്‍ കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമാണെന്നും അദ്ദേഹത്തിനു തോന്നി. അതിന്റെ ഫലമായി പക്ഷിയെന്നപോലെ വൃകഷത്തില്‍ താമസിക്കാനുള്ള കഴിവുണ്ടാവുന്നതിനുവേണ്ടി തന്റെ ദേഹത്തില്‍ നിന്നു മ‍ാംസം അരിഞ്ഞെടുത്താഹുതി ചെയ്തുകൊണ്ട് ഒരു യാഗം ചെയ്യാന്‍ തുടങ്ങി. ബ്രാഹ്മണമ‍ാംസംകൊണ്ടു ദേവന്മാരുടെ കണ്ഠം പൊള്ളേണ്ടെന്നു കരുതി അഗ്നിദേവന്‍ പെട്ടെന്നു ദാശൂരന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്താണാവശ്യമെന്നു ചോദിച്ചു. തന്റെ ആവശ്യത്തെ അദ്ദേഹം അറിയിച്ചു. അഗ്നിദേവന്‍ അതിനെ കൊടുത്തനുഗ്രഹിച്ചു. പെട്ടെന്നു മറയുകയും ചെയ്തു. ദാശൂരന്‍ സന്തുഷ്ടനായി.

യാഗമൊക്കെ അവസാനിപ്പിച്ച് അടുത്തു കണ്ട ഒരു വലിയ കടമ്പുവൃക്ഷത്തിന്മേല്‍ കയറി ഏറ്റവും ഉയര്‍ന്ന കൊമ്പിന്റെ ഒരു ചില്ലയില്‍ ഇലകളുടെ ഇടയില്‍ ഒരു പക്ഷിക്കുഞ്ഞെന്നപോലെ അദ്ദേഹം ഇരിപ്പുറപ്പിച്ചു. എങ്കിലും ആത്മജ്ഞാനത്തില്‍ ഉണര്‍വ്വു കിട്ടീട്ടില്ലാതിരുന്നതിനാല്‍ കര്‍മ്മഠമായിരുന്നു അദ്ദേഹത്തിന്റെ ചിത്തം. വാസനാശബളമായ തന്റെ ചിത്തം കൊണ്ട് അദ്ദേഹം അവിടെയിരുന്നു പല യജ്ഞങ്ങളും ചെയ്യാന്‍ തുടങ്ങി. അങ്ങനെ പത്തുകൊല്ലക്കാലം അദ്ദേഹമവിടെയിരുന്ന് അനേകം അശ്വമേധങ്ങള്‍ ചെയ്തു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ നിര്‍മ്മലമായിത്തീര്‍ന്ന ചിത്തത്തില്‍ സത്യമായ ആത്മജ്ഞാനം പ്രകാശിച്ചു. ജ്ഞാനപ്രകാശംകൊണ്ട് വിഭ്രാന്തികളെല്ലാമകന്നു ചരിതാര്‍ത്ഥനായിത്തീര്‍ന്ന ദാശൂരമുനി പിന്നെ വളരെക്കാലം ബ്രഹ്മഭാവനചെയ്തു ബ്രഹ്മഭൂതനായിത്തന്നെ ആ കടമ്പുവൃക്ഷത്തില്‍ കഴി‍ഞ്ഞുവന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അത്യന്തസുന്ദരിയായ ഒരു വനദേവത ആ വൃക്ഷത്തില്‍ ഋഷിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവളെക്കണ്ടിട്ടും വിശേഷിച്ചു ഭാവഭേദങ്ങളൊന്നും കൂടാതെ അവളാരാണെന്നും തന്നെക്കൊണ്ട് എന്താണാവശ്യമെന്നും അന്വേഷിച്ചു. താനൊരു വനദേവതയാണെന്നും തനിക്കൊരു പുത്രനുണ്ടാവാന്‍ അനുഗ്രഹിക്കണമെന്നുമാണവളുടെ മറുപടി. ദാശൂരന്‍ അപ്പോള്‍ ഒരു പുഷ്പമെടുത്തവള്‍ക്കു കൊടുത്ത് ഒരു മാസത്തിനുള്ളില്‍ ഒരു പുത്രനെ പ്രസവിക്കാനിടവരുമെന്നു പറഞ്ഞനുഗ്രഹിച്ചു. ഋഷിയെ ശുശ്രൂഷിച്ചുകൊണ്ടവിടെത്തന്നെ താമസിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹംകൂടി പ്രകടമാക്കിയപ്പോള്‍ അതിനെ ആ മുനീശ്വരന്‍ അനുവദിച്ചില്ല. അതിനാല്‍ വനദേവത തന്റെ വാസസ്ഥാനത്തേയ്ക്കു മടങ്ങിപോവുകയും ചെയ്തു. പിന്നെ വിശേഷ സംഭവങ്ങളൊന്നുമില്ലാതെ വളരെക്കാലം കഴിയുകയും ചെയ്തു.

അങ്ങനെയിരിക്കെ പിന്നെയും ഒരു ദിവസം ആ വനദേവത പന്ത്രണ്ടു വയസ്സായ ഒറു ബാലനോടുകൂടി ഋഷിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം അനുഗ്രഹിച്ചുകൊടുത്ത ശിശുവാണ് ആ കുമാരനെന്നും അവന് വേദശാസ്ത്രങ്ങളെല്ല‍ാം മുഖസ്ഥങ്ങളായിക്കഴിഞ്ഞിരിക്കുന്നുവെന്നും എന്നാല്‍ ആത്മജ്ഞാനമുണ്ടാവാത്തതുകൊണ്ട് ഇപ്പോഴും സംസാരവിഭ്രാന്തി നശിച്ചിട്ടില്ലെന്നും അതിനാല്‍ കുട്ടിക്ക് ആത്മജ്ഞാനമുപദേശിച്ച് അവനെ ചരിതാര്‍ത്ഥനാക്കണമെന്നും അപേക്ഷിച്ചു വനദേവത. ദാശൂരമുനി അതിനെ അംഗീകരിച്ചു. വനദേവതയെ പറഞ്ഞയച്ചു കുമാരനെ അവിടെ താമസിപ്പിച്ച് ആത്മജ്ഞാനമുപദേശിക്കാന്‍ തുടങ്ങി.

പല പല ഇതിഹാസങ്ങളേയും ശാസ്ത്രനിര്‍ദ്ദേശങ്ങളേയും ജഗല്‍ സ്വഭാവങ്ങളേയും മായാവൈഭവത്തേയുമൊക്കെ പല പ്രകാരത്തില്‍ പലപ്രാവശ്യം ചമല്ക്കാരത്തോടുകൂടി പറഞ്ഞു കൊടുത്തു. അനന്തരം ഒരു ദിവസം രാത്രി വളരെ ചമല്ക്കാരത്തോടുകൂടി അജ്ഞാനസ്വരൂപത്തെ ഉപദേശിച്ചു കൊടുത്തു. ഹേ! രാമ! ഇതു കേട്ടാല്‍ത്തന്നെ ഒരാള്‍ക്ക് അജ്ഞാനനാശം വന്നു ജ്ഞാനം പ്രകാശിക്കും.

ഹേ! കുമാര! വസ്തുസ്വരൂപത്തെ വേണ്ടുവണ്ണമറിയാനായി ഞാനൊരിതിഹാസത്തെപ്പറയ‍ാം. ശ്രദ്ധവെച്ചു കേള്‍ക്കൂ. പണ്ടു സ്വോത്ഥനെന്നു പേരായി മഹാപ്രതാപശാലിയായ ഒരു രാജാവുണ്ടായി. അദ്ദേഹത്തിന്റെ പരാക്രമണത്തിന് യാതൊരതിര്‍ത്തിയുമില്ല. ബ്രഹ്മാവിഷ്ണമഹേശ്വരന്മാര്‍പോലും അയാളുടെ പരാക്രമത്തിന്റെ ചില അംശങ്ങള്‍ മാത്രമാണ്. അദ്ദേഹത്തിന് ലോകഭരണത്തിന് ഉത്തമമധ്യമാധമങ്ങളായി മൂന്നു ശരീരങ്ങളുണ്ട്. മൂന്നും വളരെ പ്രബലങ്ങളാണ്. അദ്ദേഹത്തിന്റെ രാജ്യത്തു മൂന്നു പട്ടണങ്ങളും പതിനാലു വീഥികളും എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന തണുപ്പും ചൂടുമാകുന്ന രണ്ടു ദീപങ്ങളും വലിയ ക്രീഡാ പര്‍വ്വതങ്ങളും ഏഴു വലിയ പൊയ്കകളുമുണ്ട്. ഇതിനൊക്കെപ്പുറമേ ഇവകൊണ്ടൊന്നും തൃപ്തിപ്പെടാതെ ആ സ്വോത്ഥന്‍ അനേകം ചെറിയ ചെറിയ ഗൃഹങ്ങള്‍ നിര്‍മ്മിച്ചു അവയിലൊക്കെ സ്വൈരവിഹാരം ചെയ്യാന്‍ തുടങ്ങി. ഭയങ്കരങ്ങളായ വേതാളങ്ങളെ ആ ഗൃഹങ്ങളുടെ രക്ഷക്കായി കാവലാക്കി. ഓരോ ഗൃഹത്തിനും ഒമ്പതുവീതം ദ്വാരങ്ങളും ധാരാളം ജനലുകളും അയ്യഞ്ചു ദീപങ്ങളുമുണ്ട്. നല്ല കറുത്ത പുല്ലുകൊണ്ട് എല്ലാ ഗൃഹങ്ങളുടെയും മേല്‍പ്പുര ഭംഗിയായി മേഞ്ഞിട്ടുമുണ്ട്. അവയിലെല്ല‍ാം എപ്പോഴും വിഹരിച്ചുകൊണ്ടിരിക്കുയാണ് സ്വോത്ഥരാജാവ്.

എന്നിങ്ങനെ ദാശൂരമാമുനി പറഞ്ഞപ്പോള്‍ എന്താണ് പറഞ്ഞതിന്റെ താല്‍പര്യമെന്നറിയാതെ വിഷമിച്ച കുമാരനോടു വീണ്ടും പറഞ്ഞു. കാരണംകൂടാതെ ചിദാകാശത്തില്‍ നിന്നു പൊന്തിയ സങ്കല്‍പംതന്നെ ഹേ! കുമാരക! സ്വോത്ഥരാജാവ്. സത്വാദിഗുണങ്ങള്‍തന്നെ അദ്ദേഹത്തിന്റെ ശരീരത്രയം. ത്രിഗുണമയമാണ് പ്രപഞ്ചം. അദ്ദേഹത്തിന്റെ രാജ്യത്തിലെ മൂന്നു തെരുവുകള്‍ ത്രൈലോക്യവും പതിനാലുവീഥികള്‍ ചതുര്‍ദ്ദശലോകങ്ങളുമാണ്. ക്രീഡാശൈലങ്ങള്‍ ഹിമാലയാദിപര്‍വ്വതങ്ങളും സരസ്സുകള്‍ സമുദ്രങ്ങളുമെന്നത്രേ ഞാന്‍ പറഞ്ഞത്. ചെറുഗൃഹങ്ങള്‍ ശരീരങ്ങള്‍തന്നെ. ഒമ്പതുദ്വാരങ്ങള്‍ ദൃഗാദിനവദ്വാരങ്ങളും അയ്യഞ്ചു വിളക്കുകള്‍ പഞ്ചേന്ദ്രിയങ്ങളും കറുത്ത പുല്ലുകള്‍ കേശങ്ങളും വേതാളങ്ങള്‍ അഹങ്കാരങ്ങളുമാണ്. അങ്ങനെയുള്ള ശരീരങ്ങളില്‍ സങ്കല്പം വളരുന്നതുതന്നെ സ്വോത്ഥന്റെ വിഹാരം. ഹേ കുമാര! ഇങ്ങനെ ഈ പ്രപഞ്ചം മുഴുവന്‍ വെറും സങ്കല്പം മാത്രമാണ്.

അതിനാല്‍ വളരെക്കാലം കഠിനങ്ങളായ തപസ്സുചെയ്തു പല സിദ്ധികളും സമ്പാദിച്ചതുകൊണ്ടോ സ്വര്‍ഗ്ഗാദിലോകങ്ങളില്‍ പോയി ചിരകാലം താമസിച്ചതുകൊണ്ടോ പലവിധ പദാര്‍ത്ഥങ്ങളെയോ ആധിപത്യങ്ങളെയോ സമ്പാദിച്ചു എന്നതുകൊണ്ടോ വിശേഷിച്ചു പ്രയോജനമൊന്നുമില്ല. സങ്കല്പങ്ങളടങ്ങുന്നു എന്നതുതന്നെ ശ്രേയസ്സ്. സങ്കല്പനാശംമാത്രമാണ് സല്‍ഗതിക്കുള്ള ഏകമാര്‍ഗ്ഗം. ചരടു പൊട്ടിയാല്‍ മാലയിലെ കുരുക്കളെല്ല‍ാം ചിന്നിച്ചിതറുന്നതെപ്രകാരമോ, അതുപോലെയാണ് സങ്കല്പചരടു പൊട്ടിയാല്‍ സംസാരം മുഴുവന്‍ ചിന്നിച്ചിതറുന്നത്. സങ്കല്പനൂലിലാണ് ചതുര്‍ദ്ദശലോകങ്ങളുമെന്നു വേണ്ട, സംസാരം മുഴുവന്‍തന്നെയും കോര്‍ക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ നിര്‍വ്വികാരവും ഘനീഭൂതവസ്തുസ്വരൂപമായ നിസ്സങ്കല്പതയെ വളര്‍ത്താന്‍ ശ്രമിക്കൂ. അതുകൊണ്ടേ ശ്രേയസ്സുണ്ടാവൂ. എന്നിങ്ങനെ ദാശൂരമുനി ഉപദേശിച്ചപ്പോള്‍ എങ്ങിനെയുള്ളതാണ് സങ്കല്‍പം? എങ്ങനെയാണതുണ്ടാവുന്നത്? എങ്ങനെ ക്ഷയിക്കുന്നതെന്നു ചോദിച്ച കുമാരനോടു മറുപടി പറയുകയാണ്.

ഹേ കുമാരക! സര്‍വ്വത്ര വ്യാപ്തവും സര്‍വ്വത്തിന്റേയും സത്താമാത്രവും ആത്മസ്വരൂപവുമായ ചിത്തത്തിന്റെ ചേത്യോന്മുഖത്വം അല്ലെങ്കില്‍ പ്രകടഭാവം മാത്രമാണ് സങ്കല്പത്തിന്റെ ബീജം. ചൈതന്യം സ്വരൂപതയെ പ്രാപിക്കുന്നു എന്നതുതന്നെ സങ്കല്പം. സങ്കല്പമല്ലാതെ മറ്റൊരു കാരണവും അതിനില്ല. രൂപതയെ പ്രാപിക്കുമ്പോള്‍ ദൃശ്യമായി താന്‍തന്നെയാണ് ദൃശ്യമായിത്തീര്‍ന്നതെങ്കിലും ദൃശ്യമാവുമ്പോള്‍ അതു തന്നില്‍നിന്നന്യമാണെന്നു തോന്നുകയായി. ബീജത്തില്‍ നിന്നങ്കുരമുണ്ടായിത്തീരുമ്പോള്‍ വാസ്തവത്തില്‍ അവരണ്ടും ഒന്നാണെങ്കില്‍ക്കൂടി എപ്രകാരം രണ്ടെന്ന ബോധമുണ്ടായിത്തീരുന്നുവോ, അതുപോലെ ദൃശ്യമുണ്ടാവുന്നതോടെ ദ്രഷ്ടാവായ തന്നില്‍നിന്നു വേറെയാണ് ദൃശ്യമെന്നു തോന്നുകയായി. ദ്വൈതഭാവം പല പ്രകാരത്തിലുള്ള വികാരങ്ങള്‍ക്കും ഭാവങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും ഹേതുവാകും. അവയെല്ല‍ാം കൂടിച്ചേര്‍ന്നതുതന്നെ സംസാരം. ദൃക്ദൃശ്യങ്ങളുടെ വ്യത്യസ്തബോധം തന്നെ സങ്കല്‍പത്തിന്റെ വളര്‍ച്ചയ്ക്ക് ഹേതു. സങ്കല്പം വളരുംതോറും കര്‍മ്മവും ദുഃഖവും വര്‍ധിച്ചുകൊണ്ടേയിരിക്കും. ഏതുരൂപത്തിലുള്ള സങ്കല്‍പത്തില്‍ നിന്നും ദുഃഖമല്ലാതെ മറ്റൊന്നുതന്നെ കിട്ടുന്നില്ല. എന്നാലും സങ്കല്പങ്ങളെ അടക്കി ദുഃഖത്തില്‍ നിന്നു നിവര്‍ത്തിക്കാന്‍ തോന്നില്ല, അതാണ് ലോക സ്വഭാവം. സങ്കല്‍പം കൊണ്ടുണ്ടായ ദുഃഖത്തിന്റെ നിവൃത്തിക്കു പിന്നെയും ചില സങ്കല്‍പങ്ങളെ വളര്‍ത്തും. അതാണ് അവിവേകികളുടെ പതിവ്.

വാസ്തവത്തില്‍ സങ്കല്പങ്ങളെ അടക്കാന്‍ വിഷമമൊന്നുമില്ല. ഒരു ഭാവനയും ചെയ്യാതിരിക്കല്‍ മാത്രമേ വേണ്ടൂ. ഭാവനകളെ വളര്‍ത്താനാണ് അദ്ധ്വാനംവേണ്ടത്. നിരസിക്കാന്‍ അദ്ധ്വാനമാവശ്യമില്ല. എന്നിരുന്നാലും ചിരകാലത്തെ പരിചയംകൊണ്ട് ഭാവനങ്ങളെ നിരസിക്കാനാണ് പ്രയത്നം ആവശ്യമായിട്ടിരിക്കുന്നത്. അതാണ് സാധാരണജനങ്ങളുടെ സ്വഭാവം. എന്നാലും പരമാര്‍ത്ഥം അറിഞ്ഞുകഴിഞ്ഞാല്‍ ഭാവനയെ നിരസിക്കുകയെന്നതായാസമുള്ള പണിയല്ല. വാസ്തവം പറഞ്ഞാല്‍ ഒരു പിച്ചകപ്പൂവിനെ മര്‍ദ്ദിക്കാന്‍ അല്‍പമെങ്കിലും അദ്ധ്വാനം വേണം. എന്നാല്‍ അത്രപോലും അദ്ധ്വാനമാവശ്യമില്ല ഭാവനയെ നിരസിച്ചു സങ്കല്‍പത്തെ അടക്കാന്‍. സങ്കല്പങ്ങളടങ്ങിക്കഴിഞ്ഞാല്‍ സംസാരമെന്ന ഒന്നില്ലാതായിത്തീരുമെന്നതു തര്‍ക്കമറ്റ സംഗതിയാണ്.

ആകാശം എങ്ങനെ ശൂന്യമായിത്തീരുന്നുവോ, അതുപോലെ ജഗത്തും ശൂന്യമാണ്. യാതൊന്നും ഉണ്ടായിട്ടില്ല. എല്ല‍ാം മനസ്സിന്റെ കല്‍പനയല്ലാതെ മറ്റൊന്നുമില്ല. അതിനാല്‍ ഹേ കുമാര! നീ മനസ്സിനെ അടക്കൂ. മനസ്സുതന്നെ സങ്കല്‍പം. സങ്കല്‍പവും മനസ്സും രണ്ടല്ല. സങ്കല്‍പങ്ങളടങ്ങിയാല്‍ മനസ്സില്ലാതായി. അതോടെ സംസാരവും അവസാനിച്ചു. എന്നൊക്കെയാണ് ദാശൂരമുനി ആ കുമാരനെ പഠിപ്പിച്ചിരുന്നത്. ഹേ രാമചന്ദ്രാ! അതു ശ്രദ്ധയോടെ കേട്ടാല്‍ത്തന്നെ ഒരാളുടെ എല്ലാ അജ്ഞാനബന്ധങ്ങളും നശിക്കും എന്നു പറഞ്ഞുകൊണ്ടാണ് ദാശൂരോപാഖ്യാനത്തെ അവസാനിപ്പിക്കുന്നത്.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.