ഉപനിഷത്ത് കഥകള്‍

പണ്ട് ദേവന്മാരും അസുരന്മാരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. പതിന്നാല് ലോകങ്ങളും ഞെട്ടിവിറച്ച ഘോരയുദ്ധം. ഇരുവശത്തും ഭയങ്കര നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.

ദേവന്മാരും അസുരന്മാരും മനുഷ്യരെപ്പോലെ സാധാരണക്കാരനല്ല. അവര്‍ക്ക് ദിവ്യശക്തികളും അത്ഭുതസിദ്ധികളുമുണ്ട്. അസാമാന്യമായ വന്‍ശക്തികള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ അതിന്റെ ഫലം ഭയാനകം തന്നെയാണ്.

സമസ്തലോകത്തിന്റെയും സുസ്ഥിതിയെ കാംക്ഷിക്കുന്നവരും അതിനു സര്‍വ്വദാ സഹായിക്കുന്നവരുമാണ് ദേവ‍ന്മാര്‍. ശിഷ്ടാചാരന്മാരായ ദേവന്മാര്‍ സത്വഗുണ പ്രധാനന്മരാണ്. അവര്‍ സത്യവും ധര്‍മ്മവും നിലനിര്‍ത്തിപ്പോരുന്നു.

അസുരന്മാരാകട്ടെ ലോകത്തിന്റെ സുസ്ഥിതിയെ നശിപ്പിക്കുന്നവനാണ്. ദുഷ്ടാചാരന്മാരാണ്. രാജോഗുണവും തമോഗുണവും അസുരന്മാരില്‍ അധികമായിരിക്കും. ശാരീരികശക്തിയില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്നത് അസുരന്മാരാണ്. പൈശാചികമായ അസുരഭാവം യുദ്ധം തുടങ്ങിയ ഘോരകര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ ശക്തരാക്കുന്നു. നന്മകളുടേയും സത്ഗുണങ്ങളുടേയും. സംരക്ഷകരാണ് ദേവന്‍മാര്‍. അവര്‍ക്ക് പലപ്പോഴും അസുരന്മാരുടെ ശാരീരിക ശക്തിക്കു മുമ്പില്‍ പരാജയപ്പെടേണ്ടിവന്നിട്ടുണ്ട്. നന്മയും തിന്മയും തമ്മില്‍ സംഘട്ടനം എക്കാലത്തും നടക്കാറുണ്ട്. കരബലവും വാക് സാമര്‍ത്ഥ്യവുമൊക്കെക്കൊണ്ട് തിന്മ ആദ്യം ജയിക്കും. എങ്കിലും അന്തിമവിജയം എവിടെയും നന്മയുടെ പക്ഷത്തായിരിക്കും.

ഈ ദേവാസുരയുദ്ധത്തില്‍ ദേവന്മാര്‍ ആദ്യമാദ്യം ജയിച്ചു നിന്നു. അസുരന്മാര്‍ പരാജയം സമ്മതിച്ചില്ല. ധീരമായി പൊരുതി. ഭ്രാന്തമായ പ്രതികാരബുദ്ധിയോടെ രണാങ്കണത്തില്‍ യുദ്ധം ചെയ്തു.

ഇരുവശത്തും വന്‍നാശനഷ്ടമുണ്ടായി. വളരെക്കാലം നീണ്ടുനിന്ന ഘോരയുദ്ധത്തിന്റെ ഫലമായി ദേവന്‍ന്മാര്‍ ക്ഷീണിച്ചു. ക്രമേണ അസുരന്മാര്‍ വിജയിക്കാന്‍ തുടങ്ങി.

എല്ലാ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു കാരണം ജഗദീശ്വരനാണ്. സര്‍വശക്തനും സര്‍വ്വജ്ഞനും സര്‍വ്വനിയന്താവുമാണ് ഈശ്വരന്‍.

സത്യധര്‍മ്മാദികള്‍ക്ക് ക്ഷീണം സംഭവിച്ചാല്‍ ജഗദീശ്വരന്റെ ശക്തി അവിടെ പ്രത്യക്ഷമാകും. തിന്മകളെ നശിപ്പിക്കും. സത്യധര്‍മ്മാദികളെ പുനഃസ്ഥാപിക്കും.

ദേവന്മാര്‍ പരാജയത്തിന്റെ പാതയില്‍ വീണതാണ്. അപ്പോഴേയ്ക്കും സകലേശ്വരനായ പരബ്രഹ്മത്തിന്റെ കൃപാകടാക്ഷം അവിടെയുണ്ടായി. അതോടെ അസുരശക്തി ക്ഷയിച്ചു. ദേവന്മാര്‍ക്കു കരുത്തേറി. ജഗദീശ്വര ചൈതന്യം ദേവന്മാരെ രക്ഷിച്ചു. അസുരന്മാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. അവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിച്ചു.

ദേവന്മാര്‍ക്ക് അത്യാഹ്ലാദമായി. വിജയലഹരിയില്‍ അവര്‍ ആനന്ദനൃത്തമാടി. മധു നുകര്‍ന്ന് ഉന്മത്തരായി. എങ്ങും ജയജയഭേരികള്‍. ഗാനാലാപനങ്ങള്‍. ആനന്ദനൃത്തം. സ്വയം മഹിമകളെ വാഴ്ത്തിപ്പാടി. സേവകരോടൊപ്പം മണിരഥങ്ങളിലേറി ജൈത്രയാത്രകള്‍ നടത്തി. ‘ഈ വിജയത്തിനു പിന്നില്‍ എന്റെ കഴിവാണ്. എന്റെ സാമര്‍ത്ഥ്യമാണ്’ എന്ന് ദേവന്മാര്‍ സ്വന്തം ബലംകൊണ്ടും സാമര്‍ത്ഥ്യംകൊണ്ടുമാണ് അസുരന്മാരെ ജയിച്ചതെന്ന് സ്വയം അഭിമാനിച്ചു. അഹങ്കരിച്ചു. മതിമറന്നു മന്ദബുദ്ധികളെപ്പോലെയായി.

സര്വ്വ‍ജ്ഞനും സര്‍വ്വശക്തനും സര്‍വ്വാന്തര്യാമിയുമായ പരബ്രഹ്മത്തിന്റെ (ജഗദീശ്വരന്റെ) സഹായത്താലാണ് ഞങ്ങള്‍ വിജയിച്ചതെന്ന സത്യം അവര്‍ മറന്നു.

സ്ഥാനമാനങ്ങളും പേരും പെരുമയും ഈശ്വരന്റെ കൃപാകടാക്ഷം മാത്രമാണ്. അതിന്റെ അഹങ്കാരം നന്നല്ല. ഇതെല്ലാം എന്റെ സാമര്‍ത്ഥ്യമാണ്. എന്റെ പരിശ്രമത്തിന്റെ ഫലമാണ് എന്ന ഭാവം കടുത്ത അജ്ഞാനമാണ്. ജഗദീശ്വരന്‍ ചെയ്യുന്നു എന്നാണു വിചാരിക്കേണ്ടത്.

വിജയാഘോഷയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് ദേവന്മാര്‍.

പെട്ടെന്ന് ! അവരുടെ മുന്‍പില്‍ ഒരു യക്ഷം പ്രത്യക്ഷപ്പെട്ടു!! ആയിരംകോടി സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പ്രകാശം. ആദിയില്ല. അന്ത്യമില്ല.നിര്‍ഗുണം. നിരാകാരം. ആകാശസീമകള്‍ക്കുമപ്പുറം ഉയര്‍ന്നു നില്ക്കുന്ന അത്യുഗ്രരൂപം. ദര്‍ശനമാത്രയില്‍ തന്നെ പൂജനീയമായി അനുഭവപ്പെടുന്നു.

ഏതാണ് ഈ ഭൂതം? ദേവന്മാര്‍ ആ രൂപത്തെക്കണ്ട് അമ്പരന്നു. ചിലരാകട്ടെ ഭയചകിതരായി. ആശ്ചര്യസ്തബ്ധരായ അവര്‍ക്ക് ആ ഭൂതം എന്താണെന്ന് മനസ്സിലായില്ല. എങ്കിലും അതെന്താണെന്ന് അറിയുവാന്‍ അവര്‍ ആഗ്രഹിച്ചു. ഭയന്ന ദേവന്മാര്‍ അഗ്നിയോടു പറഞ്ഞു:

“അഗ്നിദേവ, അങ്ങ് ജാതവേദസാണല്ലോ. ഈ ഭൂതം എന്താണെന്ന് അറിഞ്ഞുവന്നാലും.”

“ശരി. അങ്ങനെ തന്നെ.” അഗ്നിദേവന്‍ ഉടനെ സമ്മതിച്ചു.

ജാതവേദസ്സാണ് അഗ്നി. ജാതവേദസ്സ് എന്നാല്‍ എല്ലാംഅറിയുന്നവന്‍ എന്നാണ് അര്‍ത്ഥം. കാര്യങ്ങള്‍ വേഗത്തില്‍ അറിയാന്‍ കഴിവുള്ളവനും ഉഗ്രതേജസ്വിയും അന്ധകാരത്തെ നശിപ്പിക്കുന്നവനുമായതിനാലാണ് അഗ്നിദേവനോട് ദേവന്മാര്‍ ആദ്യം അപേക്ഷിച്ചത്.

വിജയാഹ്ലാദത്തില്‍ അഹങ്കരിച്ചു നില്ക്കുകയായിരുന്ന അഗ്നിദേവന്‍ അതു സമ്മതിക്കുകയും ചെയ്തു.

അഗ്നി ആ ഭൂതത്തിന്റെ അടുത്തുചെന്നു. അപ്പോള്‍ ആ ഭൂതത്തില്‍നിന്ന് ചോദ്യമുയര്‍ന്നു.

“നീ ആരാണ്?”

അഗ്നി അമ്പരന്നു. അങ്ങോട്ട് അന്വേഷിക്കാന്‍ പുറപ്പെട്ടവനോട് ഇങ്ങോട്ട് അന്വേഷിക്കുകയോ? ശരി, മനസ്സിലാക്കിക്കൊടുക്കാം.

“ഞാന്‍ അഗ്നി! ലോകപ്രസിദ്ധനായ അഗ്നിയാണ് ഞാന്‍, ജാതവേദസ്സ് എന്നും എന്നെ പറയാറുണ്ട്.”

അഗ്നി സ്വയം പുകഴ്ത്തി അഹന്തയോടെ പറഞ്ഞു. അതു കേട്ട് ആ ദിവ്യഭൂതം ഭയന്നു പിന്മാറുമെന്ന് അഗ്നി പ്രതീക്ഷിച്ചു. പക്ഷേ മധുരമൂറുന്ന ഒരു ചിരിയാണ് അഗ്നിദേവന് മറുപടിയായി ലഭിച്ചത്.

“ലോകപ്രസിദ്ധനെന്ന് സ്വയം വീമ്പു പറയുന്ന നിന്നില്‍ അതിനുതക്കവിധം എന്തു ശക്തിയായാണുള്ളത്?”

ദിവ്യഭൂതത്തില്‍ നിന്നുപുറപ്പെട്ട ആ ചോദ്യം അഗ്നിയെ വീണ്ടും അമ്പരപ്പിച്ചു. തന്റെ ശക്തിയെ ആദ്യമായി ചോദ്യം ചെയ്തിരിക്കുന്നു. ചോദ്യം തീരെ രസിച്ചില്ല. എങ്കിലും അഗ്നി തന്റെ സാമര്‍ത്ഥ്യം വിശദീകരിച്ചുകൊടുത്തു.

“ഈ ലോകത്തില്‍ എന്തെല്ലാം ഉണ്ടോ, അതിനെയെല്ലാം ചുട്ടുചാമ്പലാക്കുവാനുള്ള ശക്തി എനിക്കുണ്ട്!”

“ഓഹോ! അതുശരി. അത്രയധികം ശക്തിയുണ്ടോ? എങ്കില്‍ ഇതാ ഒരു പുല്‍ക്കൊടി ഇട്ടുതരുന്നു. ഇതിനെ ദഹിപ്പിച്ചാലും.”

അഗ്നിയുടെ അഹങ്കാരം ദഹിപ്പിക്കാന്‍ വേണ്ടി ഒരു പുല്‍ക്കൊടി മുമ്പില്‍ പറന്നു വീണു. തന്റെ സര്‍വ്വശക്തികളുപയോഗിച്ചുവെങ്കിലും അഗ്നിക്ക് ആ പുല്‍ക്കൊടിയെ ദഹിപ്പിക്കുവാന്‍ സാധിച്ചില്ല. അഗ്നി നിരാശനും ക്ഷീണിതനുമായിപ്പോയി. അഹങ്കാരമെല്ലാം നശിച്ചു. തലതാഴ്ത്തി അവിടെ നിന്ന് പിന്തിരിഞ്ഞുപോയി.

വിഷാദത്തോടെ നമ്രശിരസ്ക്കനായി അഗ്നിദേവന്‍ വരുന്നതു കണ്ട ദേവന്മാര്‍ അമ്പരന്നു. അഗ്നി പരീക്ഷീണനായി പതുക്കെ പറഞ്ഞു.

“ഇത് എന്തൊരു യക്ഷമാണെന്നറിയാന്‍ എനിക്കു കഴിയുന്നില്ല.”

അതുകേട്ട് ദേവന്മാര്‍ക്ക് വാശിയായി. വായൂദേവനോട് പറഞ്ഞു.

“അല്ലയോ വായുദേവാ, താങ്കള്‍ ഈ ഭൂതം എന്തെന്ന് അറിഞ്ഞുവരൂ!”

‌”അങ്ങനെ തന്നെ”

വായുദേവന്‍ അഹങ്കാരത്തോടെ പുറപ്പെട്ടു.

ദേവന്മാരുടെ അഹന്ത കുറയ്ക്കുന്നതിനുവേണ്ടി പ്രത്യക്ഷമായ ദിവ്യഭൂതത്തിനു മുമ്പില്‍ വായുദേവനെത്തി. ഇത് എന്തൊരു ഭൂതമാണെന്ന് കണ്ടുപിടിക്കാനാവാതെ കരുത്തനായ അഗ്നിദേവന്‍ പരാജയപ്പെട്ടു മടങ്ങിയതാണ് ആ സ്ഥാനത്ത് അതേ ദൗത്യവുമായി വായൂദേവന്‍ വന്നു നിന്നു.

അഗ്നിയേക്കാള്‍ അഹംഭാവത്തോടെയാണ് വായു എത്തിയിരിക്കുന്നത്. അഗ്നിയ്ക്ക് ഭൂമിയിലുള്ള ഖരപദാര്‍ത്ഥങ്ങളെ ദഹിപ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. വായുവിനാണെങ്കില്‍ ഭൂമിയിലും ആകാശത്തിലും നിര്‍വിഘ്നം സഞ്ചരിക്കാം. കരയിലും കടലിലും തന്റെ ശക്തി തെളിയിക്കാനാകും. വായുവില്ലെങ്കില്‍ പിന്നെ ജീവരാശിയുണ്ടോ?

ഗര്‍വ്വോടെ ചെന്ന വായുവിനോട് യക്ഷം ചോദിച്ചു:

“നീ ആരാണ്? ”

“വായുവാണ് ഞാന്‍! ഭൂമിയിലും ആകാശത്തിലും യാതൊരു തടസ്സവുമില്ലാതെ സഞ്ചരിക്കുന്ന ഞാന്‍ മാതരിശ്വാവ് എന്നും ലോകം മുഴുവന്‍ വിളിക്കപ്പെടുന്നു.”

“ലോകപ്രസിദ്ധനായ നിന്നില്‍ എന്തു ശക്തിയാണ് ഉള്ളത്?”

“ഈ ലോകത്തിലുള്ള എല്ലാത്തിനേയും എടുത്തു മാറ്റുവന്‍ എനിക്കു സാധിക്കും!” വായു പറഞ്ഞു.

യക്ഷം ഒരു പുല്‍ക്കൊടി വായുവിന്റെ മുമ്പില്‍ ഇട്ടുകൊടുത്തിട്ട് നിര്‍ദ്ദേശിച്ചു:

“അത്രയ്ക്കു ശക്തനാണെങ്കില്‍ നീ ഈ പുല്‍ക്കൊടിയെ എടുത്താലും.”

“ഒരു പുല്‍ക്കൊടി! വായുവിന്റെ ഉഗ്രശക്തിക്കുമുമ്പില്‍ എത്ര നിസ്സാരം. യക്ഷം തന്നെ അപമാനിക്കുവാന്‍ പറഞ്ഞതാണല്ലോ?”

വായു നിസ്സാരമെന്നു കരുതി ആ പുല്ലിനെ എടുക്കാനാഞ്ഞു. പക്ഷേ തന്റെ സര്‍വ്വശക്തിയുപയോഗിച്ചു പരിശ്രമിക്കേണ്ടി വന്നു. എങ്കിലും ആ പുല്‍ക്കൊടിയെ ഒന്നിളക്കുവാന്‍ പോലും ഉഗ്രനായ വായുവിന് കഴിഞ്ഞില്ല. ലജ്ജിതനും നിരാശനുമായി വായു പിന്തിരിഞ്ഞു പോയി. തല കുനിച്ച് ദേവന്മാരുടെ മുമ്പിലെത്തി സാവധാനം പറ‍ഞ്ഞു:

“ആ യക്ഷം എന്താണെണ് അറിയുവാന്‍ എനിക്കും കഴിഞ്ഞില്ല.” അതോടെ ദേവന്മാര്‍ക്കു പരിഭ്രാന്തിയായി. വളരെക്കാലം അസുരന്മാരുമായി നടത്തിയ ഉഗ്രയുദ്ധത്തില്‍ കഷ്ടിച്ചു വിജയിച്ചതേയുള്ളു. ആ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയില്‍ ഇതാ ഒരു യക്ഷം പ്രത്യക്ഷപ്പെട്ടു നില്ക്കുന്നു. അതെന്താണെന്നുപോലും മനസ്സിലാക്കാന്‍ അഗ്നിയ്ക്കും വായുവിനും കൂടി ശക്തിയില്ലാതായിരിക്കുന്നു.

ദേവന്മാരെല്ലാവരും വേഗം തങ്ങളുടെ രാജാവായ ഇന്ദ്രന്റെ സമീപമെത്തി അപേക്ഷിച്ചു.

“പ്രഭോ! ആ യക്ഷം എന്തെന്ന് വേഗം അങ്ങുതന്നെ അറിഞ്ഞു വന്നാലും. ഞങ്ങള്‍ ഭയചകിതരായിരിക്കുന്നു.”

“അങ്ങനെതന്നെയാവട്ടെ.” ഇന്ദ്രന്‍ സമ്മതിച്ചു. മഹാബലശാലിയാണ് ഇന്ദ്രന്‍. ദേവന്മാരുടെ രാജാവ്. തനിക്ക് അസാധ്യമായി യാതൊന്നുമില്ലെന്നു വലിയ അഭിമാനവുമുണ്ട്.

ഇന്ദ്രന്റെ അഹങ്കാരം പൂര്‍ണ്ണമായും നശിപ്പിക്കുന്നതിനു വേണ്ടി ഇന്ദ്രന്റെ മുമ്പില്‍ നിന്ന് യക്ഷം അപ്രത്യക്ഷമായി. ഇന്ദ്രന്‍ വളരെ ലജ്ജിതനായി, അഗ്നിയ്ക്കും വായുവിനും ആ ദിവ്യഭൂതവുമായി സംസാരിക്കാനും പരീക്ഷണത്തിലേര്‍പ്പെടുവാനുമായി. എന്നാല്‍ തനിക്ക് അതിനുപോലും കഴിഞ്ഞില്ലല്ലോ. മഹാകഷ്ടം തന്നെ. എങ്കിലും ഈ യക്ഷത്തെക്കുറിച്ചുള്ള സത്യം അറിയുകതന്നെ വേണമല്ലോ? അതിനെന്താണ് ഇനി ഒരു മാര്‍ഗ്ഗം?

അഗ്നിയേയും വായുവിനേയും പോലെ ഇന്ദ്രന്‍ പരവശനായി പിന്തിരിഞ്ഞില്ല. അവിടെത്തന്നെ ഉറച്ചുനിന്നു. ആ യക്ഷത്തക്കുറിച്ചു തന്നെ ധ്യാനിച്ചു കൊണ്ടു നിന്നു. അഹങ്കാരമെല്ലാം നശിച്ച ഇന്ദ്രന്റെ ഉള്ളില്‍ ഭക്തിയുണ്ടായി. ഭക്തിയോടും ആത്മാര്‍ത്ഥതയോടും കൂടി ആ യക്ഷത്തെമാത്രം മനസ്സില്‍ വിചാരിച്ചു. മറ്റു ചിന്തകളെല്ലാം മറന്നു. മനസ്സ് ഏകാഗ്രമാക്കി അവിടെ നിന്നു തപസ്സനുഷ്ഠിച്ചു.

ഇന്ദ്രന്റെ ഭക്തിയും ആത്മാര്‍ത്ഥതയും ജിജ്ഞാസയും തപസ്സും നിമിത്തം ബ്രഹ്മവിദ്യ, ഹിമവത്പുത്രിയായ ഉമാദേവിയുടെ രൂപത്തില്‍ ആകാശത്തില്‍ പ്രത്യക്ഷമായി. ആകാശത്തില്‍ അലൗകിക സൗന്ദര്യത്തോടെ ശോഭിക്കുന്ന ഉമാസ്വരൂപിണിയായ ദേവതയെക്കണ്ട് ഇന്ദ്രന്‍ വിനായന്വിതനായി നമസ്ക്കരിച്ചു.

ഹിമവത്പുത്രിയായ ഉമ, വിദ്യാരൂപിണിയും സര്‍വ്വജ്ഞനായ ഈശ്വരനോടുകൂടി എപ്പോഴും ഇരിക്കുന്നവളുമാകയാല്‍ യക്ഷത്തെക്കുറിച്ചുള്ള സംശയം തീര്‍ത്തു തരുവാന്‍ ശക്തയാണെന്ന് ഇന്ദ്രന് അറിയാമായിരുന്നു.

ഇന്ദ്രന്‍ ഭക്തിപൂര്‍വ്വം ദേവിയെ സമീപിച്ച് അപേക്ഷിച്ചു:

“അംബേ, പരമേശ്വരീ,മഹേശ്വരീ, ഉമാഭഗവതീ! അടിയനില്‍ പ്രസാദിച്ചാലും! ദിവ്യമായിരിക്കുന്ന ഈ യക്ഷം എന്തായിരുന്നുവെന്ന് അനുഗ്രഹിച്ച് അരുളിയാലും!”

ദേവി പറഞ്ഞു: “മകനേ, ദേവേന്ദ്രാ! യക്ഷത്തിന്റെ രൂപത്തില്‍ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ പരബ്രഹ്മം തന്നെയാണ്. യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ ‍നിങ്ങള്‍ ദേവന്മാര്‍ അഹങ്കരിച്ചു. ഇത് നിങ്ങളുടെ വിജയമാണെന്ന് വിചാരിച്ചു. എന്റെ സാമര്‍ത്ഥ്യം എന്റെ സാമര്‍ത്ഥ്യമെന്ന് നിങ്ങള്‍ ഓരോരുത്തരും സ്വയം അഭിമാനിച്ചു. സ്വയം മതിമറന്നു. എന്നാല്‍ അതു ശരിയല്ല. നിങ്ങളിലുള്ള കാരുണ്യം കൊണ്ടും ലോകനന്മയ്ക്കുവേണ്ടിയും ബ്രഹ്മചൈതന്യത്തിന്റെ അദമ്യശക്തിയാലാണ് അസുരന്മാര്‍ പരാജയപ്പെട്ടത്. അതറിയാതെയാണ് നിങ്ങള്‍ അഹങ്കരിച്ചത്. നിങ്ങളുടെ അഹങ്കാരം കുറയ്ക്കാന്‍ ആ പരമാത്മച‌ൈന്യംതന്നെയാണ് യക്ഷമായി പ്രത്യക്ഷപ്പെട്ടത്.

ലോകത്തില്‍ എല്ലാക്കാര്യവും നടക്കുന്നത് ഈശ്വരന്റെ ഇച്ഛാശക്തിക്കനുസരിച്ചാണ്. മറ്റെല്ലാവരും ഈശ്വരകര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മാത്രമാണ്. സ്വന്തം ശക്തികൊണ്ടാണ് എല്ലാം നടക്കുന്നതെന്നു നിങ്ങള്‍ വിചാരിച്ചു. അഹന്തകൊണ്ടാണ് പരമാത്മാവിനെ തിരിച്ചറിയുവാന്‍ നിങ്ങള്‍ക്കു സാധിക്കാതിരുന്നത്.” അങ്ങനെ ഉമാഭഗവതിയുടെ കൃപയാല്‍ തങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട യക്ഷം പരബ്രഹ്മചൈതന്യമാണെന്ന് ദേവന്മാര്‍ മനസ്സിലാക്കി. ദേവന്മാരാണ് ആദ്യമായി പരമബ്രഹ്മത്തെക്കുറിച്ചു മനസ്സിലാക്കിയത്. അതിനാല്‍ ദേവന്മാര്‍‍‍‍‍‍‍‍‍‍മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരായിത്തീര്‍ന്നു.

ദേവന്മാരില്‍വെച്ച് അഗ്നിയും വായുവും ഇന്ദ്രനും അഹന്തയോടെയാണെങ്കിലും ബ്രഹ്മത്തിന്റെ സത്യാവസ്ഥ തേടി പുറപ്പെടുകയും മുമ്പിലെത്തി സംസാരിക്കുകയും പരീക്ഷണത്തിലേര്‍പ്പെടുകയും ചെയ്തു. അതിനാല്‍ അവര്‍ മറ്റു ദേവന്മാരെരേക്കാള്‍ ശ്രേഷ്ഠരായിത്തീര്‍ന്നു. എത്രയധികം ശക്തരായിരുന്നാല്‍പോലും ശ്രേഷ്ഠരായുള്ളവര്‍ അഹങ്കരിക്കുകയും സ്വയം പുകഴ്ത്തുകയും ചെയ്യുകയില്ല. അങ്ങനെ ചെയ്താല്‍ ഈശ്വരന്റെ മുമ്പില്‍ അവര്‍ക്ക് തലകുനിക്കേണ്ടിവരും. തങ്ങളുടെ ശക്തി വെറും നിസ്സാരമെന്നറിയുമ്പോള്‍ ലജ്ജിച്ച് ഓടിയൊളിക്കേണ്ടിവരും. അഗ്നിക്കും വായുവിനും ഇന്ദ്രനും അതാണ് സംഭവിച്ചത്. മൂവരുടേയും അഹംഭാവം നശിച്ചു. മൂവരില്‍വെച്ച് ഭക്തിയും വിശ്വാസവും ശ്രദ്ധയും ജിജ്ഞാസയും ഇന്ദ്രനില്‍ അധികമുണ്ടായിരുന്നു. അതിനാല്‍ ഇന്ദ്രന് ആ ദിവ്യഭൂതം ബ്രഹ്മമാണെന്ന് അറിയാന്‍ കഴിഞ്ഞു.

വിദ്യാസ്വരൂപിണിയുടെ അനുഗ്രഹം ലഭിച്ചതും ബ്രഹ്മത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞതും ഇന്ദ്രനാണ്. അതുകൊണ്ട് ഇന്ദ്രന്‍ എല്ലാവരിലും വെച്ച് ശ്രേഷ്ഠനായിത്തീര്‍ന്നു.

ഈശ്വരനെക്കുറിച്ചുള്ള ‍‍ജ്ഞാനം നേടണമെങ്കില്‍ ആദ്യം അസുരഭാവങ്ങളെ ജയിക്കണം. പിന്നെ അഹങ്കാരം ലവലേശം പോലുമില്ലാതെ ഈശ്വരനെ അറിയാന്‍ തീവ്രമായി ആഗ്രഹിക്കണം. ശ്രദ്ധയും ഭക്തിയും തപസ്സും വേണം. അങ്ങനെയുള്ളവരെ മാത്രമേ വിദ്യാസ്വരൂപിണിയായ ദേവി അനുഗ്രഹിക്കുകയുള്ളു. വിദ്യകൊണ്ടാണ് സത്യത്തെ അറിയുന്നത്. ഞാനെന്നഭാവമില്ലാതെ ഈശ്വരനെ സമീപിക്കുന്ന മനസ്സിനു മാത്രമേ ഈശ്വരജ്ഞാനം നേടാന്‍ കഴിയുള്ളൂ. അങ്ങനെ ഈശ്വരനെ അറിയുവാനാണ് യഥാര്‍ത്ഥ ശ്രേഷ്ഠന്മാര്‍. അവരുടെ ജന്മം സഫലമാകും.”

ഓം തത് സത്
അവലംബം – കേനോപനിഷത്ത്