ധ്രുവവംശവും അംഗരാജാവിന്റെ ജീവത്യാഗവും – ഭാഗവതം (80)

യതഃ പാപീയസി കീരത്തിരധര്‍മ്മശ്ച മഹാന്‍ നൃണാം
യതോ വിരോധഃ സര്‍വ്വേഷാം യത ആധിരനന്തകഃ (4-13-44)
കസ്‌ തം പ്രജാപദേശം വൈ മോഹബന്ധനാത്മനഃ
പണ്ഡിതോ ബഹുമന്യേത യദര്‍ത്ഥാഃ ക്ലേശാദാ ഗൃഹാഃ (4-13-45)

മൈത്രേയന്‍ തുടര്‍ന്നുഃ

ധ്രുവന്റെ പുത്രന്‍ ഉത്കലന്‍ ജന്മനാതന്നെ വിവേകശാലിയും ലൗകീകകാര്യങ്ങളില്‍ താല്‍പര്യമില്ലാത്തവനുമായിരുന്നു. അദ്ദേഹം ആത്മസാക്ഷാത്ക്കാരം നേടിയിരുന്നു. അസാധാരണമായ പെരുമാറ്റത്തിലൂടെ മറ്റുളളവര്‍ക്ക്‌ അദ്ദേഹം വിഡ്ഢിയും കുരുടനുമായി കാണപ്പെട്ടു. ചിലപ്പോള്‍ ഭ്രാന്തനാണോ എന്നും ജനങ്ങള്‍ അദ്ദേഹത്തെ സംശയിച്ചു. അതുകൊണ്ട്‌ രാജ്യസഭയിലെ കാരണവന്മ‍ാര്‍ ഉത്കലന്റെ അനുജന്‍ വത്സരനെ രാജാവായി വാഴിച്ചു.

വത്സരന്‍ (വര്‍ഷം) സ്വരവീഥിയെ (ശ്വേതപഥം) പരിണയിച്ചു. അവര്‍ക്ക്‌ ആറുപുത്രന്മ‍ാര്‍. പുഷ്പര്‍ണന്‍ , തിഗ്മകേതു, ഈശന്‍ , ഊര്‍ജന് ‍, വസു, ജയ എന്നിവര്‍ . പുഷ്പര്‍ണന്‍ പ്രഭയേയും ദോഷത്തേയും (പകലും രാത്രിയും) വിവാഹം ചെയ്തു. പ്രഭയില്‍ പ്രാതഃയും, മദ്ധ്യന്തിനവും, സായവും (പ്രഭാതം, മദ്ധ്യഹ്നം, സായം കാലം) ഉണ്ടായി. ദോഷയില്‍ പ്രദോഷവും, നിശീഥവും, വ്യുഷ്ടവും (സന്ധ്യ, രാത്രി, ഉദയം) ഉണ്ടായി. ഈ പരമ്പരയിലാണ്‌ അംഗരാജാവ്‌ ജനിച്ചതു്. അംഗരാജാവ്‌ നീതിമാനും ധര്‍മ്മിഷ്ടനും ആയിരുന്നു. ഒരിക്കല്‍ അദ്ദേഹം രാജകീയ പ്രൗഢിയോടെ അശ്വമേധയാഗം നടത്തി. യാഗത്തിന്റെ എല്ലാചിട്ടവട്ടങ്ങളും ഭംഗിയായി ചെയ്തിട്ടും യാഗാന്ത്യത്തില്‍ അര്‍ഘ്യം സ്വീകരിക്കാന്‍ ദേവതകള്‍ എത്തിയില്ല. യാഗമുഖ്യന്മ‍ാരായ ഋഷികള്‍ അതിനു കാരണം കണ്ടെത്തി. കഴിഞ്ഞജന്മത്തില്‍ ചെയ്ത ഏതോ പാപത്തിന്റെ ഫലമായി ഈ ജന്മത്തില്‍ അംഗരാജന്‌ പുത്രന്മ‍ാരുണ്ടായിരുന്നുന്നില്ല. അതുകൊണ്ട്‌ മറ്റൊരുചിതമായ യാഗം നടത്തി ദേവതകളെ പ്രീതിപ്പെടുത്തി പുത്രഭാഗ്യം നേടാന്‍ അവര്‍ അംഗരാജനെ ഉപദേശിച്ചു.

യാഗഫലമായി ജനിച്ച പുത്രന്‍ വേനന്‍ അനുഗ്രഹത്തിനുപകരം വലിയൊരു ശാപമായി മാറി. മൃത്യുവിനെ ഉപാസിക്കുന്ന അവന്‍ അധര്‍മ്മിയും ദുര്‍ബുദ്ധിയും അക്രമിയും ആയിരുന്നു. ജനങ്ങള്‍ അവനെ ഭയന്നു. അടുത്തുവന്ന മൃഗങ്ങളെയും കുഞ്ഞുങ്ങളെപ്പോലും വേനന്‍ ആക്രമിച്ചു. അവനെ ധര്‍മ്മപാതയിലേക്ക്‌ നയിക്കാന്‍ അംഗരാജാവ്‌ നടത്തിയ ശ്രമം വൃഥാവിലായി. അവസാനം, അംഗരാജന്‍ ആശയറ്റ്‌ പുത്രലാഭത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചല്ലോ എന്ന് പരിതപിച്ചു. “പുത്രരില്ലാത്തവര്‍ ഭാഗ്യവാന്മ‍ാരത്രേ, കാരണം ദുഷ്പുത്രന്റെ ചെയ്തികള്‍ കൊണ്ടുളള വേദന അവര്‍ക്കനുഭവിക്കേണ്ടിവരുന്നില്ലല്ലോ.” വീണ്ടും ആലോചിച്ച്‌ അദ്ദേഹം പറഞ്ഞുഃ “ഒരുപക്ഷെ ദുഷ്പുത്രനാണ്‌ സല്‍പ്പുത്രനേക്കാള്‍ നല്ലത്‌. സല്‍പ്പുത്രന്‍, ഇഹലോകത്തില്‍ അവനോട്‌ ചേര്‍ന്നിരുന്നു, കഴിയാനുളള ആഗ്രഹമുണ്ടാക്കുന്നു. എന്നാല്‍ ദുഷ്പുത്രന്‍മൂലം ഒരുവന്‌ ഇഹലോകവാസത്തിനുളള ആഗ്രഹംതന്നെ ഇല്ലാതാവുന്നു. ജ്ഞാനിയായ ഒരുവന്‍ അക്രമിയും അധര്‍മ്മിയും ആയ പുത്രന്റെ ബന്ധത്തെ വിലമതിക്കയില്ലതന്നെ. അവന്‍ മാതാപിതാക്കള്‍ക്ക്‌ പാപവും വെറുപ്പും അവമതിപ്പുമാണല്ലോ നല്‍കുന്നുത്‌.” താമസിയാതെ ആരോടും പറയാതെ അദ്ദേഹം അജ്ഞാതമായ ഒരിടത്തേക്ക്‌ യാത്രയായി. ജനങ്ങളും അധികാരികളും രാജാവ്‌ അപ്രത്യക്ഷനായതറിഞ്ഞ് വ്യാകുലരായി. എല്ലായിടത്തും തിരക്കിയിട്ടും അവര്‍ക്ക്‌ രാജാവിനെ കണ്ടെത്തുവാനായില്ല. അവര്‍ രാജസഭയിലെ മുതിര്‍ന്നവരെ ഈ വിവരം ധരിപ്പിക്കുകയും ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF