ഡൗണ്‍ലോഡ്‌ MP3

ആലോക്യ ശൈലോദ്ധരണാദിരൂപം
പ്രഭാവമുച്ചൈസ്തവ ഗോപലോകാഃ
വിശ്വേശ്വരം ത്വാമഭിമത്യ വിശ്വേ
നന്ദം ഭവജ്ജാതകമന്വപൃച്ഛന്‍ || 1 ||

എല്ലാ ഗോപന്മാരും ഗോവര്‍ദ്ധനോദ്ധാരണം മുതലായ രീതിയിലുള്ള നിന്തിരുവടിയുടെ പരമോന്നതമായ മഹിമാതിശയത്തെ കണ്ടിട്ട് നിന്തിരുവടിയെ ലോകേശ്വരനെന്നു അനുമാനിക്കുന്നവരായി നന്ദഗോപനോട് ഭവാന്റെ ജാതകത്തെപറ്റി ചോദിച്ചു.

ഗര്‍ഗ്ഗോദിതോ നിര്‍ഗ്ഗദിതോ നിജായ
വര്‍ഗ്ഗായ താതേന തവ പ്രഭാവഃ
പുര്‍വ്വാധികസ്ത്വയ്യരാഗ ഏഷ‍ാം
ഏഷാമൈധിഷ്ട താവദ് ബഹുമാന ഭാരഃ || 2 ||

പിതാവിനാ‍ല്‍ തന്റെ വര്‍ഗ്ഗക്കാരോടായി ഗര്‍ഗ്ഗമുനിയാല്‍ ഗണിച്ചുപറയപ്പെട്ടാതായ നിന്തിരുവടിയുടെ മാഹത്മ്യത്തെ പറഞ്ഞറിയിക്കപ്പെട്ടതുമുതല്‍ ഇവര്‍ക്കു നിന്തിരുവടിയിലുള്ള വാത്സ്യല്യവും ആദരാതിശയവും മുന്‍പുണ്ടായിരുന്നതിലുമധികം വര്‍ദ്ധിച്ചു.

തതോഽവമാനോദിത – തത്ത്വബോധഃ
സൂരാധിരാജഃ സഹ ദിവ്യഗവ്യാ
ഉപേത്യ തുഷ്ടാവ സ നഷ്ടഗര്‍വ്വഃ
സ്പൃഷ്ട്വാ പദാബ്ജം മണിമൗലിനാ തേ || 3 ||

അനന്തരം അവമാനംകൊണ്ടുദിച്ച പരമാര്‍ത്ഥജ്ഞാനത്തോടുകൂടിയ ആ ദേവന്ദ്ര‍ന്‍ ഗര്‍വ്വം നശിച്ച് കാമാധേനുവിനോടുകൂടി നിന്തിരുവടി അടുത്തുവന്നു രത്നകിരീടംകൊണ്ട് അങ്ങയുടെ പാദാരവിന്ദങ്ങളെതൊട്ടു നമസ്മരിച്ചു സ്തുതിച്ചു.

സ്നേഹസ്നുതൈസ്ത്വ‍ാം സുരഭിഃപയോഭിഃ
ഗോവിന്ദനാമാങ്കിതഭ്യഷിഞ്ചത
ഐരാവതോപാഹൃത ദിവ്യഗംഗാ-
പാഥോഭിരിന്ദ്രോഽപി ച ജാതഹര്‍ഷഃ || 4 ||

കാമധേനു സ്നേഹംകൊണ്ട് ചുരന്ന പാല്‍കൊണ്ട് ‘ഗോവിന്ദന്‍‍’ (ഗോക്കളെ രക്ഷിച്ചവന്‍‍) എന്ന തിരുനാമത്താല്‍ അങ്കിതനാകമാറ് നിന്തിരുവടിയെ അഭിഷേകം ചെയ്തു. ദേവേന്ദ്രനും ഏറ്റവും സന്തോഷത്തോടുകൂടിയവനായി ഐരാവതത്താല്‍ കൊണ്ടുവരപ്പെട്ട ദേവഗംഗാജലംകൊണ്ടും അഭിഷേകംചെയ്തു.

ജഗത്ത്രയേശേ ത്വയി ഗോകുലേശേ
തഥാഽഭിഷിക്തേ സതി ഗോപവാടഃ
നാകേഽപി വൈകുണ്ഠപദേഽപ്യലഭ്യ‍ാം
ശ്രിയം പ്രപേദേ ഭവതഃ പ്രഭാവത് || 5 ||

മൂന്നുലോകങ്ങള്‍ക്കും നാഥനായ നിന്തിരുവടി ഗോകുലനാഥനായി അപ്രകാരം അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ട് ഗോകുലം സ്വര്‍ഗ്ഗലോകത്തിലും വൈകുണ്ഠത്തില്‍പോലും പ്രാപിക്കപ്പെടാവുന്നതല്ലാത്ത ഐശ്വര്‍യ്യത്തെ പ്രാപിച്ചു.

കദാചിദന്തര്യമുനം പ്രഭാതേ
സ്നായന്‍ പിതാ വാരുണപുരൂഷേണ
നീത, സ്തമാനേതുമഗാഃ പുരീം ത്വം
ത‍ാം വാരുണീം കാരണമര്‍ത്ത്യരൂപഃ || 6 ||

ഒരു ദിവസം അതിരാവിലെ യമുനാനദിയില്‍ സ്നാനം ചെയ്തുകൊണ്ടിരുന്ന പിതാവ് വരുണന്റെ ദൂതനാല്‍ പിടിച്ചുകൊണ്ടുപോകപ്പെട്ടു. കാരണമനുഷരൂപനായ നിന്തിരുവടി അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതിനായി ആ വരൂണലോകത്തിലേക്കു ചെന്നു.

സംസംഭ്രമം തേന ജലാധിപേന
പ്രപൂജിതസ്ത്വം പ്രതിഗൃഹ്യ താതം
ഉപാഗതസ്തത്ക്ഷണമാത്മഗേഹം
പിതാഽവദത് തച്ചരിതം നിജേഭ്യഃ || 7 ||

ആ വരുണനാല്‍ പരിഭ്രമത്തോടുകൂടി വിധിപോലെ പൂജിക്കപ്പെട്ടവനായ നിന്തിരുവടി ഒട്ടുംതന്നെ താമസിയാതെ അച്ഛനേയും കൂട്ടികൊണ്ട് അമ്പാടിയിലേക്കു മടങ്ങിവന്നു; അച്ഛന്‍ ആ വര്‍ത്തമാനമെല്ല‍ാം തന്റെ ബന്ധുക്കളോടായി പറഞ്ഞറിയിച്ചു.

ഹരിം വിനിശ്ചിത്യ ഭവന്തമേതാന്‍
ഭവത്പദാലോകനബദ്ധതൃഷ്ണാന്‍
നിരീക്ഷ്യ വിഷ്ണോ ! പരമം പദം തത്
ദുരാപമന്യൈസ്ത്വമദീദൃശസ്താന്‍ .. || 8 ||

കൃഷ്ണ! ഇവരെ, നിന്തിരുവടിയെ സാക്ഷാല്‍ മഹാവിഷ്ണുവാണെന്നു തിര്‍ച്ചയാക്കി അങ്ങയുടെ വാസസ്ഥാനമായ വൈകുണ്ഠത്തെ കാണേണമെന്നാഗ്രഹിക്കുന്നവരായി കണ്ടിട്ട് നിന്തിരുവടി മറ്റാരാലും പ്രാപിക്കപ്പെടുവാന്‍ കഴിയാത്തതായ ആ വിശിഷ്ടസ്ഥാനത്തെ അവര്‍ക്കു കാണിച്ചുകൊടുത്തു.

സ്പുരത്പരാനന്ദസപ്രവാഹ
പ്രപൂര്‍ണ്ണ കൈവല്യമഹാപയോധൗ
ചിരം നിമഗ്നഃ ഖലു ഗോപസംഘാഃ
ത്വയൈവ ഭൂമന്‍ ! പുനരുദ്ധൃതാസ്തേ || 9 ||

സര്‍വ്വേശ്വര ! ആ ഗോപസമൂഹം പരമാനന്ദരസപ്രവാഹംകൊണ്ടു പരിപൂര്‍ണ്ണമായ കൈവല്യമാകുന്ന മഹാസമുദ്രത്തില്‍ വളരെനേരം മുഴുകിയിട്ട് പിന്നീടു നിന്തിരുവടിയാ‍ല്‍ തന്നെയാണാല്ലോ കരയ്ക്കു കയറ്റപ്പെട്ടത്.

കരബദരവദേവം ദേവ ! കുത്രാവതാരേ
പരപദമനവാപ്യം ദര്‍ശിതം ഭക്തിഭാജ‍ാം ?
തദിഹ പശുപരുപീ ത്വ‍ാം ഹി സാക്ഷാത് പരാത്മാ
പവനപുരനിവാസിന്‍ ! പാഹി മാമമയേഭ്യഃ || 10 ||

പ്രകാശസ്വരുപ! ആര്‍ക്കും ഏളുപ്പത്തി‍ല്‍ പ്രാപിക്കപ്പെടാവുന്നതല്ലാത്ത സ്വസ്ഥാനമായ വൈകുണ്ഠത്തെ ഏതൊരുവതാരത്തിലാണോ ഇങ്ങിനെ ഉള്ളംകയ്യിലെ നെല്ലിക്കയെന്നതുപോലെ ഭക്തന്മാര്‍ക്കു കാണിച്ചുകൊടുത്തത്; സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയായി ഇവിടെ വിളങ്ങുന്ന ഗോപാലരൂപിയായിരിക്കുന്ന നിന്തിരുവടി തന്നെ ഹേ ഗുരുവായുപുരേശ! എന്നെ രോഗങ്ങളില്‍നിന്നു രക്ഷിക്കേണമേ.

ഗോവിന്ദപട്ടാഭിഷേകവര്‍ണ്ണനം അന്ന അറുപത്തിനാല‍ാംദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 658.
വൃത്തം. 1-9 ഉപജാതി 10 മാലിനി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.