യദി ദാസ്യസ്യഭിമതാന്‍ വരാന്‍മേ വരദോത്തമ
ഭൂതേഭ്യസ്ത്വദ്വിസൃഷ്ടേഭ്യോ മൃത്യുര്‍മ്മാഭൂന്മമ പ്രഭോ (7-3-35)
നാന്തര്‍ബ്ബഹിര്‍ദിവാ നക്തമന്യസ്മാദപി ചായുധൈഃ
ന ഭൂം നാംബരേ മൃത്യുര്‍, നരൈര്‍, മൃഗൈരപി (7-3-36)
വ്യസുഭിര്‍വ്വാസുമദ്ഭിര്‍വ്വാ സുരാസുരമഹോരഗൈഃ
അപ്രതിദ്വന്നു്വതാം യുഢേ ഐകപത്യം ച ദേഹിനാം (7-3-37)
സര്‍വ്വേഷാം ലോകപാലാനാം മഹിമാനം യഥാഽഽത്മനഃ
തപോയോഗപ്രഭാവാണാം യന്ന ഋഷ്യതി കര്‍ഹിചിത്‌ (7-3-38)

നാരദന്‍ തുടര്‍ന്നു:

അജയ്യനായിത്തീരാന്‍ ഹിരണ്യകശിപു അതികഠിനമായ തപസ്സിലേര്‍പ്പെട്ടു. മന്ദാരപര്‍വ്വതത്തിന്റെ താഴ്‌വരയില്‍ കാലിന്റെ തളളവിരലില്‍ നിന്നുകൊണ്ട്‌ കൈകള്‍ ആകാശത്തേക്കുയര്‍ത്തിപ്പിടിച്ച്‌ ജലപാനംപോലുമില്ലാതെ ഒരായിരം കൊല്ലം അദ്ദേഹം തപസ്സു ചെയ്തു. തപസ്സിന്റെ ശക്തി ദേവന്മാരെ അലട്ടാന്‍ തുടങ്ങി. ഹിരണ്യകശിപു തപസ്സിനായി പോയപ്പോള്‍ ദേവന്മാര്‍ അവരവരുടെ ഇടങ്ങളിലും പോയിരുന്നു. അവര്‍ ബ്രഹ്മാവിനെ സമീപിച്ച്‌ അപേക്ഷിച്ചു.

“പ്രഭോ, ഹിരണ്യകശിപു ഇപ്പോള്‍ ചെയ്യുന്ന തപസ്സ്‌ അഭൂതപൂര്‍വ്വമായ ഒന്നാണ്‌. ഇതിലൂടെ മറ്റൊരു ബ്രഹ്മാവാകാനാണ്‌ അയാളുടെ ശ്രമം. ഇതിലൂടെ ലോകത്തിന്റെ ധര്‍മ്മമാര്‍ഗ്ഗം മുഴുവന്‍ അധര്‍മ്മത്തിലേക്കു മാറ്റിമറിക്കാനാണ്‌ അയാളുടെ ഭാവം. വേണ്ടതെന്തെന്നു വച്ചാല്‍ അവിടുന്നു തന്നെ ചെയ്താലും.”

സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ ഹിരണ്യകശിപു തപസ്സനുഷ്ഠിക്കുന്നയിടത്തു ചെന്ന് പറഞ്ഞു. “ഇതിനു മുന്‍പ്‌ മറ്റാരും ഇങ്ങനെയൊരു തപസ്സു ചെയ്തിട്ടില്ല. ഇനി ഭാവിയിലും ഉണ്ടാവില്ല. ഈ പരിശ്രമത്താലും ഉത്സാഹത്താലും നീ എന്നെ ജയിച്ചിരിക്കുന്നു. ഉണര്‍ന്നാലും. എന്നിട്ട്‌ നിനക്കുവേണ്ട വരങ്ങളെല്ലാം ചോദിക്കൂ.”

ഹിരണ്യകശിപു എല്ലുംതോലുമായി കഴിഞ്ഞിരുന്നു. ശരീരം പുഴുക്കള്‍ ഭക്ഷിച്ചും ചിതല്‍പ്പുറ്റുനിറഞ്ഞുമിരുന്നു. ചിതല്‍പ്പുറ്റുപൊട്ടിച്ച്‌ തൊഴുകയ്യോടെ ഹിരണ്യകശിപു  തപശ്ചര്യയാല്‍ കിട്ടിയ പ്രഭയോടെ നിന്നു തിളങ്ങി. ബ്രഹ്മാവിനോട്‌ ഇങ്ങനെ പറഞ്ഞു:

“ആദികാരണനും മൂന്നു ലോകങ്ങളുടേയും അധിപനും നമസ്കാരം. അങ്ങ്‌ കാലം തന്നെ. ജീവജാലങ്ങളുടെ ആയുസ്സ്‌ നിമിഷംപ്രതി കുറയ്ക്കുന്ന കാലം. ഈ ലൗകീകപ്രപഞ്ചം അവിടുത്തെ ശരീരമത്രെ. പഞ്ചേന്ദീയങ്ങളാല്‍ വസ്തുക്കളെ അങ്ങ്‌ ആസ്വദിക്കുന്നു. എങ്കിലും നിദസാക്ഷിയാണവിടുന്ന്. യാതൊന്നും അവിടുത്തെ ബാധിക്കുന്നില്ല. ഞാനാവശ്യപ്പെടുന്ന വരം തരാമെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുത്‌ ഇവയ്ക്കു വേണ്ടിയാണ്‌.

അങ്ങ്‌ സൃഷ്ടിച്ച ആരും എന്നെ വധിക്കാനിടവരരുത്‌. വീട്ടിനകത്തോ പുറത്തോ വച്ച്‌ എന്റെ മരണം സംഭവിക്കരുത്‌. രാത്രിയിലോ പകലോ ഞാന്‍ മരിക്കാനിടവരരുത്‌. യാതൊരുവിധ ആയുധങ്ങളാലും ആകാശത്തിലോ ഭൂമിയിലോ വച്ചോ, മനുഷ്യനാലോ മൃഗങ്ങളാലോ, ദേവന്മാരാലോ, അസുരന്‍മാരാലോ സര്‍പ്പങ്ങളാലോ എനിക്ക്‌ മരണമുണ്ടാവരുത്ത്‌. ശരീരമെടുത്തിട്ടുളള എല്ലാ ജീവജാലങ്ങള്‍ക്കും തര്‍ക്കമില്ലാത്ത രാജാവും പ്രഭുവും ഞാനായിരിക്കണം. അങ്ങേയ്ക്കുളളതുപോലുളള മഹിമ എനിക്കും ഉണ്ടായിത്തീരട്ടെ.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF