ഡൗണ്‍ലോഡ്‌ MP3

ഹിരണ്യാക്ഷം താവദ്വരദ ഭവദന്വേഷണപരം
ചരന്തം സ‍ാംവര്‍ത്തേ പയസി നിജജംഘാപരിമിതേ |
ഭവദ്ഭക്തോ ഗത്വാ കപടപടുധീര്‍ന്നാരദമുനി:
ശനൈരൂചേ നന്ദന്‍ ദനുജമപി നിന്ദംസ്തവ ബലം || 1 ||

ഹേ അഭീഷ്ടങ്ങളെ നല്ക്കുന്ന ഭഗവന്‍! ആ സമയം തന്റെ മുഴുംകാലിനോളമുള്ള പ്രളയജലത്തില്‍ നിന്തിരുവടിയെ അന്വേഷിച്ചുകൊണ്ട് നടക്കുന്ന ഹിരണ്യാക്ഷനെ അങ്ങയുടെ ഭക്തനും കപടത്തില്‍ അതിസാമര്‍ത്ഥ്യമുള്ള ബുദ്ധിയോടുകൂടിയവനുമായ നാരാദമഹര്‍ഷി പ്രാപിച്ചിട്ട് അസുരനെ പുകഴ്ത്തിയും നിന്തിരുവടിയുടെ ബലത്തെ പുച്ഛിച്ചുകൊണ്ടും സാവദാനത്തില്‍ പറഞ്ഞു.

സ മായാവീ വിഷ്ണുര്‍ഹരതി ഭവദീയ‍ാം വസുമതീം
പ്രഭോ കഷ്ടം കഷ്ടം കിമിദമിതി തേനാഭിഗദിത: |
നദന് ക്വാസൗ ക്വാസവിതി സ മുനിനാ ദര്‍ശിതപഥോ
ഭവന്തം സമ്പ്രാപദ്ധരണിധരമുദ്യന്തമുദകാത് || 2 ||

“മായവിയായിരിക്കുന്ന ആ വിഷ്ണു അങ്ങയുടെ ഭൂമിയെ എടുത്തുകൊണ്ടുപോകുന്നു. അല്ലയോ പ്രഭോ! വലിയ കഷ്ടംതന്നെ! ഇങ്ങനെ അലസനായിരിക്കുന്നതെന്താണ് ?” എന്നിങ്ങനെ അദ്ദേഹത്താല്‍ പറഞ്ഞറിയിക്കപ്പെട്ട ആ ദാനവ‍ന്‍ ‘ഇവനെവിടെ!’  ‘ഇവനെവിടെ!’ എന്ന് ഗര്‍ജ്ജിച്ചുകൊണ്ട് നാരദമഹര്‍ഷിയാ‍ല്‍ വഴികാണിക്കപ്പെട്ടവനായി ഭൂമിയെ എടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്നവുനും വെള്ളത്തില്‍നിന്ന് പൊങ്ങിവരുന്നവനുമായ നിന്തിരുവടിയെ പ്രാപിച്ചു.

അഹോ ആരണ്യോയം മൃഗ ഇതി ഹസന്തം ബഹുതരൈര്‍ –
ദുരുക്തൈര്‍വിധ്യന്തം ദിതിസുതമവജ്ഞായ ഭഗവന്‍ |
മഹീം ദൃഷ്ട്വാ ദംഷ്ട്രാശിരസി ചകിത‍ാം സ്വേന മഹസാ
പയോധാവാധായ പ്രസഭമുദയുംഥാ മൃധവിധൗ || 3 ||

‘കഷ്ടം! ഇത് കാട്ടുമൃഗമാണല്ലോ!’ എന്നിങ്ങനെ പരിഹസിക്കുന്നവനും പലവിധത്തിലുള്ള ദുര്‍വാക്കുകളെക്കൊണ്ട് മര്‍മ്മംപിളക്കുന്നവനുമായ ദൈത്യനെ അവഗണിച്ചുകൊണ്ട് ഹേ ഭഗവന്‍! നിന്തിരുവടി തേറ്റയുടെ അഗ്രഭാഗത്ത് ഭൂമിയെ ഭയന്നുവിറക്കുന്നവളായി കണ്ടിട്ട് സ്വതേജസ്സുകൊണ്ട് ജലോപരി സ്ഥാപിച്ച് പോരിന് സന്നദ്ധനായി.

ഗദാപാണൗ ദൈത്യേ ത്വമപി ഹി ഗൃഹീതോന്നതഗദോ
നിയുദ്ധേന ക്രീഡന്‍ ഘടഘടരവോദ്ഘുഷ്ടവിയതാ |
രണാലോകൗത്സുക്യാന്മിലതി സുരസംഘേ ദ്രുതമമും
നിരുന്ധ്യാ: സന്ധ്യാത: പ്രഥമമിതി ധാത്രാ ജഗദിഷേ || 4 ||

ദൈത്യന്‍ ഗദാപാണിയായിരിക്കകൊണ്ട് നിന്തിരുവടിയും വലിയൊരു ഗദയെടുത്തുപിടിച്ചവനായി ‘ഘടഘട’ ശബ്ദംകൊണ്ട് കാറ്റൊലികൊള്ളിക്കപ്പെട്ട വിയന്മാര്‍ഗ്ഗത്തോടുകൂടിയ യുദ്ധംകൊണ്ട് രസിക്കുമ്പോ‍ള്‍ യുദ്ധം കാണ്മാനുള്ള ആഗ്രഹംകൊണ്ട് ദേവസംഘം ഒരുമിച്ചു വന്നുനില്ക്കവേ “സന്ധ്യയ്ക്കുമുമ്പായി ഇവനെ വേഗം വധിച്ചാലും” എന്നിങ്ങിനെ ബ്രഹ്മാവിനാല്‍ ഉണര്‍ത്തിക്കപ്പെട്ടു.

ഗദോന്മര്‍ദ്ദേ തസ്മിംസ്തവ ഖലു ഗദായ‍ാം ദിതിഭുവോ
ഗദാഘാതാദ്ഭൂമൗ ഝടിതി പതിതായാമഹഹ! ഭോ: |
മൃദുസ്മേരാസ്യസ്ത്വം ദനുജകുലനിര്‍മ്മുലനചണം
മഹാചക്രം സ്മൃത്വാ കരഭുവി ദധാനോ രുരുചിഷേ || 5 ||

ആ ഗദായുദ്ധത്തില്‍ നിന്തിരുവടിയുടെ ഗദ ദൈത്യന്റെ ഗദാപ്രഹരത്താല്‍ പെട്ടെന്ന് ഭൂമിയില്‍ വീണുപോയപ്പോള്‍ ആശ്ചര്‍യ്യം! പ്രഭോ! നിന്തിരുവടി മന്ദസ്മിതമാര്‍ന്ന  മുഖത്തോടുകൂടിയവനായിത്തന്നെ അസുരവംശത്തെ വേരരുക്കുന്ന വിഷയത്തി‍ല്‍ പ്രശസ്തമായ സുദര്‍ശനമെന്ന മഹാചക്രത്തെ സ്മരിച്ചിട്ട് കൈയി‍ല്‍ ധരിച്ചുകൊണ്ട് പരിലസിച്ചു.

തത: ശൂലം കാലപ്രതിമരുഷി ദൈത്യേ വിസൃജതി
ത്വയി ഛിന്ദത്യേനത് കരകലിതചക്രപ്രഹരണാത് |
സമാരുഷ്ടോ മുഷ്ട്യാ സ ഖലു വിതുദംസ്ത്വ‍ാം സമതനോത്
ഗലന്മായേ മായാസ്ത്വയി കില ജഗന്മോഹനകരീ: || 6 ||

അനന്തരം കാലഗ്നിയ്ക്കു തുല്യമായ കോപത്തോടെ അസുരന്‍ ശൂലത്തെ പ്രയോഗിച്ചപ്പോള്‍ നിന്തിരുവടി കയ്യില്‍പിടിച്ചിരുന്ന ചക്രംകൊണ്ടുള്ള പ്രഹരത്താ‍ല്‍ അതിനെ മുറിയ്ക്കവെ ആ ദൈത്യനാവട്ടെ, കോപാവിഷ്ടനായി നിന്തിരുവടിയെ മുഷ്ടികൊണ്ട് ഇടിച്ച് മായരഹിതനായ നിന്തിരുവടിയി‍ല്‍ ലോകത്തെ മോഹിപ്പിക്കുന്ന പലവിധത്തിലുള്ള മായകളെ പ്രയോഗിച്ചുവല്ലൊ !

ഭവച്ചക്രജ്യോതിഷ്കണലവനിപാതേന വിധുതേ
തതോ മായാചക്രേ വിതതഘനരോഷാന്ധമനസം |
ഗരിഷ്ഠാഭിര്‍മുഷ്ടിപ്രഹൃതിഭിരഭിഘ്നന്തമസുരം
കരാഗ്രേണ ശ്രവണപദമൂലേ നിരവധീ: || 7 ||

അസുരന്റെ മായാസമൂഹം അങ്ങയുടെ സുദര്‍ശനചക്രത്തിന്റെ തേജഃകണത്തിന്റെ ലേശം പരിക്കയാല്‍ നീങ്ങിയസമയം അനന്തരം വ്യാപ്തമായ കടുത്ത കോപത്താ‍ല്‍ വിവേചനാശക്തി മങ്ങിയവനായി കടുത്ത മുഷ്ടി പ്രഹരങ്ങളാല്‍ പീഡിപ്പിക്കുന്ന അസുരനെ തന്റെ ചുരുട്ടിപ്പിടിക്കപ്പെട്ട കയ്യിന്റെ അഗ്രംകൊണ്ട് ചെവിക്കുറ്റിയില്‍ ആഞ്ഞടിച്ചു.

മഹാകായ: സോയം തവ ചരണപാതപ്രമഥിതോ
ഗലദ്രക്തോ വക്ത്രാദപതദൃഷിഭി: ശ്ലാഘിതഹതി: |
തദാ ത്വാമുദ്ദാമപ്രമദഭരവിദ്യോതിഹൃദയാ
മുനീന്ദ്രാ: സാന്ദ്രാഭി: സ്തുതിഭിരനുവന്നധ്വരതനും || 8 ||

ഭീമകായനായ ആ ഹിരണ്യാക്ഷന്‍ അങ്ങയുടെ കൈകൊണ്ടുള്ള പ്രഹരത്താ‍ല്‍ നുറുങ്ങിയവനായി മുഖത്തില്‍നിന്നൊഴുകിയ രക്തത്തോടെ മഹ‍ര്‍ഷികളാ‍ല്‍ കീര്‍ത്തിക്കപ്പെട്ട മരണത്തോടുകൂടിയവനായിട്ട് നിലത്തുവീണു. അപ്പോള്‍ വര്‍ദ്ധിച്ചുയര്‍ന്ന  സന്തോഷാധിക്യത്താല്‍ പ്രശോഭിതമായ ഹൃദയത്തോടുകൂടിയവരായ മുനീശ്വരന്മാ‍ര്‍ അര്‍ത്ഥം നിറഞ്ഞ സ്തുതിവചനങ്ങളാ‍ല്‍ യജ്ഞവരാഹസ്വരൂപിയായ നിന്തിരുവടിയെ വാഴ്ത്തിസ്തുതിച്ചു.

ത്വചി ഛന്ദോ രോമസ്വപി കുശഗണശ്ചക്ഷുഷി ഘൃതം
ചതുര്ഹോതാരോംഘ്രൗ സ്രുഗപി വദനേ ചോദര ഇഡാ |
ഗ്രഹാ ജിഹ്വായ‍ാം തേ പരപുരുഷ കര്‍ണ്ണേ ച ചമസാ
വിഭോ സോമോ വീര്യം വരദ ഗലദേശേപ്യുപസദ: || 9 ||

വരപ്രദാനായി പ്രഭുവായിരിക്കുന്ന പരബ്രഹ്മസരൂപിന്‍ ! നിന്തിരുവടിയുടെ ത്വക്കിലാകുന്നു ഛന്ദസ്സുകള്‍; രോമങ്ങളില്‍ കുശസമൂഹവും; നേത്രത്തില്‍ ഘൃതം; പാദങ്ങളില്‍ നാലു ഹോതാക്കള്‍; മുഖത്തില്‍ ഹോമപാത്രവും, ഉദരത്തില്‍ പുരോഡാശംവെക്കുന്നതിന്നുള്ള ഭാജനം, നാവില്‍ സോമരസം ശേംഅരിച്ചുവെക്കുന്നതിന്നുളള പാത്രം,  കര്‍ണ്ണങ്ങളിലാവട്ടെ സോമരസം പാനം  ചെയ്യുന്നതിന്നുള്ള പാത്രങ്ങ‍ള്‍ ;   എന്നല്ല, സോമരസം രേതസ്സുതന്നെ; കണ്ഠപ്രദേശത്തില്‍ ഉപസത്തെന്ന ഇഷ്ടികളും ഭവിക്കുന്നു.

മുനീന്ദ്രൈരിത്യാദിസ്തവനമുഖരൈര്‍മോദിതമനാ
മഹീയസ്യാ മൂര്‍ത്ത്യാ വിമലതരകീര്‍ത്ത്യാ ച വിലസ‍ന്‍ |
സ്വധിഷ്ണ്യം സമ്പ്രാപ്ത: സുഖരസവിഹാരീ മധുരിപോ
നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ || 10 ||

മധുവൈരിയായ ഗുരുവായൂര്‍നാഥ! മേല്‍പ്രകാരമുള്ള സ്തുതിവചനങ്ങളാ‍ല്‍ ഘോഷിക്കുന്ന മുനിശ്രേഷ്ഠന്മാരാല്‍ സന്തോഷിപ്പിക്കപ്പെട്ട ചിത്തത്തോടുകൂടിയവനും സംപൂജ്യമായ ശരീരത്താലും അതിനി‍ര്‍മ്മലമായ കീര്‍ത്തികൊണ്ടും പരിലസിക്കുന്നവനും സ്വസ്ഥാനമായ വൈകുണ്ഠത്തെ പ്രാപിച്ചവനായി സുഖിച്ച്, രസിച്ചു വിഹരിക്കുന്നവനുമായ നിന്തിരുവടി എന്റെ എല്ലാ രോഗങ്ങളേയും നീക്കം ചെയ്യേണമേ !

ഹിരണ്യാക്ഷയുദ്ധം, ഹിരണ്യാക്ഷവധം, യജ്ഞവരാഹസ്തുതി എന്ന പതിമൂന്ന‍ാംദശകം
ആദിതഃ ശ്ലോകാഃ 138
വൃത്തം : – ശിഖരിണീ.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.