കോ ഗൃധ്യേത്‌ പണ്ഡിതോ ലക്ഷ്മീം ത്രിവിഷ്ടപപതേരപി
യയാഹമാസുരം ഭാവം നീതോഽദ്യ വിബുധേശ്വരഃ (6-‍7-12)
ആചാര്യോ ബ്രഹ്മണോ മൂര്‍ത്തിഃ പിതാ മൂര്‍ത്തിഃ പ്രജാപതേഃ
ഭ്രാതാ മരുത്‌ പതേര്‍മ്മൂര്‍ത്തിര്‍മ്മാതാ സാക്ഷാത്‌ ക്ഷിതേസ്തനുഃ (6-7-29)
ദയായാ ഭഗിനീ മൂര്‍ത്തിര്‍ധര്‍മ്മസ്യാത്മാതിഥിഃ സ്വയം
അഗ്നേരഭ്യാഗതോ മൂര്‍ത്തിഃ സര്‍വ്വഭൂതാനി ചാത്മനഃ (6-7-30)

ശുകമുനി തുടര്‍ന്നു:

ഒരു ദിവസം ദേവരാജാവായ ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തില്‍ മറ്റു ദേവന്‍മാരോടും വിണ്ണവരോടും കൂടിയിരിക്കുകയായിരുന്നു. സ്വര്‍ഗ്ഗഗായകര്‍ ഇന്ദ്രന്റെ മഹത്വങ്ങളെ വാഴ്ത്തിപ്പാടി. ആ സമയത്ത്‌ ദേവരാജാവായ ബ്രഹസ്പതി സഭയിലേക്കു കടന്നുവന്നു. ഇന്ദ്രന്‍ എഴുന്നേല്‍ക്കുകയോ ഗുരുവിനെ വന്ദിക്കുകയോ ചെയ്തില്ല. ബ്രഹസ്പതിക്ക്‌ വേണമെങ്കില്‍ ഇന്ദ്രനെ ശിക്ഷിക്കാമായിരുന്നുവെങ്കിലും അദ്ദേഹമതു ചെയ്തില്ല. രാജഗര്‍വ്വം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചുമില്ല. ആരോടും പറയാതെ ഗുരു സഭ വിട്ടുപോയി. ഇന്ദ്രന്‌ ഉടനേ തന്നെ തന്റെ വിഡ്ഢിത്തം മനസിലായി. മനസ്താപം തോന്നുകയും ചെയ്തു.

“സ്ഥാനമാനങ്ങളും അധികാരവും ഒരുവനെ ചീത്തയാക്കുന്നു. സ്വര്‍ഗ്ഗരാജപദവിയും അധികാരവും ആരാണ്‌ മോഹിക്കുന്നത്‌? ആ പദവി കാരണം ദേവരാജാവായ ഞാന്‍ അസുരന്മ‍ാരുടെ നിലവാരത്തിലേക്ക്‌ അധഃപതിച്ചിരിക്കുന്നു.”

ഇന്ദ്രന്‌ ബ്രഹസ്പതിയുടെ സാന്നിദ്ധ്യം ആവശ്യമായിത്തോന്നി. പക്ഷേ അദ്ദേഹം അദൃശ്യനായിക്കഴിഞ്ഞിരുന്നു. ഗുരുവും മാര്‍ഗ്ഗദര്‍ശിയുമില്ലാതെ ഇന്ദ്രന്‍, ചുക്കാനില്ലാത്ത കപ്പല്‍പോലെ അലഞ്ഞു. ദേവശത്രുക്കളായ രാക്ഷസര്‍ സ്വര്‍ഗ്ഗത്തിലെ അവസ്ഥ മനസിലാക്കി ദേവന്മ‍ാരെ ആക്രമിച്ചു കീഴടക്കി. രാജ്യത്തിന്റെ പലേ ഭാഗങ്ങളും അവരുടെ കീഴിലായി. ദേവന്മ‍ാര്‍ ബ്രഹ്മാവിന്റെയടുക്കല്‍ സങ്കടമുണര്‍ത്തിച്ച്‌ അവര്‍ക്കുണ്ടായ പരാജയത്തെപ്പറ്റി പറഞ്ഞു.

ബ്രഹ്മാവ്‌ പറഞ്ഞു: “നിങ്ങള്‍ ഗുരുവിനെ നിന്ദിച്ചതിന്റെ ഫലമായിട്ടാണ്‌ ശത്രുവില്‍നിന്നും ഈ പരാജയം ഉണ്ടായത്‌. അവര്‍ ശക്തരായത്‌ അവര്‍ തങ്ങളുടെ ഗുരുവിനെ അനുസരിച്ച്‌ ബഹുമാനിച്ചു നടക്കുന്നുതു കൊണ്ടാണ്‌. അവര്‍ തങ്ങളുടെ ഗുരുവിനോട്‌ കാണിക്കുന്ന ഭക്തി കൊണ്ടുണ്ടാവുന്ന ശക്തിയാല്‍ എന്റെ ഇരിപ്പിടം പോലും അവര്‍ക്ക്‌ കീഴടക്കാനായേക്കും. ഏതൊരുവന്‍ സന്യാസികളേയും ഭഗവാനേയും പശുക്കളേയും പൂജിച്ച്‌ ബഹുമാനിക്കുന്നുവോ അവന്‌ ദുര്യോഗങ്ങള്‍ ഉണ്ടാവുന്നതല്ല. അതുകൊണ്ട്‌ വിശ്വരൂപമുനിയെ ചെന്നു കാണുക. അദ്ദേഹം തപശ്ചര്യകൊണ്ട്‌ ഉന്നതനായ ഋഷിവര്യനത്രെ. അദ്ദേഹത്തോട്‌ നിങ്ങളുടെ ഗുരുവായിരിക്കാന്‍ യാചിച്ചപേക്ഷിക്കുക. ശത്രുക്കളോട്‌ അനുകമ്പയുണ്ട്‌ അദ്ദേഹത്തിനെങ്കിലും അതു വകവെക്കാതിരിക്കുക. നിങ്ങള്‍ക്ക്‌ ഇതു മാത്രമേ വഴിയുളളു. ”

ദേവന്മ‍ാര്‍ വിശ്വരൂപനെ ചെന്നു കണ്ട്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ” അങ്ങ്‌ പ്രതീക്ഷിക്കാത്ത അ‍തിഥികളായി ഞങ്ങള്‍ വന്നിരിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടാലും മഹാമുനേ. കാരണം, ഗുരു പരബ്രഹ്മത്തിന്റെ പ്രതീകമത്രെ. അച്ഛന്‍ സൃഷ്ടാവിന്‍റേയും അമ്മ ഭൂമീദേവിയുടെയും സഹോദരന്‍ ഇന്ദ്രന്റെയും സഹോദരി കരുണയുടെയും പ്രതീക്ഷിക്കാത്ത അതിഥി ശ്രേഷ്ഠതയുടെയും അതിഥി അഗ്നിയുടേയും എല്ലാ ജീവജാലങ്ങളും പരമാത്മാവിന്‍റേയും പ്രതീകങ്ങളത്രെ. ഞങ്ങള്‍ അസുരന്മ‍ാരാല്‍ തോല്‍പ്പിക്കപ്പെട്ട്‌ വന്നിരിക്കുകയാണ്‌. ഞങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം തരാന്‍ ഒരു ഗുരുവില്ല. ദയാവായി ഞങ്ങളുടെ ഗുരുവായി വന്നാലും.”

വിശ്വരൂപന്‍ പറഞ്ഞു: “പൂജാരിയായി ദക്ഷിണ വാങ്ങിക്കുന്നവന്റെ ജോലി, മാനഹാനിപരമത്രെ. ഞങ്ങള്‍ ദരിദ്രരായിക്കഴിഞ്ഞ്‌ സംഗതിവശാല്‍ കിട്ടുന്നതുകൊണ്ട്‌ തൃപ്തിപ്പെടേണ്ടവരാണ്‌. അല്ലാതെ പൂജാരിയായി ധനം സമ്പാദിക്കേണ്ടവരല്ല. എന്നാലും നിങ്ങളെപ്പോലുളള നല്ലയാളുകളുടെ അഭ്യര്‍ഥന നിരസിക്കുന്നതെങ്ങനെ? അതുകൊണ്ട്‌ ഞാന്‍ നിങ്ങളുടെ ആഗ്രഹപ്രകാരം, എന്റെ സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ചിട്ടായാലും നിങ്ങള്‍ക്ക് ഗുരുവായിരിക്കാം.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF