ഡൗണ്‍ലോഡ്‌ MP3

ക്രമേണ സര്‍ഗ്ഗേ പരിവര്‍ദ്ധമാനേ
കദാപി ദിവ്യാ: സനകാദയസ്തേ |
ഭവദ്വിലോകായ വികുണ്ഠലോകം
പ്രപേദിരേ മാരുതമന്ദിരേശ || 1 ||

സൃഷ്ടികര്‍മ്മം ക്രമത്തി‍ല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഒരിക്ക‍ല്‍ പുണ്യപുരുഷന്മാരായ ആ സനകന്‍ തുടങ്ങിയ മഹര്‍ഷിമാ‍ര്‍ അല്ലയോ വാതലയേശ്വര! അങ്ങയെ സന്ദര്‍ശിക്കുന്നതിനു വൈകുണ്ഠലോകത്തെ പ്രാപിച്ചു.

മനോജ്ഞനൈശ്രേയസകാനനാദ്യൈ-
രനേകവാപീമണിമന്ദിരൈശ്ച |
അനോപമം തം ഭവതോ നികേതം
മുനീശ്വരാ: പ്രാപുരതീതകക്ഷ്യാ: || 2 ||

ആ മഹര്‍ഷിശ്രേഷ്ഠന്മാ‍ര്‍ എടുപ്പുക‍ള്‍ (ആറും) കടന്നവരായി ചേതോഹരങ്ങളായ നൈശ്രേയസം തുടങ്ങിയ വനപ്രദേശങ്ങളാലും അനേകം തടാകങ്ങ‍ള്‍ ‍, മണിഗൃഹങ്ങള്‍ എന്നിവയാലും നിസ്തുല്യമായി പരിലസിക്കുന്ന നിന്തിരുവടിയുടെ ആ ആവാസസ്ഥാനത്തെ പ്രാപിച്ചു.

ഭവദ്ദിദ്ദൃക്ഷൂന്‍ഭുവനം വിവിക്ഷ‌ന്‍
ദ്വാ:സ്ഥൗ ജയസ്താന്‍ വിജയോപ്യരുന്ധ‍ാം |
തേഷ‍ാം ച ചിത്തേ പദമാപ കോപ:
സര്‍വം ഭവത്പ്രേരണയൈവ ഭൂമ‍ന്‍  || 3 ||

അങ്ങയുടെ ദര്‍ശനത്തിലുല്‍സുകരായി അങ്ങയുടെ മണിഗൃഹത്തി‍ല്‍ പ്രവേശിപ്പാ‍ന്‍ തുടങ്ങുന്നവരായ അവരെ പടിവാതില്ക്കല്‍ നിന്നിരുന്നവരായ ജയനും വിജയനും ഒരുപോലെ തടഞ്ഞുനിര്‍ത്തി. ആ മുനിശ്വരന്മാരുടെ ഹൃദയത്തില്‍ ദ്വേഷ്യം കാലൂന്നുകയും ചെയ്തു. ഭഗവന്‍! ഇതെല്ല‍ാം നിന്തിരുവടിയുടെ പ്രേരണകൊണ്ടുതന്നെയാണ്.

വൈകുണ്ഠലോകാനുചിതപ്രചേഷ്ടൗ
കഷ്ടൗ യുവ‍ാം ദൈത്യഗതിം ഭജേതം |
ഇതി പ്രശപ്തൗ ഭവദാശ്രയൗ തൗ
ഹരിസ്മൃതിര്‍ന്നോസ്ത്വിതി നേമതുസ്താ‍ന്‍  || 4 ||

“വൈകുണ്ഠലോകത്തിന് യോഗ്യമല്ലാത്ത പരിമാറ്റത്തോടുകൂടിയ ദുഷ്ടന്മാരായ നിങ്ങളിരുവരും ആസുരയോനിയെ പ്രാപിക്കുവിന്‍” എന്നിപ്രകാരം ശപിക്കപ്പെട്ടു. അങ്ങയെത്തന്നെ ശരണമായിക്കരുതിയിരുന്നവരായ ആ ജയവിജയന്മാരിരുവരും “ഞങ്ങള്‍ക്ക് ഭഗവദ് സ്മരണ ഉണ്ടാകണമേ” എന്ന് അവരോട് നമസ്കരിച്ച് പ്രാര്‍ത്ഥിച്ചു.

തദേതദാജ്ഞായ ഭവാനവാപ്ത:
സഹൈവ ലക്ഷ്മ്യാ ബഹിരംബുജാക്ഷ |
ഖഗേശ്വര‍ാംസാര്‍പ്പിതചാരുബാഹു-
രാനന്ദയംസ്താനഭിരാമമൂര്‍ത്ത്യ || 5 ||

കമലേക്ഷണ! നിന്തിരുവടി ഇതെല്ലാമറിഞ്ഞ് ലക്ഷ്മിദേവിയോടൊരുമിച്ചുതന്നെ പക്ഷീന്ദ്രനായ ഗരുഡന്റെ ചുമലില്‍ ചേര്‍ത്തുവെക്കപ്പെട്ട കോമളമായ തൃക്കയ്യോടുകൂടിയവനായി അതിരമണീയമായ മംഗളവിഗ്രഹത്താല്‍ അവരെ ആനന്ദിപ്പിക്കുന്നവനായിട്ട് പുറത്തേയ്ക്ക് എഴുന്നെള്ളി.

പ്രസാദ്യ ഗീര്‍ഭിഃ സ്തുവതോ മുനീന്ദ്രാ-
നനന്യനാഥാവഥ പാര്‍ഷദൗ തൗ |
സംരംഭയോഗേന ഭവൈസ്ത്രിഭിര്‍മ്മാ-
മുപേതമിത്യാത്തകൃപം ന്യഗാദീ: ||6||

അനന്തരം തന്നെ സ്തുതിക്കുന്ന മുനിശ്രേഷ്ഠന്മാരെ മൃദുഭാഷണങ്ങളെകൊണ്ട് സമാധാനിപ്പിച്ചിട്ട് മറ്റൊരാശ്രയവുമില്ലാത്തവരായ ആ സേവകന്മാ‍ര്‍ രണ്ടുപേരോടും “നിങ്ങളിരുവരും വൈരമാകുന്ന യോഗം പരിശീലിച്ച് മൂന്നു ജന്മങ്ങള്‍കൊണ്ട് എന്നെ പ്രാപിക്കുവിന്‍” എന്ന് വാത്സല്യത്തോടെ അരുളിച്ചെയ്തു.

ത്വദീയഭൃത്യാവഥ കാശ്യപാത്തൗ
സുരാരിവീരാവുദിതൗ ദിതൗ ദ്വൗ |
സന്ധ്യാസമുത്പാദനകഷ്ടചേഷ്ടൗ
യമൗ ച ലോകസ്യ യമാവിവാന്യൗ || 7 ||

അനന്തരം അങ്ങയുടെ സേവകന്മാരായ അവരിരുവരും കാശ്യപനില്‍നിന്ന് ദിതിയി‍ല്‍ രണ്ടു അസുരവീരന്മാരായി ഉത്ഭവിച്ച് സന്ധ്യാകാലത്തില്‍ ഉത്പാദിക്കപ്പെടുകയാ‍ല്‍ ക്രൂരവൃത്തികളോടുകൂടി ഇരട്ടയായി ജനിച്ചവരായി അവര്‍ ലോകത്തിന് വേറെ രണ്ടു യമന്മാരെന്നപോലെ ആയിത്തീര്‍ന്നു.

ഹിരണ്യപൂര്‍വ്വഃ കശിപുഃ കിലൈകഃ
പരോ ഹിരണ്യാക്ഷ ഇതി പ്രതീത: |
ഉഭൗ ഭവന്നാഥമശേഷലോകം
രുഷാ ന്യരുന്ധ‍ാം നിജവാസനാന്ധൗ || 8 ||

ഒരുവന്‍ ഹിരണ്യകശിപു, മറ്റേവ‍ന്‍ ഹിരണ്യാക്ഷ‍ന്‍ എന്നിങ്ങനെ പ്രസിദ്ധരായി; ഇരുവരും തങ്ങളുടെ ആസുരപ്രകൃതിയാല്‍ വ്യാമോഹിതരായി നിന്തിരുവടിയെ നാഥനായി ലഭിച്ചിട്ടുള്ള ലോകത്തെ മുഴുവനും അഹങ്കാരത്തോടെ പീഡിപ്പിച്ചു.

തയോര്‍ഹിരണ്യാക്ഷമഹാസുരേന്ദ്രോ
രണായ ധാവന്നനവാപ്തവൈരീ |
ഭവത്പ്രിയ‍ാം ക്ഷ്മ‍ാം സലിലേ നിമജ്യ
ചചാര ഗര്‍വ്വാദ്വിനദന്‍ ഗദാവാ‍ന്‍  || 9 ||

അവര്‍ രണ്ടുപേരി‍ല്‍ ഹിരണ്യാക്ഷനെന്ന അസുരശ്രേഷ്ഠ‍ന്‍ യുദ്ധ്ത്തിനായി പാഞ്ഞുനടന്നിട്ടും തനിക്കുതുല്യനായ എതിരാളിയെ കണ്ടെത്താതെ അങ്ങയുടെ പ്രാണപ്രിയയായ ഭൂമദേവിയെ വെള്ളത്തി‍ല്‍ മുക്കിത്താഴ്ത്തി മദത്തള്ളലാ‍ല്‍ അലറിക്കൊണ്ട് ഗദയും കയ്യിലേന്തിയവനായി ചുറ്റിസഞ്ചരിച്ചു.

തതോ ജലേശാത് സദൃശം ഭവന്തം
നിശമ്യ ബഭ്രാമ ഗവേഷയംസ്ത്വ‍ാം |
ഭക്തൈകദൃശ്യ: സ കൃപാനിധേ ത്വം
നിരുന്ധി രോഗാന്‍ മരുദാലയേശ || 10 ||

അനന്തരം വരുണനില്‍നിന്ന് നിന്തിരുവടിയെ തനിക്കു തുല്യനാണെന്നു കേട്ടറിഞ്ഞ് അങ്ങയെ അപേക്ഷിച്ചുകൊണ്ട് ചുറ്റിനടന്നു; കാരുണ്യമൂര്‍ത്തേ! ഗുരുവായൂര്‍നാഥ!  ഭക്തന്മാര്‍ക്കുമാത്രം കാണപ്പെടാവുന്നവനായ അപ്രകാരമുള്ള നിന്തിരുവടി രോഗങ്ങളേ നീക്കം ചെയ്യേണമേ.

സനകാദികളുടെ വൈകുണ്ഠപ്രവേശവര്‍ണ്ണനവും ജയവിജയശപവര്‍ണ്ണനവും ഹിരണ്യകശിപു ഹിരണ്യാക്ഷാത് പത്തിവര്‍ണ്ണനവും എന്ന പതിനൊന്ന‍ാംദശകം സമാപ്തം.

വൃത്തം “ഉപേന്ദ്രവജ്ര. ഉപജാതി”.
ആദിതഃ ശ്ലോകഃ 118.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.