വിത്തമേവ ക‍ലൗ നൃണാം ജന്‍മാചാരഗുണോദയ
ധര്‍മ്മന്യായവ്യവസ്ഥായാം കാരണം ബലമേവ ഹി (12-2-2)
ദാമ്പത്യേഽഭീരുചിര്‍ഹേതുര്‍മായൈവ വ്യാവഹാരികേ
സ്ത്രീത്വേ പുംസ്ത്വേ ച ഹി രതിര്‍വ്വിപ്രത്വേ സൂത്രമേവ ഹി (12-2-3)
ശംഭള ഗ്രാമമുഖ്യസ്യ ബ്രാഹ്മണസ്യ മഹാത്മനഃ
ഭവനേ വിഷ്ണുയശസഃ കല്‍കിഃ പ്രാദുര്‍ഭവിഷ്യതി (12-2-18)

ശുകമുനി തുടര്‍ന്നു:
ഭഗവാന്‍ കൃഷ്ണന്‍ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. ഈ യുഗത്തില്‍ ദിനംദിനം ധര്‍മ്മം അധഃപതിക്കും. അതോടൊപ്പം മനുഷ്യന്റെ ആയുസ്സും ശക്തിയും ആരോഗ്യവും കുറഞ്ഞുവരും. ‘ഒരുവന്റെ കുലം, സ്വഭാവം, പെരുമാറ്റം ഇവയെ എല്ലാം സമ്പത്തിന്റെ മാനദണ്ഡം കൊണ്ടു മാത്രമായിരിക്കും കണക്കാക്കുക. ശക്തിയൊന്നു മാത്രമായിരിക്കും ഇടപാടുകളില്‍ ധാര്‍മ്മികതയും നീതിയും നിശ്ചയിക്കാനുളള മാര്‍ഗ്ഗം. ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധം പരസ്പരം ഇഷ്ടപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. കച്ചവട ഇടപാടുകളില്‍ പരസ്പരം ചതി സാധാരണമാവും. പുരുഷത്വവും സ്ത്രീത്വവും ലൈംഗികാസക്തിയുടെ അടിസ്ഥാനത്തില്‍ അളക്കപ്പെടും. ബ്രാഹ്മണരെ തിരിച്ചറിയാന്‍ അവരണിയുന്ന പൂണൂല്‍ മാത്രമേ ഉണ്ടാവൂ.’ നീതിന്യായഭരണകര്‍ത്താക്കന്മാര്‍പോലും കൈക്കൂലിയാലും അഴിമതിയാലും വഴിപിഴച്ചുപോവും. തലമുടിയാവും സൗന്ദര്യത്തിന്നാധാരം. സംസാരത്തിന്റെ ശക്തിക്കനുസരിച്ചാവും സത്യനിര്‍ണ്ണയം. പ്രശസ്തി ലഭിക്കാനായി മാത്രമാവും മനുഷ്യന്‍ സമൂഹത്തിനു നന്മ ചെയ്യുക. ജീവിതത്തിലെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, സന്ന്യാസം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങള്‍ എല്ലാം ചേര്‍ന്നു ഗാര്‍ഹസ്ഥ്യത്തില്‍ മാത്രമൊതുങ്ങും.

ഈ കാലത്ത്‌ സജ്ജനങ്ങള്‍ അഴിമതി നിറഞ്ഞ നഗരജീവിതം അവസാനിപ്പിച്ച്‌ സ്വയം വനത്തിലോ മലമുകളിലോ സ്വഛജീവിതം നയിക്കും. അവര്‍ ഫലമൂലാദികളും തേനും ഭക്ഷിച്ചു ജീവിക്കും. മറ്റിടങ്ങളില്‍ ക്ഷാമം, സാംക്രമികരോഗങ്ങള്‍, വരള്‍ച്ച, കൊടുങ്കാറ്റ് എന്നിവയാല്‍ ജനം കഷ്ടപ്പെടും. അവരുടെ സമ്പത്ത്‌ നികുതിയാലും അധാര്‍മ്മിക ജീവിതത്താലും നശിച്ച്‌ വയസ്സെത്തും മുന്‍പ്‌ അവര്‍ മരിച്ചു പോവും. മരങ്ങള്‍പോലും അധാര്‍മ്മികരായ മനുഷ്യരുടെ നിഷ്കരുണമായ ചൂഷണത്തിന്റെ ഫലമായി മുരടിച്ചു പോവും. പശുക്കള്‍ മെലിഞ്ഞ് വളരെക്കുറച്ചു പാലുമാത്രം തരും.

ആ സമയത്ത്‌ ഭഗവാന്‍ ശംഭലമെന്ന ഗ്രാമത്തില്‍ ഒരു ബ്രാഹ്മണഗൃഹത്തില്‍ കല്‍ക്കിയെന്ന നാമം ധരിച്ചവതരിക്കും. അസാമാന്യപ്രഭയോടെ അദ്ദേഹം നഗരങ്ങള്‍ പറന്നു സഞ്ചരിച്ച്‌ കളളരാജാക്കന്മാരെയെല്ലാം നശിപ്പിക്കും. അതിനുശേഷം സത്യയുഗമാവും. ധാര്‍മ്മികതയുടെയും പവിത്രതയുടെയും യുഗം. സൂര്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവ ഒരേ ഗൃഹത്തിലാവുകയും പുഷ്യനക്ഷത്രസഞ്ചയം ആരോഹണത്തിലാവുകയും ചെയ്യുമ്പോഴാണ്‌ സത്യയുഗാരംഭം. ശന്തനുവിന്റെ സഹോദരനായ ദേവാപിയും ഇക്ഷ്വാകുവംശത്തിലെ മരുവും കലാപഗ്രാമത്തില്‍ വാസം തുടരും. സത്യയുഗം തുടങ്ങുമ്പോള്‍ അവര്‍ മനുഷ്യരെ ധാര്‍മ്മികതയെപ്പറ്റി പഠിപ്പിക്കാന്‍ ജീവിച്ചിരിപ്പുണ്ടാവും.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF