ജഗത്തിന്റെ മിത്ഥ്യാത്വത്തെയും മിത്ഥ്യാസ്വരൂപമായ ജഗത്തു നിലനിന്നുവരുന്ന സമ്പ്രദായത്തെയും വ്യക്തമാക്കാന്‍ വേണ്ടി ഒരു കഥ പറയാമെന്നു പറഞ്ഞുകൊണ്ടാണ് മണ്ഡപോപാഖ്യാനം അല്ലെങ്കില്‍ ലീലോപാഖ്യാനമെന്ന് കഥയിലേയ്ക്കു വേശിക്കുന്നത്.

ഒരിക്കല്‍ ഈ ഭൂമിയില്‍ ഒരിടത്ത് പത്മരാജാവെന്നു പേരായി ഒരു രാജാവും അദ്ദേഹത്തിന് ലീലയെന്നു പേരായി ഒരു പട്ടമഹിഷിയുമുണ്ടായി. അവര്‍ രണ്ടുപേരും വളരെ നല്ലവരും ധര്‍മ്മനിഷ്ഠരും അന്യോന്യാനുരക്തരും അനുരൂപരുമായ ദമ്പതിമാരായിരുന്നു. അവരുടെ ധര്‍മ്മനിഷ്ഠമായ ഭരണംകൊണ്ട് ഭൂമിയില്‍ എല്ലായിടത്തും എല്ലാ ജീവികള്‍ക്കും ക്ഷേമസമാധാനങ്ങളും സമ്പത്തുകള്‍ക്ക് അഭിവൃദ്ധിയും ധര്‍മ്മത്തിന് നിലനില്‍പുമുണ്ടായി. എപ്പോഴും എന്തെങ്കിലും നല്ല കാര്യങ്ങളെ മാത്രം ആലോചിച്ചുകൊണ്ടിരിക്കുകയെന്നതു സ്വഭാവമായിരുന്നു മഹാരാജ്ഞിക്ക്.

അക്കൂട്ടത്തിലൊരിക്കല്‍ തനിക്കും തന്റെ ഭര്‍ത്താവായ മഹാരാജാവിനും മരണം സംഭവിക്കാതെ അമരത്വത്തോടുകൂടി ചിരകാലം ഭൂമിയില്‍ സുഖികളായിരിക്കാനെന്താണ് മാര്‍ഗ്ഗമെന്നാലോചിച്ചു. വിദ്യാവൃദ്ധരും ജ്ഞാനവൃദ്ധരും തപോവൃദ്ധരും കേവലം വയോവൃദ്ധരുമായ പലരെയും അരമനയില്‍ വരുത്തി അവരോടൊക്കെ തന്റെ ആഗ്രഹത്തെ അറിയിച്ച് അതിനെ സാധിക്കാനുള്ള ഉപായമെന്താണെന്നന്വേഷിച്ചു. സാധനകളെക്കൊണ്ടു പല
പ്രകാരത്തിലുള്ള സിദ്ധികളുമുണ്ടാവാമെന്നല്ലാതെ അമരത്വം കിട്ടാന്‍ വിഷമമാണെന്നാണ് അവരുടെയൊക്കെയും മറുപടി. ഒരു പ്രകാരത്തിലും തന്റെ ആഗ്രഹം നിറവേറാന്‍ മാര്‍ഗ്ഗമില്ലെന്നറിഞ്ഞപ്പോള്‍ മഹാരാജ്ഞി ആകുലയും പരവശയുമായിത്തീര്‍ന്നു. ഭര്‍ത്താവിന്റെ മരണത്തെയും അതിനുശേഷമുള്ള തന്റെ ഏകാകിനിയായ ജീവിതത്തെയും ഓര്‍ത്തപ്പോള്‍ രാജ്ഞി നടുങ്ങി.

പുണ്യാത്മാക്കള്‍ക്കു തന്റെ ശുദ്ധമായ അന്തഃകരണം തന്നെയാണ് ഉത്തമനായ ബന്ധുവും ഉപദേഷ്ടാവും. ആ നിലയ്ക്ക് മഹാരാജ്ഞി പിന്നെ അധികമാരോടും ഒന്നുമന്വേഷിക്കാതെ തന്റെ ചിത്തത്തില്‍തന്നെ തീവ്രമായ അന്വേഷണം തുടങ്ങി. അതിന്റെ ഫലമായി കുറച്ചുദിവസം കഴിഞ്ഞപ്പോഴേയ്ക്ക് ചില തീര്‍പ്പുകളൊക്കെയുണ്ടായി. ഭര്‍ത്താവിനു മുമ്പു് താനാണ് മരിക്കുന്നതെങ്കില്‍ ശരീരത്തെ വിട്ടു ബ്രഹ്മസായൂജ്യത്തെ പ്രാപിക്കണം. അല്ല, ഭര്‍ത്താവാണ് മുമ്പെ മരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ജീവകല ശരീരത്തെ വിട്ടാലും അന്തഃപുരമണ്ഡപത്തിലെ അന്തരീക്ഷത്തില്‍ നിന്നു പുറത്തുപോവാനിടവരാതെ ഇവിടെത്തന്നെ നില്ക്കണം. തനിക്കെപ്പോഴും കാണാനും കഴിയണം. അതിനുള്ള കഴിവ് വിദ്യാസ്വരൂപിണിയായ സരസ്വതീദേവിയുടെ പ്രസാദം കൊണ്ടുണ്ടാവണം. അതു സാധിക്കുന്നതുവരെയും താന്‍ സരസ്വതീ ഭജനം നടത്തും. എന്നൊക്കെയാണ് കുറച്ചുദിവസം കഴിഞ്ഞപ്പോഴുണ്ടായ തീര്‍പ്പ്. അതിനനിസരിച്ചു തന്റെ ഭര്‍ത്താവിനെപ്പോലും അറിയിക്കാതെ വളരെ രഹസ്യമായും എന്നാല്‍ വളരെ കഠിനമായുമുള്ള നിലയില്‍ സരസ്വതിദേവിയെ തപോനുഷ്ഠാനങ്ങളെക്കൊണ്ട് ആരാധിക്കാന്‍ തുടങ്ങി. ധ്യാനവും സമാധിയും ജപവും പൂജയും മറ്റുമായി രാവും പകലും ഭേദമില്ലാതെ കഴിച്ചുകൂട്ടാന്‍ തുടങ്ങി. മുമ്മൂന്നു ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ എന്തെങ്കിലും ആഹാരം കഴിക്കും. അങ്ങനെ കഠിനമായ തപോനിഷ്ഠയില്‍ത്തന്നെ പത്തുമാസം കഴിഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം പതിവുപോലുള്ള പൂജാവിധാനം തുടര്‍ന്നുകൊണ്ടിരിക്കെ ശ്രദ്ധാഭക്തികളുടെ പാരമ്യത്താല്‍ അശ്രുധാരകളൊഴുക്കിയും ദേഹം മുഴുവന്‍ പൊട്ടിത്തരിച്ചും തൊഴുകയ്യുമായി അര്‍ദ്ധനിമീലിതനേത്രമായി തന്റെ ഇഷ്ടദേവതാവിഗ്രഹത്തിന്റെ മുമ്പില്‍ ഇരിക്കുന്ന രാജ്ഞിക്ക് കരുണാമയിയായ വിദ്യാദേവിയുടെ ദര്‍ശനം കിട്ടി. അത്യുജ്വലമായ തേജസ്സോടുകൂടി തന്റെ പുരോഭാഗത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭക്തിപരവശയായിത്തീര്‍ന്ന മഹാരാജ്ഞി വീണുനമസ്കരിച്ച് അമ്മയുടെ തൃപ്പാദങ്ങള്‍ തന്റെ ശിരസ്സോടുകൂടി യോജിപ്പിച്ചു. അനന്തരം തൊഴുകയ്യോടെ എഴുനേറ്റുനിന്ന് ഭക്തിഗദ്ഗദങ്ങളായ വാക്കുകളെക്കൊണ്ട് ദേവിയെ വാഴ്ത്തിസ്തുതിച്ചു. സന്തുഷ്ടയായ വാണീഭഗവതി രാജ്ഞിയെ അനുഗ്രഹിച്ച് അഭീഷ്ടങ്ങളായ വരങ്ങളെ കൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ രാജ്ഞി രണ്ടു വരങ്ങളെ വരിച്ചു. അതില്‍ ഒന്ന്, തന്റെ ഭര്‍ത്താവ് മരിച്ചാല്‍ അദ്ദേഹത്തിന്റെ ജീവകല തന്റെ അന്തഃപുരമണ്ഡപത്തിലെ അന്തരീക്ഷത്തില്‍ത്തന്നെ തങ്ങിനില്ക്കണമെന്നും മറ്റൊന്ന് താന്‍ സ്മരിക്കുമ്പോഴൊക്കെയും ദേവി പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെടുന്ന വരങ്ങളെ കൊടുക്കണമെന്നുമാണ്. പ്രസ്തുത രണ്ടു വരങ്ങളെയും കൊടുത്ത് ദേവി അവ്യക്തയിലേയ്ക്കു മറയുകയും ചെയ്തു.

ഇഷ്ടദേവതാദര്‍ശനം കൊണ്ടും അഭീഷ്ടലാഭം കൊണ്ടും അത്യന്ത ചരിതാര്‍ത്ഥയായിത്തീര്‍ന്ന മഹാരാജ്ഞി സന്തോഷത്തോടുകൂടി ദിവസം കഴിച്ചുവന്നു. കാലംകൊണ്ടു മഹാരാജാവിന് വാര്‍ദ്ധക്യവും ജരാനരകളും വന്നുചേര്‍ന്നു. അന്ത്യസമയം ആസന്നമായെന്നുപോലും തോന്നാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം പത്മമഹാരാജാവു നിര്യാതനാവുകയും ചെയ്തു. ലീലാരാജ്ഞി ഭര്‍ത്തൃവിരഹദുഃഖം സഹിക്കാന്‍ കഴിയാതെ ഉറക്കെ നിലവിളിക്കുകയും മണ്ണില്‍ വീണ്ടുരുളുകയും മാറാത്തടിക്കുകയും മറ്റും ചെയ്തു. എങ്കിലും അതുകൊണ്ടൊന്നും സമാധാനം കിട്ടാതെ മരിക്കാന്‍തന്നെ തീര്‍ച്ചപ്പെടുത്തി. ആ സമയത്ത് ആകാശത്തുനിന്നു കരുണാമയിയായ ദേവിയുടെ ഒരുളപ്പാടു കേട്ടു: “പതിവ്രതാരത്നമായ ലീലേ! നീ വ്യസനിക്കേണ്ട. നിനക്കിനിയും ഭര്‍ത്താവോടൂകൂടി സുഖമായിരിക്കാന്‍ സാധിക്കും. ഭര്‍ത്താവിന്റെ ശവശരീരത്തെ കേടുവരുത്താതെ അന്തഃപുരമണ്ഡപത്തില്‍ത്തന്നെ പുഷ്പങ്ങളെകൊണ്ടുമൂടി സൂക്ഷിക്കൂ. പുഷ്പങ്ങള്‍ വാടിയേയ്ക്ക‍ാം. എന്നാല്‍ ശരീരം വാടില്ല. മാത്രമല്ല, നി‍ന്റെ ഭര്‍ത്താവിന്റെ നിര്‍മ്മലമായ ജീവകല ഇപ്പോഴും ആ അന്തഃപുരത്തില്‍ നില്ക്കുന്നുണ്ട്” അതുകേട്ട മഹാരാജ്ഞിയുടെ വ്യസനം മിക്കവാറും തീര്‍ന്നുവെന്നുതന്നെ പറയണം. വേഗത്തില്‍ ധാരാളം സുഗന്ധപുഷ്പങ്ങളെ വരുത്തി ഭര്‍ത്തൃശരീരത്തെ ശുദ്ധിവരുത്തി അലങ്കരിച്ചു പുഷ്പങ്ങളെക്കൊണ്ടു മൂടി സൂക്ഷിച്ചു.

എങ്കിലും ഭര്‍ത്താവിനെ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഃഖം പിന്നെയും രാജ്ഞിയെ പീഡിപ്പിച്ചുകൊണ്ടിരുന്നു. അതിനാല്‍ ആര്‍ത്തിയായി വിദ്യാദേവിയെ സ്മരിച്ചു ദര്‍ശനത്തിന്നപേക്ഷിക്കുകതന്നെ ചെയ്തു. ഉടനെ ദേവി മാഹാരാജ്ഞിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്താണ് വേണ്ടതെന്നു ചോദിച്ചു. അപ്പോള്‍ തന്റെ ഭര്‍ത്താവിനെ കാണാന്‍ സാധിക്കാത്തതുകൊണ്ട് വളരെ വ്യസനമുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ എവിടെ ഏതു രൂപത്തിലാണെന്നും അദ്ദേഹത്തെ കാണാന്‍ മാര്‍ഗ്ഗമെന്താണെന്നും പറഞ്ഞുതന്ന് തന്നെ അവിടേയ്ക്കു കൂട്ടിക്കൊണ്ടുപോവണമെന്നും അപേക്ഷിച്ചു.

അപ്പോള്‍ ദേവീ അരുളിചെയ്തു: ആകാശത്തിന് മൂന്നു വകഭേദങ്ങളുണ്ട് – ഭൂതാകാശം, ചിത്താകാശം, ചിദാകാശം. ഇതില്‍ ഭൂതാകാശം മറ്റു രണ്ടു ആകാശങ്ങളെയും അപേക്ഷിച്ചു സ്ഥൂലമാണ്. ചിദാകാശം അത്യന്ത സൂക്ഷമവുമാണ്. അതില്‍ യാതൊരു നാമരൂപങ്ങളുടേയും സ്ഫുരണംപോലുമില്ല. അത്യന്തശൂന്യവും അത്യന്തപ്രശാന്തവുമാണ്. ചിത്തം ഒരു വിഷയത്തെ വിട്ടു മറ്റൊരു വിഷയത്തെ പ്രാപിക്കുന്നതിനിടയിലുള്ള ഏറ്റവും ചുരുങ്ങിയ സമയം ഏതൊരു സ്വരൂപത്തിലിരിക്കുന്നുവോ, അതാണ് ചിദാകാശത്തിന്റെ രൂപം. അല്പംപോലും സങ്കല്പമില്ലാതായാല്‍ ചിത്തം ചിദാകാശമായിത്തീരും. അപ്പോള്‍ സര്‍വ്വാത്മകവും ശാന്തവുമായ പദത്തെ പ്രാപിക്കുകയും ചെയ്യും. ഈ ലോകം കേവലം ഇല്ലാത്തതാണെന്ന ഉറച്ച വിശ്വാസം ദൃഢപ്പെട്ടുകഴിഞ്ഞാല്‍ ആ പരമപദത്തെ പ്രാപിക്ക‍ാം. അല്ലാതെ സാദ്ധ്യവുമല്ല. ഈ ലോകം ഇല്ലാത്തതാണെന്ന ദൃഢവിശ്വാസം ഒരാള്‍ക്കുണ്ടാവാന്‍ വിഷമമാണ്. എന്നാല്‍ നിനക്കിപ്പോള്‍ എന്റെ അനുഗ്രഹം കൊണ്ടു ഞാന്‍ ആ നില കൈവരുത്തിത്തരാം. എന്നു പറഞ്ഞു ദേവി രാജ്ഞിയെ അനുഗ്രിച്ചന്തര്‍ദ്ധാനം ചെയ്തു. ദേവി തിരോധാനം ചെയ്തു കഴിഞ്ഞതോടെ താമസമുണ്ടായില്ല; ദേവിയുടെ അനുഗ്രഹശക്തിയാല്‍ രാജ്ഞി നിര്‍വ്വികല്പസമാധിയില്‍ മുഴുകി. ആ സമാധിയില്‍ ഇരിക്കുമ്പോള്‍ത്തന്നെ ശരീരത്തെവിട്ടു അന്തഃകരണത്തോടൂകൂടി അവിടെയുള്ള ഗൃഹാകാശത്തേയ്ക്കുയരുകയും ചെയ്തു.

അത്ഭുതമെന്നു പറയട്ടെ, ആ ഗൃഹാകാശത്തില്‍ രാജ്ഞിയുടെ ജീവപ്രജ്ഞ പല വിചിത്ര ദൃശ്യങ്ങളെയും കണ്ടു. പര്‍വ്വതങ്ങള്‍, കാടുകള്‍, നദികള്‍, സമുദ്രങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയടങ്ങിയ ഒരു പുതിയ ലോകത്തെക്കണ്ടു. അതില്‍ വളരെ വലിയ ഒരു പട്ടണമദ്ധ്യത്തില്‍ അനേക മതിലുകളാലും കിടങ്ങുകളാലും ചുറ്റപ്പെട്ടു നാലുഭാഗത്തും വലിയ ഗോപുരങ്ങളോടുകൂടിയ വലിയ കോട്ടയും അതിന്റെ മദ്ധ്യത്തില്‍ എല്ലാവിധ ശില്‍പവൈദഗ്ദ്ധ്യങ്ങള്‍ക്കും ഉത്തമോദാഹരണമായും അവര്‍ണ്ണനീയമായുമുള്ള രാജധാനിയേയും കണ്ടു. രാജധാനിയുടെ പുരോഭാഗത്ത് വിശാലമായ സഭാമണ്ഡപവും അതില്‍ അനേകം സാമന്തരാജക്കന്മാരാലും മന്ത്രിപുംഗവന്മാരാലും പ്രഭുക്കന്മാരാലും ചുറ്റപ്പെട്ടു വാഴ്ത്തപ്പെട്ടുകൊണ്ടുമുള്ള നിലയില്‍ വലിയ സിംഹാസനത്തില്‍ തന്റെ ഭര്‍ത്താവായ പത്മരാജാവ് ഇരിക്കുന്നതായും രാജ്യകാര്യങ്ങളെക്കുറിച്ചാലോചിക്കുന്നതായും കണ്ടു. ഇടയ്ക്കിടെ മഹാരാജാവിനെ ജയശബ്ദം കൊണ്ടും നമശ്ശബ്ദംകൊണ്ടും മാനിക്കുന്നു; പുഷ്പവര്‍ഷം ചെയ്യുന്നു. നാലുഗോപുരദ്വാരങ്ങളിലും രാജദര്‍ശനത്തില്‍ ഉത്സുകരായ ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു.

ഇതൊക്കെകണ്ട് ആശ്ചര്യഭരിതയായ ലീലാരാജ്ഞിയും ആ രാജസഭാ മണ്ഡപത്തിലെ അന്തരീക്ഷത്തില്‍ ചെന്നുന്നിന്നു. സഭയിലുള്ള നാനാ‌ജനസഞ്ചയത്തെയും, പണ്ടത്തെ വാര്‍ദ്ധക്യമൊക്കെ പോയി നവയൗവനാരൂഢനും തേജസ്വിയുമായ തന്റെ ഭര്‍ത്താവാകുന്ന മഹാരാജാവിനേയും വ്യക്തമായി തെളിഞ്ഞു കണ്ടു. പലതരത്തിലുള്ള ആളുകളേയും കുറ്റവാളികളായ ജയില്‍പ്പുള്ളികളേയും പണ്ഡിതന്മാരേയും മിത്രവര്‍ഗ്ഗങ്ങളേയുമെല്ല‍ാം കണ്ടു. ആശ്ചര്യസതബ്ധയായ രാജ്ഞി വീണ്ടും തന്റെ അന്തഃപുരമണ്ഡപത്തില്‍ സമാധിസ്ഥിതിയിലിരിക്കുന്ന ശരീരത്തിലേയ്ക്കുതന്നെ മടങ്ങി. അല്‍പസമയം കൊണ്ടു സമാധിയുണര്‍ന്നു. ഉടനെത്തന്നെ വിദ്യാമയിയായ സരസ്വതിദേവിയെ സ്മരിച്ചു. ദേവി പ്രത്യക്ഷപ്പെടുകയും ചെയ്തു. രാജ്ഞി സരസ്വതീദേവിയെ വണങ്ങി തന്റെ ഭര്‍ത്താവു ശരീരത്തെ വിട്ടശേഷം രൂപമില്ലാത്ത ഭ്രമാത്മകമായ ഈ ജന്മത്തെ എങ്ങനെ പ്രാപിച്ചു എന്നുള്ള പരമാര്‍ത്ഥം ജഗല്‍ഭ്രാന്തി നീങ്ങാന്‍ വേണ്ടി പറഞ്ഞുതന്നാല്‍ കൊള്ളാമെന്നപേക്ഷിച്ചു.

വിദ്യാദേവി മറുപടി പറയാന്‍ തുടങ്ങി. പൂര്‍വ്വസംസാരസ്മൃതികൊണ്ടു കേവലം ഭ്രമാത്മകമായ ഈ വര്‍ത്തമാനജന്മവും ജീവിതവും എങ്ങിനെ നിലനില്ക്കുന്നുവോ, അതുപോലെത്തന്നെ രണ്ട‍ാംജന്മവും ഉണ്ടാവുകയും നിലനില്ക്കുകയും ചെയ്യുന്നു. അതിലെന്താണത്ഭുതം! ഇപ്പോഴുള്ള ജന്മം ഭ്രമാത്മകമാണെന്നും ആശ്ചര്യമാണെന്നുമൊക്കെ തോന്നുന്നത്. അതിനാല്‍ ഇപ്പോഴുള്ള ജന്മം എങ്ങിനെയുണ്ടായിയെന്നു ഞാന്‍ വ്യക്തമാക്കിത്തര‍ാം. ചിദാകാശമെന്നു പറഞ്ഞാല്‍ എന്താണെന്നിപ്പോള്‍ അറിഞ്ഞുവല്ലോ, അത്യന്ത ശൂന്യവും അനന്തവുമായ ചിദാകാശത്തിലൊരിടത്ത് അത്യാശ്ചര്യകരമായ ഒരു മായാമണ്ഡപമുണ്ട്. അതുതന്നെ ബ്രഹ്മാണ്ഡം. സുമേരുപര്‍വ്വതമാകുന്ന നെടുംതൂണോടും ആകാശമാകുന്ന മേല്‍പ്പുരയോടും ആകാശസഞ്ചാരികളായ സിദ്ധന്മാരുടെ സാമഗാനങ്ങളോടും മറ്റും മറ്റും കൂടിയ പ്രസ്തുതമായമണ്ഡപത്തിലെ – ബ്രഹ്മാണ്ഡത്തിലെ – ധാരാളം പുത്രന്മാരുള്ള ആദിഗൃഹസ്ഥനാണ് ബ്രഹ്മദേവന്‍. വിശാലമായ ആ ബ്രഹ്മണ്ഡപത്തില്‍ ഒരിടത്തു ചില പര്‍വ്വതങ്ങളുടെ ഇടയില്‍ ‘ഗിരിഗ്രാമ’മെന്നൊരു ഗ്രാമമുണ്ട്. അവിടെ അനേകം ഗൃഹങ്ങളുള്ളതില്‍ പ്രസിദ്ധമായ ഒരു ബ്രാഹ്മണഗൃഹമുണ്ട്. വസിഷ്ഠനെന്നു പേരായി വിദ്യാസമ്പന്നനും വൈദീകകര്‍മ്മനിരതനുമായൊരു ഗൃഹസ്ഥബ്രാഹ്മണനാണ് ഗൃഹത്തില്‍ താമസിച്ചുവരുന്നത്. അരുന്ധതിയെന്നാണദ്ദേഹത്തിന്റെ പത്നിക്കു പേര്. സാക്ഷാല്‍ വസിഷ്ഠനും അരുന്ധതിയുമല്ല. എങ്കിലും അതുപോലുള്ള ഗുണങ്ങളൊക്കെ തികഞ്ഞവരാണ് ഈ ബ്രാഹ്മണദമ്പതിമാരും.

പ്രസ്തുത വസിഷ്ഠബ്രാഹ്മണന്‍ ഒരു ദിവസം കാട്ടില്‍ തപോനിഷ്ഠയിലിരിക്കുമ്പോള്‍ മഹാപ്രതാപശാലിയായ ഒരു മഹാരാജാവു തന്റെ പരിവാരങ്ങളോടുകൂടി ആ കാട്ടില്‍ നായാട്ടിനായി വന്നു. ബ്രാഹ്മണന്‍ രാജാവിനേയും അദ്ദേഹത്തിന്റെ പ്രൗഢിയേയും കണ്ടു തനിക്കും അതുപോലെ പ്രതാപശാലിയായൊരു രാജാവായാല്‍ക്കൊള്ളാമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങി, അദ്ദേഹത്തിന്റെ പത്നി ഭര്‍ത്താവില്‍ ഏറ്റവും അനുരക്തയായിരുന്നു, ഭര്‍ത്താവു മരിച്ചാല്‍ അദ്ദേഹത്തിന്റെ ജീവന്‍ ഗൃഹാന്തരീക്ഷത്തില്‍ പോവരുതെന്നു വിചാരിച്ചു പലവ്രതങ്ങളും നടത്തി. കാലംകൊണ്ടു ബ്രഹ്മണന്‍ മരിച്ചു, പ്രസ്തുത വസിഷ്ഠബ്രാഹ്മണനും അരുന്ധതിയുമാണിപ്പോള്‍ നീയും നി‍ന്റെ ഭര്‍ത്താവായ രാജാവുമായിരിയ്ക്കുന്നത്. ബ്രാഹ്മണന്‍ മരിച്ചിട്ട് ഇന്നേയ്ക്കു ദിവസം എട്ടേആയിട്ടുള്ളു. അദ്ദേഹത്തിന്റെ പുത്രന്മാര്‍ ഇപ്പോഴും ഗൃഹത്തില്‍ ദുഃഖിച്ചുകൊണ്ടിരിക്കയാണ്. ആ പൂര്‍വ്വസംസാരസ്മൃതിയാണ് നിങ്ങളുടെ ഇപ്പോഴത്തെ ഭ്രമാത്മകമായ ജന്മം.”

സങ്കല്പമാത്രമായ ജഗത്തില്‍ സത്യബുദ്ധി ഉറച്ചിരുന്നതിനാല്‍ ജ്ഞാനരൂപിണിയായ സരസ്വതീദേവിയുടെ വാക്കുപോലും ലീലയ്ക്കു വിശ്വാസയോഗ്യമായിത്തോന്നിയില്ല. അതിലത്ഭുതമില്ല. ലോകാനുഭവങ്ങളില്‍ സത്യബുദ്ധിയോടും സുഖഭാവത്തോടുകൂടി മുഴുകിക്കൊണ്ടിരിയ്ക്കുന്ന ഒരാള്‍ ഈ ലോകം സംഭവിച്ചിട്ടില്ലാത്തതാണെന്നും സ്വപ്നാനുഭങ്ങളെന്ന പോലെ തന്റെ ചിത്തവിഭ്രാന്തികള്‍ മാത്രമാണ് കാണപ്പെടുന്നതെന്നും ബോധ്യമായിത്തീരലെളുപ്പമല്ല. അതിനാല്‍ കടുകിന്‍മണിയ്ക്കുള്ളില്‍ കനകാചലമുണ്ടെന്ന പറഞ്ഞാല്‍ എപ്രകാരം വിശ്വാസയോഗ്യമല്ലയോ, അണുകോടരത്തില്‍ അനേക സിംഹങ്ങള്‍ ഈച്ചകളോടു യുദ്ധം ചെയ്യുന്നുവെന്നു പറഞ്ഞാല്‍ സിംഹങ്ങള്‍ ഈച്ചകളോടു യുദ്ധം ചെയ്യുന്നുവെന്നു പറഞ്ഞാല്‍ എപ്രകാരം വിശ്വസിക്കത്തക്കതല്ലയോ, അതുപോലെ വിശ്വസിക്കത്തക്കതല്ല ദേവിയുടെ വാക്കുകളുമെന്നു തോന്നി രാജ്ഞിക്ക്. അനേകം പര്‍വ്വതങ്ങളും സമുദ്രങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും മറ്റുമടങ്ങിയ ഒരു രാജ്യം അല്ലെങ്കില്‍ ഒരു ലോകംതന്നെ അല്പമായ ഗൃഹാകാശത്തിലൊതുങ്ങിയിരിക്കുന്നുവെന്നുള്ളതെങ്ങിനെ വിശ്വസിയ്ക്കും? വിശ്വസിക്കാന്‍ സാധിച്ചില്ല മഹാരാജ്ഞിക്ക്.

ലീലയുടെ അപ്രകാരമുള്ള ഭാവത്തെക്കണ്ടപ്പോള്‍ പിന്നെയും സരസ്വതീദേവി സത്യത്തെ നിസ്സംശയസ്വരൂപേണ ഉത്ബോധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു. വിശ്വസിക്കാന്‍ വിഷമം തോന്നിയേയ്ക്കാമെങ്കില്‍കൂടി പരമാര്‍ത്ഥം ഇതാണ്. ഗിരിഗ്രാമത്തിലെ വസിഷ്ഠബ്രാഹ്മണന്‍ മരിച്ചിട്ട് ഇന്നേയ്ക്കു ദിവസം എട്ടേ ആയിട്ടുള്ളു. അദ്ദേഹത്തിന്റെ ഗൃഹത്തിലെ കുടുംബജനങ്ങള്‍ ഇപ്പോഴും വ്യസനപരവശന്മാരായി കഴിയുകയാണ്. മരിച്ച ബ്രാഹ്മണന്റെ ജീവാത്മാവ് ഇപ്പോഴും ആ ഗൃഹാകാശത്തില്‍ നിന്നു പുറത്തു പോയിട്ടില്ല. തന്റെ വാസനാ വിശേഷത്താല്‍ ആകാശകൃതിയായ ജീവന്‍ ആ ഗൃഹാകാശത്തില്‍തന്നെ ആകാശമയമായ ഒരു രാജ്യത്തെ കണ്ടനുഭവിച്ചു‌കൊണ്ടിരിക്കയാണ്. ജാഗ്രല്‍സംസ്കാരം സ്വപ്നത്തില്‍ എപ്രകാരം മറ്റൊരു രൂപത്തില്‍ പ്രകാശിയ്ക്കുന്നുവോ, അതുപോലെ പൂര്‍വ്വസംസാരസ്മൃതി മരണംകൊണ്ടു മറന്നു സംസ്കാരവിശേഷത്താല്‍ പൂര്‍വ്വസംസാരത്തെത്തന്നെ മറ്റൊരു പ്രകാശത്തില്‍ അനുഭവിക്കുകമാത്രമാണ് ചെയ്യുന്നത്.

ജീവന്റെ മുഖ്യോപാധിയായ അന്തഃകരണത്തിലാണ് ഭൂമിയും സമുദ്രങ്ങളും കാടുകളും പര്‍വ്വതങ്ങളുമെന്നുവെണ്ട എല്ല‍ാംതന്നെയും നിലനില്ക്കുന്നത്. അവയ്ക്കെല്ല‍ാം ഭാവന അല്ലെങ്കില്‍ പൂര്‍വ്വവാസന മാത്രമാണ് ആധാരമായിട്ടിരിക്കുന്നത്. കേവലം പ്രതിഭാസങ്ങള്‍മാത്രമാണ് ജഗദ്വസ്തുക്കളൊക്കെത്തന്നെയും. അവ വാസ്തവത്തില്‍ തന്നില്‍നിന്നു പുറമേയല്ല നില്ക്കുന്നത്. തന്റെ തന്നെ ഉള്ളിലുള്ളിലായിട്ടാണെന്നു ധരിക്കണം. പല കാലത്തോ പല ദേശത്തോവെച്ചു സംഭവിച്ച അനുഭവങ്ങളെ സ്വപ്നത്തില്‍ അനുഭവിയ്ക്കുന്നതു തന്റെ അകത്തുവെച്ചാണെന്നതു തര്‍ക്കമറ്റ സംഗതിയാണല്ലോ. അവയെല്ല‍ാം ഭൂതകാലങ്ങളില്‍ വിദൂരത്തുവെച്ചു നടന്നവയാണെങ്കിലും അനുഭവിയ്ക്കുന്ന സ്വപ്നാവസ്ഥയില്‍ അടുത്തുവെച്ചുതന്നെ സംഭവിയ്ക്കുന്നവയായും വര്‍ത്തമാനകാലത്തുള്ളവയായുമാണല്ലോ അനുഭവപ്പെടുന്നത്. കാലവും ദേശവും മനസ്സില്‍തന്നെയാണെന്നും മനസ്സിന്റെ ഘടകങ്ങളാണെന്നും ഇതുകൊണ്ടു തെളിയുന്നുണ്ടല്ലോ. സ്വപ്നാവസ്ഥയില്‍ അല്പമായ അന്തഃകരണാകാശത്തില്‍ എപ്രകാരം അനേകം പര്‍വ്വതങ്ങളും സമുദ്രങ്ങളും നഗരങ്ങളുമടങ്ങിയ രാജ്യം പ്രകാശിയ്ക്കുന്നുവോ അതുപോലെതന്നെയാണ് ജാഗ്രദവസ്ഥയിലും സംഭവിക്കുന്നത്. യാതൊരു വ്യത്യാസവുമില്ല. സ്വപ്നാവസ്ഥയിലെ പദാര്‍ത്ഥങ്ങള്‍ സൂക്ഷമങ്ങളും ജാഗ്രത്തിലേതു സ്ഥൂലങ്ങളുമാണെന്നുമാത്രമെ വ്യത്യാസമുള്ളു.

ഇത്രത്തോളം ദേവി പറഞ്ഞിട്ടും ലീലയ്ക്കു കാര്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി ബോധിക്കാന്‍ കഴിഞ്ഞില്ല. ദേശദൈര്‍ഘ്യം ഒരു പക്ഷേ ഇല്ലാത്തതും മനസ്സിന്റെ പ്രതീതിമാത്രവുമായേയ്ക്ക‍ാം. എന്നാല്‍ കാലദൈര്‍ഘ്യമെങ്ങിനെ ഇല്ലാത്തതാവും? എന്നായി പിന്നത്തെ സംശയം. ബ്രാഹ്മണന്‍ മരിച്ചിട്ട് ഇന്നേയ്ക്ക് എട്ടേ ദിവസമായിട്ടുള്ളുവെന്നു പറയുന്നു. എന്നാല്‍ അനേകസംവത്സരങ്ങള്‍ അതിന്നിടയില്‍ കഴിഞ്ഞുവെന്നാണിരിയ്ക്കുന്നത്. അതെങ്ങിനെ ശരിയാവും? കേവലം എട്ടു ദിവസങ്ങള്‍ക്കിടയില്‍ അനേകം സംവത്സരങ്ങള്‍ കഴിഞ്ഞു പോവുകയെന്നതെങ്ങിനെ വിശ്വസിക്കാമെന്നായി രാജ്ഞി.

ദേവി പിന്നെയും പറഞ്ഞു. ദേശദൈര്‍ഘ്യവും ദേശവ്യത്യാസവും എപ്രകാരം കേവലം ഇല്ലാത്തവയും പ്രതീതിമാത്രവുമാണോ, അതുപോലെ കാലദൈര്‍ഘ്യം കാലവ്യത്യാസവും ഇല്ലാത്തവതന്നെ. അവയും കേവലം പ്രതീതിമാത്രമല്ലാതെ മറ്റൊന്നുമല്ല. ചിദ്വിലാസരൂപിയായ ജീവന് തന്റെ പ്രതിഭയൊഴിച്ചു മറ്റു യാതൊരുപകരണങ്ങളുമില്ല. പ്രതിഭകൊണ്ടാണ് എല്ലാറ്റിനെയും സൃഷ്ടിക്കുന്നതും അനുഭവിക്കുന്നതും ലയിപ്പിയ്ക്കുന്നതുമെല്ല‍ാം. കേവലം ഭാവനാവിശേഷത്താല്‍ തോന്നപ്പെടുന്ന പ്രതീതിമാത്രമല്ലാതെ മറ്റൊന്നുംതന്നെ സംഭവിക്കുന്നില്ല. പ്രതിഭാസംമാത്രമാണെല്ല‍ാം. ഭാവനയ്ക്ക് അല്ലെങ്കില്‍ പ്രതിഭാസത്തിന് ആസ്പദം വാസനയുമാണ്. വാസനാബീജങ്ങള്‍ പ്രതിഭാസവസ്തു സ്വരൂപങ്ങളായി പ്രകാശിക്കുന്ന സമ്പ്രദായത്തെ സാമാന്യമായൊന്നു വിവരിക്ക‍ാം.

ജാഗ്രത്തില്‍ നിന്നും സ്വപ്നത്തിലേയ്ക്കു കടന്ന ജീവന്‍ ജാഗ്രത്തിലെ കാലദേശങ്ങളെയും അനുഭവങ്ങളെയും മുഴുവന്‍ വിസ്മരിച്ചു മറ്റൊരു ലോകത്തെ കാണുന്നതെപ്രകാരമോ, അതുപോലെ ഇല്ലാത്തതും പ്രതീതിമാത്രവുമായ മൃത്യുമോഹത്തെ പ്രാപിച്ച ജീവന്‍ ക്ഷണനേരംകൊണ്ട് അതുവരെയുണ്ടായിരുന്ന ലോകത്തെയും അനുഭവങ്ങളെയുമെല്ല‍ാം കേവലം വിസ്മരിച്ച് ഒരു പുതിയ ലോകത്തെ കാണാന്‍ തുടങ്ങുന്നു. ഈ ശരീരം എന്റേതാണ്; ഞാനീ അച്ഛന്റെ മകനാണ്; എനിക്കിത്രവയസ്സായി; ഈ ഗൃഹവും സ്വത്തുക്കളുമെല്ല‍ാം എന്റേതാണ്; ഇവരൊക്കെ എന്റെ ബന്ധുജനങ്ങളാണ് എന്നിങ്ങനെ ഭാവാസ്വരൂപേണ ഒരു പുതിയ ലോകത്തെ കാണാന്‍ തുടങ്ങുന്നു. തന്റെ അന്തഃകരണത്തില്‍ വെച്ചാണിവയെല്ല‍ാം കാണുന്നത് എന്നിരുന്നാലും എല്ല‍ാം പുറമെയാണെന്നും, വിശാലമായ ഒരു ലോകത്തിന്റെ ഏതോ ഒരു ചെറിയ കോണിലുള്ള ഒരു ചെറിയ സത്വം മാത്രമാണ് താനെന്നും തോന്നുകയും ചെയ്യും. പിന്നീട് ആ ഭാവനാലോകത്തിലെ പല പ്രകാരത്തിലുള്ള ഭാവങ്ങളെ സത്യബുദ്ധിയോടെ വളര്‍ത്തിത്തുടങ്ങുകയായി. ഒരിക്കലും അതില്‍ അസത്യബുദ്ധിയുണ്ടാവുകയുമില്ല.

എന്നിങ്ങനെ ദേവി പറഞ്ഞുകേട്ടപ്പോള്‍ ഗിരിഗ്രാമത്തിലുള്ള ആ ബ്രാഹ്മരുടെ ഗൃഹവും കുടുംബവുമൊക്കെയൊന്നു കണ്ടാല്‍ കൊള്ളാമെന്നായി ലീലയ്ക്ക്. അതെങ്ങിനെ സാധിക്കും? ഒരാളുടെ സ്വലോകത്തെ അല്ലെങ്കില്‍ അന്തഃകരണാന്തരീക്ഷത്തിലുള്ള ബ്രഹ്മാണ്ഡത്തെ എങ്ങിനെ മറ്റൊരാള്‍ക്ക് കാണാന്‍ സാധിയ്ക്കും? വിഷമമാണ്. എങ്കിലും അതിനുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുത്തു ദേവി. ഈ ശരീരവും ഇതിലുള്ള അഭിമാനവുമാണ് മുഖ്യമായ തടസ്ഥം, അതിനാല്‍ ദൃശ്യഭ്രമത്തെ കേവലം വിട്ടു പരിശുദ്ധയും ചിദ്രൂപിണിയുമായിത്തീര്‍ന്നാല്‍ കാണാമെന്നാണ് ദേവീ പറഞ്ഞതിന്റെ താല്പര്യം.

സൂക്ഷ്മമായ ആതിവാഹികശരീരം തന്നെയാണ് വാസനാവിശേഷത്താല്‍ ഘനീഭവിച്ചു സ്ഥൂലശരീരമായിത്തീരുന്നത്. വാസന നശിക്കുമ്പോള്‍ സ്ഥൗല്യം നീങ്ങി വീണ്ടും ആതിവാഹികമായിത്തീരുകയും ചെയ്യും. പക്ഷേ വാസന മുഴുവന്‍ നശിക്കണം. വാസന കേവലം നശിച്ചാല്‍ നിര്‍വ്വികല്പഭാവത്തിനുയാതൊരു തടസ്ഥവുമില്ല. ചിത്തം കേവലം അടങ്ങി വികല്പലേശമില്ലാത്ത അദ്വൈതഭാവം പ്രകാശിക്കും. സ്വര്‍ണ്ണം ഘനീഭവിച്ച് ആഭരണമായിത്തീരുംപോലെയാണ് അമൂര്‍ത്തമായ ചൈതന്യം ഘനീഭവിച്ചു മൂര്‍ത്തങ്ങളായ നാമരൂപപദാര്‍ത്ഥങ്ങളായിത്തീരുന്നത്. അഭ്യാസദാര്‍ഢ്യം കൊണ്ടു നിര്‍വ്വികല്പത വന്നുചേരുമ്പോള്‍ അതുപോലെ ഘനീഭൂതനാമരൂപപദാര്‍ത്ഥങ്ങള്‍ അലിഞ്ഞു ചൈതന്യമായി മാറുകയും ചെയ്യും. അഭ്യാസത്തിന് ശക്തിയും ദൃഢതയും വേണം. അതു വേണ്ടത്ര ലീലയ്ക്കില്ലാത്ത കാരണത്താല്‍ ഇപ്പോഴും ബ്രഹ്മാകാരം കിട്ടീട്ടില്ല. കലനാസ്വരൂപങ്ങളില്‍ കിടന്നു മുഴുകുകയാണ്. അതുകാരണത്താല്‍ പൂര്‍വ്വസര്‍ഗ്ഗത്തെ കാണാനും വയ്യ എന്നാണിരിക്കുന്നത്. കട്ടയായ മഞ്ഞ് ആദിത്യരശ്മി തട്ടി ഉരുകി ജലമായിത്തീരും പോലെ വാസനകള്‍ നീങ്ങി ശുദ്ധസത്വാകാരമായിത്തീര്‍ന്ന ചിത്തംതന്നെ ആതിവാഹികശരീരമായിത്തീരുന്നത്. വാസനകള്‍ കേവലം നശിക്കുമ്പോള്‍ ജീവന്മുക്തത്വം സ്വയമേവ വന്നുചേരും. അതിനാല്‍ വാസനാനാശത്തിന്നുവേണ്ടിയാണ് നിരന്തരം പ്രയത്നിക്കേണ്ടത്.

എന്നിങ്ങനെയുള്ള വിദ്യാദേവിയുടെ വാക്കുകേട്ട ലീലാരാജ്ഞി വാസനകള്‍ നശിച്ചു വികല്പരഹിതവും അദ്വൈതവുമായ ബോധം പ്രകാശിക്കുന്നതിന് എന്തൊരഭ്യാസമാണ് ചെയ്യേണ്ടതെന്നു ചോദിച്ചതിനും ദേവി മറുപടി പറഞ്ഞു. ബ്രഹ്മൈകപരത്വംതന്നെ അഭ്യാസം. അതിനെത്തന്നെ പറയലും കീര്‍ത്തിക്കലും അന്യോന്യമറിയിക്കലും സ്മരിക്കലുമെല്ല‍ാം അഭ്യാസംതന്നെ. വൈരാഗ്യം വേണ്ടത്ര വളര്‍ന്നവര്‍ക്കാണ് അഭ്യാസം ബലപ്പെടാനും പ്രയോജനപ്പെടാനും പോവുന്നത്. വൈരാഗ്യം വേണ്ടത്ര വളരാതിരിക്കുംകാലത്തോളം അഭ്യാസത്തില്‍ ദൃഢത വരാന്‍ വിഷമം. ദൃശ്യാസംഭവോധംതന്നെയാണ് ജ്ഞാനവും ജ്ഞേയവും, സൃഷ്ടിക്കുമുമ്പ് ഞാനെന്ന അഭിമാനാസ്ഫദമായ ഈ ദൃശ്യമുണ്ടായിട്ടില്ല. അതിനാല്‍ എപ്പോഴും അതില്ലാത്തതുതന്നെ. ഈ പരമാര്‍ത്ഥം ശാസ്ത്രജ്ഞാനംകൊണ്ടും നല്ല യുക്തികളെക്കൊണ്ടും ബോധിക്കുകയും ആ ബോധത്തെ നിലനിര്‍ത്തുകയും ചെയ്യുന്നതുതന്നെ അഭ്യാസം.

ഇങ്ങനെ അവരന്യോന്യം പലതും സംസാരിച്ചശേഷം രണ്ടുപേരും സമാധിസ്ഥിതരായി. വിദ്യാസ്വരൂപിണിയായ സരസ്വതീദേവിയുടെ അനുഗ്രഹവിശേഷത്താല്‍ ആത്മവിദ്യയില്‍ പറയത്തക്ക ഉയര്‍ച്ചയൊന്നും വിന്നിട്ടില്ലാത്ത രാജ്ഞിക്കും നിര്‍വ്വികല്പസ്ഥിതി കിട്ടി. ദേവിയുടെ സങ്കല്പം കൊണ്ടു പെട്ടെന്നു സകലവാസനകളും അകന്ന നിര്‍മ്മലമായ ആതിവാഹിക ശരീരികളായ അവര്‍ രണ്ടുപേരും സ്ഥൂലമായ പിണ്ഡശരീരത്തെവിട്ട് മേലോട്ടു പൊന്തി. ആകാശശരീരികളായ അവര്‍ നിര്‍മ്മലമായ ആകാശത്തില്‍ക്കൂടെ മറ്റാര്‍ക്കും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത നിലയില്‍ ബഹുദൂരം മേലോട്ടു പൊന്തി

അന്തമറ്റ ചൈത്യസ്വഭാവമുള്ള ത്രൈലോക്യകാരമായ സംവിത്തിന്റെ പല ഭാഗങ്ങളിലും അവര്‍ സ്വച്ഛന്ദം സഞ്ചരിച്ചു. വിചിത്രവിചിത്രങ്ങളായ പലവിധ ദര്‍ശനങ്ങളാല്‍ ലീല ആശ്ചര്യഭരിതയായി. ഭിത്തിയില്ലാത്ത ഗൃഹങ്ങള്‍, വായുവേഗത്തെയും ജയിച്ച വേഗതയുള്ള സിദ്ധന്മാര്‍, ബ്രാഹ്മ്യദിമാതൃവര്‍ഗങ്ങള്‍, എന്നുവേണ്ട പല വിശേഷദൃശ്യങ്ങളെയും കണ്ടു. ചേത്യസംബന്ധമില്ലാത്ത കേവലമായ ചിദാകാശത്തെയും അവര്‍കണ്ടു ചരിതാര്‍ത്ഥകളായി. ഇങ്ങനെ പലതും കണ്ടശേഷം വീണ്ടും അവര്‍ ഭൂമിയിലേയ്ക്കുതന്നെ ഇറങ്ങാന്‍ തുടങ്ങി. വളരെദൂരം കീഴ്പോട്ടു വന്നപ്പോള്‍ പ്രാണിസഞ്ചയങ്ങളുള്ള ആകാശം കാണാന്‍ തുടങ്ങി. അവയെല്ല‍ാം അതിക്രമിച്ച് കീഴ്പോട്ടിറങ്ങിയ അവര്‍ ക്രമേണ മുന്‍പറഞ്ഞ ബ്രഹ്മണഗൃഹം നിലനില്ക്കുന്ന ഗിരിഗ്രാമത്തിന്റെ പരിസരത്തിലെത്തി. അധികം താമസിയാതെ സ്ത്രീകളും കുട്ടികളുമെല്ല‍ാം ദുഃഖാര്‍ത്തകളായി നിലവിളിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണഗൃഹത്തിലെത്തിച്ചേര്‍ന്നു.

സുദൃഢമായ അഭ്യാസംകൊണ്ടും ദേവിയുടെ അനുഗ്രഹംകൊണ്ടും നിര്‍മ്മലജ്ഞാനസ്വരൂപിണിയും സത്യസങ്കല്പയുമായിത്തീര്‍ന്ന ലീല ആരും കാണാതെ നില്ക്കുന്ന തങ്ങളെ രണ്ടുപേരേയും എല്ലാവരും കാണട്ടെ എന്നു സങ്കല്പിച്ചു. ഉടനെതന്നെ ആ ഗൃഹത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും രണ്ടു ദേവിമാരേയും വ്യക്തമായി കാണാന്‍ കഴിഞ്ഞു. സാക്ഷാല്‍ ലക്ഷീമിദേവിയും ഗൗരീദേവിയും ഒന്നിച്ചുചേര്‍ന്നു നില്ക്കയാണോ എന്നവര്‍ സംശയിച്ചു. അവരുടെ തേജസ്സുകൊണ്ട് ആ ഗൃഹം മുഴുവന്‍ പ്രകാശിച്ചു. ഉടന്‍തന്നെ ജ്യേഷ്ഠപുത്രന്‍ മറ്റുള്ളവരോടുകൂടി മുന്നോട്ടുവന്നു പ്രശസ്താഥികളായ ദേവിമാരെ പൂജിച്ചു. പിതൃദുഃഖം കൊണ്ട് ആര്‍ത്തരായി കേണുകൊണ്ടിരിക്കുന്ന തങ്ങളെ അനുഗ്രഹിക്കണമെന്നപേക്ഷിക്കുകയും ചെയ്തു. മഹദ്ദര്‍ശനം ഒരിക്കലും നിഷ്ഫലമാവില്ലല്ലോ എന്നു പറഞ്ഞ് അവരുടെ കാല്ക്കല്‍ നമസ്ക്കരിക്കുകയും ചെയ്തു. ബ്രാഹ്മണകുമാരന്റെ ശിരസ്സില്‍ ലീല കൈവച്ചനുഗ്രഹിക്കുകയും ചെയ്തു. ലീലയുടെ കരസ്പര്‍ശമേറ്റതോടെ ബ്രാഹ്മണകുമാരന്റെ താപം മുഴുവന്‍ നീങ്ങി ആനന്ദാവിഷ്ടനായി. ഉടനെ മറ്റൊരു കുമാരനും വന്നു ദേവിമാരെ നമസ്കരിച്ചു. അവനെയും തൊട്ടനുഗ്രഹിച്ചതോടെ ആ രണ്ടു ദേവിമാരും മറയുകയും ചെയ്തു.

വീണ്ടും അവരാകാശത്തേയ്ക്കു പൊന്തിയപ്പോള്‍ ലീല ദേവിയോടു ചോദിച്ചു, രാജാവു രാജ്യം ഭരിക്കുന്നിടത്തു ചെന്നപ്പോള്‍ തന്നെ ആരും കാണാതിരിക്കാനും ഇവിടെ ബ്രാഹ്മണഗൃഹത്തിലുള്ളവര്‍ കാണാനും എന്താണ് കാരണമെന്ന്. അഭ്യാസത്തിന് വേണ്ടത്ര ദൃഢതയില്ലാത്തതിനാല്‍ മനസ്സിലെ ദ്വൈതബോധം തീരെ നശിക്കാതിരുന്നതുകൊണ്ടാണ് അന്നു സത്യസങ്കല്പയാവാതിരുന്നതെന്നും ഇന്നു ദ്വൈതബോധം കേവലം നശിച്ചിട്ടുള്ളതുകൊണ്ടാണ് സങ്കല്‍പം സത്യമായത്ത്തീര്‍ന്നതെന്നുമാണ് ദേവി ഉല്‍ബോധിപ്പിച്ചത്. ഇപ്പോള്‍ വീണ്ടും ഭര്‍ത്തൃസന്നിധിയില്‍ പോകുന്നപക്ഷം സങ്കല്‍പം സത്യമായിത്തീര്‍ന്ന് അവിടെയുള്ളവരാല്‍ കാണപ്പെടാനിടയായിത്തീരുമെന്നും ദേവി ധരിപ്പിച്ചു. പിന്നെ ലീല തന്റെ കഴിഞ്ഞുപോയ പൂര്‍വ്വജന്മങ്ങളെ മുഴുവന്‍ സ്മരിച്ചു. ബ്രഹ്മത്തില്‍നിന്നു വേര്‍പിരിഞ്ഞശേഷം എണ്ണൂറു ജന്മങ്ങള്‍ കഴിഞ്ഞുവെന്നും അവ ഇന്നിന്ന കാലദേശങ്ങളിലായിരുന്നുവെന്നും ഇന്നിന്നയോനികളിലായിരുന്നുവെന്നുമെല്ല‍ാം ലീലയ്ക്കു സ്മരിക്കാന്‍ കഴിഞ്ഞു. അവയെയെല്ല‍ാം ദേവിയോടു വിസ്തരിച്ചു പറയുകയും ചെയ്തു. അങ്ങനെ അവര്‍ രണ്ടുപേരും പലതും സംസാരിച്ചുകൊണ്ട് ആകാശത്തിലൂടെ സഞ്ചരിച്ചു ലീലയുടെ ഭര്‍ത്താവായ പത്മരാജാവിന്റെ അനന്തസര്‍ഗ്ഗമാകുന്ന ലോകത്ത് അദ്ദേഹം രാജ്യഭാരം നടത്തിവരുന്ന സ്ഥലത്തെത്തിച്ചേര്‍ന്നു.

ആ സമയത്ത് അവിടെ വമ്പിച്ചൊരു യുദ്ധം നടക്കുന്നതായിട്ടാണവര്‍ കണ്ടത്. ഭയങ്കരങ്ങളായ രണ്ടു മഹാസമുദ്രങ്ങള്‍ തമ്മിലേറ്റുമുട്ടുപോലെ രണ്ടു മഹാസൈന്യസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി അതിഭയാനകമായ യുദ്ധം നടക്കുന്നു. രണ്ടു സംഘത്തിന്റെയും തലവന്മാരായ രാജാക്കന്മാര്‍ പരിഭ്രാന്തരായി നില്ക്കുന്നു. ആന കുതിര തുടങ്ങിയ സേന‍ാംഗങ്ങളും യോദ്ധാക്കന്മാരും ഇരുകക്ഷിയിലും ശത്രുശസ്ത്രമേറ്റു നിലംപതിച്ചു കൊണ്ടിരിക്കുന്നു. നിര്‍മ്മലമായ ആകാശമണ്ഡലത്തില്‍ നിന്നുകൊണ്ടു ലീലയും ദേവിയും ഈ യുദ്ധകോലാഹലങ്ങളെയൊക്കെ കണ്ടു. അങ്ങനെയിരിക്കെ ആദിത്യന്‍ അസ്തമിച്ചു. അസ്തമനമായതോടെ യുദ്ധം നിര്‍ത്തി ഇരുസൈന്യങ്ങളും അവരവരുടെ പാളയത്തിലേയ്ക്കു തിരിച്ചു അന്ധകാരം സര്‍വ്വത്ര വ്യാപ്തമായി. രണ്ടു രാജാക്കന്മാരും സന്ധ്യാവന്ദനാദികൃത്യങ്ങള്‍ കഴിഞ്ഞു തങ്ങളുടെ മന്ത്രിമാരോടും സേനാനായകന്മാരോടും കൂടി പിറ്റേദിവസം നടത്തേണ്ട യുദ്ധകാര്യങ്ങളെക്കുറിച്ചു ഗാഢമായി ആലോചന നടത്തി. അതും കഴിഞ്ഞു എല്ലാവരും ഗാഢനിദ്രയില്‍ മുഴുകി. ലോകം മുഴുവനും നിദ്രയില്‍ ആണ്ടുകിടക്കയാണ്. ആ സമയത്തു ദേവിയും ലീലയും കൂടി താഴോട്ടിറങ്ങി മഹാരാജാവു കിടന്നുറങ്ങുന്ന മണിയറയ്ക്കുള്ളില്‍ കടന്ന് അവിടെ കിടന്നിരുന്ന രണ്ടു പീഠങ്ങളില്‍ ഇരുന്നു.

അമൃതസ്വരൂപിണികളായ ആ യോഗിനിമാരുടെ ദിവ്യശരീരത്തില്‍ നിന്നു പൊന്തിപ്പരക്കുന്ന ശീതളങ്ങളായ അമൃതകിരണങ്ങളുടെ സ്പര്‍ശമേറ്റു മഹാരാജാവുണര്‍ന്നു. കണ്‍മിഴിയിച്ചു നോക്കിയതോടെ ചന്ദ്രബിംബംപോലെ കുളുര്‍മ്മയേറിയ ദിവ്യസ്വരൂപിണികളായ രണ്ടു യോഗിനിമാരെ മുന്നില്‍ കണ്ട മഹാരാജാവ് ആശ്ചര്യഭരിതനായി പെട്ടെന്നു ചാടിയെഴുന്നേറ്റു ധാരാളം പുഷ്പങ്ങള്‍വാരി അവരുടെ പാദങ്ങളില്‍ അര്‍പ്പിച്ച് അവരുടെ മുന്നില്‍ നിലത്തിരുന്നു. അവരെ വാഴ്ത്തി സ്തുതിക്കുകയും ചെയ്തു.

ഈ ജഗത്ത് ഇല്ലാത്തതും ഉണ്ടായിട്ടില്ലാത്തതും ഭ്രാന്തിമാത്രവുമാണെന്നു ലീലയെ ബോദ്ധ്യപ്പെടുത്താനാണല്ലോ ദേവിയുടെ ഈ സംരംഭങ്ങളെല്ല‍ാംതന്നെയും. അതു പറഞ്ഞതുകൊണ്ടു മാത്രം ബോദ്ധ്യപ്പെടാവുന്നതല്ല. അനേകം യുക്തികളില്‍ക്കൂടെയും അനുഭവങ്ങളില്‍ക്കൂടെയും തെളിയിച്ചിട്ടും അതുവരെയും ബോദ്ധ്യപ്പെടാതിരിക്കയാണല്ലോ. അതിനാല്‍ ചില അനുഭവങ്ങളില്‍ക്കൂടി വ്യക്തമാക്കാന്‍വേണ്ടി അതേ മുറിയില്‍ത്തന്നെ കിടന്നുറങ്ങുന്ന മന്ത്രി ഉണരട്ടെ എന്നു സങ്കല്പിച്ചു. പെട്ടെന്നു മന്ത്രി ഉണര്‍ന്നെഴുന്നേല്ക്കുകയും ചെയ്തു. പ്രഭാവശാലിനികളും തേജസ്വിനികളുമായ രണ്ടു യോഗിനിമാരെയും മഹാരാജാവിനെയും മുമ്പില്‍ കണ്ടെതോടെ മന്ത്രി പരിഭ്രാന്തനായി എഴുന്നേറ്റ് അവരെ വണങ്ങി. അപ്പോള്‍ ദേവി രാജാവിനോട് അദ്ദേഹത്തിന്റെ വംശമേതാണെന്നും വയസ്സെത്രയായെന്നും രാജ്യഭാരം തുടങ്ങീട്ടു കാലമെത്രയായെന്നും ചോദിച്ചു.

രാജാവിന്റെ ഇംഗിതമറിഞ്ഞ മന്ത്രിസത്തമനാണ് അതിനുമറുപടി പറഞ്ഞത്. മഹാരാജാവിന്റെ എട്ടുപത്തു തലമുറ മുമ്പു മുതല്ക്കുള്ള ചരിത്രം പറയാന്‍ തുടങ്ങി അമാത്യന്‍. ഇന്നാളുടെ മകന്‍ ഇന്നാളെന്നു ക്രമത്തില്‍ പറഞ്ഞു വിഡൂരഥനെന്നു പേരുള്ള പ്രകൃതത്തിലെ മഹാരാജാവിന്റെ ചരിത്രത്തിലെത്തി, അദ്ദേഹത്തിനിപ്പോള്‍ എഴുപതു വയസ്സു പ്രായമായി, പത്തു വയസ്സില്‍ അച്ഛന്‍ പട്ടാഭിഷേകം കഴിച്ചു രാജ്യഭാരമേല്പിച്ചു കാട്ടിലേയ്ക്കു പോയതാണ്, അറുപതു കൊല്ലമായി ഇദ്ദേഹത്തിന്റെ ഭരണം തുടങ്ങീട്ട്, എന്നൊക്കെയാണ് ചരിത്രത്തിന്റെ ചുരുക്കം. അതു കേട്ടു കഴിഞ്ഞപ്പോള്‍ ദേവി രാജാവിനെ പൂര്‍വ്വജന്മസ്മരണം ചെയ്യാനായി അനുഗ്രഹിച്ചു തലയില്‍ കൈവെച്ചു. അതോടെ ബുദ്ധിയിലെ അവിദ്യ നീങ്ങി രാജാവു പൂര്‍വ്വജന്മത്തെ സ്മരിച്ചു. അദ്ദേഹം ആശ്ചര്യം കൊണ്ടു സ്തബ്ധനായി. പത്മരാജാവായിരുന്ന താന്‍ മരിച്ചിട്ട് ഒരു ദിവസമേ ആയിട്ടുള്ളു. ഇവിടെ എഴുപതു നീണ്ട കൊല്ലങ്ങളിലെ ആയുസ്സനുഭവിച്ചു കഴിഞ്ഞു. എന്തൊരാശ്ചര്യമാണ്.

ഗിരിഗ്രാമത്തിലെ ബ്രാഹ്മണന്‍ മരിച്ചിട്ട് ആറേഴു ദിവസമേ ആയിട്ടുള്ളു, അദ്ദേഹമാണ് പത്മരാജാവായിത്തീര്‍ന്നത്, എഴുപതുവയസ്സുവരെ ജീവിച്ചുമരിച്ച പത്മരാജാവു മരിച്ചിട്ട് ഒരു ദിവസമേ ആയിട്ടുള്ളു, ആ ഒരു ദിവസം കൊണ്ടു പത്മരാജാവു വിഡൂരഥനായിത്തീര്‍ന്ന് എഴുപതുകൊല്ലം ജീവിച്ചു, എന്നൊക്കെ ബോദ്ധ്യം വരുമ്പോള്‍ ആശ്ചര്യപ്പെടാതിരിക്കാന്‍ വയ്യല്ലോ. വാസനാവികാസമാണ് സംസാരം. യാതൊരു പദാര്‍ത്ഥങ്ങളുമില്ലാത്ത സ്വപ്നാവസ്ഥയില്‍ എങ്ങിനെയാണോ വ്യവഹാരം നടക്കുന്നത്, അങ്ങനെത്തന്നെയാണ് ജാഗ്രദവസ്ഥയിലും എല്ല‍ാം ഉണ്ടായിത്തീരുകയും വ്യവഹാരം നടക്കുകയും ചെയ്യുന്നത്. എല്ല‍ാം ചിത്തത്തിനുള്ളിലാണ് നടക്കുന്നത്. പുറമെയാണെന്നു തോന്നുക മാത്രമാണ്. സംസാരം മൂന്നുകാലത്തും ഇല്ലാത്തതും കേവലം ചിത്തവിഭ്രാന്തി മാത്രവുമാണ്. വേതാളം ബാലന് സത്യമാവുംപോലെ, മന്ദാന്ധകാരത്തില്‍ കുറ്റി ഭൂതമായിത്തീരുംപോലെ, ചിത്തവിഭ്രാന്തി സത്യമാണെന്നു തെറ്റിദ്ധരിക്കുന്ന മുഢന് സംസാരം ഉള്ളതായിത്തീരുന്നു. കാലവും ദേശവുമെല്ല‍ാം മനസ്സിന്റെ ഘടകങ്ങളാണ്. മനസ്സു തന്നെ ഇല്ലാത്തതാണെങ്കില്‍ പിന്നെ അവയെല്ല‍ാം അസത്യങ്ങളാണെന്നു പറയേണ്ടതുണ്ടോ! രണ്ടു നാഴിക സമയംകൊണ്ട് അനുഭവിക്കുന്ന സ്വപ്നത്തില്‍ അനേക‌ കൊല്ലങ്ങളിലെ അനുഭവങ്ങള്‍ കഴിഞ്ഞുപോവാറില്ലേ! അതിനാല്‍ കാലദേശങ്ങളുടെ ഏറ്റക്കുറവുകളും വിദൂരസമീപത്വങ്ങളുമെല്ല‍ാം മനസ്സിന്റെ ഭ്രാന്തി മാത്രമാണ്. ചിലപ്പോള്‍ ഒരു നിമിഷത്തെ അനേകവര്‍ഷങ്ങളായും അനേകവര്‍ഷങ്ങളെ ഒരു നിമിഷമായുമൊക്കെ അനുഭവിക്കുന്നു. ആ സ്ഥിതിക്ക് ഒരു ദിവസം എഴുപതുകൊല്ലങ്ങളായിത്തീര്‍ന്നതിലെന്താണത്ഭുതം! മരണമൂര്‍ച്ഛയോടുകൂടിത്തന്നെ പൂര്‍വ്വസംസ്കാരം മറക്കപ്പെടുന്നു. പൂര്‍വ്വസംസ്ക്കാരം മറക്കുന്നതോടുകൂടി പെട്ടെന്നു പുതിയ വാസനകള്‍ വികസിക്കുന്നു. അവയുടെഭക്തിതന്നെ അനന്തരസംസാരം. അതുതന്നെ പുനര്‍ജ്ജന്മം.

എന്നൊക്കെ ദേവി പറഞ്ഞുകൊടുത്തതു കേട്ട വിഢൂരഥരാജാവു സംസാരമിത്ഥ്യാത്വത്തിന്റെ അനുഭവംകൊണ്ട് ആശ്ചര്യഭരിതനായി. ലീലയും ഇതെല്ല‍ാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. സംസാരത്തിന്റെ മിത്ഥ്യാത്വത്തെക്കുറിച്ച് മിക്കവാറും ലീലയ്ക്കു ബോധ്യം വന്നു. അതിന്നിടയില്‍ താനിനി എന്നാണ് ഈ ശരീരത്തെ വിട്ടു വീണ്ടും പത്മരാജശരീരത്തെ പ്രാപിക്കുകയെന്നു ചോദിച്ച് വിഢൂരഥന്‍. താമസമില്ല, ഈ യുദ്ധത്തില്‍ അങ്ങു മരിക്കും. ഉടനെത്തന്നെ പത്മരാജശരീരത്തെ പ്രാപിക്കുകയും ചെയ്യുമെന്നു ദേവി മറുപടിയും പറഞ്ഞു.

അവരങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ഭടന്‍ ഓടിവന്നു. ശത്രുക്കളുടെ ചേഷ്ടകളെ അറിയിച്ചു. അവര്‍ പട്ടണം മുഴുവന്‍ വളയുകയും വീടുകളൊക്കെ തീവെയ്ക്കുകയും ജനങ്ങളെ ആക്രമിക്കുകയും സ്വത്തൊക്കെ കൊള്ളയടിക്കുകയും ചെയ്തു കഴിഞ്ഞു എന്നാണ് ഭടനറിയിച്ചത്. അതോടെ ഭയങ്കരങ്ങളായ ആര്‍ത്തനാദങ്ങളും ഘോരശബ്ദങ്ങളും കേള്‍ക്കാന്‍ തുടങ്ങി. ആകശത്തേയ്ക്കു ചുരുണ്ടുകയറുന്ന ധൂമപടസങ്ങളോടുകൂടിയ അഗ്നിജ്വാലകളെയും പലേടത്തും കാണാനും തുടങ്ങി. ആക്രമിക്കപ്പെട്ടവരുടേയും അഗ്നിയില്‍ വീണു മരിക്കുന്നവരുടേയും ആര്‍ത്തനാദംകൊണ്ടു ദിക്കുകള്‍ മുഴങ്ങി. പരിഭ്രമിച്ചുകൊണ്ട് എല്ലാവരും ജനലില്‍ക്കൂടെ പുറത്തേയക്കു നോക്കിയപ്പോള്‍ എങ്ങും സൈന്യങ്ങള്‍ നിരന്നതായും ഭയങ്കരമായ യുദ്ധം നടക്കുന്നതായുമാണ് കണ്ടത്. അപ്പോഴേയ്ക്കും അന്തഃപുരത്തില്‍നിന്ന് മഹാരാജ്ഞിയും ഏതാനും ദാസിമാരും കൂടി ഭയപ്പെട്ടു വിറച്ചുകൊണ്ടും ആര്‍ത്തകളായി നിലവിളിച്ചുകൊണ്ടും ഓടി രജാസന്നിധിയിലെത്തി. ക്രൂരന്മാരും അന്തകതുല്യന്മാരുമായ ശത്രുസൈന്യങ്ങള്‍ അന്തഃപ്പുരത്തെപ്പോലും ആക്രമിച്ചു കഴിഞ്ഞുവെന്നും എവിടെയും രക്ഷയില്ലെന്നും മറ്റുമാണ് അവര്‍ പറഞ്ഞത്. അതുംകൂടി കേട്ടപ്പോള്‍ മഹാരാജാവിന് സഹിച്ചിരിക്കാന്‍ വയ്യെന്ന നിലയിലായി. ഉടനെത്തന്നെ സിംഹതുല്യപരാക്രമിയായ വിഡൂരഥന്‍ തന്റെ രാജ്ഞിയെ ദേവിമാരെ ഏല്പിച്ചു യാത്രയും പറഞ്ഞുപോര്‍ക്കളത്തിലേയ്ക്കു പുറപ്പെട്ടു. അംഖ്യയുദ്ധസന്നാഹങ്ങളോടുകൂടി പോയി സിന്ധൂരാജനോടും സൈന്യത്തോടും ഏറ്റുമുട്ടി യുദ്ധമാരംഭിക്കുകയും ചെയ്തു.

ലീല വിഡൂരഥരാജാവിന്റെ രാജ്ഞിയെ നല്ലവണ്ണം സൂക്ഷിച്ചുനോക്കി. തന്റെ തന്നെ രൂപം കണ്ണാടിയിലോ മറ്റോ പ്രതിബിംബിച്ചാല്‍ എങ്ങിനെയാണോ, അങ്ങനെയാണ് തോന്നിയതും. താന്‍ സ്ഥൂലശരീരത്തോടുകൂടിയിരുന്നാല്‍ എങ്ങനെയാണോ, അതുപോലിരിക്കുന്നു ഈ രാജ്ഞിയും. ഇങ്ങനെ വരാനെന്താണ് കാരണമെന്നു പറഞ്ഞുതരണമെന്നു ദേവിയോടപേക്ഷിക്കുകയും ചെയ്തു. അതിനുവേണ്ടി മറുപടി പറയുകയും ചെയ്തു. മരണനേരത്തു എന്തൊരു സംസ്ക്കാരമാണോ ചിത്തത്തിലുള്ളത്, മരണവിഭ്രാന്തിക്കുശേഷം അതേ അര്‍ത്ഥത്തെത്തന്നെയാണ് ഒരാള്‍ കാണുന്നത്. മരണവും ജനനവും ജീവിതവും ജീവിതത്തിലെ ഭിന്നഭിന്നങ്ങളായ അനുഭവങ്ങളും എന്നുവേണ്ട എല്ല‍ാം തന്നെയും ചിത്തത്തിലാണു പ്രതിഫലിക്കുന്നത്. അപ്പോഴപ്പോള്‍ പ്രതിഫലിക്കുന്നത് അപ്പോള്‍ സത്യമാണെന്നും മറ്റുള്ളവ അസത്യമാണെന്നും തോന്നും. ജാഗ്രത്തില്‍ സ്വപ്നമോ, സ്വപ്നത്തില്‍ ജാഗ്രത്തോ ഇല്ല. സുഷുപ്തിയില്‍ സ്വപ്നജാഗ്രത്തുകളോ, സ്വപ്നജാഗ്രത്തുകളില്‍ സുഷുപ്തിയോ ഇല്ല. അതുപോലെ മരണത്തില്‍ ജനനമോ, ജനനത്തില്‍ മരണമോ ഇല്ല. അത്ഭുതകരമായ ഈ മായാവിലാസം ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയാന്‍ വയ്യ. വല്ലാത്ത ചിത്തവിഭ്രാന്തിവിലാസമെന്നേ പറയാനുള്ളൂ. ഇങ്ങനെയുള്ള അനുഭവങ്ങള്‍ രണ്ടു പ്രകാരത്തില്‍ സംഭവിക്ക‍ാം. ഒന്നു പൂര്‍വ്വാനുഭവത്തിന്റെ സ്മൃതിയുടെ വികാസംതന്നെ. മറ്റൊന്നു അപൂര്‍വ്വമാണെങ്കിലും താല്ക്കാലിക സങ്കല്പവികാസം കൊണ്ടുണ്ടാവുന്നതുമാണ്. ആകൃതികൊണ്ടും പ്രകൃതികൊണ്ടും ലീലയോടു തുല്യമായ ഈ രണ്ട‍ാം ലീല പ്രതിഭതന്നെയാണ്. പ്രതിഭയിലെ പൂര്‍വ്വാനുഭവസ്മൃതിയുടെ ഘനീഭൂതാവസ്ഥയാണ് ഈ രണ്ട‍ാം ലീലാസ്വരുപം. എന്നൊക്കെയാണ് ദേവി പറഞ്ഞതിന്റെ ചുരുക്കം. വിഡൂരഥരാജാവ് അധികം താമസിയാതെ യുദ്ധത്തില്‍ മരിച്ച് പത്മരാജശരീരത്തെ പ്രാപിക്കുമെന്നും ദേവി പറഞ്ഞു.

അപ്പോള്‍ വിഡൂരഥപത്നിയെ ലീല തന്റെ ഭര്‍ത്താവ് യുദ്ധത്തില്‍ മരിച്ച് ഏതൊരു സ്ഥലത്തെത്തിച്ചേരുമോ, അവിടെ തനിക്കും ഈശരീരത്തോടുകൂടി എത്തിച്ചേരാറാക്കിത്തരണമെന്നപേക്ഷിച്ചു. അങ്ങനെ സംഭവിക്കുമെന്നു ദേവി അനുഗ്രഹിക്കുകയും ചെയ്തു. പത്മരാജാവിന്റെ പൂര്‍വ്വജന്മമാകുന്ന ഗിരിഗ്രാമത്തിലെ ബ്രാഹ്മണന്റെ ഗൃഹത്തേയും അനന്തരജന്മമാകുന്ന ഈ വിഡൂരഥരാജഗൃത്തേയും, താന്‍ പൂര്‍വ്വശരീരത്തോടുകൂടി പ്രാപിക്കാതിരിക്കാനെന്താണ് കാരണമെന്നു കൂടി പറഞ്ഞുതരണമെന്നായി ഒന്ന‍ാംലീല. ഓരോരുത്തരും അവരവരുടെ സങ്കല്പം കൊണ്ടാണല്ലോ സാധിക്കുന്നത്. സങ്കല്പത്തിനു ദൃഢതയുണ്ടാവുമ്പോള്‍ അനുഭവപ്പെടുന്നു. എന്നു മാത്രം. അല്ലാതെ താന്‍ സങ്കല്പിക്കാത്ത ഒന്നിനേയും ആരും അനുഭവിക്കുന്നില്ല. അപ്പോള്‍ ഒരാളുടെ ഏതനുഭവത്തിനും അയാള്‍ തന്നെയാണ് തികച്ചും ഉത്തരവാദി. ജ്ഞാനം കൊണ്ടുണര്‍വ്വുവന്ന് സങ്കല്പങ്ങളെ അതിവര്‍ത്തിക്കണമെന്നായിരുന്നു ലീലയുടെ സങ്കല്‍പം. അതാണിങ്ങനെ വരാന്‍ കാരണമെന്നാ ദേവിയുടെ വാക്കിന്റെ ചുരുക്കം.

ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ വിഡൂരഥരാജാവും സൈന്യങ്ങളുംകൂടി ശത്രുസംഘത്തോട് വളരെ ശക്തിയ‍ാംവണ്ണം സംഘട്ടനം ചെയ്യാന്‍ തുടങ്ങി. വിഡൂരന്‍ ശത്രുവായ സിന്ധുരാജാവ് വളരെക്കാലം യുദ്ധത്തില്‍ വിജയിക്കാന്‍വേണ്ടി ദേവിയെ സേവിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമാണിപ്പോള്‍ അദ്ദേഹം വിജയിക്കാന്‍ പോവുന്നതെന്നും ദേവി പറഞ്ഞുകൊടുത്തു. അങ്ങനെയിരിക്കേ നേരം പ്രഭാതമായി. എങ്ങും പ്രകാശം പരക്കാന്‍ തുടങ്ങി. അപ്പോള്‍ മുന്നിലുള്ള പോര്‍ക്കളവും അവിടെ നടന്നുകൊണ്ടിരിക്കുന്ന ഭയങ്കരമായ യുദ്ധവും അവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു. വാഹനങ്ങള്‍ തകര്‍ന്നും സേനകള്‍ നിലംപതിച്ചും രക്തം പുഴപോലെ ഒഴുകിയും ഉച്ചാട്ടഹാസങ്ങള്‍ മുഴുങ്ങിയും ബീഭത്സമായ ആ രണാങ്കണം ഭയങ്കരവും കുലുഷവുമായിരുന്നു. പ്രകാശംകൊണ്ടു ജനങ്ങളെ തിരിച്ചറിയാമെന്ന നിലവന്നപ്പോള്‍ സിന്ധുരാജാവ് വിഡൂരഥനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തോടേറ്റുമുട്ടി. തീക്ഷ്ണങ്ങളും ഭയങ്കരങ്ങളുമായ ആയുധങ്ങള്‍ പലതും അവരന്യോന്യം കൈമാറി. അധികം താമസിയാതെ സിന്ധുരാജശസ്ത്രങ്ങളേറ്റു വിഡൂരഥന്റെ തേരും കുതിരകളും ശസ്ത്രങ്ങളുമെല്ല‍ാം നഷ്ടപ്പെട്ടു. അവസാനം അദ്ദേഹം നിലംപതിക്കുകയും ചെയ്തു.

വിഡുരഥരാജാവ് ശത്രുശസ്ത്രമേറ്റു വീണ്ടതോടെ അദ്ദേഹത്തിന്റെ പത്നിയായ ലീലാദേവിയോടു യാത്രയും പറഞ്ഞ് ഒരു പക്ഷിണിയെന്നപോലെ വിശാലമായ ആകാശത്തില്‍ക്കൂടെ പോയി മറഞ്ഞു. അനന്തരം വിഡൂരഥശീരത്തെ വിട്ട് ആകാശത്തേയ്ക്കുയര്‍ന്ന ജീവകലയെ ദേവിയും ലീലയും വ്യക്തമായി കണ്ടു. ഉടനെ അവരും ആ ജീവകലയെ പിന്തുടര്‍ന്ന് ആകാശത്തൂടെ ബഹുദൂരം സഞ്ചരിച്ചു പല മണ്ഡലങ്ങളേയും അതിക്രമിച്ചു പത്മരാജാവിന്റെ അരമനയിലെ അന്തഃപുരമണ്ഡപത്തിനു സമീപമെത്തി. മണ്ഡപത്തില്‍ പുഷ്പാവൃമായിക്കിടക്കുന്ന രാജശരീരത്തിലേയ്ക്ക് അവര്‍ ജീവകലയോടൊപ്പം ഇറങ്ങിവന്നു. അതിനു മുമ്പുതന്നെ വിഡൂരഥാപത്നിയായ രണ്ട‍ാം ലീല അവിടെ എത്തിക്കഴിഞ്ഞിട്ടുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി ശീതോപചാരങ്ങളെക്കൊണ്ടു രാജശരീരത്തെ ശുശ്രൂഷിക്കുകയും ജീവകല ശരീരത്തിനുള്ളില്‍ പ്രവേശിക്കുകയും ചെയ്യതതോടെ രാജാവു കണ്‍മിഴിച്ചെഴുനേറ്റു കഴിഞ്ഞ എല്ലാ സംഗതികളെയും അവരന്യോന്യം പറഞ്ഞു വിനോദിക്കുകയും ചെയ്തു. പത്മരാജാവും അദ്ദേഹത്തിന്റെ പത്നിമാരായ രണ്ടു ലീലമാരും ദേവിയുടെ അനുഗ്രഹവിശേഷത്താല്‍ ഉല്‍ബുദ്ധരും ജീവന്മുക്തന്മാരുമായി. ദേവി അവരെ അനുഗ്രഹിച്ചന്തര്‍ദ്ധാനം ചെയ്തശേഷം അവര്‍ മൂന്നുപേരും സംസാരത്തിന്റെ വൈചിത്ര്യങ്ങളെ പറഞ്ഞു രസിച്ചുകൊണ്ടു ജീവിന്മുക്തരായിത്തന്നെ ആയുഷ്ക്കാലം മുഴുവന്‍ കഴിച്ചു. അന്ത്യത്തില്‍ ശരീരത്തെ വിട്ടു വിദേഹകൈവല്യത്തെ പ്രാപിക്കുകയും ചെയ്തു എന്നു പറഞ്ഞുകൊണ്ടാണ് ലീലോപാഖ്യാനം അല്ലെങ്കില്‍ മണ്ഡലോപാഖ്യാനം അവസാനിക്കുന്നത്.

ജഗത്തു മിത്ഥ്യയാണ് അല്ലെങ്കില്‍ സംസാരം ഇല്ലാത്തതും ചിത്തഭ്രാന്ത് മാത്രവുമാണെന്നു തെളിയിക്കാന്‍വേണ്ടി ഉദാഹരിച്ചതാണല്ലോ ലീലോപാഖ്യാനം. പ്രസ്തുതവിഷയത്തില്‍ ഇത്രയും സരസമായ മറ്റൊരുദാഹരണം കാണിക്കാന്‍ വയ്യ. അത്രമാത്രം സരസവും ഹൃദയസ്പര്‍ശിയുമായിട്ടുമുണ്ട് ലീലോപാഖ്യാനം. ഒരു ജീവന്റെതന്നെ മൂന്നു ജന്മങ്ങളേയും ജീവിതങ്ങളേയും എടുത്തു പൊക്കിക്കാണിച്ചു തരികയാണ് ഈ ഉപാഖ്യാനംകൊണ്ടു ചെയ്തത്. ഗിരിഗ്രാമത്തിലെ ബ്രാഹ്മണന്‍തന്നെയാണ് മരിച്ചശേഷം പത്മരാജാവയി ജനിച്ചത്. പത്മരാജാവുതന്നെയാണ് വിഡൂരഥരാജാവായും ജനിച്ചത്. ഗിരിഗ്രാമത്തിലെ ബ്രാഹ്മണന്‍ മരിച്ച് എട്ടുദിവസം കഴിഞ്ഞപ്പോഴേയ്ക്കു പത്മരാജാവിനെഴുപതു വയസ്സായി. ആ പത്മരാജാവു മരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും വിഡൂരഥന് എഴുപതുവയസ്സായി. എന്നൊക്കെയാണല്ലോ ചിത്രീകരിച്ചത്. ഇതില്‍ നിന്ന് കാലം കേവലം മനസ്സിന്റെ ഭാവനമാത്രമാണെന്നു വ്യക്തമാവുന്നുണ്ട്. അതുപോലെ ദേശവും മനസ്സിന്റെ ഭാവനമാത്രമാണെന്നു വ്യക്തമാക്കീട്ടുണ്ട്. എങ്ങിനെയെന്നാല്‍ ബ്രാഹ്മണന്‍ പത്മരാജാവായി ജനിച്ചതും രാജ്യം ഭരിച്ചതുമെല്ല‍ാം അദ്ദേഹത്തിന്റെ ഭാവനകൊണ്ടുണ്ടാക്കിയ രാജ്യത്തിലായിരുന്നു. അവിടെയുണ്ടായിരുന്ന ജനങ്ങളും പദാര്‍ത്ഥങ്ങളുമെല്ല‍ാം അദ്ദേഹത്തിന്റെ ഭാവമാത്രമായിരുന്നു. അങ്ങനെതന്നെ പത്മരാജാവു വിഡൂരഥനായി ജനിച്ചതും രാജ്യം ഭരിച്ചതും മരിച്ചതുമെല്ല‍ാം അദ്ദേഹത്തിന്റെ ഭാവനാലോകത്തിലായിരുന്നു. ആ സ്ഥിതിക്കു കാലദേശകര്‍ത്താക്കളെല്ല‍ാം കേവലം മനഃകല്പനകള്‍ മാത്രമാണെന്നു വ്യക്തമാവുന്നു. സ്വപ്നാവസ്ഥയില്‍ അനുഭവിക്കുന്ന സൂക്ഷ്മലോകം എപ്രകാരം തന്റെ ഭാവനാസൃഷ്ടിമാത്രമാണോ, ഇതുപോലെ ജാഗ്രദവസ്ഥയിലെ സ്ഥൂലപ്രപഞ്ചവും ഭാവനാസൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍ ജഗത്ത് ഇല്ലാത്തതാണ്. വെറും ചിത്തവിഭ്രാന്തി മാത്രമാണെന്നു വ്യക്തമാക്കുന്നു ലീലോപാഖ്യാനം.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.