അന്തഃ പ്രവിശ്യ ഭൂതാനി യോ ബി ഭര്‍ത്ത്യാത‍്മകേതുഭിഃ
അന്തര്യാമീശ്വരഃ സാക്ഷാത്‌ പാതു നോ യദ്വശേ സ്ഫുടം (5-20-28)
യത്തത്‌ കര്‍മമയം ലിംഗം ബ്രഹ്മലിംഗം ജനോഽര്‍ച്ചയേത്‌
ഏകാന്തമദ്വയം ശാന്തം തസ്മൈ ഭഗവതേ നമ ഇതി (5-20-33)

ശുകമുനി തുടര്‍ന്നുഃ

അതിനുമപ്പുറത്ത്‌ ശാകദ്വീപ്‌. അത്‌ ഉടച്ച തൈരിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പ്രിയവ്രതന്റെ ആറാമത്തെ പുത്രനായ മേദാതിഥി അതിനെ പുരോജവം, മനോജവം, പാവമാണം, ധൂമ്രാനീകം, ചിത്രരേഫം, ബഹുരൂപം, വിശ്വാധാരം എന്നിങ്ങനെ ഏഴായി തിരിച്ചു. അവിടെ ഏഴു മലകളും നദികളും ഉണ്ടായിരുന്നു. അവിടുത്തെ നാലുജാതി മനുഷ്യര്‍ ഋതവ്രതര്‍, സത്യവ്രതര്‍, ദാനവ്രതര്‍, അനുവ്രതര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. ഇവര്‍ പ്രാണായാമത്തോടെ വായുദേവനെ ഇങ്ങനെ പൂജിക്കുന്നു. എല്ലാ ജീവികളുടെ യുളളിലും പ്രവേശിച്ച്‌ സംരക്ഷിക്കുന്ന ആ ഭഗവാന്‍ സകലജീവികളേയും ഞങ്ങളേയും അഭയം നല്‍കി രക്ഷിക്കട്ടെ.

അവസാനം ശുദ്ധജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പുഷ്ക്കരദ്വീപ്‌. അതില്‍ അനേകകോടി സുവര്‍ണ്ണദളങ്ങളോടു കൂടിയ മഹത്തായ താമരപ്പൂ നിലകൊളളുന്നു. അതത്രേ സൃഷ്ടാവിന്റെ ഇരിപ്പിടം. ഈ ദ്വീപിനു നടുവില്‍ മാനസോത്തരം എന്ന ഒരു പര്‍വ്വതം മാത്രമേയുളളൂ. ദേവാധിദേവനായ ഇന്ദ്രന്റെ നാലു നഗരികളും ഇവിടെയുണ്ട്‌. അതിനു മുകളിലാണ്‌ കാലചക്രം തിരിയുന്നത്‌. ഒരു ദിവ്യദിനംകൊണ്ട്‌ ചക്രം ഒരു തവണ തിരിയുന്നു. പ്രിയവ്രതന്റെ ഏഴാമത്തെ പുത്രനായ വീതിഹോത്രന്‍ ഈ ദ്വീപിന്റെ ആദ്യത്തെ രാജാവായിരുന്നു. അദ്ദേഹം തന്റെ പുത്രന്മ‍ാരായ രമണകനും, ധാടകനുമായി ഈ ദ്വീപിലെ രണ്ടു ഭൂഖണ്ഡങ്ങള്‍ ഭരണത്തിനേല്‍പ്പിച്ച്‌ വനവാസത്തിനു പോയി. അദ്ദേഹം തന്റെ ആറു ജ്യേഷ്ഠന്മ‍ാരെ പിന്തുടര്‍ന്നു. ഈ ദ്വീപിലെ ജനങ്ങള്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ പ്രാര്‍ത്ഥിക്കുന്നു. ഉല്‍കൃഷ്ടമായ കര്‍മ്മസാധനകൊണ്ടുമാത്രം പ്രാപിക്കുവാനാവുന്ന, ഭഗവന്‍, അങ്ങ്‌ അദ്വൈതവും ശാന്തവും പരമവുമായ ആ പരംപൊരുളിനെ ഞങ്ങള്‍ക്കു മനസിലാക്കാന്‍ ഇടവരുത്തുനിനു. അങ്ങേയ്ക്ക്‌ നമോവാകം.

അപ്പുറത്ത്‌ അതേ വിസ്തൃതിയുളള മറ്റൊരു പ്രതലം. അതിനുമപ്പുറത്ത്‌ സ്വര്‍ണ്ണം നിറഞ്ഞ മറ്റൊരു പ്രദേശം. അവിടെ പ്രവേശിക്കുന്ന യാതൊന്നും പിന്നീട്‌ കാണപ്പെടുകയില്ല. എന്തും അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന ഈ പ്രദേശം സര്‍വ്വരാലും വര്‍ജ്ജിക്കപ്പെട്ടിരിക്കുന്നു. ഇതിന്‌ ലോകാലോകം, എന്നു പേര്‍. ഇത്‌ സൂര്യനാല്‍ പ്രകാശമാനമാക്കപ്പെടു, ഭൂഗോളങ്ങളും അല്ലാത്തവയും തന്നിലുളള അതിര്‍ത്തിയായി നിലകൊളളുന്നു. മേരുപര്‍വ്വതവും ലോകാലോകവും തന്നിലുളള ദൂരം ഭൂഗോളത്തിന്റെ നാലിലൊന്നത്രേ. മേരുവിനപ്പുറം നാലു ദിക്കുകളും കാത്തു കാവല്‍ നില്‍ക്കാന്‍ ഋഷഭന്‍, പുക്ഷരചൂഡന്‍, വാമനന്‍, അപരാജിതന്‍ എന്നിങ്ങനെ നാലാനകള്‍. അപ്രകാശിതവും അതിനാല്‍ ഇന്ദ്രിയഗോചരമല്ലാത്തതുമായ ആ ലോകത്തിനുമപ്പുറത്താണ്‌ യോഗിവര്യന്മ‍ാര്‍ക്കു മാത്രം പ്രാപ്യമായ ഇടം.

എല്ലാ സ്ഥലങ്ങളേയും പ്രകാശിപ്പിച്ചുകൊണ്ട്‌ സൂര്യന്‍ എല്ലാത്തിലും നടുവിലായി നിലകൊളളുന്നു. എല്ലാ ജീവജാലങ്ങളുടേയും ആത്മസത്തതന്നെയാണ്‌ സൂര്യന്‍.

(ദ്വീപ്, വര്‍ഷം എന്നിവയെല്ലാം ഗവേഷണമര്‍ഹിക്കുന്ന വിഷയങ്ങളത്രേ , ലോകാലോകം ആധുനീക ശാസ്ത്രത്തിന്റെ ബ്ലാക്‌ ഹോള്‍ ആണോ ?)

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF