ഡൗണ്‍ലോഡ്‌ MP3

ത്വത്സേവോത്കഃ സൗഭരിര്‍ന്നമ പൂര്‍വ്വം
കാളിന്ദ്യന്തര്‍ ദ്വാദശാബ്ദം തപസ്യ‍ന്‍
മീനവ്രാതേ സ്നേഹവാന്‍ ഭോഗലോലേ
താര്‍ക്ഷ്യം സാക്ഷാത് ഐക്ഷതാഗ്രേ കദാചിത് || 1 ||

പണ്ട് ഒരിക്കല്‍ നിന്തിരുവടിയെ ഭജിക്കുന്നതി‍ല്‍ സമുത്സുകനായ സൗഭരി എന്ന് വിഖ്യാതനായ മഹര്‍ഷി കാളിന്ദിയുടെ അന്തര്‍ഭാഗത്തി‍ല്‍ പന്ത്രണ്ടുകൊല്ലങ്ങളോളം തപസ്സുചെയ്തുകൊണ്ടിരിക്കുമ്പോള്‍ പരസ്പരം സ്നേഹിച്ചു സുഖിച്ചിരുന്ന മത്സ്യങ്ങളി‍ല്‍ പ്രേമത്തോടുകൂടിയവനായിരിക്കെ ഒരിക്കല്‍ ഗരുഡനെ മുമ്പി‍ല്‍ പ്രത്യക്ഷമായി കണ്ടു.

ത്വദ്വാഹം തം സക്ഷുധം തൃക്ഷസൂനും
മീനം കഞ്ചിത് ജക്ഷതം ലക്ഷയന്‍ സഃ
തപ്തശ്ചിത്തേ ശപ്തവാനത്ര ചേത്ത്വം
ജന്തൂന്‍ ഭോക്താ, ജീവിതം ചാപി മോക്താ || 2 ||

വിശപ്പുള്ളവനായി ഒരു മത്സ്യത്തെ ഭക്ഷിച്ചുകൊണ്ടിരുന്ന അങ്ങയുടെ വാഹനമായ ആ താര്‍ക്ഷ്യനെ നോക്കിക്കൊണ്ടിരുന്ന ആ മഹര്‍ഷി മനസ്സി‍ല്‍ അനുതാപത്തോടു കൂടിയവനായി ‘ഇനി നീ ഇവിടെനിന്നു പ്രാണികളെ ഭക്ഷിക്കുന്നുവെങ്കില്‍ ജീവനാശവും സംഭവിക്കും’, എന്നു ശപിച്ചു.

തസ്മിന്‍ കാലേ കാളിയഃ ക്ഷ്വേളദര്‍പ്പാത്
സര്‍പ്പാരാതേഃ കല്പിതം ഭാഗമശ്നന്‍
തേന ക്രോധാത് ത്വത് പദ‍ാംഭോജഭാജാ
പക്ഷക്ഷിപ്തഃ തദ്ദുരാപം പയോഽഗാത് || 3 ||

ആ കാലത്തില്‍ കാളിയ‍ന്‍ എന്ന സര്‍പ്പം വിഷവീര്‍യ്യമദം ഹേതുവായിട്ട് സര്‍പ്പകുലാന്തകനായ ഗരുഡന്ന് നിശ്ചയിക്കപ്പെട്ട ഭാഗത്തെ ഭക്ഷിക്കുന്നവനായി അങ്ങയുടെ ചരണാരവിന്ദങ്ങളെ സമാശ്രയിച്ചിരിക്കുന്ന ഗരുഡനാല്‍ കോപത്താ‍ല്‍ ചിറകു കൊണ്ടടിച്ചെറിയപ്പെട്ടവനായിട്ട് അവന്നു പ്രവേശിപ്പാന്‍ പാടില്ലാത്ത കാളിന്ദീജലത്തെ പ്രാപിച്ചു.

ഘോരേ തസ്മിന്‍ സൂരജാനീരവാസേ
തീരേ വൃക്ഷാ വിക്ഷതാഃ ക്ഷ്വേളവേഗാത്,
പക്ഷിവ്രാതഃ പേതുരഭ്രേ പതന്തഃ
കാരുണ്യാര്‍ദ്രം ത്വന്മനസ്തേന ജാതം. || 4 ||

ഭയങ്കരനായ ആ കാളിയന്‍ യമുനാജലത്തില്‍ പാര്‍ത്തുവരുന്ന കാലത്ത് വിഷത്തിന്റെ വീര്‍യ്യം നിമിത്തം തീരത്തിലുണ്ടായിരുന്ന മരങ്ങളെല്ല‍ാം നശിച്ചുപോയി; ആകാശമാര്‍ഗ്ഗത്തില്‍കൂടി പറന്നു സഞ്ചരിച്ചുകൊണ്ടിരുന്ന പക്ഷികളെല്ല‍ാം താഴെ വീണു മരിച്ചു. അതിനാല്‍ നിന്തിരുവടിയുടെ മനസ്സ് അനുകമ്പകൊണ്ടാര്‍ദ്രമായി ഭവിച്ചു.

കാലേ തസ്മിന്നേകദാ സീരപാണിം
മുക്ത്വാ യാതേ യാമുനം കാനനാന്തം
ത്വയ്യുദ്ദാമ ഗീഷ്മ ഭീഷ്മോഷ്മ തപ്താഃ
ഗോഗോപാലാഃ വ്യാപിബന്‍ ക്ഷ്വേളതോയം || 5 ||

അങ്ങിനെയിരിക്കുന്ന കാലത്തൊരുദിവസം അങ്ങ് ഹലായുധനായ ബലഭദ്രനെ കൂടാതെ യമുനാവനപ്രദേശങ്ങളിലേക്കു പോയിരുന്ന സമയം പശുക്കളും പശുപന്മാരും വര്‍ദ്ധിച്ച വേനലിന്റെ ഉഗ്രമായ ചൂടുകൊണ്ടു തളര്‍ന്നവരായി വിഷം കലര്‍ന്ന വെള്ളത്തെ വേണ്ടുവോളം കുടിച്ചു.

നശ്യജ്ജീവാന്‍ വിച്യുതാന്‍ ക്ഷ്മാതലേ താ‍ന്‍
വിശ്വാന്‍ പശ്യന്‍ അച്യുത ! ത്വം ദയാര്‍ദ്രഃ
പ്രാപ്യേപാന്തം ജീവയാമസിഥ ദ്രാക്‍
പീയുഷ‍ാംഭൊവര്‍ഷിഭിഃ ശ്രീകടാക്ഷൈഃ || 6 ||

ഹേ ശാശ്വതാത്മന്‍! നിന്തിരുവടി അവരെയെല്ല‍ാം ജീവ‍ന്‍ പോയി ഭൂമിയി‍ല്‍ വീണവരായിക്കണ്ടിട്ട് അനുകമ്പയാലുള്ളലിഞ്ഞു സമീപത്തണഞ്ഞ് അമൃതധാര പൊഴിയുന്ന കടാക്ഷവര്‍ഷത്താല്‍ ക്ഷണത്തില്‍ ജീവിപ്പിച്ചു.

കിം കിം ജാതോ ഹര്‍ഷവര്‍ഷതിരേകം
സര്‍വ്വ‍ാംഗേഷിത്യുത്ഥിതാ ഗോപസംഘാഃ
ദൃഷ്ട്വാഗ്രേ ത്വ‍ാം ത്വത്കൃതം തദ്വിദന്തഃ
ത്വാമാലിംഗന്‍ ദൃഷ്ടനാനാ പ്രഭാവാഃ || 7 ||

ഗോപന്മാര്‍ ഇതെന്ത് ! ഇതെന്ത് ! എല്ലാ അവയവങ്ങളിലും ആനന്ദവര്‍ഷം അധികമായിരിക്കുന്നത് എന്നിപ്രകാരം പറഞ്ഞുകൊണ്ട് എഴുന്നേറ്റു. നിന്തിരുവടിയെ മുന്നില്‍ കണ്ടിട്ട് അങ്ങയുടെ പലവിധത്തിലുള്ള മഹിമകളേയും കണ്ടറിഞ്ഞിട്ടുള്ളതിനാ‍ല്‍ അതും നിന്തിരുവടിയാല്‍ ചെയ്യപ്പെട്ടതാണെന്നു തീര്‍ച്ചയാക്കി അങ്ങയെ ആലിംഗനം ചെയ്തു.

ഗാവശ്ചൈവം ലബ്ധജീവാഃ ക്ഷണേന
സ്ഫീതനന്ദാഃ ത്വ‍ാം ച ദൃഷ്ട്വാ പുരസ്താത്
ദ്രാഗാവവ്രുഃ സര്‍വ്വതോ ഹര്‍ഷബാഷ്പം
വ്യാമുശ്ചന്ത്യോ മന്ദമുദ്യന്നിനാദാഃ || 8 ||

ഇപ്രകാരംതന്നെ പശുക്കളും ക്ഷണത്തില്‍ ജീവിച്ചവയായി, വര്‍ദ്ധിച്ച ആനന്ദത്തോടെ പുരോഭാഗത്തില്‍ അങ്ങയേയും കണ്ടിട്ട് സന്തോഷബാഷ്പം പൊഴിക്കുന്നവരായി പതുക്കെ ശബ്ദം പുറപ്പെടുവിച്ചുംകൊണ്ട്, വേഗത്തില്‍ നാലുഭാഗത്തും ചുറ്റിക്കുടി.

രോമാശ്ചോഽയം സര്‍വതോ നഃ ശരീരേ,
ഭൂയസ്യന്തഃ കാചിദാനന്ദമുര്‍ച്ഛാ
ആശ്ചര്യോഽയം ക്ഷ്വേലവേഗോ മുകുന്ദേതി
ഉക്തോ ഗോപൈഃ നന്ദിതോ വന്ദിതോഽഭുഃ || 9 ||

‘ഹേ കൃഷ്ണ ! ഞങ്ങളുടെ ശരീരം മുഴുവനും പുളകിതമായിരിക്കുന്നു. ഹൃദയത്തില്‍ നിര്‍വ്വചിക്കുവാനസാദ്ധ്യമായ മതിമയക്കുന്ന ആനന്ദം വ‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഈ വിഷയത്തിന്റെ ശക്തി ആശ്ചര്‍യ്യകരമായിരിക്കുന്നു’ എന്നിപ്രകാരം ഗോപന്മാരാ‍ല്‍ പറയപ്പെട്ട നിന്തിരുവടി അഭിനന്ദിക്കപ്പെട്ടവനായിട്ടും വന്ദിക്കപ്പെട്ടവനായും ഭവിച്ചു.

ഏവം ഭക്താന്‍ മുക്തജീവാനപി ത്വം
മുഗ്ദ്ധാപ‍ാംഗൈഹ് അസ്തരോഗ‍ാംസ്തനോഷി
താദൃഗ്ഭുത-സ്ഫീതകാരൂണ്യ ഭൂമാ
രോഗാത് പായ വായുഗേഹാധിനാഥ (വാസ ) || 10 ||

ഇപ്രകാരം ഭക്തന്മാരെ, മരിച്ചവരായിരുന്നിട്ടും നിന്തിരുവടി സുന്ദരങ്ങളായ കടാക്ഷവീക്ഷേപങ്ങളാല്‍ ലബ്ധജീവന്മാരാക്കിച്ചെയ്യുന്നു. ഹേ പവനാലയവാസിന്‍! അപ്രകാരമുള്ള വര്‍ദ്ധിച്ച കാരുണ്യവിശേഷത്തോടുകൂടിയ നിന്തിരുവടി രോഗത്തി‍ല്‍ നിന്നു രക്ഷിച്ചാലും.

പശുപശുപാലോര്‍ജ്ജീവനവര്‍ണ്ണനം എന്ന അമ്പത്തിനാല‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 558.
വൃത്തം. ശാലിനീ
ലക്ഷണം നാലേഴായ് മം ശാലിനീ തം ത ഗം ഗം

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.