ഡൗണ്‍ലോഡ്‌ MP3

പൃഥോസ്തു നപ്താ പൃഥുദര്‍മ്മകര്‍മ്മഠ :
പ്രാചീനബര്‍ഹിര്‍യുവതൗ ശതദ്രുതൗ |
പ്രചേതസോ നാമ സുചേതസ: സുതാ-
നജീജനത്ത്വത്കരുണാങ്കുരാനിവ  || 1 ||

ആ പൃഥുവിന്റെതന്നെ പൗത്രന്റെ പുത്രനായ പരമധര്‍മ്മിഷ്ഠനായ പ്രാചീന ബര്‍ഹിസ്സ് യുവതിയായ ശതദ്രുതി എന്ന പന്തിയില്‍ അങ്ങയുടെ കരുണയുടെ മുളകളെന്നതുപോലെ സുശിലന്മാരായ പ്രചേതസ്സുക‍ള്‍ എന്ന് പുത്രന്മാരെ ജനിപ്പിച്ചു.

പിതു: സിസൃക്ഷാനിരതസ്യ ശാസനാദ്-
ഭവത്തപസ്യാഭിരതാ ദശാപി തേ
പയോനിധിം പശ്ചിമമേത്യ തത്തടേ
സരോവരം സന്ദദൃശുര്മനോഹരം || 2 ||

സൃഷ്ടികര്‍മ്മത്തി‍ല്‍ ഔല്‍സുക്യത്തോടുകൂടിയ പിതാവിന്റെ ആജ്ഞയനുസരിച്ച് അങ്ങയെ ധ്യാനിച്ചുകൊണ്ട് തപസ്സുചെയ്വാന്‍ പുറപ്പെട്ടവരായ അവ‍ര്‍ പത്തുപേരും പടിഞ്ഞാറെ  സമുദ്രത്തെ പ്രാപിച്ച് അതിന്റെ കരയില്‍ മനോഹരമായ ഒരു താമര പ്പൊയ്കയെ കണ്ടു.

തദാ ഭവത്തീര്‍ത്ഥമിദം സമാഗതോ
ഭവോ ഭവത്സേവകദര്‍ശനാദൃത: |
പ്രകാശമാസാദ്യ പുര: പ്രചേതസാ-
മുപാദിശത് ഭക്തതമസ്തവ സ്തവം || 3 ||

അപ്പോള്‍ ഈ അങ്ങയുടെ പുണ്യതീര്‍ത്ഥത്തിലേക്കു വന്നെത്തിയവനായ ഭക്തശ്രേഷ്ഠനായ ശിവന്‍ അങ്ങയുടെ സേവകന്മാരെ കാണുന്നതി‍ല്‍ ആദരവോടുകൂടിയവനായിട്ട് പ്രചേതസ്സുകളുടെ മുന്നില്‍ പ്രത്യക്ഷമായി നിന്തിരുവടിയുടെ ദിവ്യമായ സ്തോത്രത്തെ ഉപദേശിച്ചു.

സ്തവം ജപന്തസ്തമമീ ജലാന്തരേ
ഭവന്തമാസേവിഷതായുതം സമാ: |
ഭവത്സുഖാസ്വാദരസാദമീഷ്വിയാന്‍
ബഭൂവ കാലോ ധ്രുവവന്ന ശീഘ്രതാ || 4 ||

ഇവര്‍ ആ ശ്രീരുദ്രനാല്‍ ഉപദേശിക്കപ്പെട്ട സ്തോത്രത്തെ ജപിച്ചുകൊണ്ട് വെള്ളത്തിന്നുള്ളില്‍ പതിനായിരം കൊല്ലങ്ങളോളും നിന്തിരുവടിയെ ഭജിച്ചു; അങ്ങയുടെ ചിദാനന്ദസുഖം ആസ്വദിക്കുന്നതി‍ല്‍ രസത്തോടുകൂടിയവരായതുകൊണ്ട് ഇവരി‍ല്‍ ഇത്രയും കാലതാമസം ഉണ്ടായി. ധ്രുവനെപ്പോലെ (ദര്‍ശനം നല്‍ക്കുന്നതി‍ല്‍) വേഗത ഉണ്ടായില്ല.

തപോഭിരേഷാമതിമാത്രവര്‍ദ്ധിഭി:
സ യജ്ഞഹിംസാനിരതോപി പാവിത: |
പിതാപി തേഷ‍ാം ഗൃഹയാതനാരദ-
പ്രദര്‍ശിതാത്മാ ഭവദാത്മത‍ാം യയൗ || 5 ||

ഇവരുടെ ഏറ്റവും വര്‍ദ്ധിച്ച തപസ്സുകള്‍കൊണ്ട് യാഗഹിംസയി‍ല്‍ നിരതനായിരുന്നിട്ടുകൂടി പരിശുദ്ധനാക്കപ്പെട്ടവനായി അവരുടെ ആ പിതാവ്  ഗൃഹത്തിലേക്കുവന്ന നാരദമഹര്‍ഷിയാ‍ല്‍ ആത്മജ്ഞാനം ലഭിച്ചവനായി അങ്ങയുടെ സായുജ്യത്തെ പ്രാപിച്ചു.

കൃപാബലേനൈവ പുര: പ്രചേതസ‍ാം
പ്രകാശമാഗാ: പതഗേന്ദ്രവാഹന: |
വിരാജി ചക്രാദിവരായുധ‍ാംശുഭിര്‍ –
ഭുജാഭിരഷ്ടാഭിരുദഞ്ചിതദ്യുതി: || 6 ||

പക്ഷീന്ദ്രവാഹനനായ നിന്തിരുവടി ശോഭയോടുകൂടിയ ചക്രം മുതലായ ദിവ്യായുധങ്ങളാല്‍ പരിലസിക്കുന്ന എട്ടു കൈകള്‍കൊണ്ട് ഏറ്റവും പ്രകാശിക്കുന്നവനായിട്ട് വര്‍ദ്ധിച്ച കാരുണ്യംകൊണ്ടുതന്നെ പ്രചേതസ്സുകള്‍ക്കു മുമ്പി‍ല്‍ പ്രത്യക്ഷനായി വിളങ്ങി.

പ്രചേതസ‍ാം താവദയാചതാമപി
ത്വമേവ കാരുണ്യഭരാദ്വരാനദാ: |
ഭവദ്വിചിന്താപി ശിവായ ദേഹിന‍ാം
ഭവത്വസൗ രുദ്രനുതിശ്ച കാമദാ || 7 ||

അപ്പോള്‍ യാചിക്കാതിരുന്നിട്ടുകൂടി ആ പ്രചേതസ്സുകള്‍ക്ക് നിന്തിരുവടിതന്നെ വര്‍ദ്ധിച്ച കരുണയോടെ വരങ്ങള്‍ നല്‍കി; “നിങ്ങളെപറ്റിയുള്ള സ്മരണതന്നെ ജനങ്ങള്‍ക്കു   മംഗളമായി ഭവിക്കട്ടെ, ഈ രുദ്രഗീതം എന്ന സ്തോത്രവും സകല കാമങ്ങളേയും നല്‍കട്ടെ.

അവാപ്യ കാന്ത‍ാം തനയ‍ാം മഹീരുഹ‍ാം
തയാ രമദ്ധ്വം ദശലക്ഷവത്സരീം |
സുതോസ്തു ദക്ഷോ നനു തത്ക്ഷണാച്ച മ‍ാം
പ്രയാസ്യഥേതി ന്യഗദോ മുദൈവ താന്‍ || 8 ||

വൃക്ഷകന്യകയെ പന്തിയായി ലഭിച്ചിട്ട് അവളോടൊന്നിച്ച് പത്തു ലക്ഷം സംവത്സരക്കാലം നിങ്ങള്‍ രമിച്ചുകൊള്‍വി‍ന്‍ ; ദക്ഷന്‍ എന്ന പുത്രനും ഉണ്ടാവട്ടെ; അതില്‍പിന്നെ താമസംകൂടാതെ എന്നെ പ്രാപിച്ചുകൊള്‍വി‍ന്‍” എന്നിങ്ങിനെ സന്തോഷത്തോടെ നിന്തിരുവടി അവരോടു അരുള്‍ചെയ്തു.

തതശ്ച തേ ഭൂതലരോധിനസ്തരൂന്‍
ക്രുധാ ദഹന്തോ ദ്രുഹിണേന വാരിതാ: |
ദ്രുമൈശ്ച ദത്ത‍ാം തനയാമവാപ്യ ത‍ാം
ത്വദുക്തകാലം സുഖിനോഭിരേമിരേ || 9 ||

അതിന്നുശേഷം അവ‍ ഭൂമിയെ മറച്ചുകൊണ്ടു പടര്‍ന്നുനില്ക്കുന്ന വൃക്ഷങ്ങളെ ക്രോധംകൊണ്ടു ദഹിപ്പിക്കുന്നവരായി ബ്രഹ്മദേവനാല്‍ തടയപ്പെട്ടവരായിട്ട് വൃക്ഷങ്ങളാ‍ല്‍ നല്‍കപ്പെട്ട ആ കന്യകയെ പ്രാപിച്ച് നിന്തിരുവടി അരുളിച്ചെയ്തേടത്തോളം കാലം സുഖത്തോടുകൂടിയവരായി രമിച്ചു.

അവാപ്യ ദക്ഷം ച സുതം കൃതാദ്ധ്വരാ:
പ്രചേതസോ നാരദലബ്ധയാ ധിയാ |
അവാപുരാനന്ദപദം തഥാവിധ-
സ്ത്വമീശ വാതാലയനാഥ പാഹി മ‍ാം || 10 ||

ആ പ്രചേതസ്സുകള്‍ ദക്ഷ‍ന്‍ എന്ന പുത്ര‍ന്‍ ലഭിച്ച് യാഗകര്‍മ്മങ്ങ‍ള്‍ ചെയ്തവരായി നാരദമഹര്‍ഷിയില്‍നിന്നു ലഭിച്ച അധ്യാത്മ ബുദ്ധികൊണ്ട് പരമാനന്ദപദത്തെ പ്രാപിച്ചു. അല്ലയോ ഗുരുവായുപുരേശ ! അപ്രകാരമുള്ള നിന്തിരുവടി എന്നെ കാത്തരുളേണമേ.

പ്രദേതസകഥാവര്‍ണ്ണനം എന്ന പത്തൊമ്പത‍ാം ദശകം സമാപ്തം.
വൃത്തം: വംശസ്ഥം.  ലക്ഷണം : ജതങ്ങള്‍ വംശസ്ഥമത‍ാം ജരങ്ങളും.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.