ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (31-35)
നാലം വാ പരമോപകാരകമിദം ത്വേകം പശൂനാം പതേ
പശ്യന്‍ കുക്ഷിഗതാന്‍ ചരാചരഗണാന്‍ ബാഹ്യസ്ഥിതാന്‍ രക്ഷിതും |
സര്‍വ്വമര്‍ത്ത്യപലായനൌഷധമതിജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീര്‍ണ്ണമേവ ത്വയാ || 31 ||
പശൂനാംപതേ! - പശുപതേ!; കക്ഷിഗതാന്‍ - ഉദരത്തില്‍ പ്രവേശിച്ചവയും; ബാഹ്യസ്ഥിതാന്‍ - പുറത്തുള്ളവയുമായ; ചരാചരഗണാന്‍ - ഇളകുന്നതുമിളകാത്തതുമായ വസ്തുക്കളെ; രക്ഷിതും പശ്യന്‍ - രക്ഷിക്കുന്നതിന്നു ആലോചിക്കുന്നവനായിട്ട്; ത്വയാ - നിന്തിരുവടിയില്‍; അതിജ്വാലാകരം - ഉജ്ജ്വലിക്കുന്ന ജ്വാലകളോടുകൂടിയതും; ഭീകരംഗരളം - ഭയങ്കരവുമായ വിഷം സര്‍വ്വമര്‍ത്ത്യപലായ; നൗഷധം - ദേവന്മരെല്ലാവരുടേയും പലായനമാകുന്ന രോഗത്തിന്നുള്ള ഓഷധമാകുമാറ്; ഗളേ നിക്ഷിപ്തം - കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു; ഗിളിതം ന - വിഴുങ്ങിയതുമില്ല; ഉദ്ഗീര്‍ണ്ണം ഏവ ന - പുറത്തേക്കുവിട്ടതുമില്ല; പരമോപകാരകം - ഏറ്റവും വലിയ ഉപകാരമായ; ഇദം ഏകം തു - ഇത് ഒന്നുതന്നെ; ന അലം വാ! - മതിയാവുന്നതല്ലേ
ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിനെ വിഴുങ്ങുകയോ, ഛര്‍ദ്ദിക്കുകയോ ചെയ്തതുമില്ല. ഈ ചെയ്ത കൃത്യം ഒന്നുതന്നെ നിന്തിരുവടിയുടെ കാരുണ്യത്തേയും കരുത്തിനേയും വിശദമാക്കുന്നതിന്ന് മതിയായതാണല്ലോ!
ജ്വാലോഗ്രഃ സകലാമരാതിഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ
ദൃഷ്ടഃ കിം ച കരേ ധൃതഃ കരതലേ കിം പക്വജംബൂഫലം |
ജിഹ്വായാം നിഹിതശ്ച സിദ്ധഘുടികാ വാ കണ്ഠദേശേ ഭൃതഃ
കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന്‍ വദ || 32 ||
മഹാത്മന്‍ ശംഭോ! - മഹത്മാവായ ശംഭോ!; ജ്വാലോഗ്രഃ - തീക്ഷ്ണജ്വാലകളാര്‍ന്നതും; സകലാമരാതിഭയദഃക്ഷ്വേളഃ - ത്വയാ ദേവന്മാര്‍ക്കെല്ലാം അധികഭയത്തെ നല്‍കുന്നതുമായ ആ കടുംവിഷം നിന്തിരുവടിയാല്‍; കഥം വാ ദൃഷ്ടഃ - എങ്ങിനെയാണ് കാണപ്പെട്ടത് ?; കിം തു, കരേ ധൃതഃ - എന്നല്ല, കയ്യില്‍ എങ്ങിനെ ധരിക്കപ്പെട്ടു; കരതലേ നിഹിതഃ ച - കൈത്തലത്തില്‍ വെയ്ക്കപ്പെട്ടതിനാല്‍; പക്വജംബൂഫലംകിം - പഴുത്ത ഞാവല്‍പ്പഴമാണോ?; ജിഹ്വായാം - നാവില്‍ വെയ്ക്കപ്പെട്ട അത്; സിദ്ധഘുടികാവാ? - സിദ്ധന്മാരുപയോഗിക്കുന്ന ഗുളികയാണോ?; കണ്ഠദേശേദൃതഃ അയം - കഴുത്തില്‍ ധരിക്കപ്പെട്ട ഇത്; തേ വിഭൂഷണം - അങ്ങക്ക് ആഭരണമായ; നീലമണിഃകിം? വ്ദ. - മാണിക്യമാണോ? അരുളിച്ചെയ്താലും.
ശംഭോ! തീക്ഷ്‍ണജ്വാലകളാല്‍ അതിദുസ്സഹവും ദേവന്മാര്‍ക്കെല്ലാം അധികം ഭയം നല്‍ക്കുന്നതുമായ ആ കടുത്ത വിഷത്തെ നിന്തിരുവടി എങ്ങിനെ കണ്ടു? എന്തിനു കൈകൊണ്ടടുത്തു; അതു പഴുത്ത ഞാവല്‍പ്പഴമാണോ? എന്തിന്നു ഭക്ഷിക്കുവാന്‍ മുതിര്‍ന്നു; സിദ്ധഗുളികയാണോ? എന്തിന്നു കഴുത്തിലണിയപ്പെട്ടു; നീലമാണിക്യമാണോ ? പറഞ്ഞരുളിയാലും.
നാലം വാ സകൃദേവ ദേവ ഭവതഃ സേവാ നതിര്‍വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശാം |
സ്വാമിന്നസ്ഥിരദേവതാനുസരണായാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ || 33 ||
സ്വാമിന്‍ ! - ദേവ!; നാഥ! - ദേവ!; ഭവതഃ നതിഃ വാ - നിന്തിരുവടിയുടെ നമസ്കാരമായാലും; പൂജാ വാ സ്മരണം - പൂജയായാലും ധ്യാനമായാലും; കഥാശ്രവണംഅപി - കഥയെ ശ്രവിക്കുന്നതായാലും; ആലോകനംസേവാ - ദര്‍ശനമായാലും ഭജനമായാലും; നുതിഃ മാദൃശാം - കീര്‍ത്തനമായാലും എന്നെപോലുള്ളവര്‍ക്കു; സകൃത് ഏവ - ഒരു പ്രാവശ്യം മാത്രം; ന അലം വാ - മതിയാവുന്നതല്ലേ ഇതഃ ഈ ഉപായങ്ങളാലല്ലാതെ; മുക്തിഃ കാ വാ? - മോക്ഷം എവിടുന്നു?; കത - ഇതിലേതെങ്കിലുംമൊന്നിനാല്‍; ഭവതി ചേത് - മോക്ഷം സംഭവിക്കുന്നവെങ്കില്‍ ; തദാ - അപ്പോള്‍ ; അസ്ഥിരദേവതാനുസരണായാസേന - സ്ഥിരമില്ലാത്തവരായ ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടത്താല്‍; കിം ലഭ്യതേ? - എന്താണു ലഭിക്കുന്നത്?; പ്രാര്‍ത്ഥനീയം - അവരോടപേക്ഷിക്കത്തക്കതായി; കിം - എന്തൊന്നാണുള്ളത് ?
ദേവ! നിന്തിരുവടിയുടെ നമസ്മാരമാവട്ടെ, പൂജയാവട്ടെ, ധ്യാനമാവട്ടെ, കഥാശ്രവണമാവട്ടെ എന്നുപോലെയുള്ളവര്‍ക്കു ഒരേ ഒരു പ്രാവശ്യംമാത്രം മതിയാവുന്നതാണല്ലോ. ഈ ഉപായങ്ങള്‍ കൊണ്ടല്ലാതെ മോക്ഷം എവിടെനിന്ന് ലഭിക്കുന്നു? ഈ ഉപായങ്ങളേതെങ്കിലുംമൊന്നുകൊണ്ട് ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടംകൊണ്ട് ലഭിക്കുന്നതെന്താണ് ? അവരോടപേക്ഷിക്കത്തതായി എന്തൊന്നാണുള്ളത് ?
കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ-
ദ്ധൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ |
ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത്പ്രപഞ്ചം ലയം
പശ്യന്നിഭയ ഏക ഏവ വിഹരത്യാനന്ദസാന്ദ്രോ ഭവാന്‍ || 34 ||
ശംഭോ! പശുപതേ! - ശംഭോ! ജീവേശ!; തവ സാഹസം - നിന്തിരുവടിയുടെ സാഹസത്തെ; കിംബ്രൂമഃ? - എന്താണെന്നാണ് ഞങ്ങള്‍ പറയേണ്ടത് ?; ഈദൃശം - ഇങ്ങിനെയുള്ള; ഭവദ്ധൈര്‍യ്യംച - അങ്ങയുടെ ധൈര്‍യ്യവും; കസ്യ അസ്തി? ഇയം - ആര്‍ക്കുണ്ട് ? ഈ; ആത്മനഃ സ്ഥിതിഃ ച - തന്റെ അവസ്ഥയും; അന്യൈഃകഥം - മറ്റുള്ളവര്‍ എപ്രകാരംമാണ് ലഭ്യതേ? പ്രാപിക്കുന്നത് ?; ആനന്ദസാന്ദ്രഃഭവാന്‍ - ആനന്ദപരിപൂര്‍ണ്ണനായ നിന്തിരുവടി; ദ്രശ്യദ്ദേവഗണം - സ്വസ്ഥാനങ്ങളില്‍നിന്നു നീക്കപ്പെടുന്ന ദേവഗണങ്ങളോടുകൂടിയതും; ത്രസന്മുനിഗണം - ഭയന്നു വിറയ്ക്കുന്ന മുനിഗണങ്ങളോടു കൂടിയതും; നശ്യത് പ്രപഞ്ചം - നശിച്ചുപോകുന്ന ചരാചരങ്ങളോടുകൂടിയതുമായ; ലയം പശ്യന്‍ - പ്രളയത്തെ നോക്കിക്കോണ്ട്; നിര്‍ഭയം - ഭയലേശംകൂടാതെ; ഏകഃ ഏവ വിഹരതി - ഒരുവാനയ്തന്നെ ക്രീഡിച്ചരുളുന്നു.
നിന്തിരുവടിയുടെ സാഹസത്തെപ്പറ്റി ഞങ്ങള്‍ എന്തുപറയട്ടെ! ഈവിധം ധൈര്‍യ്യവും ആര്‍ക്കാണുള്ളത് ? ഇപ്രകാരമുള്ള തന്റെ അവസ്ഥയും വേറെ ആര്‍ക്കാണുള്ളതു പ്രളയകാലത്തില്‍ ദേവസമൂഹമെല്ലാം സ്വസ്ഥാനങ്ങളില്‍നിന്ന് ഭ്രംശിച്ച് താഴെ വീഴുകയും മഹര്‍ഷിവര്‍യന്മാരെല്ലാം ഭയചകിതരാവുകയും ചെയ്യവെ, ആനന്ദസാന്ദ്രനായ നിന്തിരുവടിമാത്രം ഏകനായി ഇതെല്ലാം നോക്കിക്കൊണ്ട് നിര്‍ഭയനായി ക്രീഡിച്ചരുളുന്നു.
യോഗക്ഷേമധുരംധരസ്യ സകലശ്രേയഃപ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ ബാഹ്യാന്തരവ്യാപിനഃ |
സര്‍വ്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരങ്ഗ ഇതി മേ ചിത്തേ സ്മരാമ്യന്വഹം || 35 ||
ശംഭോ! - ഈശ!; യോഗക്ഷേമദുരന്ധരസ്യ - കിട്ടാത്തതിനെ കൈവശമാക്കുക, കൈവശംവന്നതിനെ രക്ഷിക്കുക എന്ന ഭാരം വഹിക്കുന്നവനായി; സകലശ്രേയഃപ്രദോദ്യോഗിനഃ - എല്ലാ ശ്രേയസ്സുകളേയും നല്‍ക്കുന്നതില്‍ ശ്രദ്ധയോടുകൂടിയവനായി; ദൃഷ്ടദൃഷ്ടമതോപദേശകൃതിനഃ - കാണ്മാന്‍ കഴിവുള്ളതും കഴിവില്ലാത്തതുമായ ഫലത്തെ നല്‍കുന്ന ഉപായങ്ങളെ ഉപദേശിക്കുന്നതില്‍ സമര്‍ത്ഥനായി; ബാഹ്യാന്തരവ്യാപിനഃ - പുറത്തും അകത്തും വ്യാപിച്ചവനായി; സര്‍വ്വജ്ഞസ്യ - എല്ലാമറിയുന്നവനായി; ദയാകരസ്യ ഭവതഃ - ദയാനിധിയായ നിന്തിരുവടിക്ക്;
മയാ - എന്നാല്‍; വേദിതവ്യംകിം - ബോധിപ്പിക്കത്തക്കതായി എന്തൊന്നാണുള്ളത് ?; പരമാന്തരംഗഃഇതി ‘- ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന്; അന്വഹം - ദിനംതോറും; ചിത്തേ സ്മരാമി - മനസ്സില്‍ സ്മരിച്ചുകൊള്ളാം.
ഈശ്വര! യോഗക്ഷേമഭാരം വഹിക്കുന്നവനായി എല്ലാവിധ ശ്രേയസ്സുകളേയും നല്‍കുന്നതില്‍ ജാഗരൂകനായി ഐഹികവും ആമുഷ്മികവുമായ ഫലങ്ങളെ നല്‍ക്കുന്ന ഉപായങ്ങളുപദേശിക്കുന്നതില്‍ അതിസമര്‍ത്ഥനായി, സര്‍വ്വജ്ഞനായി, ദയാനിധിയായിരിക്കുന്ന നിന്തിരുവടിക്കു എന്നാല്‍ പറഞ്ഞറിയിക്കത്തക്കതായി എന്താണുള്ളത്? നിന്തിരുവടി എന്റെ ആപ്തമിത്രമാണെന്നു ഞാന്‍ അനുദിനവും ഹൃദയത്തില്‍ സ്മരിച്ചുകൊള്ളാം.
ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).
ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.
ഇമെയില്‍ : sree@sreyas.in







