വിരിഞ്ചിര്‍ ദീര്‍ഘായു‍ര്‍ ഭവതു ഭവതാ തത്പരശിര –
ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാന്‍ |
വിചാരഃ കോ വാ മ‍ാം വിശദ കൃപയാ പാതി ശിവ തേ
കടാക്ഷവ്യാപാരഃ സ്വയമപി ച ദീനാവനപരഃ || 16 ||

വിശദ! – ശിവ!; നിര്‍മലസ്വരൂപ! – ആനന്ദമൂര്‍ത്തേ!; വിരിഞ്ചിഃ – ബ്രഹ്മാവ് ദീര്‍ഘായുഃ; ഭവതുഃ – ദീര്‍ഘായുസ്സായി ഭവിക്കട്ടെ; തത് പരശിരശ്ചതുഷ്കം – അദ്ദേഹത്തിന്റെ മറ്റുള്ള തലകള്‍ നാലും; ഭവതാ – നിന്തിരുവടിയാ‍ല്‍ ; സംരക്ഷ്യം! – നല്ലപോലെ രക്ഷിക്കപ്പെടട്ടെ!; സഃ ഭുവി – അദ്ദേഹം ഭൂലോകത്തി‌ല്‍; ദൈന്യം – ദീനനെന്ന അവസ്ഥയെ ലിഖിതവാന്‍ഖലു – (എന്റെ ശിരസ്സി‍ല്‍‍ )എഴുതിവെച്ചുവല്ലോ; ദീനാവനപരഃ – ദീനസംരക്ഷണത്തി‍ല്‍ തല്പരനായ; തേ കടാക്ഷവ്യാപാരഃ – നിന്തിരുവടിയുടെ കടക്കണ്ണുകൊണ്ടുള്ള നോട്ടം; സ്വയം അപി ച – തന്നെത്താന്‍തന്നെ; കൃപയാ മ‍ാം പാതി – കരുണയോടെ എന്നെ കാത്തരുളുമല്ലോ; വിചാരഃ കോ വാ! – മനോവിചാരം എന്തിന്നുവേണ്ടി!

നിര്‍മലസ്വരൂപിയായ ആനന്ദമൂര്‍ത്തേ! ബ്രഹ്മദേവന്‍ ചിരജ്ഞീവിയായിരിക്കട്ടെ. അദ്ദേഹത്തിന്റെ ബാക്കിയുള്ള ശിരസ്സുകള്‍ നാലും നിന്തിരുവടിയാല്‍ നല്ലപോലെ കാത്തുരക്ഷിക്കപ്പെടട്ടെ. ഈ ലോകത്തില്‍ ദൈന്യാവസ്ഥയെ എന്റെ ശിരസ്സിലെഴുതിവെച്ചതുകൊണ്ടാണല്ലോ നിന്തിരുവടിയുടെ ദയാര്‍ദ്രങ്ങളായ കടാക്ഷങ്ങള്‍ക്കു ഞാനര്‍ഹനായിരിക്കുന്നത്. പിന്നെ വ്യസനിക്കുന്നതെന്തിന്ന് ?

ഫലാദ്വാ പുണ്യാന‍ാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേഽപി സ്വാമിന്‍ ഭവദമലപാദാബ്ജയുഗലം |
കഥം പശ്യേയം മ‍ാം സ്ഥഗയതി നമഃ സംഭ്രമജുഷ‍ാം
നിലിമ്പാന‍ാം ശ്രോണിര്നിജകനകമാണിക്യമകുടൈഃ || 17 ||

വിഭോ! – എങ്ങും നിറഞ്ഞിരിക്കുന്നവനേ!; സ്വാമിന്‍ – എല്ലാമറിയുന്നവനേ!; പുണ്യാന‍ാംവാ – സ‍ല്‍ക്കര്‍മ്മങ്ങളുടെ ഫലംകൊണ്ടോ; മയി കരുണയാ വാ – എന്നിലുള്ള കനിവുകൊണ്ടോ; ത്വയി പ്രസന്നെ അപി – നിന്തിരുവടിയുടെ പ്രസാദിച്ചരുളുന്നുവെങ്കിലും; ഭവദമലപാദാബ്‍ജയുഗളം – നിന്തിരുവടിയുടെ നിര്‍മ്മലമായ പൊല്‍ത്തരടികള്‍ രണ്ടിനേയും; കഥം പശ്യേയം? എങ്ങിനെ ദര്‍ശിക്കുക?; നമസ്സംഭ്രമജുഷ‍ാം – നമസ്കരിക്കുന്നതിന്നുള്ള ബദ്ധപ്പാടോടുകൂടിയവരായ; നിലിമ്പാന‍ാം ശ്രേണിഃ – ദേവന്മാരുടെ സമൂഹം; നിജകനക മാണിക്യമകുടൈഃ – തങ്ങളുടെ മാണിക്യഖചിതങ്ങളായ സ്വര്‍ണ്ണക്കിരീടങ്ങള്‍കൊണ്ട്; മ‍ാം സ്ഥഗയതി – എന്നെ മറയ്ക്കുന്നുവല്ലൊ.

എങ്ങും നിറഞ്ഞിരിക്കുന്ന സര്‍വ്വജ്ഞനായുള്ളോനേ! സല്‍ക്കര്‍മ്മങ്ങളുടെ ഫലംകൊണ്ടോ എന്നിലുള്ള കരുണകൊണ്ടോ നിന്തിരുവടി പ്രസാദിച്ചരുളുന്നുവെങ്കിലും നിന്തിരുവടിയുടെ മോഹനങ്ങളായ പദകമലങ്ങളെ ഞാനെങ്ങിനെയാണ് ദര്‍ശിക്കുക? നിന്തിരുവടിയെ നമസ്കരിക്കുന്നതിന്ന് ഉഴറുന്ന ദേവഗണങ്ങളുടെ കനകനിര്‍മ്മിതങ്ങളായ മാണിക്യമകുടങ്ങളാല്‍ ആ തൃപ്പാദപദ്മങ്ങ‍ള്‍ മറയ്ക്കപ്പെടുന്നുവല്ലോ!

ത്വമേകോ ലോകാന‍ാം പരമഫലദോ ദിവ്യപദവീം
വഹന്തസ്ത്വന്മൂല‍ാം പുനരപി ഭജന്തേ ഹരിമുഖാഃ |
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷ‍ാം വഹസി കരുണാപൂരിതദൃശാ || 18 ||

ശിവ! ലോകാന‍ാം – പരമേശ്വര! ജനങ്ങള്‍ക്കു; പരമഫലദഃ – ഉല്‍കൃഷ്ടങ്ങളായ ഫലങ്ങളെ ന‌ല്‍ക്കുന്നവ‍ന്‍ ; ത്വം ഏകഃ – നിന്തിരുവടി ഒരുവ‌ന്‍ ; ഹരിമുഖാഃ – വിഷ്ണുമുതലായ ദേവന്മാര്‍ ; ത്വന്മൂല‍ാം – നിന്തിരുവടി നിമ്മിത്തമായി; ദിവ്യപദവീം – ദേവന്മാര്‍ക്കുള്ള സ്ഥാനങ്ങളെ; വഹന്തഃ പുനഃ അപി – വഹിക്കുന്നവരായി വീണ്ടും; ഭജന്തേ – നിന്തിരുവടിയെത്തന്നെ സേവിക്കുന്നു; തവ ദാക്ഷിണ്യം – അങ്ങയുടെ കാരുണ്യം; കിയദ്വാ? – എത്ര വലിയത്?; മദാശ ച കിയതീ? – എന്റെ അനുഗ്രഹവും എമ്മാത്രം?; മദ്രക്ഷ‍ാം – എന്റെ രക്ഷയെ; കരുണാപൂരിതദൃശാ – കാരുണ്യംനിറഞ്ഞ കടാക്ഷംകൊണ്ട്; കദാ വാ വഹസി – എപ്പോഴാണ് ചെയ്യുന്നത് ?

പരമശിവ! ജനങ്ങള്‍ക്കു ഉല്‍ക്കൃഷ്ടഫലങ്ങളെ നല്‍കുന്നവ‍ന്‍ നിന്തിരുവടി ഒരുവന്‍ മാത്രം. വിഷ്ണുതുടങ്ങിയ ദേവന്മാര്‍ നിന്തിരുവടി കാരണമായി ദിവ്യപദവികളെ വഹിക്കുന്നവരായി വീണ്ടും വന്നു സേവിക്കുന്നു. അങ്ങയുടെ ദാക്ഷിണ്യം എത്ര വലിയത്? എന്റെ അനുഗ്രഹവും എമ്മാത്രം? കാരുണ്യപൂര്‍ണ്ണമായ കടാക്ഷത്താ‍ല്‍ എന്നെ എപ്പോഴാണ് കാത്തരുളുന്നത്?

ദുരാശാഭൂയിഷ്ഠേ ദുരധിപഗൃഹദ്വാരഘടകേ
ദുരന്തേ സംസാരേ ദുരിതനിലയേ ദുഃഖജനകേ |
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത്തവ ശിവ കൃതാര്‍ത്ഥാഃ ഖലു വയം || 19 ||

ദുരാശാഭൂയിഷ്ഠേ – ദുരാശക‍ള്‍ നിറഞ്ഞതായും; ദുരധിപഗൃഹദ്വാരഘടകേ ദുരന്തേ – ദുഷ്ടരാജാക്കന്മാരുടെ പടിവാതി‍ല്‍ക്കലേക്കു നയിക്കുന്നതായും അറ്റമില്ലാത്തതായും; ദുരിതനിലയേ – പാപങ്ങള്‍ക്കിരിപ്പിടമായും; ദുഃഖജനകേ – ദുഃഖത്തെ ഉണ്ടാക്കുന്നതായുമിരിക്കുന്ന; സംസാരേ മദായാസം – സംസാരത്തി‍ല്‍ ഞാന്‍ പെടുന്ന കഷ്ടത്തെ; കസ്യ ഉപകൃതയേ – ആ ബ്രഹ്മദേവന്നു വേണ്ടിയാണോ; ന വ്യപനയസി കിം ? – ദൂരീകരിക്കാതിരിക്കുന്നത് ?; വദ – അരുളിച്ചെയ്താലും; ശിവ ! തവ – പരമശിവ ! നിന്തിരുവടിക്കു; ഇയം പ്രീതിഃ ചേത് – ഇത് ഇഷ്ടമാണെന്നാ‍ല്‍ ; വയം കൃതാര്‍ത്ഥാഃ ഖലു – ഞങ്ങ‍ള്‍ കൃതാര്‍ത്ഥന്മാ‍ര്‍ തന്നെയാണല്ലോ.

ഹേ ദേവ! ദുരാശകള്‍ നിറഞ്ഞതും ദുഷ്ടരാജാക്കന്മാരുടെ ഗൃഹദ്വാരങ്ങളിലേക്കു വഴികാണിക്കുന്നതും ആഴമേറിയതും പാപങ്ങള്‍ക്കിരിപ്പിടവും ദുഃഖപ്രദവുമായ സംസാരത്തി‍ല്‍ ഞാ‍ന്‍ പെടുന്ന കഷ്ടത്തെ ആ ബ്രഹ്മദേവന്നു വേണ്ടിയാണോ നിന്തിരുവടി നീക്കം ചെയ്യാതിരിക്കുന്നത് ? അരുളിച്ചെയ്താലും. അങ്ങയ്ക്കു ഇത് പ്രിയമാണെന്നാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥന്മാര്‍തന്നെ.

സദാ മോഹാടവ്യ‍ാം ചരതി യുവതീന‍ാം കുചഗിരൌ
നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ |
കപാലിന്‍ ഭിക്ഷോ മേ ഹൃദയകപിമത്യന്തചപലം
ദൃഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ || 20 ||

കപാലി‍ന്‍ ! – കപാലം ധരിച്ചിരിക്കുന്ന; ഭിക്ഷോ! – ഭിക്ഷുരൂപധാരിയായ ശിവ; വിഭോ! – ദിവ്യമംഗളമൂര്‍ത്തേ!; പ്രഭോ! സദാ മോഹാടവ്യം; എല്ലായ്പോഴും അജ്ഞാനമാകുന്ന വനത്തില്‍ ; ചരതി – ചുറ്റിത്തിരിയുന്നു; യുവതീന‍ാം – തരുണീമണികളുടെ; കചവിരൗ – കുളുര്‍മുലകളാകുന്ന പര്‍വ്വതങ്ങളി‍ല് ‍; നടതി – കൂത്താടുന്നു; ഝടിതി അഭിധഃ – ഉടന്‍തന്നെ നാലുഭാഗങ്ങളിലും; ആശാശാഖാസു – ആശകളാകുന്ന കൊമ്പുകളില്‍ ; സ്വൈരം അടതി – തന്റെ ഇഷ്ടംപോലെ ഓടിനടക്കുന്നു; അത്യന്തചപലം – ഏറ്റവും ചപലനായിരിക്കുന്ന; മേ ഹൃദയകപിം – എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ;    ഭക്ത്യാ ദൃഢം ബദ്ധ്വാ – ഭക്തികൊണ്ട് മുറുകെ ബന്ധിച്ച്; ഭവദധീനം കുരു – നിന്തിരുവടിയ്ക്കു ധീനമാക്കി ചെയ്യേണമേ.

ഹേ കപാലിന്‍ ! അറിവില്ലായ്മയാകുന്ന അരണ്യത്തില്‍ അലഞ്ഞുനടക്കുന്നതും തരുണികളുടെ കുളുര്‍മുലകളാകുന്ന മലകളി‍ല്‍ കൂത്താടുന്നതും ഉടനടി നാനാഭാഗങ്ങളിലും സ്വേച്ഛപോലെ ഓടിനടക്കുന്നതും അതിചപലവുമായ എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ ഭക്തികൊണ്ടു മുറുകെ കെട്ടി അങ്ങയുടെ അധീനത്തിലാക്കിത്തീര്‍ക്കണമേ.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).