ഡൗണ്‍ലോഡ്‌ MP3

ഇതി ത്വയി രസാകുലം രമിതവല്ലഭേ വല്ലവാഃ
കദാഽപി പുരമംബികാകമിതുരംബികാകാനനേ
സമേത്യ ഭവതാ സമം നിശി നിഷേവ്യ ദിവ്യോത്സവം
സുഖം സുഷുപുരഗ്രസീദ് വ്രജപമുഗ്രനാഗസ്തദാ || 1 ||

ഇപ്രകാരം നിന്തിരുവടി രസാനുഭവംകൊണ്ടു പരവശമ‍ാംവണ്ണം ആ സുന്ദരിമാരെ രമിപ്പിച്ചുകോണ്ടിരിക്കവേ ഒരിക്കല്‍ ഗോപന്മാ‍ര്‍ അംബികാവനത്തിലെ പാര്‍വ്വതീപതിയായ ശ്രീപരമേശ്വരന്റെ ക്ഷേത്രത്തിലേക്കു നിന്തിരുവടിയൊന്നിച്ചുചെന്ന് അവിടെ ഉത്സവത്തില്‍ പങ്കുകൊണ്ട് രാത്രിയി‍ല്‍ സുഖമായി കിടന്നുറങ്ങി. ആ സമയം ഒരു ഘോരമായ പെരുമ്പാമ്പ് വ്രജനാഥനായ നന്ദഗോപനെ പിടികൂടി.

സമുന്മുഖമഥൊല്മുകൈഃ അഭിഹതേഽപി തസ്മിന്‍ ബലാത്
അമുഞ്ചതി ഭവത്പദേ ന്യപതി പാഹി പാഹീതി തൈഃ
തദാ ഖലു പദാ ഭവാന്‍ സമുപഗമ്യ പസ്പര്‍ശ തം
ബഭൗ സ ച നിജ‍ാം തനും സമുപസാദ്യ വൈദ്യാധിരീം. || 2 ||

ഉടന്‍തന്നെ വിറകുകൊള്ളികള്‍കൊണ്ട് ശക്തിയോടെ അടിക്കപ്പെട്ടിട്ടും കടിച്ചുകൊണ്ടിരുന്ന അത് പിടി വിടാതിരുന്നപ്പൊള്‍ ആ ഗോപന്മാര്‍ “രക്ഷിക്കണേ! രക്ഷിക്കണേ! എന്നിങ്ങിനെ അങ്ങയുടെ കാല്‍ക്ക‍ല്‍ വീണു നിലവിളിക്കവേ നിന്തിരുവടി ഉടനെതന്നെ അടുത്തുചെന്ന് കാല്‍കൊണ്ട് ചവിട്ടി; ആ പെരുമ്പാമ്പാകട്ടെ വിദ്യാധരസംബന്ധമായ തന്റെ സ്വന്തം രൂപത്തെ പ്രാപിച്ച് പരിശോഭിച്ചു.

സുദര്‍ശനധര ! പ്രഭോ നനു സുദര്‍ശനഖ്യോ‍സ്മ്യഹം
മുനീന്‍ ക്വചിദപഹാസം ത ഇഹ മ‍ാം വ്യധുര്‍വാഹസം
ഭവത്പദ സമര്‍പ്പണാദമലത‍ാം ഗതോഽസ്മീത്യസൗ
സ്തുവന്‍ നിജപദം യയൗ, വ്രജപദം ച ഗോപാ മുദാ . || 3 ||

സുദര്‍ശനപാണിയായ ഹേ ദേവ! ഞാന്‍ സുദര്‍ശന‍ന്‍ എന്നു പോരോടുകൂടിയ വിദ്യാധരന്‍തന്നെയാണ്. ഒരിടത്തുവെച്ച് മഹര്‍ഷിമാരെ പരിഹസിക്കുയുണ്ടായി; അവര്‍ എന്നെ ഇവിടെ ഒരു പെരുമ്പാമ്പാക്കി വിട്ടുകളഞ്ഞു; നിന്തിരുവടിയുടെ പാദസ്പര്‍ശംകൊണ്ട് ഞാ‍ന്‍ പരിശുദ്ധനായിത്തീര്‍ന്നിരിക്കുന്നു.” ഇപ്രകാരം സ്തുതിച്ചുകൊണ്ട് ഇവ‍ന്‍ സ്വസ്ഥാനമായ ഗന്ധര്‍വ്വലോകത്തിലേക്കുപോയി; ഗോപന്മാര്‍ സന്തോഷത്തോടുകൂടി ഗോപവാടത്തിലേക്കും യാത്രയായി.

കദാഽപി ഖലു സീരിണാ വിഹരതി ത്വയി സ്ത്രീജനൈഃ
ജഹാര ധനദാനുഗസ്സ കില ശംഖചൂഡോഽബലാഃ
അതിദ്രുതമനുദ്രുതസ്തമഥ മുക്തനാരീജനം
രുരോജിഥ, ശിരോമണിം ഹലഭൃതേ ച തസ്യാദദാഃ || 4 ||

ഒരിക്കല്‍ അഗ്രജനായ ബലരാമനോടും ഗോപികളോടുംകൂടി നിന്തിരുവടി ക്രീഡിച്ചുകൊണ്ടിരിക്കുമ്പോള്‍ കുബേരന്റെ അനുചരനായ ആ ശംഖചൂഢ‍ന്‍ എന്നവ‍ന്‍ സ്ത്രീകളെ അപഹരിച്ചുകൊണ്ടുപോയി; ഉടനെ നിന്തിരുവടി അതിവേഗത്തില്‍ അവനെ പിന്തുടര്‍ന്നുചെന്നു സ്ത്രീകളേയും വിട്ട് ഓടുന്നവനായ അവനെ നിഗ്രഹിച്ച് അവന്റെ സിരോരത്നത്തെ ബലഭദ്രന്നു സമ്മാനിക്കുകയും ചെയ്തു.

ദിനേഷു ച സുഹൃജ്ജനൈഃ സഹ വനേഷു ലീലാപരം
മനോഭവമനോഹരം രസിതവേണുനാദാമൃതം
ഭവന്തമമരീദൃശ‍ാം അമൃതപാരണാദായിനം
വിചിന്ത്യ കിമു നാലപന്‍ വിരഹതാപിതാ ഗോപികാഃ ? || 5 ||

പകല്‍ സമയങ്ങളി‍ല്‍ ചങ്ങാതികളോടുകൂടി വനങ്ങളി‍ല്‍ ലീലാതല്‍പരനായി സാക്ഷാ‍ല്‍ മന്മഥന്റെ മനസ്സിനെകൂടി വശീകരിക്കുന്നവനായി വേണുനാദത്തിന്റെ മാധുര്യത്തില്‍ രസിക്കുന്നവനായി അപ്സരസ്ത്രീകളുടെ നേത്രങ്ങള്‍ക്കു അമൃതപാരണ നല്‍കി കുളുര്‍മ നല്‍ക്കുന്നവനായിരിക്കുന്ന നിന്തിരുവടിയെ ചിന്തിച്ചുകൊണ്ടു വിരഹതാപത്തോടു കൂടിയ ആ ഗോപസ്ത്രീകള്‍ എന്ത് ആലാപത്തെയാണ് ചെയ്യാതിരുന്നത്?

ഭോജരാജഭൃത്യകസ്ത്വഥ കശ്ചിത് കഷ്ട-ദുഷ്ടപഥ ദൃഷ്ടിരരിഷ്ടഃ
നിഷ്ഠുരാകൃതിരപഷ്ഠുനിനാദഃ തിഷ്ഠതേ സ്മ ഭവതേ വൃഷരൂപീ || 6 ||

അനന്തരമൊരുനാള്‍ പരോപദ്രവത്തിലും ദുര്‍മാര്‍ഗത്തിലും താല്പര്‍യ്യത്തോടു കൂടിയവനായ കംസന്റെ ഭൃത്യനായ അരിഷ്ടനെന്ന ഒരസുരന്‍ ഭയങ്കരസ്വരുപത്തോടും കഠോരമായ ശബ്ദത്തോടുംകൂടിയ ഒരു കാളയുടെ രുപത്തില്‍ നിന്തിരുവടിയെ എതിരിട്ടു.

ശാക്വരോഽഥ ജഗതീധൃതിഹാരീ മൂര്‍ത്തിമേഷ ബൃഹന്തീം പ്രദധാനഃ
പംക്തിമാശു പരിഘൂര്‍ണ്യ പശൂന‍ാം ഛന്ദസ‍ാം നിധിമവാപ ഭവന്തം || 7 ||

അനന്തരം വൃഷഭരുപിയായി ലോകത്തി‍ല്‍ എല്ലാവരുടെ ധൈര്‍യ്യത്തേയും അപഹരിക്കുന്നവനായി ഏറ്റവും വലിയ ശരീരത്തോടുകൂടിയവനായ ആ അസുരന്‍ പശുക്കൂട്ടങ്ങളെ വിരട്ടിയോടിച്ച്കൊണ്ട് വേദഗജനായ നിന്തിരുവടിയെ സമീപിച്ചു.

തുംഗശൃംഗമുഖമാശ്വഭിയന്തം സംഗൃഹയ്യ രഭസാദദിയം തം
ഭദ്രരൂപമപി ദൈത്യമഭദ്രം മര്‍ദ്ദയന്നമദയഃസുരലോകം. || 8 ||

ഉയര്‍ന്നുനില്ക്കുന്ന കൊമ്പുകളുടെ അഗ്രങ്ങളോടുകൂടിയവനായി അതിവേഗത്തില്‍ നേരിട്ടു പാഞ്ഞുവരുന്ന നിര്‍ഭയനും വൃഷഭരുപിയാണെങ്കിലും ദുഷ്ടനുമായിരിക്കുന്ന ആ അസുരനെ വേഗത്തില്‍ കടന്നുപിടിച്ച് മുഷ്ടികൊണ്ട് ഞെരിച്ച് ദേവന്മാരെ സന്തോഷിപ്പിച്ചു.

ചിത്രമദ്യ ഭഗവന്‍ ! വൃഷഘാതാത് സുസ്ഥിരാഽജനി വൃഷസ്ഥിതിരുര്‍വ്യ‍ാം
വര്‍ദ്ധതേ ച വൃഷചേതസി ഭൂയാന്‍ മോദ ഇത്യഭിനുതോഽസി സുരൈസ്ത്വം. || 9 ||

‘വൃഷഭനിഗ്രഹംകൊണ്ട് ഇപ്പോള്‍ ഭൂലോകത്തില്‍ ധര്‍മ്മത്തിന്റെ പ്രതിഷ്ഠ ഇളക്കമില്ലാത്തതായിത്തീര്‍ന്നു; ദേവേന്ദ്രന്റെ മനസ്സില്‍ മേല്‍ക്കുമേ‍ല്‍ സന്തോഷം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. ഇത് ആശ്ചര്‍യ്യംതന്നെ ഹേ ഭഗവാനേ!” എന്നിങ്ങിനെയെല്ല‍ാം ദേവന്മാരാല്‍ നിന്തിരുവടി സ്തുതിക്കപ്പെട്ടവനായി ഭവിക്കുന്നു.

ഔക്ഷകാണി! പരിധാവത ദൂരം വീക്ഷ്യത‍ാം അയമിഹോക്ഷവിഭേദീ
ഇത്ഥമാത്തഹസിതൈഃസഹ ഗോപൈഃ ഗേഹഗസ്ത്വമവ വാതപുരേശ! || 10 ||

കാളകളേ! നിങ്ങള്‍ ദൂരെയെവിടെയെങ്കിലും ഓടിപ്പോയ്ക്കോള്‍വി‍ന്‍ ! ഇവിടെ ഈ കാളയെക്കൊന്നവനെ കണ്ടുകൊള്‍വിന്‍ ! എന്നിങ്ങിനെ ചിരിച്ചു പരിഹസിക്കുന്നവരായ ഇടയബാലന്മാരോടുകൂടി വീട്ടിലെത്തിച്ചേര്‍ന്നു നിന്തിരുവടി ഹേ ഗുരുവായൂരപ്പ ! എന്നെ രക്ഷിക്കേണമേ.

സുദര്‍ശനശാപമോക്ഷാദിവര്‍ണ്ണനം എന്ന എഴുപത‍ാംദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 718.
വൃത്തം 1-5 പൃത്ഥി. ലക്ഷണം. ജസം ജസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥിയ‍ാം
വൃത്തം. 6- 10 സ്വാഗത . ലക്ഷണം. സ്വാഗതയ്ക്കു രനഭം ഗുരു രണ്ടും.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.