ഡൗണ്‍ലോഡ്‌ MP3

ശക്രേണ സംയതി ഹതോപി ബലിര്‍മഹാത്മാ
ശുക്രേണ ജീവിതതനു: ക്രതുവര്‍ദ്ധിതോഷ്മാ |
വിക്രാന്തിമാന്‍ ഭയനിലീനസുര‍ാം ത്രിലോകീം
ചക്രേ വശേ സ തവ ചക്രമുഖാദഭീത: || 1 ||

ദേവേന്ദ്രനാല്‍ പോരി‍ല്‍ കൊല്ലപ്പെട്ടുവെങ്കിലും മഹാനുഭാവനായ അ ബലി ശുക്രചാര്യനാല്‍ ജീവിക്കപ്പെട്ട ശരീരത്തോടുകൂടിയവനും യാഗനുഷ്ഠാനംകൊണ്ടു വര്‍ദ്ധിക്കപ്പെട്ട തേജസ്സോടുകൂടിയവനും പരാക്രമശാലിയുമായി ഭവിച്ചു അങ്ങയുടെ സുദര്‍ശനചക്രത്തില്‍നിന്നുകൂടി ഭയമില്ലാത്തവനായിട്ട് പേടിച്ചു ഒളിച്ച ദേവന്മാരോടുകൂടിയ മുന്നു ലോകങ്ങളേയും തന്റെ അധീനത്തിലാക്കി.

പുത്രാര്‍ത്തിദര്‍ശനവശാദദിതിര്‍വിഷണ്ണാ
തം കാശ്യപം നിജപതിം ശരണം പ്രപന്നാ |
ത്വത്പൂജനം തദുദിതം ഹി പയോവ്രതാഖ്യം
സാ ദ്വാദശാഹമചരത്ത്വയി ഭക്തിപൂര്‍ണ്ണാ || 2 ||

ദേവമാതാവായ അദിതീദേവി സ്വപുത്രന്മാരുടെ ദുഃഖത്തെ കണ്ട് സങ്കടത്തോടുകൂടിയവളായിട്ട് തന്റെ ഭര്‍ത്താവായ ആ കാശ്യപപ്രജാപതിയെ ശരണം പ്രാപിച്ചു. അവള്‍ അദ്ദേഹത്താല്‍ ഉപദേശിക്കപ്പെട്ടു പയോവൃതം എന്ന വിശിഷ്ടമായ അങ്ങയുടെ വ്രതത്തെ നിന്തിരുവടിയില്‍ നിറഞ്ഞ ഭക്തിയോടുകൂടിയവളായി പന്ത്രണ്ടു ദിവസങ്ങള്‍ മുഴുവനും ആചരിച്ചു.

തസ്യാവധൗ ത്വയി നിലീനമതേരമുഷ്യാ:
ശ്യാമശ്ചതുര്‍ഭുജവപു: സ്വയമാവിരാസീ: |
നമ്ര‍ാം ച താമിഹ ഭവത്തനയോ ഭവേയം
ഗോപ്യം മദീക്ഷണമിതി പ്രലപന്നയാസീ: || 3 ||

അതിന്റെ അവസാനത്തില്‍ അങ്ങയി‍ല്‍ ലയിച്ചിരിക്കുന്ന മനസ്സോടുകൂടിയ അദിതിക്ക് ശ്യാമളനിറത്തോടുകൂടിയവനും നാലു തൃക്കൈകളോടുകുടിയ ശരീരത്തോടുകൂടിയവനുമായ നിന്തിരുവടി സ്വയമേവ പ്രത്യക്ഷനായി; തിരുമുമ്പില്‍ നമസ്മരിച്ചുകൊണ്ടു നില്ക്കുന്ന അവളൊടു ഭവതിയുടെ പുത്രനായി ഞാന്‍ അവതരിക്കുന്നതാണ്. എന്റെ ദര്‍ശനം പരമരഹസ്യമായി വെച്ചുകൊള്ളണം എന്നിങ്ങിനെ അരുളിച്ചെയ്തശേഷം അങ്ങ് അവിടെനിന്നു മറഞ്ഞു.

ത്വം കാശ്യപേ തപസി സന്നിദധത്തദാനീം
പ്രാപ്തോസി ഗര്ഭമദിതേ: പ്രണുതോ വിധാത്രാ |
പ്രാസൂത ച പ്രകടവൈഷ്ണവദിവ്യരൂപം
സാ ദ്വാദശീശ്രവണപുണ്യദിനേ ഭവന്തം || 4 ||

അപ്പോള്‍ നിന്തിരുവടി കാശ്യപന്റെ തപസ്സി‍ല്‍ സന്നിധാനം ചെയ്ത് അദിതിയുടെ ഗര്‍ഭത്തെ പ്രാപിച്ച് ബ്രഹ്മദേവനാ‍ല്‍ സ്തുരിക്കപ്പെട്ടാവനായി ഭവിച്ചു.  ആ അദിതിയും സ്പഷ്ടമായ വൈഷ്ണവതേജസ്സാര്‍ന്ന ദിവ്യരുപത്തോടുകൂടിയ നിന്തിരുവടിയെ ശ്രവണദ്വാദശിയെന്ന പുണ്യദിവസത്തില്‍ പ്രസവിച്ചു.

പുണ്യാശ്രമം തമഭിവര്ഷതി പുഷ്പവര്‍ഷൈര്‍ –
ഹര്‍ഷാകുലേ സുരഗണേ കൃതതൂര്യഘോഷേ |
ബദ്ധ്വാഞ്ജലിം ജയ ജയേതി നുത: പിതൃഭ്യ‍ാം
ത്വം തത്ക്ഷണേ പടുതമം വടുരൂപമാധാ: || 5 ||

ദേവന്മാരാല്‍ സന്തോഷപരവശന്മാരായി പെരുമ്പറ മുഴക്കിക്കൊണ്ട് ആ പരിപാവനമായ കാശ്യപാശ്രമത്തെ പുഷ്പവര്‍ഷംകൊണ്ട് ചൊരിയുമ്പോ‍ള്‍ കൂപ്പുകൈയോടെ ജയിച്ചാലും ജയിച്ചാലും എന്ന് മാതാപിതാക്കന്മാരാല്‍ കീര്‍ത്തിക്കപ്പെട്ട നിന്തിരുവടി അടുത്ത ക്ഷണത്തില്‍ അതിസമര്‍ത്ഥമായ ബ്രഹ്മചാരിയുടെ രുപത്തെ കൈക്കൊണ്ടു.

താവത്പ്രജാപതിമുഖൈരുപനീയ മൗഞ്ജീ-
ദണ്ഡാജിനാക്ഷവലയാദിഭിരര്‍ച്ച്യമാന: |
ദേദീപ്യമാനവപുരീശ കൃതാഗ്നികാര്യ-
സ്ത്വം പ്രാസ്ഥിഥാ ബലിഗൃഹം പ്രകൃതാശ്വമേധം || 6||

ഐശ്വര്യപരിപൂര്‍ണ്ണനായ ദേവ! ആ സമയം കശ്യപപ്രജാപതി മുതലായവരാല്‍ ഉപനയനം കഴിച്ച് മേഖല, ദണ്ഡം, കൃഷ്ണാജിനം, രുദ്രാക്ഷം മുതലായവയാല്‍ പൂജിക്കപ്പെട്ട് തേജസ്സുകൊണ്ടുജ്ജ്വലിക്കുന്ന ശരീരത്തോടുകൂടിയ നിന്തിരുവടി അഗ്നികാര്‍യ്യം അനുഷ്ഠിച്ച് അശ്വമേധയാഗം നടന്നുകൊണ്ടിരിക്കുന്ന ബലിചക്രവര്‍ത്തിയുടെ ഗൃഹത്തിലേക്കു പുറപ്പെട്ടു.

ഗാത്രേണ ഭാവിമഹിമോചിതഗൗരവം പ്രാ-
ഗ്വ്യാവൃണ്വതേവ ധരണീം ചലയന്നായാസീ: |
ഛത്രം പരോഷ്മതിരണാര്‍ത്ഥമിവാദധാനോ
ദണ്ഡം ച ദാനവജനേഷ്വിവ സന്നിധാതും || 7 ||

ഭാവിയില്‍ സംഭവിക്കുവാ‍ന്‍ പോകുന്ന മഹിമക്കനുരൂപമായ ഗൗരവത്തെ കാലേകൂട്ടിത്തന്നെ വെളിപ്പെടുത്തുന്നതോ എന്നു തോന്നുമാറ് ശരീരത്താല്‍ ഭൂമിയെ ചലിപ്പിച്ചുകൊണ്ട്, ശത്രുക്കളുടെ ഊഷ്മാവിനെ മറയ്ക്കുവാനെന്ന വിധം കുടയേയും അസുരന്മാരില്‍ പ്രയോഗിപ്പാനോ എന്നു തോന്നുമാറ് ദണ്ഡത്തേയും ധരിച്ചുകൊണ്ട് നിന്തിരുവടി യാത്രയായി.

ത‍ാം നര്‍മ്മദോത്തരതടേ ഹയമേധശാലാ-
മാസേദുഷി ത്വയി രുചാ തവ രുദ്ധനേത്രൈ: |
ഭാസ്വാന്‍ കിമേഷ ദഹനോ നു സനത്കുമാരോ
യോഗീ നു കോയമിതി ശുക്രമുഖൈശ്ശശങ്കേ || 8 ||

നര്‍മ്മദാനദിയുടെ വടക്കെക്കരയിലുള്ള ആ അശ്വമേധയാഗശാലയെ നിന്തിരുവടി പ്രാപിച്ചപ്പോള്‍ അങ്ങയുടെ തേജസ്സുകൊണ്ട് തടയപ്പെട്ട കാഴ്ചയോടുകൂടിയ ശുക്രാചാര്യ‍ന്‍ മുതലായവരാ‍ല്‍ ഇദ്ദേഹം സൂര്യനാണോ? അതോ അഗ്നിതന്നെയോ? അതല്ലാ, യോഗിശ്വരനായ സനത്കുമാരന്‍ തന്നെയാണോ? ഇദ്ദേഹം ആരാണ്? എന്നിങ്ങനെ സംശയിക്കപ്പെട്ടു.

ആനീതമാശു ഭൃഗുഭിര്‍മഹസാഭിഭൂതൈ-
സ്ത്വ‍ാം രമ്യരൂപമസുര: പുലകാവൃത‍ാംഗ: |
ഭക്ത്യാ സമേത്യ സുകൃതീ പരിണിജ്യ പാദൗ
തത്തോയമന്വധൃത മൂര്‍ദ്ധനി തീര്‍ത്ഥതീര്‍ത്ഥം || 9 ||

തേജസ്സുകൊണ്ട് ഒളിമങ്ങിപ്പോയവരായ ശുക്രാചാര്യ‍ന്‍ മുതലായവരാ‍ല്‍ അതിവേഗത്തില്‍ ആദരപൂര്‍വ്വം എതിരേറ്റു സ്വീകരിക്കപ്പെട്ട മോഹനരൂപമാര്‍ന്ന  നിന്തിരുവടിയെ സുകൃതംചെയ്തവനായ അസുരേശ്വരന്‍ രോമാഞ്ചമണിഞ്ഞ ശരീരത്തോടെ ഭക്തിപൂര്‍വ്വം അടുത്തുവന്ന് കാ‍ല്‍ കഴുകിച്ച് തീര്‍ത്ഥത്തിന്നു പരിശുദ്ധി നല്‍കുന്നതായ ആ പാദതീര്‍ത്ഥത്തെ ശിരസ്സി‍ല്‍ ധരിച്ചു.

പ്രഹ്ലാദവംശജതയാ ക്രതുഭിര്‍ദ്വിജേഷു
വിശ്വാസതോ നു തദിദം ദിതിജോപി ലേഭേ |
യത്തേ പദ‍ാംബു ഗിരിശസ്യ ശിരോഭിലാല്യം
സ ത്വം വിഭോ ഗുരുപുരാലയ പാലയേഥാ: || 10 ||

ശ്രീ പരമേശ്വരന്റെ ശിരസ്സുകൊണ്ട് ലാളിക്കപ്പെടുന്ന നിന്തിരുവടിയുടെ യാതൊരു ആ പാദതീര്‍ത്ഥം അസുരനായിരുന്നിട്ടും ഭക്താഗ്രണിയായ പ്രഹ്ലാദന്റെ വംശത്തി‍ല്‍ ജനിച്ചു എന്നതുകൊണ്ടോ യാഗങ്ങള്‍ ഹേതുവായിട്ടൊ ബ്രഹ്മജ്ഞരായ ബ്രാഹ്മണരിലുള്ള വിശ്വാസംകൊണ്ടുതന്നെയൊ ഈ മഹാബലിക്കു ലഭിച്ചു; സര്‍വ്വേശ്വരനായ ഗുരുവായൂരപ്പാ ! അപ്രകാരമുള്ള നിന്തിരുവടി രക്ഷിക്കേണമേ.

വാമനാവതാരവര്‍ണ്ണനം എന്ന മുപ്പത‍ാം ദശകം സമാപ്തം. ആദിതഃ ശ്ലോകാഃ 314.
വൃത്തം.വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.