ഡൗണ്‍ലോഡ്‌ MP3

അന്യാവതാര – നികരേഷ്വനിരീക്ഷിതം തേ
ഭൂമാതിരേകഭിവീക്ഷ്യ തദാഽഘമോക്ഷേ
ബ്രഹ്മാ പരീക്ഷിതുമനാഃസ പരോക്ഷഭാവം
നിന്യേഽഥ വത്സകഗണാന്‍ പ്രവിതത്യ മായ‍ാം. || 1 ||

അപ്പോള്‍ അഘാസുരന്നു മോക്ഷം നല്‍കിയ വിഷയത്തി‍ല്‍ ഇതര അവതാരങ്ങളി‍ല്‍ കാണപ്പെടാത്തതായ അങ്ങയുടെ മാഹാത്മ്യാതിശയത്തെ പ്രത്യക്ഷത്തില്‍ കണ്ടിട്ട് ആ ബ്രഹ്മദേവന്‍ അങ്ങയെ പരീക്ഷിക്കേണമെന്ന് ഇച്ഛിച്ചുകൊണ്ട് അനന്തരം തന്റെ മായയെ പ്രയോഗിച്ച് പശുക്കുട്ടികളെയെല്ല‍ാം കാഴ്ചയില്‍ മറച്ചു.

വത്സാനവീക്ഷ്യ വിവശേ പശുപോത്കരേ, താന്‍
ആനേതുകാമ ഇവ ധാതൃമതാനുവര്‍ത്തീ
ത്വം സാമിഭുക്തകബളോ ഗതവ‍ാംസ്തദാനീം
ഭുക്ത‍ാംസ്ഥിരോധിത സരോജഭവഃ കുമാരാന്‍ || 2 ||

പശുക്കിടാങ്ങളെ കാണാതെ ഗോപന്മാര്‍ തിരഞ്ഞുനടന്നു പരവശരായിത്തീര്‍ന്നപ്പോ‍ള്‍ പകുതിമാത്രം ഭക്ഷിച്ച അന്നകബളത്തോടുകൂടിയ നിന്തിരുവടി ബ്രഹ്മാവിന്റെ ഇച്ഛയനുസരിച്ച് അവയെ തിരഞ്ഞുകൊണ്ടുവരുവാനെന്നവണ്ണം അവിടെനിന്നു പോയി. ആ സന്ദര്‍ഭത്തില്‍ ബ്രഹ്മാവ് ഭോജനം ചെയ്തുകൊണ്ടിരിക്കുന്ന പശുബാലന്മാരേയും മറച്ചുകളഞ്ഞു.

വത്സയിതസ്തദനു ഗോപഗണായിതസ്ത്വം
ശിക്യാദി ഭാണ്ഡമുരളീ-ഗവലാദിരുപഃ
പ്രാഗ്വദ്വിഹൃത്യ വിപിനേഷു ചിരായ സായം
ത്വം മായയാഥ ബഹുധാ വ്രജമായയാഥ .. || 3 ||

തദനന്തരം നിന്തിരുവടി സ്വമായയാല്‍ പശുക്കുട്ടികളായിട്ടും ഗോപകുമാരന്മാരുടെ സ്വരൂപത്തിലും ഉറി, കലങ്ങള്‍‍ , കുഴുലുകള്‍ , കൊമ്പുകല്‍ തുടങ്ങിയവയായിട്ടും വിവിധ രൂപങ്ങളില്‍ മുമ്പിലത്തെപോലെതന്നെ വനാന്തരത്തി‍ല്‍ വളരെനേരം പലപ്രകാരത്തി‍ല്‍ ക്രീഡിച്ചിട്ട് അനന്തരം സന്ധ്യ സമീപിച്ചപ്പോ‍ള്‍ അമ്പാടിയിലേക്ക് മടങ്ങിച്ചെന്നു.

ത്വാമേവ ശിക്യഗവലാദിമയം ദധാനോ
ഭൂയസ്ത്വമേവ പശുവത്സകഃ ബാലരൂപഃ
ഗോരുപിണീഭിരപി ഗോപവധൂമയീഭിഃ
ആസാദിതോ‍ഽസി ജനനീഭിരതിപ്രഹര്‍ഷാത് || 4 ||

അതിന്നുശേഷവും പശുക്കുട്ടികളായും ഗോപബാലന്മാരായും ഭവിച്ച നിന്തിരുവടിതന്നെ ഉറി, കൊമ്പ് മുതലായ രൂപങ്ങളായ്‍ത്തീര്‍ന്ന നിന്തിരുവടിയെത്തന്നെ ധരിക്കുന്നവനായി, പശുക്കളായും ഗോപസ്തീകളായുമുള്ള മാതാക്കളാല്‍ അതിസന്തോഷത്തോടെ പ്രാപിക്കപ്പെട്ടവനായി ഭവിച്ചു.

ജീവം ഹി കഞ്ചിദഭിമാനവശാത് സ്വകീയം
മത്വാ തനുജ ഇതി രാഗഭരം വഹന്ത്യഃ
ആത്മാനമേവ തു ഭവന്തമവാപ്യ സൂനും
പ്രീതിം യയുര്‍ന്ന കിയതീം വനിതാശ്ച ഗാവഃ! || 5 ||

ഏതൊ ഒരു ജീവനെ അഭിമാനംനിമിത്തം പുത്രനാണെന്ന് തന്റെതായി വിചാരിച്ച് വാത്സല്യാധിക്യത്തെ വഹിക്കുന്നവരായിരിക്കെ, ഗോപവധുക്കളും പശുക്കളും ആത്മാവായിത്തന്നെ സ്ഥിതിചെയ്യുന്ന നിന്തിരുവടിയെതന്നെ തനയനായി ലഭിച്ചപ്പോള്‍ ഏതൊരുവിധത്തിലുള്ള സന്തോഷത്തെ പ്രാപിച്ചിരിക്കയില്ല.

ഏവം പ്രതിക്ഷണ വിജൃംഭിത ഹര്‍ഷഭാര
നിശ്ശേഷഗോപഗണ ലാളിതഭുരിതമൂര്‍ത്തിം
ത്വാമഗ്രജോഽപി ബുബുധേ കില വത്സരാന്തേ
ബ്രഹ്മാത്മനോരപി മഹാന്‍ യുവയോര്‍ വിശേഷഃ || 6 ||

ഇപ്രകാരം അനുനിമിഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രേമത്തോടുകൂടിയ എല്ലാ ഗോപന്മാരാലും പരിലാളിക്കപ്പെട്ട അനേക മൂര്‍ത്തികളോടുകൂടിയ നിന്തിരുവടിയെ ജ്യേഷ്ഠനായ ബലഭ്രദ്രന്‍കൂടി ഒരു വര്‍ഷത്തിന്നുശേഷമേ തിരിച്ചറിഞ്ഞുള്ളുവത്രെ. ബ്രഹ്മസ്വരുപികളാണെങ്കിലും നിങ്ങളിരുവരും തമ്മില്‍ മഹത്തായ വ്യത്യാസമുണ്ട്.

വര്‍ഷാവധൗ നവപുരാതന വത്സപാലാന്‍
ദൃഷ്ട്വാ വിവേകകസൃണേ ദ്രുഹിണേ വിമൂഢേ
പ്രാദിദൃശഃ പ്രതിനവാന്‍ മകുട‍ാംഗദാദി
ഭൂഷ‍ാംശ്ചതുര്‍ഭുജയുജഃസജല‍ാംഭുദാഭാന്‍ || 7 ||

കൊല്ലാവസാനത്തില്‍ പുതിയവയും പഴയവയുമായ പശുക്കുട്ടികളേയും ഗോപകുമാരന്മാരേയും കണ്ടിട്ട് തിരിച്ചറിയുന്നതിന്നു ശക്തനായി ബ്രഹ്മദേവന്‍ വിഷമിച്ചു നില്ക്കവേ, പുതിയ ഓരോന്നിനേയും കിരീടം, തോള്‍വള മുതലായ ആഭരണങ്ങളോടുകൂടിയവരാലും നാലു കൈകളുള്ളവരായും നീരുണ്ട മുകിലിന്റെ ശോഭയോടുകൂടിയവതുമായിട്ടു പ്രത്യേകം കാണിച്ചുകൊടുത്തു.

പ്രത്യേകമേവ കമലാപരിലാളിത‍ാംഗാന്‍
ഭോഗീന്ദ്ര ഭോഗശയനാന്‍ നയനാഭിരാമാന്‍
ലീലാനിമീലിതദൃശഃസനകാദിയോഗി
വ്യസേവിതാന്‍ കമലഭൂര്‍ ഭവതോ ദദര്‍ശ || 8 ||

ഓരോരുത്തരേയും പ്രത്യേകമായിത്തന്നെ ശ്രീദേവയാല്‍ പരിചരിക്കപ്പെട്ട അംഗങ്ങളോടുകൂടിയവരായിട്ടും ആദിശേഷനാകുന്ന ശയ്യയില്‍ പള്ളി കൊള്ളുന്നവരായിട്ടും കണ്ണിന്നു കൗതുകമണയ്ക്കുന്നവരായിട്ടും യോഗനിദ്രയെ ആശ്രയിച്ചവരായി സനകാദിയോഗീശ്വന്മാരാല്‍ പരിസേവിക്കപ്പെടുന്നവരായിട്ടും ഭവാന്മാരെ ബ്രഹ്മാവ് ദര്‍ശിച്ചു.

നാരയണാകൃതിസംഖ്യതമ‍ാം നിരീക്ഷ്യ
സര്‍വ്വത്ര സേവകമപി സ്വമവേക്ഷ്യ ധാതാ
മായാ നിമഗ്ന ഹൃദയോ വിമുമോഹ യാവ
ദേകോ ബഭൂവിഥ തദാ കബളാര്‍ദ്ധപാണിഃ || 9 ||

ബ്രഹ്മദേവന്‍ സംഖ്യയില്ലാതോളമുള്ള നാരായണസ്വരുപങ്ങളെ കണ്ടിട്ട്, അവിടങ്ങളിലെല്ല‍ാം തന്നെത്തന്നെയും സേവകഭാവത്തില്‍ സ്ഥിതിചെയ്യുന്നവനായിട്ടും കണ്ട്, മായയില്‍ മുഴുകിയ മനസ്സോടുകൂടിയവനായി മോഹത്തെ പ്രാപിച്ചപ്പോ‍ള്‍ നിന്തിരുവടി ഏകസ്വരുപനായി കയ്യില്‍ പകുതി ഉരുളയോടുകൂടിയവനായി ഭവിച്ചു.

നശ്യന്മദേ തദനു വിശ്വപതിം മുഹുസ്ത്വ‍ാം
നത്വാ ച നൂതവതി ധാതരി ധാമ യാതേ
പോതൈഃസമം പ്രമുദിതൈഃപ്രവിശന്‍ നികേതം
വാതലയാധിപ ! വിഭോ ! പരിപാഹി രോഗാത്. || 10 ||

അല്ലയോ സര്‍വ്വവ്യാപിയായുള്ളോവേ ! അഹങ്കാരം നശിച്ചു ബ്രഹ്മദേവന്‍ ലോകേശ്വരനായ നിന്തിരുവടിയെ വീണ്ടും വീണ്ടും നമസ്കരിച്ചു സ്തുതിക്കുന്ന വനായിത്തന്നെ സത്യലോകത്തിലേക്കു പോയതിന്നുശേഷം ആഹ്ലാദത്തോടുകൂടിയ ഗോപബാലന്മാരൊന്നിച്ച് അമ്പാടിയില്‍ പ്രവേശിക്കുന്നവനായ അല്ലേ ഗുരുവായൂരമരുന്ന പുണ്യമൂര്‍ത്തേ ! രോഗങ്ങളില്‍നിന്നും കാത്തരുളിയാലും.

വത്സാപഹാരവര്‍ണ്ണനം എന്ന അമ്പത്തിരണ്ട‍ാംദശകം സമാപ്തം.

ആദിതഃ ശ്ലോകാഃ 538

വൃത്തം. വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.