ഡൗണ്‍ലോഡ്‌ MP3

ഏവം ചതുര്‍ദശജഗന്മയത‍ാം ഗതസ്യ
പാതാളമീശ തവ പാദതലം വദന്തി |
പാദോര്‍ദ്ധ്വദേശമപി ദേവ രസാതലം തേ
ഗുല്ഫദ്വയം ഖലു മഹാതലമദ്ഭുതാത്മന്‍ || 1 ||

ഹേ ജഗദീശ്വര! ഇപ്രകാരം പതിന്നാലു ലോകങ്ങളാകുന്ന സ്വരുപത്തെ പ്രാപിച്ചിരിക്കുന്ന വിരാട് സ്വരുപിയായ അങ്ങയുടെ ഉള്ളങ്കാലുകളെ പാതാളമെന്നും അല്ലേ പ്രകാശത്മക! അങ്ങയുടെ പുറവടികളെയാവട്ടെ രസാതലമെന്നും അല്ലയോ അത്ഭുതസ്വരുപ! അങ്ങയുടെ കണങ്കാലുകളെ തന്നെ മഹാതലമെന്നും പറയുന്നു.

ജംഘേ തലാതലമഥോ സുതലം ച ജാനൂ
കിഞ്ചോരുഭാഗയുഗലം വിതലാതലേ ദ്വേ |
ക്ഷോണീതലം ജഘനംമംബരമംഗ നാഭിര്‍ ‍-
വക്ഷശ്ച ശക്രനിലയസ്തവ ചക്രപാണേ || 2 ||

ഹേ ചക്രാപാണേ! മുന്‍പറഞ്ഞവയ്ക്കു പുറമെ നിന്തിരുവടിയുടെ മുഴങ്കാലുക‍ള്‍ രണ്ടും തലാതലമെന്ന ലോകവും കാല്‍മുട്ടുക‍ള്‍ സുതലവും എന്നല്ല, തുടകള്‍ രണ്ടും വിതലം, അതലം എന്ന രണ്ടു ലോകങ്ങളും അരക്കെട്ടിന്റെ മുന്‍വശം ഭൂലോകവും പൊക്കി‍ള്‍ ആകാശവും മാര്‍വ്വിടം സ്വര്‍ഗ്ഗ ലോകവും ആകുന്നു.

ഗ്രീവാ മഹസ്തവ മുഖം ച ജനസ്തപസ്തു
ഫാലം ശിരസ്തവ സമസ്തമയസ്യ സത്യം |
ഏവം ജഗന്മയതനോ ജഗദാശ്രിതൈര-
പ്യന്യൈര്‍നിബദ്ധവപുഷേ ഭഗവന്നമസ്തേ || 3 ||

നിന്തിരുവടിയുടെ കഴുത്ത് മഹര്‍ല്ലോകവും മുഖം ജനര്‍ലോകവും നെറ്റിത്തടം തപോലോകവും സര്‍വ്വസ്വരുപിയായ നിന്തിരുവടിയുടെ ശിരസ്സ് സത്യലോകവും ആകുന്നു.  ജഗത്സ്വരുപനായ ഭഗവന്‍! ഇങ്ങിനെ ലോകത്തെ ആശ്രയിച്ചിരിക്കുന്ന മറ്റു വസ്തുക്കളാലും കല്പിക്കപ്പെട്ട ശരീരത്തോടുകൂടിയ അങ്ങയ്ക്കായ്ക്കൊണ്ട് നമസ്കാരം.

ദ്ബ്രഹ്മരന്ധ്രപദമീശ്വര വിശ്വകന്ദ
ഛന്ദ‍ാംസി കേശവ ഘനാസ്തവ കേശപാശാ: |
ഉല്ലാസിചില്ലിയുഗളം ദ്രുഹിണസ്യ ഗേഹം
പക്ഷ്മാണി രാത്രിദിവസൗ സവിതാ ച നേത്രൈ || 4 ||

ജഗല്‍ക്കാരണനായി ജഗന്നിയന്താവായിരിക്കുന്ന ഭഗവാനേ! അങ്ങയുടെ ബ്രഹ്മരന്ധ്രസ്ഥാനം (സുഷുമ്നാനാഡിയുടെ  അഗ്രം) വേദങ്ങളാകുന്നു; പ്രശസ്തങ്ങളായ കേശപാശങ്ങളൊടുകൂടിയ ഭഗവന്‍! അങ്ങയുടെ തലമുടി മേഘങ്ങളും കമനീയങ്ങളായ പുരികക്കൊടികള്‍ രണ്ടും ബ്രഹ്മദേവന്റെ സ്ഥാനവും അക്ഷിരോമങ്ങള്‍ രാപ്പകലുകളും കണ്ണുകള്‍ ആദിത്യനുമാകുന്നു.

നിശ്ശേഷവിശ്വരചനാ ച കടാക്ഷമോക്ഷ:
കര്‍ണ്ണൗ ദിശോശ്വിയുഗലം തവ നാസികേ ദ്വേ |
ലോഭത്രപേ ച ഭഗവന്നധരോത്തരോഷ്ഠൗ
താരാഗണാശ്ച ദശനാ: ശമനശ്ച ദംഷ്ട്രാ || 5 ||

ഹേ ഭഗവന്‍! നിന്തിരുവടിയുടെ കടാക്ഷവീക്ഷണമാകട്ടെ പ്രപഞ്ചമഖിലത്തിന്റേയും സൃഷ്ടികര്‍മ്മമാകുന്നു.  കര്‍ണ്ണങ്ങ‍ള്‍ ദിക്കുകളും ഇരു നാസികാരന്ധ്രങ്ങളും രണ്ടു അശ്വിനീദേവകളും താഴെയുള്ളതും മേലെയുള്ളതുമായ ചുണ്ടുകള്‍ രണ്ടും ക്രമത്തി‍ല്‍ ലോഭവും, ലജ്ജയും പല്ലുകള്‍ നക്ഷത്രങ്ങളും ദംഷ്ട്ര യമനൂം ആകുന്നു.

മായാ വിലാസഹസിതം ശ്വസിതം സമീരോ
ജിഹ്വാ ജലം വചനമീശ ശകുന്തപങ്‍ക്തി: |
സിദ്ധാദയ: സ്വരഗണാ മുഖരന്ധ്രമഗ്നിര്‍ –
ദേവാ ഭുജാ: സ്തനയുഗം തവ ധര്‍മ്മദേവ: || 6 ||

ഹേ ജഗദ്വീശ്വര! അങ്ങയുടെ സുന്ദരമായ മന്ദസ്മിതം മായയും ഉച്ഛ്വാസനിശ്വാസങ്ങ‍ള്‍ വായുവും നാവ് ജലവും വാക്ക് പക്ഷിക്കൂട്ടവും ഷട്ജം തുടങ്ങിയ സ്വരസമൂഹങ്ങള്‍ സിദ്ധന്മാര്‍ മുതലായരും വദനം വഹ്നിയും കൈത്തലങ്ങള്‍ ദേവന്മാരും സ്തനങ്ങ‍ള്‍ രണ്ടും പ്രവൃത്തി, നിവൃത്തി എന്ന രണ്ടു ധര്‍മ്മങ്ങളുടേയും അധിഷ്ഠാനഭൂതനായ ധര്‍മ്മദേവനും ആകുന്നു.

പൃഷ്ഠം ത്വധര്‍മ്മ ഇഹ ദേവ മന: സുധ‍ാംശു –
രവ്യക്തമേവ ഹൃദയംബുജമംബുജാക്ഷ |
കുക്ഷി: സമുദ്രനിവഹാ വസനം തു സന്ധ്യേ
ശേഫ: പ്രജാപതിരസൗ വൃഷണൗ ച മിത്ര: || 7 ||

ഹേ അംബുജാക്ഷ! അങ്ങയുടെ പിന്‍ഭാഗംതന്നെയാണ് അധര്‍മ്മമെന്നതു; ഈ രുപവ്യവസ്ഥയില്‍ മനസ്സ് ചന്ദ്രനും ഹൃദയകമലം സത്വാദി ഗുണങ്ങളുടെ സാമ്യാവസ്ഥയാകുന്ന അവ്യക്തവും തന്നെ; കക്ഷി ആഴിമണ്ഡലവുമാണ്; വസ്ത്രംതന്നെയാണ് രണ്ടു സന്ധ്യകളും; ഗുഹ്യപ്രദേശം ഈ പ്രജാപതിയും വൃഷണങ്ങള്‍ മിത്രനും ആകുന്നു.

ശ്രോണീസ്ഥലം മൃഗഗണാ: പദയോര്‍നഖാസ്തേ
ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനം തു കാല: |
വിപ്രാദിവര്‍ണ്ണഭവനം വദനാബ്ജബാഹു-
ചാരൂരുയുഗ്മചരണം കരുണ‍ാംബുധേ തേ || 8 ||

കരുണാനിധേ! നിന്തിരുവടിയുടെ കടിപ്രദേശം മൃഗഗണങ്ങളും കാലിലുള്ള നഖങ്ങള്‍ ആന, ഒട്ടകം, കുതിര മുതലായവയും ഗമനം (നടത്തം) കാലവും ആകുന്നു; നിന്തിരുവടിയുടെ മുഖ‍ാംബുജവും, കൈകളും, സുന്ദരങ്ങളായ തുടകള്‍ രണ്ടും, കാല്‍ത്തളിരുകളും ബ്രഹ്മണ‍ന്‍ തുടങ്ങിയ നാലു ജാതികളുടെ ഉല്‍പത്തിസ്ഥാനവുമാകുന്നു.

സംസാരചക്രമയി ചക്രധര ക്രിയാസ്തേ
വീര്യം മഹാസുരഗണോസ്ഥികുലാനി ശൈലാ: |
നാഡ്യസ്സരിത്സമുദയസ്തരവശ്ച രോമ
ജീയാദിദം വപുരനിര്‍വചനീയമീശ || 9 ||

ഹേ ചക്രപാണേ! അങ്ങയുടെ പ്രവൃത്തികള്‍ സംസാരചക്രവും പരാക്രമം വീര്യശാലികളായ അസുരവൃന്ദവും അസ്ഥിസമൂഹങ്ങ‍ള്‍ പര്‍വ്വതങ്ങളും നാഡിക‍ള്‍ പുഴകളും രോമങ്ങള്‍ വൃക്ഷങ്ങ‍ള്‍ ആകുന്നു. ഭഗവന്‍! അങ്ങയുടെ ഈ ശരീരം വിവേചിച്ചറിയുവാന്‍ കഴിയാത്തതായി വിജയിക്കുന്നു.

ഈദൃഗ്ജഗന്മയവപുസ്തവ കര്‍മ്മഭാജ‍ാം
കര്‍മവസാനസമയേ സ്മരണീയമാഹു: |
തസ്യാന്തരാത്മവപുഷേ വിമലാത്മനേ തേ
വാതാലയാധിപ നമോസ്തു നിരുന്ധി രോഗാന്‍ || 10  ||

നിന്തിരുവടിയുടെ ഈ വിധത്തിലുള്ള വിരാട് സ്വരുപം മര്‍മ്മ യോഗികള്‍ക്ക്  പൂജാദികര്‍മ്മങ്ങളുടെ അവസാനത്തില്‍ സ്മരിക്കപ്പെടുവാ‍ന്‍ യോഗ്യമായിട്ടുള്ളതാണെന്നു പറയുന്നു.  ഗുരുവായൂരപ്പ! ആ വിരാട്പുരുഷരൂപത്തിന്റെ അന്തര്‍യ്യാമിസ്വരുപനായി ശുദ്ധസത്വമൂര്‍ത്തിയായിരിക്കുന്ന നിന്തിരുവടിയ്ക്ക് നമസ്കാരം; എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ !

വിരാട് ദേഹസ്യ ജഗദാത്മത്വവര്‍ണ്ണനം എന്ന ആറ‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 65
വൃത്തം – വസന്തതിലകം. ലക്ഷണം : – ചൊല്ല‍ാം വസന്തതിലകം തഭജം ജഗംഗം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.