ഉപനിഷത്ത് കഥകള്‍

ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും ആകാശത്ത് നിറഞ്ഞുനിന്നു. മഹര്‍ഷിമാര്‍ എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ബ്രഹ്മാവിനെ ഉദ്ദേശിച്ച് വിശിഷ്ടങ്ങളായ പൂജകള്‍ നടത്തി. സന്തുഷ്ടനായ ബ്രഹ്മാവ് നേരിട്ട് ദേവര്‍ഷിമാരുടെ മുമ്പിലെത്തി. അവരുടെ ദിവ്യപൂജകളെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.

ദേവര്‍ഷിമാര്‍ പൂജകള്‍ക്കുശേഷം നമസ്ക്കാരങ്ങളും സ്തുതിഗീതങ്ങളും നടത്തി. എന്നിട്ട് ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചു.

“ബ്രഹ്മദേവാ, ഭഗവാന്‍ ജയിച്ചാലും! ഞങ്ങള്‍ക്ക് ചിലത് അവിടെനിന്ന് അറിയാനുണ്ട്.”

ദേവര്‍ഷിമാരേ! നമുക്ക് വിസ്മയം തോന്നുന്നു. നിങ്ങള്‍ക്ക് അറിവില്ലാത്തതായി ഇനി എന്താണ് അവശേഷിക്കുന്നത്?! നിങ്ങള്‍ക്ക് അറിയാത്ത ഒരുകാര്യം നമുക്കും അറിവുണ്ടാകുമോ?

ഏതായാലും അത് കേള്‍ക്കാന്‍ ജിജ്ഞാസയുണ്ട്. എന്തായാലും പറയൂ…..!”

“ബ്രഹ്മദേവാ! വിവിധ ശാസ്ത്രവിഷയങ്ങളെക്കുറിച്ചും ഗൂഢവിദ്യകളെക്കുറിച്ചും ഞങ്ങള്‍ ഇവിടെ വിചിന്തനങ്ങള്‍ നടത്തുകയുണ്ടായി. സത്യം തന്നെ. എങ്കിലും അതിഗൂഢവും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതുമായ ഉപനിഷത്‍തത്ത്വം അങ്ങയില്‍ നിന്ന് ഉപദേശിച്ചു കേള്‍ക്കണമെന്ന് ഞങ്ങള്‍ ഏവര്‍ക്കും മോഹമുണ്ട്. ദയവായി ഉപനിഷത്തുകളുടെ തത്ത്വം ഉപദേശിച്ചു തന്നാലും.”

ഇതുകേട്ട് ബ്രഹ്മദേവന്‍ പറഞ്ഞു: “ഉപനിഷത്തുകളുടെ തത്ത്വം അന്ത്യന്തം രഹസ്യവും ഉത്തമവും തന്നെ. ഞാനൊരു സംഭവം പറയാം. പണ്ടൊരിക്കല്‍ സര്‍വ്വവേദജ്ഞനും മഹാതേജസ്വിയും തപോനിഷ്ഠനുമായ വേദവ്യാസന്‍ പാര്‍വ്വതീസമേതനായ ഭഗവാന്‍ ശ്രീപരമേശ്വരനെ കൈലാസത്തില്‍ ചെന്നുകണ്ട് നമസ്ക്കരിച്ചു.”

തന്റെ മുമ്പില്‍ അഞ്ജലീബദ്ധനായി നില്‍ക്കുന്ന വേദവ്യാസമഹര്‍ഷിയെ കണ്ടിട്ട് പാര്‍വ്വതീപരമേശ്വരന്‍മാര്‍ സന്തുഷ്ടരായി. മന്ദഹാസത്തോടെ ഭഗവാന്‍ ക്ഷേമാന്വേഷണങ്ങള്‍ നടത്തി.

“മഹാമുനേ, അവിടുത്തെ ആഗമനംകൊണ്ട് ശിവലോകം ഇന്ന് ധന്യമായിത്തീര്‍ന്നിരിക്കുന്നു. എന്താണ് നാം അവിടേയ്ക്കു വേണ്ടി ചെയ്യേണ്ടത്?”

അതുകേട്ട് വേദവ്യാസന്‍ പരമശിവനെ വീണ്ടും നമസ്ക്കരിച്ച് സ്തുതീഗീതങ്ങള്‍ പാടി.

“ഹേ ദേവദേവ! ദേവദേവ! മഹാപ്രാജ്ഞ!!! ജീവന്റെ വിശ്വപാശത്തെ വിച്ഛേദിക്കുന്ന മഹാപ്രഭോ, ജയിച്ചാലും. ജയിച്ചാലും. ഒരഭ്യര്‍ത്ഥനയുമായിട്ടാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നത്?”

“ആകട്ടെ, നമുക്ക് സന്തോഷമേയുള്ളൂ. എന്താണ് ചെയ്തു തരേണ്ടത്?”

“മഹാദേവാ ശ്രീശുകദേവന്‍ എന്നൊരു പുത്രന്‍ നമുക്കുള്ള വൃത്താന്തം അവിടുത്തേയ്ക്ക് അറിവുള്ളതാണല്ലോ. അവന് ഇപ്പോള്‍ ഉപനയനാദികര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ സമയമായി. വേദാദ്ധ്യയനത്തിനു കാലമായിരിക്കുന്ന അവന്റെ യാജ്ഞോപവീകര്‍മ്മത്തില്‍ പ്രണവഗായത്രീമന്ത്രങ്ങള്‍ ഉപദേശിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു.”

“ഉചിതം. മഹാമുനിയായ താങ്കള്‍ അതെല്ലാം യഥാവിധി തന്നെ നടത്തിക്കൊടുത്താലും. എല്ലാം പിതാവിന്റെ ധര്‍മ്മങ്ങള്‍ തന്നെ.” പരമശിവന്‍ ചിരിച്ചു.

“ഭഗവാനേ, അങ്ങാണ് യഥാര്‍ത്ഥ ജഗദ്ഗുരു. അതിനാല്‍ ബ്രഹ്മത്തെപ്പറ്റിയും പരമാത്മതത്ത്വത്തെപ്പറ്റിയും അവിടുന്ന് എന്റെ പുത്രന് ഉപദേശിച്ചു കൊടുത്താലും. എങ്കില്‍ ഞാനും എന്റെ പുത്രനും ഒന്നുപോലെ ധന്യരായി.”

“മഹാമുനേ, ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം അറിവ് സ്വയമേവ നേടിവനാണ് താങ്കളുടെ പുത്രന്‍. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളില്‍ വലിയ ആസക്തിയൊന്നും കാണിക്കുന്നുമില്ല. ജിജ്ഞാസുവുമാണ്. ഈ നിലയില്‍ സാക്ഷാത് സനാതനമായ പരബ്രഹ്മത്തെപ്പറ്റി അങ്ങയുടെ പുത്രന് ഉപദേശം കൊടുത്താല്‍ അവന്‍ സര്‍വ്വസ്വവും വെടിഞ്ഞ് വിരക്തനായിത്തീരും. വൈരാഗ്യബുദ്ധിയോടെ സന്ന്യാസം സ്വീകരിച്ച് താങ്കളെ ഉപേക്ഷിക്കും. സ്വയം പ്രകാശസ്വരൂപത്തില്‍ സ്ഥിതിചെയ്യും. അതുകൊണ്ട് അത്തരമൊരു ഉപദേശം നാം തന്നെ ശ്രീശുകന് കല്‍കണമോ? പിതാവെന്ന നിലയിലും മഹര്‍ഷിയെന്ന നിലയിലും താങ്കള്‍ തന്നെ ഉപദേശിക്കുന്നതാണ് ഉത്തമം.”

പരമശിവന്‍ നല്കിയ താക്കീത് വേദവ്യാസനില്‍ കൂടുതല്‍ സന്തുഷ്ടി നല്കി.

“പ്രഭോ! എന്തോ ആയിക്കൊള്ളട്ടെ, ഈ യാജ്ഞോപവീതസമയത്ത് അങ്ങയില്‍ നിന്നുതന്നെ നമ്മുടെ പുത്രന് ബ്രഹ്മജ്ഞാനോപദേശം ഉണ്ടാകണം. അവന്‍ വളരെ ചെറുപ്പമാണ്. മഹാദേവനില്‍ നിന്ന് നേരിട്ട് ബ്രഹ്മജ്ഞാനോപദേശം നേടാന്‍ കഴിയുന്നതില്‍പരം ശ്രേഷ്ഠമായി മറ്റൊന്നില്ല. അതുവഴി അവന്‍ വളരെ വേഗം സര്‍വ്വജ്ഞനായിത്തീരുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അങ്ങയുടെ അനുഗ്രഹത്താല്‍ അവന് ചതുര്‍വിധമായ മോക്ഷപ്രാപ്തി കൈവരികയും ചെയ്യും.”

“എങ്കില്‍ താങ്കളുടെ ഹിതംപോലെയാകട്ടെ.” വേദവ്യാസന്റെ അഭ്യര്‍ത്ഥനകേട്ട് ഭഗവാന്‍ ശ്രീപരമേശ്വരന്‍ അത്യന്തം പ്രസന്നനായിത്തീര്‍ന്നു. ഭഗവാന്‍ ലോകേശ്വരിയായ ഭഗവതി ഉമയുമൊന്നിച്ച് ദേവര്‍ഷിമാരുടെ സഭയില്‍ ഉപദേശം കൊടുക്കുവാനായി ഒരു ദിവ്യാസനത്തില്‍ ഉപവിഷ്ടനായി.

കൃതകൃത്യനും മഹാഭക്തനും മുമുക്ഷുവുമായ ശ്രീശുകന്‍ അവിടെയെത്തി. ഭഗവാന്‍ ശ്രീപരമേശ്വരനെ നേരില്‍ വന്നു കണ്ടു. ദീര്‍ഘദണ്ഡ നമസ്ക്കാരം അത്യന്തഭക്തിയോടെ ചെയ്തു. ഭഗവാന്‍ സുപ്രസന്നനായിട്ട് ശുകന് പ്രണവദീക്ഷ നല്കി അനുഗ്രഹിച്ചു ദീക്ഷ സ്വീകരിച്ചു കൊണ്ട് ശ്രീശുകന്‍ ഗദ്ഗദകണ്ഠനായി.

“ഭഗവാനേ, ദേവാദിദേവാ, മഹാദേവാ, സര്‍വ്വജ്ഞ, സച്ചിദാനന്ദപ്രഭോ, ഉമാപതേ, ഭൂതേശ, കരുണാനിധേ, എന്നില്‍ പ്രസാദിച്ചാലും. അങ്ങ് എനിക്ക് പ്രണവാത്മസ്വരൂപത്തെപ്പറ്റിയും അതിലും അതീതമായി സ്ഥിതിചെയ്യുന്ന പരബ്രഹ്മത്തെപ്പറ്റിയുംഉപദേശിച്ചു തന്നു. ഇനി എനിക്ക് ‘തത്ത്വമസി’, ‘പ്രജ്ഞാനം ബ്രഹ്മ’ തുടങ്ങിയ മഹാവാക്യങ്ങളെ ഷഡംഗന്യാസ ക്രമസഹിതം കേള്‍ക്കുവാനാഗ്രഹമുണ്ട്. മഹാപ്രഭോ, എന്നില്‍ ദയവുണ്ടായി അതിരഹസ്യങ്ങളായ ആ മഹാവാക്യങ്ങളെപ്പറ്റി ഉപദേശിച്ചാലും.”

ശുകദേവന്റെ അതിരറ്റ ജിജ്ഞാസയില്‍ സന്തുഷ്ടനായി. അപ്പോള്‍ പരമശിവന്‍ പറഞ്ഞു:

“ശുകദേവാ, നിങ്ങള്‍ ജ്ഞാനനിധിയാണ്. അങ്ങ് യഥാര്‍ത്ഥത്തില്‍ മേധാവിയാണ്. വേദങ്ങളുടെയെല്ലാം രഹസ്യവും മനീഷികളാല്‍ ജ്ഞാതവ്യവുമായ കാര്യങ്ങളാണ് ചോദിച്ചത്. നല്ലത് നമുക്ക് വളരെ സന്തോഷമായി. നാലുമഹാവാക്യങ്ങളെയും അവയുടെ ഷഡംഗന്യാസ ക്രമസഹിതം ഞാന്‍ വിസ്തരിച്ച് ഉപദേശിച്ചു തരാം. എങ്ങനെയാണ്. മഹാവാക്യങ്ങളുടെ ഉപാസനയെന്നും മനസിലാക്കിയാലും. രഹസ്യങ്ങളില്‍വെച്ച് രഹസ്യമായിരിക്കുന്ന ഈ വിദ്യയെ രഹസ്യോപനിഷത്ത് എന്നു പറയുന്നു.”

തുടര്‍ന്ന് പരമശിവന്‍ ‘പ്രജ്ഞാനം ബ്രഹ്മ, അയമാത്മാബ്രഹ്മ, തത്ത്വമസി, അഹം ബ്രഹ്മാസ്മി’ എന്നീ നാലു മഹാവാക്യങ്ങളേയും ഷഡംഗന്യാസ സഹിതം ശുകന് ഉപദേശിച്ചു നല്‍കി. അവകളുടെ അര്‍ത്ഥവും രഹസ്യോപാസനയും ധ്യാനശ്ലോകങ്ങളും കൂടി ഭഗവാന്‍ വ്യക്തമാക്കി.

ശ്രീപരമേശ്വരനെ തന്റെ ഗുരുവായി ലഭിച്ചതിലും അദ്ദേഹത്തിന്റെ തിരുമുഖത്തുനിന്ന് രഹസ്യോപദേശം ലഭിച്ചതിലും ശ്രീശുകന്‍ സന്തുഷ്ടനായിത്തീര്‍ന്നു.

ഭഗവാന്‍ പറഞ്ഞു:- “അങ്ങയുടെ പിതാവിന് ഇതെല്ലാം അറിവുള്ളതുതന്നെ. അദ്ദേഹം ബ്രഹ്മജ്ഞാനിയുമാണ്. നിന്റെ പിതാവായ വേദവ്യാസനില്‍ പ്രീതനായിട്ടാണ് ഈ രഹസ്യോപനിഷത്ത് ഞാന്‍ ഉപദേശിച്ച് നല്‍കിയത്. ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത് സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം തന്നെയാണ്. അങ്ങ് ആ ബ്രഹ്മത്തെ നിത്യവും ധ്യാനിച്ച് ജീവന്‍മുക്തനായി ഭവിച്ചാലും.”

ഭഗവാന്‍ ശ്രീശങ്കരന്റെ ഈ ഉപദേശം കേട്ട് ശ്രീശുകദേവന്‍ സമസ്തവിശ്വത്തിലും തന്മയനായിത്തീര്‍ന്നു. അദ്ദേഹം ഭക്തിയോടെ എഴുന്നേറ്റു. പാര്‍വ്വതീപരമേശ്വന്‍മാരെപ്രണമിച്ചു.

“മഹാദേവീ, എന്റെ മായാമോഹത്തെ നശിപ്പിച്ചാലും.”

“നല്ലതു വരും.” പാര്‍വ്വതീദേവിയും അനുഗ്രഹിച്ചു.

ശ്രീശുകദേവന്‍ എഴുന്നേറ്റു ശാന്തനായി നടന്നകന്നു. തന്റെ സര്‍വ്വപരിഗ്രഹങ്ങളെയും അദ്ദേഹം ത്യജിച്ചു. നഗ്നനും നിസ്സംഗനും ശുദ്ധനും വിരക്തനുമായിത്തീര്‍ന്നു. മോഹാന്ധകാരത്തെയകറ്റി ആത്മജ്ഞാനത്തിന്റെ പ്രഭാപൂരത്തില്‍ കുളിച്ചു. പരബ്രഹ്മസ്വരൂപത്തെയറിഞ്ഞ് പരമാനന്ദസാഗരത്തില്‍ മുങ്ങിയവനായി. ആനന്ദക്കടലില്‍ അദ്ദേഹം ആറാടി. ആനന്ദനിമഗ്നനായി തന്റെ പുത്രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ വേദവ്യാസമുനി അത്യധികം സന്തോഷിച്ചു. മറ്റാരാലും അപ്രാപ്യമായ ആനന്ദാനുഭൂതിയാല്‍ മതിമറന്നുവരുന്ന പുത്രനെക്കുറിച്ച് അദ്ദേഹം ഹര്‍ഷപുളകിതഗാത്രനായി.

എന്നാല്‍ ശ്രീശുകന്‍ പിതാവിനെയും മറികടന്ന് നിസ്സംഗനായി നടന്നകലുന്നതു കണ്ടപ്പോള്‍ വേദവ്യാസന്‍ ഞെട്ടി. ഭൗതിക ബന്ധനങ്ങളുടെയും കെട്ടുകള്‍ അറുത്തുകളഞ്ഞ പുത്രന്‍ തന്നില്‍ നിന്ന് അകന്നു പോകുന്ന സത്യം വ്യാസമുനി അറി‍ഞ്ഞു. ആ അറിവ് അല്പനേരത്തേയ്ക്കെങ്കിലും അദ്ദേഹത്തിന് അസഹനീയമായിരുന്നു.

പുത്രവിരഹകാതരനായി വ്യാസമുനി വേദനയോടെ ശ്രീശുകദേവന്റെ പിന്നാലെ പുറപ്പെട്ടു. ………..വിരക്തിയുടെ അവസ്ഥയില്‍ നിന്ന് മകനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുപോയി.

ശ്രീശുകന്റെ പിന്നാലെയെത്തിയ വ്യാസമുനി ഹൃദയവ്യഥയോടെ നീട്ടിവിളിച്ചു.

“മകനേ, ശ്രീശുകദേവാ!” ആ വിളി പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് പ്രതിധ്വനിച്ചു.

ഒരു നിമിഷം ശ്രീശുകദേവന്‍ നിന്നു. വ്യാസമുനി അരികിലെത്തി. ഗദ്ഗദകണ്ഠനായി പരമജ്ഞാനിയായ മകന്‍ കണ്‍മുമ്പില്‍ നില്കുകയാണ്. എന്തൊക്കെയോ പറയുന്നതിനുവേണ്ടി വ്യാസമഹര്‍ഷി പുത്രനെ വാത്സല്യത്തോടെ വിളിച്ചു.

“മകനേ!”

ആ വിളിക്ക് മറുപടിയുണ്ടായി. പക്ഷേ അത് ശ്രീശുകനില്‍ നിന്നായിരുന്നില്ല. പ്രപഞ്ചത്തിലെ ജഡവും ചേതനങ്ങളുമായ സമ്പൂര്‍ണ്ണ വസ്തുക്കളും ആ വിളി കേട്ടു. പ്രത്യുത്തരം നല്കി. അതുകേട്ട് വ്യാസമഹര്‍ഷി വിസ്മയിച്ചു നിന്നു. ചുറ്റു പാടുകളില്‍ നിന്നെല്ലാം വിളി കേള്‍ക്കുന്നു! സ്വപുത്രന്‍ സമ്പൂര്‍ണ്ണമായും വിശ്വമയനായിത്തീര്‍ന്നിരിക്കുന്നു. അവനില്‍ നിന്ന് വേറിട്ട് ഇനിയൊരു പ്രപഞ്ചസത്തയില്ല. എല്ലാം ഒന്നുതന്നെ. രണ്ടെന്ന ഭേദം അവനില്ല.

ഒരല്പനേരം ചിന്താവിഷ്ടനായി നിന്ന വ്യാസമഹര്‍ഷിയില്‍ ആത്മതത്ത്വത്തിന്റെ അന്തഃസത്ത ഉദയം കൊണ്ടു. അപ്പോള്‍ തന്റെ മകന്റെ പരിപൂര്‍ണ്ണാവസ്ഥയെ മനസ്സിലാക്കി ആനന്ദിച്ചു. ജ്ഞാനികളുടെ പരമപദത്തിലെത്തിയ പുത്രനെയോര്‍ത്ത് ആത്മാഭിമാനമുണ്ടായി. മനനം ചെയ്ത് ശുകദേവനെപ്പോലെ വ്യാസഭഗവാനും സന്തുഷ്ടനായി. പരമാനന്ദത്തെ പ്രാപിക്കുകയും ചെയ്തു .

ഗുരുവിന്റെ മുഖത്തുനിന്ന് ‘രഹസ്യോപനിഷത്ത്’ പഠിക്കുകയും അനുഗ്രഹം നേടുകയും ചെയ്യുന്നവന്‍ സര്‍വപാപവിമുക്തനായിത്തീര്‍ന്ന് കൈവല്യം പ്രാപിക്കുന്നു.

ഓം തത് സത്

അവലംബം – ശുകരഹസ്യോപനിഷത്ത്