ഹേ, രാമചന്ദ്രാ! ശ്രദ്ധവെച്ചുകേള്‍ക്കൂ. രസകരമായൊരു ഇതിഹാസത്തെപ്പറയ‍ാം. ഏഴു മന്വന്തരം കഴിഞ്ഞു് എട്ടാമത്തെ മന്വന്തരത്തില്‍ ആദ്യത്തെ ചതുര്‍യുഗത്തിലെ ദ്വാപരയുഗത്തില്‍ നടന്നതാണു്. അക്കാലത്തു് പ്രസിദ്ധമായിരുന്ന മാളവരാജ്യത്തു് ശിഖിദ്ധ്വജനെന്നുപേരായി പ്രതാപശാലിയായൊരു രാജാവുണ്ടായിരുന്നു. ധൈര്യം, ശൗര്യം, ദയ, സത്യം, നീതി തുടങ്ങിയ സല്‍ഗുണങ്ങള്‍ക്കു് അദ്ദേഹം വിളനിലമായിരുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല. സൗരാഷ്ട്രരാജാവിന്റെ പുത്രിയായ ചൂഡാലയെന്ന കന്യകയെ അദ്ദേഹം പട്ടമഹിഷിയാക്കി വിവാഹം കഴിച്ചു. എല്ലാവിധ സല്‍ഗുണങ്ങളെക്കൊണ്ടും ചൂഡാല മഹാരാജാവിന് ഏറ്റവും അനുരൂപിണിയായ രാജ്ഞിയുമായിരുന്നു. അന്യോന്യം മനസ്സിനിണങ്ങിയ ആ ദമ്പതിമാര്‍ വളരെ ആഹ്ളാദത്തോടുകൂടി രാജകീയഭോഗങ്ങളെ അനുഭവിച്ചു കുറച്ചുകാലം സുഖമായങ്ങനെ കഴിഞ്ഞുവന്നു.

അങ്ങനെയിരിക്കേ അവര്‍ക്കീ സംസാരത്തിന്റെ മിത്ഥ്യാത്വവും ദുഃഖാത്മകതയും ബോദ്ധ്യമായി. വിഷയാനുഭവങ്ങളെക്കൊണ്ടു തൃഷ്ണയും ക്ലേശവും വര്‍ദ്ധിക്കലല്ലാതെ ഒരിക്കലും സമാധാനമോ സംതൃപ്തിയോ കിട്ടാന്‍പോവുന്നില്ലെന്നും അതിനാല്‍ അദ്ധ്യാത്മധര്‍മ്മത്തില്‍ നിരതന്മാരാവുകതന്നെ വേണമെന്നും അതുകൊണ്ടേ കാലംകൊണ്ടെങ്കിലും സമാധാനം കിട്ടാന്‍ പോവുന്നുള്ളുവെന്നും ബോധിച്ചു. അതിന്റെ ഫലമായി രണ്ടുപേരും ജപകീര്‍ത്തനധ്യാനപൂജാവ്രതാനുഷ്ഠാനാദി സഗുണോപാസനാചര്യങ്ങളെ ചെയ്യാന്‍ തുടങ്ങി. വിഷയങ്ങളില്‍നിന്നു സാമാന്യം നിവര്‍ത്തിച്ചുകൊണ്ടു് ഗൗരവമേറിയ വേദാന്തശാസ്ത്രത്തെ അദ്ധ്യയനം ചെയ്യാനും തുടങ്ങി. അന്നന്നു് അദ്ധ്യയനം ചെയ്യുന്നതിനെ രണ്ടുപേരും ഗ്രഹിച്ചും അന്യോന്യം ബോധിപ്പിച്ചും മനനം ചെയ്തുറപ്പിച്ചും വന്നു. അങ്ങനെ ചെയ്യപ്പെടുന്ന തത്വവിചാരം അവരെ കൂടുതല്‍ സംസാരത്തില്‍ നിന്നകറ്റിക്കൊണ്ടിരിക്കുകയും ചെയ്തുവന്നു.

കൂടാതെ പലപ്പോഴും മഹാരാജ്ഞിയായ ചൂഢാല ഏകാകിനിയായി വിജനസ്ഥലത്തിരുന്നു് ആത്മവിചാരം ചെയ്യാനും തുടങ്ങി. ശരീരങ്ങള്‍, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സു്, ബുദ്ധി തുടങ്ങിയ എല്ലാകരണങ്ങളെയും അവരുടെയൊക്കെ വൃത്തികളെയും പൃഥിവ്യാദിതത്വങ്ങളേയും നിശിതമായി നിരൂപിച്ചു് അവയൊന്നും ആത്മാവാകുന്ന താനല്ലെന്നു ബോദ്ധ്യപ്പെട്ടു. അനന്തരം ജീവതത്വത്തെകുറിച്ചു തീഷ്ണമായി നിരൂപണം നടത്തി. അതിന്റെ ഫലമായി എല്ലാറ്റിന്റെയും കര്‍ത്താവും ഭോക്താവുമായി അഭിമാനിക്കുന്ന ജീവിതത്വം മൂന്നുകാലത്തും ഇല്ലാത്തതും കേവലം അധ്യാരോപം മാത്രവുമാണെന്നറിഞ്ഞു് അഹങ്കാരസ്വരൂപമായ കര്‍ത്തൃത്വാഭിമാനത്തെ അല്ലെങ്കില്‍ ജീവഭാവത്തെ നിരസിക്കാന്‍ കഴിഞ്ഞതോടെ പഞ്ചകോശങ്ങളാകുന്ന മറകള്‍ നീങ്ങി ആത്മഭാവം നിരുപാധികമായി പ്രകാശിച്ചു. രാജ്ഞി സന്തുഷ്ടയും ചരിതാര്‍ത്ഥയുമായി. ശരീരധര്‍മ്മങ്ങളിലോ പ്രപഞ്ചവിഷയങ്ങളിലോ തൃഷ്ണയില്ലാതെ നിരപേക്ഷയും ആത്മനിര്‍വൃതയുമായി അമൃതനിര്‍വ്വിശ്ശേഷമായ ആത്മനിര്‍വൃതിയില്‍തന്നെ മുഴുകികഴിയാന്‍ തുടങ്ങിയതോടെ ശരീരധര്‍മ്മങ്ങളും ലോകവ്യവഹാരങ്ങളുമൊക്കെ കേവലം മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യപ്പെടുന്ന പ്രകടനങ്ങള്‍ പോലെയോ അഭിനയങ്ങള്‍ പോലെയോ ആയിത്തീര്‍ന്നു. എങ്കിലും അവയൊന്നും തനിക്കാവശ്യമില്ലെന്ന കഥ മറ്റുള്ളവരെ അറിയിക്കാതെ അഭിനയസ്വരൂപേണ എല്ല‍ാം ക്രമപ്രകാരംതന്നെ ചെയ്തു വന്നു. ഒരുമാറ്റവും സംഭവിച്ചതായി ആര്‍ക്കുമൊന്നും ധരിക്കാന്‍ കഴിഞ്ഞതുമില്ല. എങ്കിലും കാലംകൊണ്ടു ശരീരത്തില്‍ പലമാറ്റങ്ങളും വന്നുചേര്‍ന്നു. അസാധാരണവും ദിവ്യവുമായ ഒരു തേജസ്സുകൊണ്ടു് അവരുടെ ശരീരം അത്യന്താകര്‍ഷണവും ഉജ്ജ്വലവും ആയിത്തീര്‍ന്നു. വാര്‍ദ്ധക്യംകൊണ്ടുള്ള ബാധകളൊക്കെ ശരീരത്തില്‍നിന്നു മറഞ്ഞു. വീണ്ടും ഒരു പുതിയ യൗവ്വനം ആരംഭിച്ചതുപോലെ ശരീരം തടിച്ചുകൊഴുത്തുരുണ്ടു കൂടുതല്‍ ആകര്‍ഷകമായിത്തീരുകയും ചെയ്തു. മഹാരാജ്ഞിയുടെ ശരീരപ്രകൃതിക്കുവന്നുചേര്‍ന്ന ഈ മാറ്റത്തെ രാജാവു ശ്രദ്ധിക്കാതിരുന്നില്ല. അദ്ദേഹം വളരെയധികം ആശ്ചര്യപ്പെട്ടു. യൗവനം രണ്ടാമതും ആരംഭിക്കുകയാണോ എന്നു് ഒരു ദിവസം ആശ്ചര്യപൂര്‍വ്വം രാജ്ഞിയോടു ചോദിക്കുകയും ചെയ്തു.

രാജ്ഞി രാജാവിന്റെ ചോദ്യത്തിനു മറുപടിപറഞ്ഞു. ഇല്ലാത്തതായ ജഗല്‍ഭാവത്തെ തള്ളികളഞ്ഞു് ഉള്ളതും അമൃതാത്മകവുമായത്മാവില്‍ തന്മയീഭാവത്തോടുകൂടി ഞാന്‍ രമിക്കുന്നുണ്ടു്. അതുകൊണ്ടാണു് എന്നില്‍ ഈ ശ്രീത്വം കാണുന്നതു്. ഒന്നിനെയും സ്വീകരിക്കുകയോ നിരസിക്കുകയോ രണ്ടും ഞാന്‍ ചെയ്യുന്നില്ല. രാഗവും ദ്വേഷവും എനിക്കില്ല. ഭോഗങ്ങളൊന്നും അനുഭവിക്കാതെതന്നെ അനുഭവിച്ചാലുളളതിനെക്കാള്‍ കൂടുതല്‍ പ്രീതിയും നിര്‍വൃതിയും എനിക്കുണ്ടു്. രാജഭോഗങ്ങളില്‍പോലും ഞാന്‍ രമിക്കുന്നില്ല. ഉദയാസ്തമനങ്ങളോടുകൂടിയ ഭോഗപദാര്‍ത്ഥങ്ങളെയെല്ല‍ാം തള്ളികളഞ്ഞു് അവയ്ക്കൊക്കെ അവലംബമായ കേവലാത്മാവിനെ അറിഞ്ഞു് ഞാന്‍ അതായിതീര്‍ന്നുകഴിഞ്ഞിരിക്കുന്നു. അതാണെന്റെ ശ്രീത്വത്തിന്റെ ഹേതു. എന്നിങ്ങനെ രാജ്ഞി തന്റെ സ്വാനുഭവത്തെ വ്യക്തമാക്കിയപ്പോള്‍ രാജാവിനതു വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞില്ല. ആത്മവിശ്രാന്തിയും ബ്രഹ്മലാഭവും സാധിച്ച ചൂഡാലയുടെ വാക്കുകളെ ശരിക്കും മനസിലാക്കാന്‍ തന്നെ രാജാവിനു കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹം രാജ്ഞിയുടെ വക്കുകേട്ടു ചിരിക്കുകയാണു് ആദ്യം ചെയ്തതു്.

പിന്നീടിങ്ങനെ പറഞ്ഞു, ബുദ്ധിമതിയായ ദേവി, എന്തിനാണിങ്ങനെ അസംബന്ധം പറയുന്നതു്? എന്നെപ്പോലെതന്നെ നീയും രാജലീലകളിലും രാജഭോഗങ്ങളിലുമൊക്കെ നല്ലവണ്ണം രമിക്കുന്നുണ്ടു്. ഇല്ലെന്നു വെറുതേ പറയുകയാണു്. പ്രത്യക്ഷമായ ജഗത്തിനെ മുഴുവന്‍ ഒരാള്‍ ഉപേക്ഷിച്ചുവെന്നു പറയുകയാണെങ്കില്‍ അയാളുടെ ശരീരവും ഉപേക്ഷിക്കപ്പെട്ട ജഗത്തിന്റെ ഒരു ഘടകമല്ലേ? അതിവിടെ കാണാന്‍ പാടുള്ളതാണോ? നീയിപ്പോഴും ശരീരത്തോടുകൂടിയിരിക്കുന്നുണ്ടല്ലോ. അതിനാല്‍ ജഗത്തിനെ മുഴുവന്‍ ഉപേക്ഷിച്ചുവെന്നു പറയുന്നതൊക്കെ വെറുതെ തന്നെ. പിന്നെ കാണുന്നതായ ഈ ജഗത്തിനെയൊന്നും ഞാന്‍ കാണുന്നില്ലെന്നും കാണുന്നതു് വേറെയൊന്നിനെയാണെന്നും പറയുന്ന ഒരാളാണെങ്കില്‍ അതൊരു നേരമ്പോക്കു് പറയലല്ലാതെ പരമാര്‍ത്ഥമാവാന്‍ വയ്യ. അതുപോലെ വന്നുചേര്‍ന്ന ഭോഗങ്ങളെ അനുഭവിക്കാതെ ഒരാള്‍ ഞാന്‍ സന്തുഷ്ടനാണെന്നു പറഞ്ഞു വെറുതെയിരിക്കുകയാണെങ്കില്‍ അവന്‍ അനുഭവയോഗ്യതയില്ലാത്ത നിര്‍ഭാഗ്യവാനാണെന്നുമാത്രമേ പറയാനുള്ളൂ. നേരമ്പോക്കിനുവേണ്ടി എന്തെങ്കിലും പറഞ്ഞു വിനോദിച്ചോളൂ എന്നും പറഞ്ഞു രാജാവു് അന്തപുരത്തില്‍നിന്നു പുറത്തേക്കുപോകുകയും ചെയ്തു. രാജാവിനു പരമാര്‍ത്ഥമായ ആത്മജ്ഞാനമോ ആത്മവിശ്രാന്തിയോ അല്പംപോലും സാധിച്ചിട്ടില്ലെന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു രാജ്ഞിക്കു സ്പഷ്ടമായി മനസ്സിലായി. അല്പം അസ്വാസ്ഥ്യം തോന്നായ്കയില്ല. എങ്കിലും അതിനെ പ്രകാശിപ്പിക്കാതെ തന്റെ കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. പിന്നെയും കുറേക്കാലം രാജാവും രാജ്ഞിയും ഒന്നിച്ചു കഴിഞ്ഞു കൂടുകയും ചെയ്തു.

ഒന്നിലും അല്പംപോലും ആഗ്രഹമില്ലാത്തവളാണു് ചൂഡാല. എന്നിരുന്നാലും ഒരിക്കല്‍ ആകാശസഞ്ചാരത്തില്‍ ആഗ്രഹം ജനിച്ചു. അതിന്റെ ഫലമായി അതിനെ സാധിക്കാന്‍ വേണ്ടുന്ന പ്രയത്നങ്ങള്‍ ചെയ്യാന്‍ തുടങ്ങി. രാജാവെന്നു വേണ്ട, ഒരാളും അറിയാനിടവരാതെ വിജനമായ ഒരുസ്ഥലത്തു് ഏകാകിനിയായിരുന്നു പ്രാണവായുവിന് ഊര്‍ദ്ധ്വഗമനം വരത്തക്കനിലയില്‍ സുഖാസനത്തിലിരുന്നു് അഭ്യാസം ചെയ്യാന്‍ തുടങ്ങി. വസിഷ്ഠാചാര്യനിത്രയും പറഞ്ഞുകേട്ടപ്പോള്‍ ‍ ജിജ്ഞാസുവായ രാമചന്ദ്രന്‍ സാഹസമേറിയ ഏതഭ്യാസത്തിന്റെ ഫലമായിട്ടാണു് ആകാശഗമനാദിസിദ്ധികളുണ്ടാവുന്നതെന്നുകൂടി പറഞ്ഞുതരാന്‍ കനിവുണ്ടാവണമെന്നപേക്ഷിച്ചു. വസിഷ്ഠമഹര്‍ഷി മറുപടി പറയാന്‍ തുടങ്ങി.

രാമചന്ദ്രാ! ശ്രദ്ധയോടുകൂടി കേട്ടു ധരിക്കൂ. ഉദ്ദേശസാദ്ധ്യത്തിന് വിപരീതങ്ങളായ വാസനകളും സാഹചര്യങ്ങളും എല്ലാവരിലും എല്ലാ കാര്യങ്ങളെസംബന്ധിച്ചും ഉണ്ടായേക്ക‍ാം. അവയാണു് സാധ്യത്തെ മിക്കവാറും തടയുന്നതു്. അതിനാല്‍ ഏതൊരുദ്ദേശത്തിന്റെ സാധ്യത്തിനും ആദ്യമായി ചെയ്യേണ്ടതു വിരുദ്ധവാസനകളെ അകറ്റലാണു്. രണ്ടാമതു് അനുകൂലസാഹചര്യങ്ങളെ ഉണ്ടാക്കിതീര്‍ക്കലും. ഏതൊന്നിന്റെ സാധ്യതയ്ക്കും ഈ രണ്ടു കാര്യങ്ങളാണു് ആവശ്യമായിട്ടിരിക്കുന്നതു്. ആകാശഗമനസിദ്ധിയിലും അവതന്നെയാണു് ആവശ്യങ്ങളായിട്ടിരിക്കുന്നതു്. അതിനാല്‍ ആദ്യംതന്നെ വിരുദ്ധവാസനകളെയൊക്കെ അകറ്റണം. പിന്നെ പ്രാണവായുക്കളെ അനുകൂലിപ്പിച്ചു ആജ്ഞാനുവര്‍ത്തികളാക്കിത്തീര്‍ക്കണം. അപാനദ്വാരസങ്കോചം, മഹാമുദ്ര, ഭോജനശുദ്ധി, മനശ്ശുദ്ധി, യോഗാനുഷ്ഠാനം, സജ്ജനസംസര്‍ഗ്ഗം, സര്‍വ്വത്യാഗം, പ്രാണായാമം, ചിത്തവൃത്തിജയം എന്നിങ്ങനെയുള്ള അഭ്യാസങ്ങളെ യുക്തിയോടുകൂടുംവണ്ണം ചെയ്യുമ്പോള്‍ അഭിജ്ഞനായ ഒരാള്‍ക്കു് കാലംകൊണ്ടു് പ്രാണങ്ങളൊക്കെ വശവര്‍ത്തികളായിത്തീരും.

കുതികാല്‍കൊണ്ടു യോനിയെ അമര്‍ത്തി ഗുദദ്വാരത്തെ സങ്കോചിപ്പിച്ചു് അപാനവായുവിനെ മേലോട്ടുഹൃദയത്തിലേക്കാകര്‍ഷിച്ചു നിര്‍ത്തുന്നതിനു മൂലബന്ധമെന്നു പറയും. പ്രാണജയത്തിനു് ഏറ്റവും പറ്റിയ അഭ്യാസങ്ങളില്‍ ഒന്നാണു് മൂലബന്ധധാരണം. പ്രാണജയം കൊണ്ടു് ഈ ലോത്തില്‍ സാധിക്കാത്തതായ കാര്യങ്ങളൊന്നുമില്ല. ആന്ത്രവേഷ്ടനികയെന്ന നാഡിയെ തിരിച്ചറിഞ്ഞു് അതിനുള്ളിലുള്ള അന്തഃകുണ്ഡലനീശക്തിയെ അറിയാനും ഉണര്‍ത്താനും കഴിഞ്ഞാല്‍ എല്ലാകാര്യങ്ങളും സാധിക്കും. പ്രസ്തുതശക്തിയാണു് ശരീരത്തില്‍ ബുദ്ധിയും മനസ്സും പ്രാണനുമെന്നുവേണ്ട, എല്ലാമായു വര്‍ത്തിക്കുന്നതു്. കുണ്ഡലിനീശക്തിയും കലയും ജീവനുമെല്ല‍ാം പ്രസ്തുത അന്തഃകുണ്ഡലിനിയുടെ സ്വധീനതകൊണ്ടു പ്രാണാപാനസ്വരൂപേണ ശരീരത്തീല്‍ ചലിച്ചുകൊണ്ടിരിക്കുന്ന വായു ചലിക്കാതെ നിശ്ചലമായി നില്ക്കുന്നപക്ഷം ഒരു രോഗത്തിന്റെയും ബാധയുണ്ടാവില്ല. എന്നിങ്ങനെ വസിഷ്ഠന്‍ പറഞ്ഞപ്പോള്‍ എങ്ങനെയാണു് രോഗങ്ങളുണ്ടാവുന്നതെന്നും എന്താണു് രോഗങ്ങളുടെ സാമാന്യസ്വരൂപമെന്നും ചോദിച്ചു രാമചന്ദ്രന്‍. അതിനും മറുപടി പറഞ്ഞുതുടങ്ങി ഋഷിവര്യന്‍.

ഹേ രാമചന്ദ്രാ, ശരീരദുഃഖത്തെ വ്യാധിയെന്നും മാനസികദുഃഖത്തെ ആധിയെന്നും പറയും. രണ്ടിനും ഹേതു അജ്ഞാനം തന്നെ. അജ്ഞാനത്താല്‍ മൂര്‍ഖത വളര്‍ന്നു തടിച്ചുകൊഴുത്തു് ആഗ്രഹങ്ങളായിത്തീരും. ആഗ്രഹങ്ങള്‍ ഒന്നിനുപിന്നില്‍ മറ്റൊന്നെന്നകണക്കില്‍ അവസാനമില്ലാതെ പ്രവഹിക്കാന്‍ തുടങ്ങും. അവയില്‍ പലതും നിറവേറാതെ നിരാശയ്ക്കു കാരണങ്ങളായിത്തീരും. നിറവേറപ്പെടാത്ത ആഗ്രഹങ്ങള്‍ ഹേതുവായിട്ടു മനസ്സു വിമുഖവും അസ്വസ്ഥവുമായിത്തീരും. അങ്ങനെ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യം ഹേതുവായി മനസ്സെപ്പോഴും നിരാശാജടിലവും ദുഃഖപൂര്‍ണ്ണവുമായിത്തീരും. ആ അവസ്ഥയെയാണു് ആധിയെന്നു പറയുന്നതു്. ദുഷ്ടാന്നഭക്ഷണം, ദുര്‍ദ്ദേശസഞ്ചാരം, അകാലഭോജനം, ശവംവഹിക്കല്‍, രോഗികളോടുകൂടിച്ചര്‍ന്നിരിക്കല്‍ തുടങ്ങിയ പലകാരണങ്ങളെകൊണ്ടു് ശരീരത്തിലെ വാതാദിദോഷങ്ങള്‍ കോപിച്ചിളകി പലവിധരോഗങ്ങള്‍ക്കു കാരണമാവുന്നു. നല്ലതോ ചീത്തയോ എന്തായാലും വാസനകള്‍ വര്‍ദ്ധിക്കുമ്പോള്‍ അനുഭവങ്ങളും വര്‍ദ്ധിക്കുന്നു. അനുഭവങ്ങളെല്ല‍ാം സംസാരത്തിലുള്ളവയാകയാല്‍ അവ നല്ലതോ ചീത്തയോ എന്തായാലും അവയ്ക്കെല്ല‍ാം അജ്ഞാനം മൂലഹേതുവും ദുഃഖം പരിണിതഫലവുമാണു്. ആധിവ്യാധികളുടെ ഉല്പത്തിസ്വരൂപം സാമാന്യമായിട്ടവിടെപ്പറഞ്ഞുവല്ലോ. നശിക്കുന്ന സ്വഭാവവും സാമാന്യമായിപ്പറയ‍ാം.

ആധികള്‍ രണ്ടുതരത്തിലുണ്ടെന്നു പറയപ്പെടുന്നു. അവയെ സംസാരമെന്നും വ്യവഹാരമെന്നും പറയും. സംസാരം സാമാന്യവും വ്യവഹാരം പ്രത്യേകവുമാണു്. ഉദ്ദിഷ്ടവസ്തുവിന്റെ ലാഭം കൊണ്ടു പ്രത്യേകമായ ആധി നീങ്ങും. അജ്ഞാനനാശത്തില്‍ സാമാന്യമായ ആധിയും നീങ്ങും. ആധികള്‍ നീങ്ങുമ്പോള്‍ ആധിജാതങ്ങളായ വ്യാധികളും ശമിക്കും. ശരിയായ ആത്മജ്ഞാനം കൊണ്ടുമാത്രമേ സ്ഥിരമായ ആധി നീങ്ങി സുഖപ്രാപ്തിയുണ്ടാവൂ. ആധിജാതങ്ങളല്ലാത്ത ത്രിദോഷകോപം കൊണ്ടുണ്ടായ രോഗങ്ങള്‍ ഔഷധമന്ത്രപ്രയോഗങ്ങള്‍ കൊണ്ടുമാറുമെന്നു ലോകത്തില്‍ എല്ലാവര്‍ക്കും അറിവുള്ളതുമാണല്ലോ. ആധിയെങ്ങനെ വ്യാധിയായിത്തീരുന്നുവെന്നാണെങ്കില്‍ പറയ‍ാം. മനസ്സു് വിധുരമായിത്തീരുമ്പോള്‍ ശരീരവും പ്രക്ഷുബ്ധമായിത്തീരും. പ്രക്ഷുബ്ധമായ ശരീരത്തിലെ നാഡികള്‍ ചഞ്ചലങ്ങളും ശരിയായ പ്രാണഗതിയെ തടയുന്നവയുമായിത്തീരും. അപ്പോള്‍ പ്രാണന്റെ ചലനത്തിനു് സാരമായ മാറ്റമുണ്ടാകും. പ്രാണവായുക്കളുടെ അപഥസഞ്ചാരംകൊണ്ടു് ജഠരാഗ്നിക്കും കാര്യമായ മാറ്റമുണ്ടാകും. അപ്പോള്‍ കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാതെ അജീര്‍ണ്ണത്വമോ കുജീര്‍ണ്ണത്വമോ സംഭവിക്കും. അപ്പോള്‍ വാതാദിദോഷങ്ങളുടെ കോപത്തിനും അതുഹേതുവായി പലവിധ രോഗങ്ങളുടെ ഉല്പത്തിക്കും ഇടവരുകയും ചെയ്യും.

ഇനി മന്ത്രങ്ങളെക്കൊണ്ടു രോഗങ്ങള്‍ മാറുന്നതെങ്ങനെയെന്ന സ്വഭാവം കൂടിപ്പറയ‍ാം. കടുക്ക കഴിച്ചാല്‍ വിരോചനമുണ്ടാകുന്നുവെന്നതു പ്രത്യക്ഷമാണല്ലോ. യരലവാദികളായ അക്ഷരങ്ങളും അതുപോലെ ശരീരത്തിലെ പ്രാണഗതിക്കു പല വ്യത്യാസങ്ങളും വരുത്തുന്നു. പ്രാണഗതിയുടെ വ്യത്യാസംകൊണ്ടു ജഠരാഗ്നിക്കും പചനക്രിയക്കുമെല്ല‍ാം മാറ്റം വരുന്നു. അവയെല്ല‍ാം യഥാതഥമായി പ്രവര്‍ത്തിക്കുമ്പോള്‍ രോഗംമാറി ശരീരം അരോഗവും മനസ്സു് നിര്‍മ്മലവുമായിത്തീരുന്നു. നിര്‍മ്മലമായ മനസ്സും അരോഗവുമായ ശരീരവുമുള്ളപ്പോള്‍ ജീവന്‍ സന്തുഷ്ടനാണു്. എന്നാല്‍ ആ അവസ്ത സ്ഥിരപ്പെടണമെങ്കില്‍ ആത്മജ്ഞാനത്തിനു ദൃഢതകിട്ടുകതന്നെ വേണം.

ശരി; പ്രസംഗവശാല്‍ ആധിവ്യാധികളെപ്പറ്റിപ്പറയാന്‍ ഇടവന്നുവെങ്കിലും ഇവിടെ പ്രകൃതിവിഷയം കുണ്ഡലിനിയാണല്ലോ. അതിനെത്തന്നെ തുടര‍ാം. പുര്യഷ്ടകമെന്നു പ്രസിദ്ധമായ ശബ്ദം ജീവന്റെ തന്നെ മറ്റൊരു പര്യായപദം മാത്രമാണു്. ജീവന്റെ ചലനാത്മകശകതിയാണു് പ്രാണന്‍. പ്രാണന്‍ തന്നെയാണു് ഒരുതരത്തില്‍ പറഞ്ഞാല്‍ കുണ്ഡലിനി. പുഷ്പവും സൗരഭ്യവും എപ്രകാരം രണ്ടല്ലാതിരിക്കുന്നുവോ, അതുപോലെ ജീവനും പ്രാണനും ഒട്ടിച്ചേര്‍ന്നു് ഒന്നായിട്ടാണിരിക്കുന്നതു്. എന്നിരുന്നാലും സൗരഭ്യത്തിനു പുഷ്പം കാരണമാവുന്നതുപോലെ പ്രാണചലനത്തിനു് ജീവന്‍ കാരണവുമാണെന്നു ധരിക്കുകയും വേണം. പൂരകാഭ്യാസത്തിന്റെ വിജയം വഴി കുണ്ഡലിനിയെ പൂരണംചെയ്ത നിശ്ചലനായിട്ടിരിക്കുമ്പോള്‍ ശരീരം മേരുപര്‍വ്വതം പോലെ സുസ്ഥിതവും സമ്പുഷ്ടവുമായിത്തീരും. പൂരകാഭ്യാസം കൊണ്ടു് അകത്തുനിറയ്ക്കപ്പെട്ട വായുവിനെ പിന്നെ കുണ്ഡലിനി പതുക്കെപ്പതുക്കെ മേല്പോട്ടുകയറ്റാന്‍ തുടങ്ങുമ്പോള്‍ കുണ്ടലിനീശക്തി തന്നെത്താന്‍ നീണ്ടുനിവര്‍ന്നു വടിപോലെ കുത്തനെ നില്ക്കും. മാത്രമല്ല, ശരീരബദ്ധങ്ങളായ എല്ലാനാഡികളും മേല്പോട്ടുയര്‍ന്നു് ഊര്‍ദ്ധ്വഗതിക്കു തയ്യാറാവുകയും ചെയ്യും. അങ്ങിനെ അല്പസമയം കഴിയുന്നതോടെ ശരീരത്തിലെ ശക്തി മുഴുവന്‍ മേലോട്ടു പൊന്തും. ശരീരംതന്നെയും ആകാശത്തേയ്ക്കുയരുകയും ചെയ്യും. ഇങ്ങനെയാണു് യോഗികള്‍ ആകാശസഞ്ചാരത്തെ സാധിക്കുന്നതു്.

എന്നിങ്ങനെ ആകാശഗമനകാര്യത്തെയും അതിനോടുബന്ധപ്പെട്ട അണിമാദി ഐശ്വര്യങ്ങളെ പ്രാപിക്കുന്ന വിധങ്ങളെയും മറ്റു സിദ്ധികളുടെ സ്വഭാവങ്ങളെയും സാമാന്യമായി പ്പറഞ്ഞുകൊടുത്തശേഷം വസിഷ്ഠാചാര്യന്‍ വീണ്ടും പ്രകൃതമായ ചൂഡാലയുടെ ചരിത്രത്തെപ്പറയാന്‍ തുടങ്ങി. ഹേ, രാമാചന്ദ്രാ! ബുദ്ധിശാലിനിയും ഉത്സാഹവതിയുമായ ചൂഡാല പറയപ്പെട്ട അഭ്യാസങ്ങളെയൊക്കെ വളരെ തീവ്രമായി ചെയ്തു ചുരുങ്ങിയ ദിവസങ്ങളെ കൊണ്ടുതന്നെ ആകാശഗമനവും അഷ്ടൈശ്വര്യങ്ങളുമൊക്കെ സാധിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ചൂഡാലയ്ക്കു് എല്ലാ യോഗസിദ്ധികളും സ്വാധീനങ്ങളായി. അതിന്റെ ഫലമായി മറ്റാരും അറിയാതെ അവള്‍ മൂന്നുലോകത്തും ഇഷ്ടംപോലെ സഞ്ചരിക്കാനും തുടങ്ങി. രാജാവോടുകൂടി ചേര്‍ന്നിരിക്കുമ്പോഴെല്ല‍ാം ഇദ്ദേഹത്തിന് ജ്ഞാമുണ്ടാവാന്‍ ഞാനെന്താണു് ചെയ്യേണ്ടതെന്നു വീണ്ടും വീണ്ടും വിചാരിക്കും. അമ്മ കുട്ടിക്കു് ആഹാരം കൊടുക്കുംപോലെ വളരെ വാത്സല്യത്തോടുകൂടി ആത്മജ്ഞാനത്തെ ഉപദേശിക്കും. പക്ഷേ എന്തൊക്കെച്ചെയ്തിട്ടും രാജാവിനു് അല്പമെങ്കിലും ആത്മജ്ഞാനമോ ആത്മവിശ്രാന്തിയോ കൈവന്നതുമില്ല.

മൂഢനായ ബാലനു വീര്യമേറിയ വിദ്യാസ്വരൂപത്തെ പലപാടുപദേശിച്ചാലും എങ്ങനെയാണോ ചിത്തത്തില്‍ പതിയാതിരിക്കുന്നതു്, അതുപോലെ ചൂ‍ഡാലയുടെ ഉപദേശങ്ങളൊന്നും ശിഖിദ്ധ്വജനില്‍ അല്പംപോലും പ്രയോജനപ്പെട്ടിട്ടില്ല. അതുകാരണത്താല്‍ ചിത്തസംശുദ്ധിവന്നിട്ടില്ലാത്ത അദ്ദേഹത്തിനു് തന്റെ സിദ്ധികളെയൊന്നും രാജ്ഞി കാണിച്ചതുമില്ല. എന്നിങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞുകഴിഞ്ഞപ്പോള്‍ ശ്രീരാമചന്ദ്രന്‍ ചോദിക്കുകയാണു്. മഹാബുദ്ധിമതിയും അനുഭൂതിരസികയുമായ ചൂഡാല ഇത്രയൊക്കെ പരിശ്രമിച്ചിട്ടും രാജാവിന് ജ്ഞാനമുണ്ടായില്ലെന്നു വന്നാല്‍ മറ്റുള്ളവരുടെയൊക്കെ കഥയെന്താണു്? ഗുരൂപദേശം കൊണ്ടു ശിഷ്യന്‍ സമ്പന്നനായിത്തീരുമെന്നല്ലേ നിയമം. എന്താണു് രാജാവിന് ജ്ഞാനപ്രാപ്തിയുണ്ടാവാതിരിക്കാന്‍ കാരണമെന്നു്. അതിനെ കേട്ട വസിഷ്ഠമഹര്‍ഷി പറയാന്‍ തുടങ്ങി.

ഹേ! രാമചന്ദ്രാ! ആചാര്യന്‍ എത്രയൊക്കെ ഉപദേശിച്ചാലും ശിഷ്യന്റെ ബുദ്ധിശക്തിയും ജ്ഞാനതൃഷ്ണയും തന്നെയാണവനെ ജ്ഞാനിയാക്കിത്തീര്‍ക്കുന്നതു്. ബുദ്ധിക്കു കൂര്‍മ്മതയോ ജിജ്ഞാസയ്ക്കു ശക്തിയോ ഇല്ലെങ്കില്‍ ആരൊക്കെ എത്രയൊക്കെ ഉപദേശിച്ചിട്ടും കാര്യമില്ല. ഗുരൂപദേശമൊന്നുമല്ല ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നതു്. എങ്കിലും ഗുരുപദേശം ആവശ്യമാണെന്നു പറയ‍ാം. പണ്ടൊരിക്കല്‍ ധനവാനും എന്നാല്‍ മഹാലോഭിയും ഗൃഹസ്ഥനുമായ ഒരു വൈശ്യന്‍ കാട്ടില്‍ക്കൂടെ എവിടേയ്ക്കോ പൊയ്ക്കൊണ്ടിരുന്നു. നടത്തത്തിന്റെ വേഗതകൊണ്ടു് ഉടുത്ത വസ്ത്രത്തിന്റെ തലക്കല്‍ കെട്ടിയിരുന്ന പണത്തില്‍നിന്നു് ഒരു കൊച്ചു കാശു് ആ കാട്ടില്‍ എവിടെയോ വീണുപോയി. വൈശ്യന്‍ വല്ലാതെ പരിഭ്രമിച്ചു. നഷ്ടപ്പെട്ട കാശു തിരയാന്‍ തുടങ്ങി. വളരെ നേരം തിരഞ്ഞിട്ടും കിട്ടിയില്ല. എന്തുവന്നാലും കാശുകിട്ടാതെ പോവാന്‍ വയ്യെന്നുള്ള നിലയ്ക്കു മൂന്നു ദിവസം ആഹാരനിദ്രകളില്ലാതെ കാട്ടില്‍ കാശും തിരഞ്ഞു നടന്നു. മൂന്നാമത്തെ ദിവസം അദ്ദേഹത്തിനു വിലമതിക്കാന്‍ കഴിയാത്ത ചിന്താമണിയെന്ന രത്നം കിട്ടി. വൈശ്യന്‍ സന്തുഷ്ടനായി ഗൃഹത്തിലേയ്ക്കു തിരിച്ചു. ഒരുകൊച്ചു കാശുപോയതു കൊണ്ടാണു് തിരച്ചില്‍ തുടങ്ങിയതു്. തിരച്ചിലിന്റെ ഫലമായി രത്നവും കിട്ടി. ഇതുപോലെയാണു് ഗുരൂപദേശവും ജ്ഞാനപ്രാപ്തിയും. ഗുരൂപദേശംകൊണ്ടു് തീവ്രമായ സാധനയും സാധനയുടെ ഫലമായി ജ്ഞാനപ്രാപ്തിയുമുണ്ടാവുന്നു. അതിനാല്‍ ഗുരൂപദേശം ആവശ്യമാണു്. പക്ഷേ ജ്ഞാനപ്രാപ്തി ശിഷ്യന്റെ പ്രയത്നത്തിന്റെ ഫലവുമാണു്. ശിഖിദ്ധ്വജരാജാവിന് ഗുരുപദേശം പലപ്പോഴും ലഭിച്ചുവെങ്കിലും അദ്ദേഹത്തിന് ബുദ്ധിശക്തിയോ, ജ്ഞാനതൃഷ്ണയോ, പ്രയന്തമോ ഒന്നുമുണ്ടായിരുന്നില്ലെന്ന കാരണത്താല്‍ അവയെല്ല‍ാം കേവലം വിഫലമായിത്തീരുകതന്നെ ചെയ്തു.

അങ്ങനെയിരിക്കെ മഹാരാജാവിന് ആത്മജ്ഞാനത്തിന്റെ കുറവുകൊണ്ടുള്ള ക്ലേശങ്ങള്‍ ദിവസംപ്രതി വര്‍ദ്ധിച്ചുതുടങ്ങി. രാജഭോഗങ്ങളിലും സമ്പല്‍പ്രൗഢിയിലുമൊന്നും അദ്ദേഹത്തിന്റെ ചിത്തം രമിക്കാതായിത്തുടങ്ങി. ലോകഭോഗങ്ങളൊക്കെ നശ്വരങ്ങളും ദുഃഖപൂര്‍ണ്ണവുമാണെന്ന് അദ്ദേഹത്തിനു് ബോധ്യമായി. ചിത്തശാന്തിക്കുവേണ്ടി അദ്ദേഹം ദാഹിക്കാന്‍ തുടങ്ങി. എന്തുചെയ്താല്‍ ചിത്തവിശ്രാന്തികിട്ടുമെന്നു തന്നത്താന്‍ ആലോചന തുടങ്ങി. അതിന്റെ ഫലമായി ചില തീര്‍ത്ഥാടനങ്ങളും വ്രതാനുഷ്ടാനങ്ങളുമൊക്കെ ചെയ്തുനോക്കി. അതുകൊണ്ടും ഉദ്ദേശിച്ചത്ര ഫലമൊന്നുമുണ്ടായില്ല. അവസാനം തപസ്സുചെയ്യാന്‍ തീര്‍ച്ചപ്പെടുത്തി. അതു ഗൃഹത്തിലായാല്‍ പറ്റില്ല. കാട്ടിലേയ്ക്കു പോവുകതന്നെ വേണം എന്നു നിശ്ചയിച്ചു. ഒരു ദിവസം രാജ്ഞിയായ ചൂഡാലയോടു തന്റെ അഭിപ്രായത്തെ അറിയിച്ചു. തപസ്സിനായിക്കൊണ്ടു കാട്ടിലേയ്ക്കു പോകുകയാണെന്നും രാജ്ഞി രാജ്യഭരണം നടത്തിക്കൊണ്ടു അരമനയില്‍ ഇരിക്കണമെന്നും അതിനു വിസമ്മതമൊന്നും പറയരുതെന്നും പറഞ്ഞു അനുനയം കൊണ്ടു ചൂഡാലയെ ഒരുവിധം സമ്മതിപ്പിച്ചു.

അന്നു രാത്രിയില്‍ എല്ലാവരും ഉറങ്ങികഴിഞ്ഞപ്പോള്‍ ശിഖിദ്ധ്വജന്‍ ഏകനായി എഴുന്നേറ്റു നടന്നു. പട്ടണങ്ങളേയും നാടുകളെയും നദികളെയും പര്‍വ്വതങ്ങളെയും അതിക്രമിച്ചു ക്രമേണ രണ്ടുദിവസംകൊണ്ടു് അദ്ദേഹം മന്ദരപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള ഭയങ്കരമായ കാട്ടിലെത്തിചേര്‍ന്നു. ആ കാട്ടിന്റെ പരിസരത്തെവിടെയും ജനവാസമോ ജനസഞ്ചാരം പോലുമോ ഇല്ല. അത്രയും വിജനമായ വനാന്തര്‍ഭാഗത്തു് ഏകനായെത്തിച്ചേര്‍ന്ന രാജാവു തനിക്കു താമസിക്കാനൊയൊരു സ്ഥലം തിരഞ്ഞെടുത്തു. വൃക്ഷങ്ങളുടെ കൊമ്പും ഇലയും മറ്റും ഉപയോഗിച്ചു താമസിക്കാനൊരു പര്‍ണ്ണശാലയും തീര്‍ത്തു. അനന്തരം പൂക്കൊട്ട, മുളവടി, കന്ഥ, മാന്‍തോല്‍, ജലപാത്രം, ദര്‍ഭാസനം തുടങ്ങി തപസ്വികള്‍ക്കാവശ്യമായ പദാര്‍ത്ഥങ്ങളെയൊക്കെ ഒരുക്കി. അടുത്തദിവസം മുതല്‍ അദ്ദേഹത്തിന്റെ തപോനിഷ്ഠ ആരംഭിക്കപ്പെടുകയും ചെയ്തു. സന്ധ്യാവന്ദനം, ജപം എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ തപോനുഷ്ഠാനങ്ങള്‍ വിഘ്നമില്ലാതെ നിറവേറാന്‍ തുടങ്ങി.

മഹാരാജാവു് ശയ്യവിട്ടറങ്ങിയപ്പോള്‍ത്തന്നെ ചൂഡാല അറിഞ്ഞു. മനസ്സിന് ചെറിയൊരസ്വാസ്ഥ്യം തോന്നായ്കയില്ല. എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ മൂര്‍ഖത നീങ്ങിക്കണ്ടാല്‍ക്കൊള്ളാമെന്ന ആഗ്രഹമുണ്ടായിരുന്നതിനാല്‍ സമാധാനമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഏതു ഭാഗത്തേയ്ക്കാണു് രാജാവു പോവുന്നതെന്നറിയാന്‍ വേണ്ടി രാജ്ഞി ജനല്‍പ്പഴുതിലൂടെ പുറത്തുകടന്നു് ആകാശത്തൂടെ പോയിനോക്കി. കൈയില്‍ ഊരിപ്പിടിച്ച വാളുമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന ശിഖിദ്ധ്വജനെ കാണുകയും ചെയ്തു. മേലില്‍ നടക്കാന്‍പോവുന്ന സംഗതികളെയൊക്കെ തന്റെ ജ്ഞാനദൃഷ്ടികൊണ്ടു കണ്ടറിഞ്ഞ ചൂഡാല അരമനയിലേയ്ക്കു തന്നെ മടങ്ങിപ്പോന്നു, പിറ്റേന്ന് മന്ത്രിമാരെ വിളിപ്പിച്ചു സംഭകൂട്ടി മഹാരാജാവ് ഭരണം തന്നെ ഏല്‍പ്പിച്ച് ഏതോ ഒരത്യാവശ്യകാര്യത്തിന് പോയിരിക്കയാണെന്നും അതിനാല്‍ അദ്ദേഹം മടങ്ങിവരുന്നതുവരെ താനാണു് രാജ്യഭരണം നടത്തുന്നതെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പൂര്‍വ്വാധികം ഭംഗിയായി രാജ്യഭരണം നടത്തിവരുകയും ചെയ്തു. അങ്ങനെ കൊല്ലങ്ങള്‍ തന്നെ കഴിഞ്ഞുപോയി. പതിനെട്ടു കൊല്ലങ്ങള്‍ കഴിഞ്ഞശേഷം ഒരുദിവസം രാജ്ഞി രാജാവിനെ പോയിക്കാണാന്‍ തീര്‍ച്ചപ്പെടുത്തി.

ആകാശത്തൂടെ വായുവേഗത്തില്‍ സഞ്ചരിച്ച ചൂഡാല ക്ഷണനേരം കൊണ്ടു് മന്ദരപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള ഘോരവനത്തിന്റെ മുകളിലെത്തി. അര്‍ദ്ധരാത്രിക്കുശേഷം എല്ലാവരും ഉറങ്ങിക്കൊണ്ടിരിക്കെ ആരും അറിയാതെയാണു് രാജ്ഞി തപോവനത്തിലേയ്ക്കു പുറപ്പെട്ടതു്. ബ്രഹ്മമുഹൂര്‍ത്തത്തിനു് മുമ്പുതന്നെ ഉദ്ദിഷ്ടസ്ഥാനത്തെത്തുകയും ചെയ്തു. തെളിഞ്ഞ ചന്ദ്രികയില്‍ പ്രകാശിച്ചുകണ്ടിരുന്ന പര്‍ണ്ണശാലയുടെ പുരോഭാഗത്തു് അദ്ദേഹം ഏകാകിയായിരുന്നു ജപിക്കുന്നതായി രാജ്ഞി ആകാശത്തില്‍ നിന്നുതന്നെ കാണുകയും ചെയ്തു. വളരെക്കാലത്തെ തപോനിഷ്ഠകൊണ്ടും, ഏകാന്തവാസംകൊണ്ടും രാജാവിനു രാഗാദിവൃത്തികള്‍ നീങ്ങി ചിത്തശുദ്ധി വന്നിട്ടുണ്ടാവണമെന്നും അതിനാല്‍ ഇപ്പോള്‍ ചെയ്യപ്പെടുന്ന ജ്ഞാനോപദേശം അദ്ദേഹത്തിനു സഫലമാവുമെന്നും കരതി ജ്ഞാനോപാദേശം ചെയ്യാനാണു് രാജ്ഞി അവിടേയ്ക്കു വന്നതു്. എന്നാല്‍, തന്നെ ഈ വേഷത്തില്‍ കണ്ടാല്‍ ചൂഡാലയെന്ന അലക്ഷ്യഭാവമുണ്ടാവും. അപ്പോള്‍ ഉപദേശം വേണ്ടത്ര പ്രയോജനപ്പെടുകയുമില്ലെന്നു കരുതി പ്രച്ഛന്നവേഷത്തോടുകൂടി വേണം രാജാവിനെ സമീപിക്കാനെന്നു തീര്‍ച്ചപ്പെടുത്തി.

തേജസ്വിയായ ഒരു ബ്രഹ്മചാരിയുടെ വടിവായിത്തീരാന്‍ സങ്കല്പപ്പിച്ചു. സങ്കല്പമാത്രം കൊണ്ടുതന്നെ അങ്ങനെയായിത്തീരുകയും ചെയ്തു. അനന്തരം താഴോട്ടിറങ്ങി രാജാവിന്റെ മുമ്പില്‍ ഭൂമിതൊടാതെ ഭൂമിയില്‍ നിന്നും ഏതാനും അംഗുലം പൊന്തി ആകാശത്തില്‍നിന്നു. കാഴ്ചയില്‍ യൗവ്വനാരംഭത്തിലെത്തിയ തേജസ്വിയായ ബ്രഹ്മചാരിയായും ഭൂമിതൊടാതെയുള്ളനില്പും കണ്ടപ്പോള്‍ രാജാവു് അദ്ദേഹത്തെ ഒരു ദേവപുത്രനാണെന്നു മനസ്സിലാക്കി, വേഗത്തില്‍ എഴുന്നേറ്റു സ്വാഗതം പറഞ്ഞു് ഇലകള്‍ വിരിച്ചാസനമുണ്ടാക്കി അതിലിരിക്കാന്‍ പറഞ്ഞു. അന്തരം അര്‍ഘ്യപാദ്യങ്ങളെക്കൊടുത്തു. രാജര്‍ഷിക്കു നമസ്കാരമെന്നു പറഞ്ഞ് അദ്ദേഹം രാജാവു് കൊടുത്ത ആസനത്തിലിരിക്കുകയും ചെയ്തു. അനന്തരം അന്യേന്യം കുശലപ്രശ്നം ചെയ്യാന്‍ തുടങ്ങി. തപസ്സു നിര്‍വ്വിഘ്നമായി നടക്കുന്നുണ്ടോ, തപസ്സിന്റെ ഫലമായ അദ്വൈതജ്ഞാനവും ചിത്തവിശ്രാന്തിയും സാധിച്ചുവോ എന്നൊക്കെ ദേവകുമാരന്‍ രാജാവിനോടു ചോദിച്ചു. അതിനൊക്കെ അദ്ദേഹം സാമാന്യമായ മറുപടി പറഞ്ഞശേഷം അദ്ദേഹം ആരാണെന്നും എവിടേയ്ക്കാണു് പുറപ്പെട്ടതെന്നും എന്തുദ്ദേശത്താലാണവിടെ വന്നതെന്നുമൊക്കെ അറിഞ്ഞാല്‍ കൊള്ളാമെന്നറിയിച്ചു. അതിനുമറുപടി പറയാന്‍ തുടങ്ങി ദേവപുത്രന്‍.

മഹാജ്ഞാനനിധിയും ദേവവന്ദ്യനുമായ ശ്രീ നാരദമഹര്‍ഷി ഒരിക്കല്‍ ഗംഗാതീരത്തുളള ഒരു ഗുഹയില്‍ കുറച്ചുകാലം തപോനിഷ്ഠചെയ്തു താമസിക്കാനിടയായി. അക്കാലത്തൊരു ദിവസം അദ്ദേഹം പതിവുപോലെ സമാധിയില്‍ നിന്നുണര്‍ന്നു ഗംഗാതീരത്തേയ്ക്കിറങ്ങിയപ്പോള്‍ മഹാസൗഭാഗ്യവതികളും യൗവനയുക്തകളുമായ ചിലദേവസ്ത്രീകള്‍ ഗംഗയില്‍ നീന്തിക്കുളിക്കുന്നതായി കണ്ടു. ദേഹത്തില്‍ വസ്ത്രമില്ലാതെയും അന്യോന്യം പ്രതിബിംബിക്കുന്ന തേജസ്സുള്ളവരുമായ അവരുടെ ദര്‍ശനംകൊണ്ടു മഹര്‍ഷിയുടെ മനസ്സു വികാരാവിഷ്ടമായിത്തീരുകയും രേതസ്സു് സ്ഖലിക്കുകയും ചെയ്തു. അത്രയും കേട്ടപ്പോള്‍ മഹാത്മാവായ നാരദമഹര്‍ഷിക്കു വികാരമുണ്ടാവുമോ എന്ന തന്റെ ശങ്കയെ രാജാവു് പ്രകാശിപ്പിച്ചു. ദേവപുത്രന്‍ അതിനും മറുപടിപറഞ്ഞു, രാജര്‍ഷേ! അങ്ങുശ്രദ്ധിക്കണം. പ്രജ്ഞ എപ്പോള്‍ ലക്ഷ്യമായ ആത്മസത്തയെ വിസ്മരിക്കുന്നുവോ, താമസമില്ല, അപ്പോള്‍ ദൃശ്യങ്ങള്‍ പൊന്താന്‍ തുടങ്ങും. ചിത്തത്തില്‍ ദൃശ്യങ്ങള്‍ വികസിച്ചാല്‍ വികാരമുണ്ടാവും. അതു് ആരുടെയും അനുഭവമാണു്. അതിനാല്‍ ലക്ഷ്യത്തെ വിസ്മരിക്കാതിരിക്കലാണു് മഹാന്മാര്‍ ചെയ്തുവരുന്നതു്. എങ്കിലും ചിലപ്പോള്‍ അറിയാതെ വിട്ടുപോയേക്ക‍ാം. അങ്ങനെ വന്നാല്‍ എന്തെങ്കിലും ചില അനര്‍ത്ഥങ്ങളുണ്ടായിക്കൂടായ്കയുമില്ല.

ഏതായാലും സ്രവിച്ചതായ രേതസ്സിനെ അദ്ദേഹമൊരു സ്ഫടികകുംഭത്തിലാക്കി അടച്ചു ഭദ്രമാക്കി വെച്ചു. സങ്കല്പം കൊണ്ടുണ്ടാക്കിയ പാലുകൊണ്ടു നനച്ചു വരുകയും ചെയ്തു. മഹര്‍ഷിയുടെ ബീജം ക്രമേണ കരചരണാദ്യവയവങ്ങളോടുകൂടിയ ശരീരമായിത്തീര്‍ന്നു. സന്ദര്‍ഭം വന്നപ്പോള്‍ കുംഭത്തെപൊട്ടിച്ചു ശിശുവിനെ പുറത്തെടുത്തു വളര്‍ത്താന്‍ തുടങ്ങി. കാലം കൊണ്ടു പിതാവു് ആ പുത്രനാവശ്യമുള്ള എല്ലാ സംസ്കാരങ്ങളെയും ചെയ്തു വേണ്ടുന്ന വിദ്യകളെയൊക്കെ പഠിപ്പിച്ചു ജ്ഞാനിയുമാക്കി. അനന്തരം ഒരു ദിവസം ബ്രഹ്മസന്നിധിയില്‍ കൂട്ടികൊണ്ടുപോയി തന്റെ പുത്രനെ ബ്രഹ്മദേവനു് കാണിച്ചുകൊടുത്തു. ബ്രഹ്മദേവന്‍ പൗത്രനെക്കണ്ടു വളരെ സന്തോഷിച്ചു. സര്‍വ്വജ്ഞനായിത്തീരട്ടേയെന്നനുഗ്രഹിക്കുകയും ചെയ്തു. കുംഭത്തില്‍ നിന്നും ജനിച്ച ആകുട്ടിക്കു് ‘കുംഭ’നെന്നുതന്നെ പേരിട്ടു. ആ കുംഭനാണു് ഈ ഞാന്‍. സജ്ജനങ്ങളെക്കാണാനും അവരുമായി സമ്പര്‍ക്കം ചെയ്യാനുമുള്ള കൗതുകംകൊണ്ടു് ആകാശത്തൂടെ ചുറ്റിനടക്കുമ്പോഴാണു് അങ്ങയെ കണ്ടതു്. അപ്പോള്‍ തപോനിധിയായ അങ്ങയെക്കാണാന്‍ വേണ്ടി ഇങ്ങോട്ടിറങ്ങിയെന്നേ ഉള്ളു. ഇനി അങ്ങയുടെ വര്‍ത്തമാനങ്ങളും കേട്ടാല്‍ കൊള്ളാമെന്നായി കുംഭന്‍.

ദേവപുത്രന്റെ അമൃതായമാനങ്ങളായ വാക്കുകളെകേട്ടു് അതീവസന്തുഷ്ടനും ആശ്ചര്യഭരിതനുമായിത്തീര്‍ന്ന രാജാവു് കുംഭനെ വളരെയധികം അനുമോദിക്കുകയും പുകഴ്ത്തുകയും ചെയ്തു. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ സമാഗമംകൊണ്ടും സംഭാഷണം കൊണ്ടും രാജാവിനതുവരെ ഉണ്ടായിട്ടില്ലാത്ത അവാച്യമായൊരു നിര്‍വൃതി കിട്ടിക്കഴിഞ്ഞതിനാല്‍ അദ്ദേഹം കുംഭനില്‍ അതീവഭക്തനും വിനീതനും കൂടിയായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ ചോദ്യത്തെ പുരസ്കരിച്ചു തന്റെ ചരിത്രം പറയാന്‍ തുടങ്ങി. ദേവപുത്രനായ അങ്ങേയ്ക്കറിയാത്തതായിട്ടൊന്നുമുണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ല. എങ്കിലും ചോദിച്ചസ്ഥിതിക്കു പറയ‍ാം. ഞാനൊരു ക്ഷത്രിയനും രാജാവുമാണ്. സംസാരതാപത്തിന്റെ ബാധകൊണ്ടു് ആര്‍ത്തനായി രാജ്യത്തെയും സര്‍വ്വസ്വത്തെയും ഉപേക്ഷിച്ചു് ഈ കാട്ടില്‍ വന്നു തപോനിഷ്ഠനായി കഴിഞ്ഞു വരികയാണു്. ഇനിയെങ്കിലും ജനിക്കാതെയും സംസാരപീഡയെ അനുഭവിക്കാതെയും കഴിയണം. അതിനുവേണ്ടിയാണു് പലസല്‍ക്കര്‍മ്മങ്ങളെയും ചെയ്തുകൊണ്ടിവിടെ കഴിച്ചു കൂട്ടിന്നതു്. പക്ഷേ എന്തൊക്കെ ചെയ്തിട്ടും മനസ്സിന്നു സമാധാനമൊന്നും കിട്ടുന്നില്ല. അങ്ങനെ കഴിഞ്ഞുവരുന്നു എന്നേയുള്ളൂ. എന്നിങ്ങനെ രാജാവു് പറഞ്ഞുകഴിഞ്ഞപ്പോള്‍ തക്കസന്ദര്‍ഭമെന്നു കരുതി ചൂഡാല പറയാന്‍ തുടങ്ങി. ജ്ഞാനം കൊണ്ടു ചിത്തവിശ്രാന്തിയും സംസാരനിവൃത്തിയുമുണ്ടാവും. ചിത്തത്തില്‍ വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന വാസനകള്‍ തന്നെ സംസാരം. വാസനകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും സംസാരനിവൃത്തിയോ ചിത്തവിശ്രാന്തിയോ ഉണ്ടാവാന്‍ വയ്യ. ജ്ഞാനംകൊണ്ടേ വാസനകള്‍ നശിക്കൂ. അഭിജ്ഞന്‍മാരായ സജ്ജനങ്ങളെ സേവിച്ചു ജ്ഞാനസമ്പാദനം ചെയ്യാതെ അങ്ങിവിടെ വെറുതേ കാലം കഴിച്ചതുകൊണ്ടെന്താണു പ്രയോജനം? ജ്ഞാനമില്ലാത്തവന് സ്വാദ്ധ്യായാദി തപോനിഷ്ഠകളൊക്കെ നേരമ്പോക്കിനു കൊള്ളാമെന്നല്ലാതെ അതുകൊണ്ടെന്നും അങ്ങുദ്ദേശിക്കുന്ന സമാധാനമോ മോക്ഷമോ ഒന്നും കിട്ടാന്‍ പോവുന്നില്ല.

ബന്ധമോക്ഷങ്ങളുടെ സ്വരുപങ്ങളെ അറിയാതെയും തത്വങ്ങളെ വിചാരം ചെയ്തു ബോധ്യപ്പെടാതെയും എങ്ങനെയാണു് ജ്ഞാനമുണ്ടാവുന്നതു്? ‍ഞനാരാണു്, ഈ ലോകം എങ്ങനെയുണ്ടായി, മരണാനന്തരം ഞാനെവിടെപ്പോകും എന്നൊന്നും അറിയാതെ എങ്ങനെയാണു് ആത്മജ്ഞാനമുണ്ടാവുന്നതു്? ആ വക തത്ത്വങ്ങളെ നിശ്ചിതമായി നിരൂപിച്ചു ബോദ്ധ്യപ്പെടുമ്പോള്‍ ക്രമേണ ആത്മജ്ഞാനമുണ്ടാവും. ആത്മജ്ഞാനംകൊണ്ടു വാസനാക്ഷയവും സംഭവിക്കും. അപ്പോള്‍മോക്ഷത്തിനു് തടസ്സമില്ലാതെയായി. വാസനകളാണു് ജന്മങ്ങളെയും കര്‍മ്മങ്ങളെയും വളര്‍ത്തുന്നതു്. നിര്‍വ്വാസനനായിട്ടുള്ളവന്‍ എന്തെങ്കിലും ചില കര്‍മ്മങ്ങളെചെയ്താലും അവയില്‍ നിന്നു വാസനകളുണ്ടാവുകയോ ജന്മത്തിനു് ഹേതുവാകുകയോ ചെയ്യുന്നില്ല. അങ്ങനെ തന്നെ സവാസനന്‍ ഒന്നുംചെയ്യാതിരുന്നാലും അയാളുടെ ജന്മങ്ങളോ കര്‍മ്മങ്ങളോ ക്ഷയിക്കുന്നില്ല. അതിനാല്‍ ഹേ! രാജാവേ! വാസനാക്ഷയംതന്നെയാണു് കാര്യം. അതുകൊണ്ടുമാത്രമേ അങ്ങയുടെ അഭീഷ്ടം നിറവേറാന്‍ പോവുന്നുള്ളു. ആത്മജ്ഞാനം ഒന്നുകൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും വാസനകള്‍ നശിക്കുന്നില്ല. അതിനാല്‍ അഭിജ്ഞന്മാരും അനുഭവരസികന്മാരുമായ ജ്ഞാനികളെ സേവിച്ചു ജ്ഞാനം സമ്പാദിക്കാന്‍ ശ്രമിക്കൂ.

എന്നിങ്ങനെ കുംഭവേഷധാരിണിയായ ചൂഡാല അവസരോചിതമായിപ്പറഞ്ഞ വാക്കുകള്‍ കേള്‍ക്കുന്തോറും അദ്ദേഹത്തിന്റെ മനസ്സിന് എന്തോ അവാച്യമായൊരു നിര്‍വൃതിയും പ്രീതിയും വളരാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നാല്‍തന്നെ താന്‍ ജ്ഞാനിയായിത്തീരുമെന്നും തന്നെ ഉപദേശിച്ചു ജ്ഞാനിയാക്കിതീര്‍ക്കാന്‍ ഈ ദേവപുത്രനെക്കാള്‍ പറ്റിയ മറ്റാരുംതന്നെ ഇല്ലെന്നുപോലും അദ്ദേഹത്തിനു തോന്നി. അതിന്റെ ഫലമായി അദ്ദേഹം കുംഭനോടുതന്നെ തനിക്കു ജ്ഞാനോപദേശം ചെയ്യണമെന്നപേക്ഷിച്ചു. എന്റെ അമ്മയും അച്ഛനും ഗുരുവും ഈശ്വരനുമെല്ല‍ാം അങ്ങുതന്നെ. അങ്ങയെ ഞാന്‍ സര്‍വ്വാത്മനാ ശരണം പ്രാപിച്ചിക്കുന്നു. എന്നെ ജ്ഞാനമുപദേശിച്ചു് ഉല്‍ബുദ്ധനാക്കണമെന്നിങ്ങനെ ആശ്രയിക്കുകയും ചെയ്തു.

രാജ്ഞിക്കൊരുവിധം സന്തോഷമായി. എന്തുകൊണ്ടെന്നാല്‍ ജ്ഞാനോപദേശത്തിന് തികച്ചും പാത്രമായിരിക്കുന്നു രാജാവെന്നു ബോദ്ധ്യമായി. ഈ സന്ദര്‍ഭത്തില്‍ കൊടുക്കുന്ന ഉപദേശം നിഷ്ഫലമാവില്ലെന്നും ബോദ്ധ്യമായി എങ്കിലും തന്റെ ഭാവവിശേഷങ്ങളൊന്നും പുറത്തുകാട്ടാതെ പറഞ്ഞു: രാജാവേ! ഞാന്‍ പറയ‍ാം. എന്നാല്‍ അച്ഛന്റെ വാക്കിനെ പുത്രനെന്നപോലെ എന്റെ വാക്കിനെ ശ്രദ്ധയോടും വിശ്വാസത്തോടുംകൂടി കേട്ടു് ആചരിക്കണം. എന്നു പറഞ്ഞപ്പോള്‍ അങ്ങയുടെ വാക്കിനെ വേദവാക്യം പോലെ ഞാന്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുമെന്നു രാജാവു് പ്രതിജ്ഞ ചെയ്തു. എന്നാല്‍ പറയാമെന്നു പറഞ്ഞു കുംഭന്‍ ജ്ഞാനോപദേശമാരംഭിച്ചു. ആദ്യംതന്നെ ഒരു കഥ പറയാമെന്നു പറഞ്ഞുകൊണ്ടാണു് തുടങ്ങിയതു്.

രാജാവേ! കേട്ടോളൂ, പണ്ടു് എല്ലാ ശാസ്ത്രങ്ങളും പഠിച്ച ഒരു പണ്ഡിതന്‍ തനിക്കു ചിന്താമണി കിട്ടിയാല്‍ കൊള്ളാമെന്നാഗ്രഹിച്ചു തപസ്സു് ചെയ്യാന്‍ പോയി. ഭയങ്കരമായ ഒരുവനമദ്ധ്യത്തില്‍ അദ്ദേഹം ഏകാകിയായി താമസ്സിച്ചുകൊണ്ടു കൊടുംതപസ്സു ചെയ്യാന്‍ തുടങ്ങി. തപസ്സിന്റെ കാഠിന്യം കൊണ്ടു് അധികം കഴിയുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിനു ചിന്താമണിയാകുന്ന ദിവ്യരത്നം പ്രത്യക്ഷപ്പെട്ടു. കുളുര്‍മ്മയേറിയ നിര്‍മ്മല തേജസ്സു് കൊണ്ടു മറ്റൊരു ചന്ദ്രബിംബമോ എന്നുതോന്നുമാറു തന്റെ മുന്നില്‍ പ്രകാശിച്ചു നില്‍ക്കുന്ന ആ ദിവ്യ രത്നത്തെ കണ്ടപ്പോള്‍ മൂര്‍ഖതകൊണ്ടു് അദ്ദേഹത്തിനതു് ചിന്താമണിയാണെന്നു തോന്നിയില്ല. ഇത്രവേഗത്തില്‍ ഒരാള്‍ക്കു ചിന്താമണികിട്ടാന്‍ വയ്യ. അത്രമാത്രം തപശ്ശക്തിയൊന്നും എനിയ്ക്കുണ്ടായിക്കഴിഞ്ഞിട്ടില്ല. കൂടാതെ ഭാഗ്യവും എനിക്കു് നന്നേ കുറവാണു്. ദേവന്മാര്‍ എന്നെ പറ്റിക്കാന്‍വേണ്ടി പ്രയോഗിച്ച ഏതോ മായാതന്ത്രമാണു് ഇക്കാണുന്നതു്. അല്ലാതെ ചിന്താമണി രത്നമൊന്നുമല്ല. എന്നു വിചാരിച്ച ആ മൂര്‍ഖപണ്ഢിതന്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ചിന്താമണി രത്നത്തെ കൈക്കലാക്കാന്‍ ശ്രമിക്കാതെ അശ്രദ്ധനായിരുന്നു. തങ്ങളെ ആദരിക്കുന്നില്ലെന്നു കാണുമ്പോള്‍ സിദ്ധികള്‍ മറഞ്ഞുപോവുകയെന്നതു് സ്വാഭാവികമാണു്. ആ നിലയ്ക്കു കുറച്ചു കഴിഞ്ഞു പ്രസ്തുതരത്നവും മറഞ്ഞുപോയി.

പിന്നെയും പണ്ഡിതന്‍ കഠിനങ്ങളായ തപോനിഷ്ഠതളില്‍തന്നെ മുഴുകി ക്കഴിഞ്ഞുകൂടി. പ്രസ്തുതപണ്ഡിതന്റെ മൂര്‍ഖതയെക്കണ്ട സിദ്ധന്മാര്‍ അദ്ദേഹത്തെ നല്ലവിധത്തിലൊന്നു പറ്റിക്കണമെന്നു തീര്‍ച്ചപ്പെടുത്തി. കുറേദിവസം കഴിഞ്ഞപ്പോള്‍ ഒരുദിവസം അല്പപ്രകാശമുള്ള ഒരു സ്ഫടികഷ്ണം അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുവന്നു വച്ചു. അതിനെകണ്ട പണഡിതന്‍ അതു ചിന്താമണിയെന്നു തെറ്റിദ്ധരിക്കുകയും ചെയ്തു. അതിനാല്‍ ആ കുപ്പികഷ്ണത്തെയും കൈയ്യിലെടുത്തു ചിന്താമണി കിട്ടിപ്പോയെന്നു വിശ്വസിച്ചു കൃതാര്‍ത്ഥനായി ഗൃഹത്തിലേയ്ക്ക മടങ്ങി. ചിന്താമണിയാകുന്ന ദിവ്യ രത്നം തന്റെ കൈയ്യിലുള്ള സ്ഥിതിക്കു എവിടെപ്പോയാലും സമ്പത്തിനു കുറവുണ്ടാവാന്‍ വഴിയില്ലെന്നു കരുതി ഗൃഹവും അവിടെയുള്ള സ്വത്തുക്കളുമെല്ലാമുപേക്ഷിച്ചു് ഒരു കാട്ടില്‍ പോയി താമസിക്കാന്‍ തീര്‍ച്ചപ്പെടുത്തി. കുപ്പികഷ്ണവും കൊണ്ടു കാട്ടിലെത്തിയ ആ മൂര്‍ഖന്‍ വളരെ കഷ്ടങ്ങളെ അനുഭവിക്കേണ്ടിവന്നുവെന്നു പറയേണ്ടതില്ലല്ലോ.

ഇതാണു് ഞാന്‍ പറയാനുദ്ദേശിച്ച ഒരു കഥ. ഇനി ഒരു കഥകൂടിപ്പറയ‍ാം. രാജാവേ! അങ്ങുശ്രദ്ധിച്ചുകേള്‍ക്കൂ. ഇതിനെ കേട്ടാല്‍ തന്നെ അങ്ങയുടെ അജ്ഞാനമെല്ല‍ാം നീങ്ങുമെന്നു പറഞ്ഞുകൊണ്ടു ദേവപുത്രന്‍ പിന്നെയും കഥപറയാന്‍ തുടങ്ങി. വിന്ധ്യപര്‍വ്വതത്തിന്റെ സാനുപ്രദേശങ്ങളിലുള്ള പെരും കാട്ടില്‍ വളരെ വലിയ ഒരുകൊമ്പനാനയുണ്ടായിരുന്നു. വെളുത്തു നീണ്ടു തടിച്ചു വജ്രംപോലുള്ള അതിന്റെ കൊമ്പുകള്‍ കണ്ടാല്‍തന്നെ ആരും ഭയപ്പെട്ടുപോവും. ആ കാട്ടിലുള്ള എല്ലാ മൃഗങ്ങള്‍ക്കും പ്രസ്തുത ആനയെ വളരെ ഭയമായിരുന്നു. ആ കാടിന് മുഴുവന്‍ അധിപതിയായിരുന്നു ആ ആനയെന്നു പറയണം. എങ്കിലും ഒരിക്കല്‍ അബദ്ധത്തില്‍ അവനൊരു വാരിക്കുഴിയില്‍ വീണു് ആനക്കാരന് അടിമയാകേണ്ടിവന്നു. പൗരുഷശാലിയായ ആനയ്ക്ക് ആ ദയനീയാവസ്ഥ വളരെ അസഹ്യമായിത്തീര്‍ന്നു. ഒരു ദിവസ്സം കടുത്ത ഇരുമ്പു ചങ്ങലകൊണ്ടു പിന്‍കാല്‍ രണ്ടും കുടുക്കി ഒരു വലിയമരത്തില്‍ ആനയെകെട്ടി ആനക്കാരന്‍ അടുത്തുള്ളൊരു പനമരത്തില്‍ പട്ടവെട്ടാന്‍ കയറി. ഇതു തക്കസന്ദര്‍ഭമാണെന്നു കരുതി ആന തന്റെ ശക്തിമുഴുവന്‍ ഉപയോഗിച്ചു വലിച്ചു ചങ്ങലപൊട്ടിച്ചു് ആനക്കാരന്റെ കെട്ടില്‍ നിന്നു മുക്തനായി. പനമരത്തിന്റെ മുകളിലിരുന്നു് ആനയുടെ ഈ സാഹസകൃത്യത്തെക്കണ്ട ആനക്കാരന്‍ കോപാകുലനായി വീണ്ടും ആനയെ കെട്ടാന്‍ വേണ്ടി ബദ്ധപ്പെട്ടിറങ്ങാന്‍ തുടങ്ങി. ഇറങ്ങിവരുമ്പോഴേയ്ക്കു് ആന പോയിമറയുമെന്നു കണ്ട ആനക്കാരന്‍ ബദ്ധപ്പാടോടുകൂടി ആനയുടെ പുറത്തേക്കു ചാടി. ശരിക്കു് ആനയുടെ പുറത്തെത്തണമെന്നുദ്ദേശിച്ചാണു് ചാടിയതെങ്കിലും വീണതു് ആനയുടെ മുമ്പിലാണു്. വേണമെങ്കില്‍ ആ സമയത്തു് ആനയ്ക്കു് ആനക്കാരനെ കൊല്ലാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തില്ല. അവശനായി തന്റെ മുന്നില്‍ വീണുകിടക്കുന്ന ആനക്കാരനെ കൊല്ലുന്നതിലെന്തു പൗരുഷമാണുള്ളതെന്നു കരുതി ആനതിരിഞ്ഞു നടന്നു കാടുകയറി. എങ്കിലും ആനക്കാരന്‍ വിട്ടില്ല. എങ്ങനെയെങ്കിലും ആ ആനയെ പിടിക്കണമെന്നു നിശ്ചയിച്ചു് ആനക്കാരന്‍ അന്വേഷിച്ചു നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസ്സം ആനയെ കണ്ടുകിട്ടി. ഒരുകാട്ടിന്റെ മധ്യത്തില്‍ വേറെചില ആനകളോടു കൂട്ടുകൂടിനില്‍ക്കുന്നതായി കണ്ടു. അപ്പോള്‍തന്നെ ആനക്കാരന്‍ കുറേ ആളുകളെ കൂട്ടി ആ കാടിനുചുറ്റും മടകിളച്ചു് ഉണങ്ങിയ കരിയിലയും മറ്റും ഇട്ടുമൂടുകയും ചെയ്തു. ആനക്കാരന്റെ ഈ കുടിലതന്ത്രത്തെ അറിയാതിരുന്ന ശുദ്ധഗതിക്കാരനായ ആന ഒരു ദിവസം ആ വഴിക്കു പോവുമ്പോള്‍ മടയില്‍ വീണു. ആനക്കാരന്‍ വീണ്ടും പിടിച്ചുകെട്ടുകയും ചെയ്തു. ഇന്നും ആ ആന ആനക്കാരന്റെ പലതരത്തിലുള്ള പീഡനങ്ങളെ അനുഭവിച്ചു കഴിയുകയാണു്. തക്ക സന്ദര്‍ഭം കിട്ടീട്ടും തന്റെ ശത്രുവിനെ കൊല്ലാതിരുന്നതുകൊണ്ടാണു് ആനയ്ക്കീ ദുരവസ്ഥനേരിട്ടതു് എന്നുപറഞ്ഞു ദേവപുത്രന്‍ കഥയെ അവസാനിപ്പിച്ചപ്പോള്‍ എന്താണു് പ്രസ്തുത കഥകളുടെ വ്യംഗമെന്നറിയാതെ രാജാവു് അന്ധനായി. അതുക്കൂടെപ്പറഞ്ഞുതരണമെന്നപേക്ഷയായി. അപ്പോള്‍ പ്രസ്തുത കഥയുകളുടെ ആന്തരതത്വത്തെയും പറയാന്‍ തുടങ്ങി ദേവപുത്രന്‍.

രാജാവേ! അങ്ങയെ ഉദ്ദേശിച്ചുതന്നെയാണു് ഞാന്‍ രണ്ടു കഥകളെയും പറഞ്ഞതു്. ശാസ്ത്രാര്‍ത്ഥങ്ങളെയൊക്കെ ഗ്രഹിച്ച പണ്ഡിതനെന്നു വിശേഷിപ്പിച്ചതു് അങ്ങയെത്തന്നെയാണു്. അങ്ങു ശാസ്ത്രങ്ങളെയൊക്കെപ്പഠിച്ചിട്ടുണ്ടെങ്കിലും ആത്മജ്ഞാനമില്ലാത്തതുകൊണ്ടു മൂര്‍ഖനാണു്. ചിന്താമണിയെന്നു പറഞ്ഞതു സര്‍വ്വസന്ത്യാഗത്തെയാണു്. രാജ്യം, ഗൃഹം, പത്നി മുതലായവയെ എല്ലാമുപേക്ഷിച്ചു കാട്ടിലേയ്ക്കു പോന്നുവെങ്കിലും ഞാനെന്ന അഹങ്കാരത്തെ കളയാത്തതുകൊണ്ടു് അങ്ങയുടെ ത്യാഗം അപൂര്‍ണ്ണമേ ആയുള്ളു. അതിനാല്‍ സര്‍വ്വസന്ത്യാഗമാകുന്ന ചിന്താമണി അടുത്തെത്തിയെങ്കിലും അങ്ങേയ്ക്കു കിട്ടിയില്ല. അപ്പോള്‍ അഹങ്കാരത്തെ കളഞ്ഞില്ലെന്നു മാത്രമല്ല, സര്‍വ്വസന്ത്യാഗം ഇത്ര വേഗമൊന്നും സാധിക്കില്ല, അതു മറ്റെന്തൊക്കെയോ സാഹസകൃത്യങ്ങളെക്കൊണ്ടു സാധിക്കേണ്ടതാണെന്നു് അങ്ങു തെറ്റിദ്ധരിച്ചു. അപ്പോള്‍ ഉള്ള ത്യാഗവും പോയി. പിന്നെ ഈ തപസ്സാകുന്ന കുപ്പിക്കഷണം കിട്ടി. അതുകൊണ്ടു വിഷമിക്കുകയാണു് അങ്ങീകാട്ടില്‍. വാസ്തവത്തില്‍ ചിന്താമണിക്കു പകരം സ്ഫടികകഷ്ണംപോലും അങ്ങയ്ക്കു കിട്ടീട്ടില്ലെന്നതാണു് പരമാര്‍ത്ഥം. ഇതാണു് ആദ്യത്തെ കഥയുടെ താല്പര്യം. ഇനി രണ്ടാമത്തേതിന്റെ താല്പര്യവും പറയ‍ാം. എന്നു പറഞ്ഞു ചൂഡാല അതും പറയാന്‍ തുടങ്ങി,

വിന്ധ്യാകാനനത്തിലെ ആനയെന്നു പറഞ്ഞതു രാജാവേ! അങ്ങയെത്തന്നെയാണു്. അങ്ങേയ്ക്കുള്ള വികാരവൈരാഗ്യങ്ങളെയാണു് ആനയുടെ രണ്ടുകൊമ്പുകളായും പറഞ്ഞതു്. ആനയെ ആനക്കാരനെന്നപോലെ അങ്ങയെ അടിമയാക്കി നിര്‍ത്തിയിരിക്കുന്ന അജ്ഞാനത്തെയാണു് ആനക്കാരനെന്നും പറഞ്ഞതു്, ഇരിമ്പുചങ്ങലയെന്നു പറഞ്ഞതു് അങ്ങയുടെ ആശാപാശങ്ങളെയാണു്. സംശയിക്കേണ്ട, ഇരുമ്പുചങ്ങലയെക്കാള്‍ ബലം കൂടും ആശാപാശങ്ങളുടെ ബന്ധനത്തിനു്. കാലംകൊണ്ടു് ഇരിമ്പുദ്രവിച്ചുപോവും. എന്നാല്‍ ആശകള്‍ വര്‍ദ്ധിക്കലല്ലാതെ ക്ഷയിക്കലില്ല. അങ്ങു സര്‍വ്വസന്ത്യാഗം ചെയ്യാന്‍വേണ്ടി രാജ്യഗൃഹാദികളെ ഉപേക്ഷിച്ചു കാട്ടിലേയ്ക്കിറങ്ങിയെന്നറിഞ്ഞപ്പോള്‍ അജ്ഞാനത്തിനു ഭ്രംശം വന്നു. അതിനെയാണു് ആനക്കാരന്‍ പനമരത്തില്‍ നിന്നു ചാടിയെന്നു പറഞ്ഞതുകൊണ്ടു സൂചിപ്പിച്ചതു്. എന്നാല്‍ തീവ്രവൈരാഗ്യംകൊണ്ടു വീണ്ടും അങ്ങു് അജ്ഞാനമാകുന്ന ആനക്കാരന്റെ കുഴിയില്‍ വീണു. ആ കുഴിയാണു് ഇപ്പോള്‍ ചെയ്തുവരുന്ന തപസ്സാധന. ഇങ്ങനെ അങ്ങയുടെ അനുഭവത്തെ ത്തന്നെയാണു് ഞാന്‍ കഥാരൂപേണ ചിത്രീകരിച്ചതെന്നു പറഞ്ഞു് ദേവപുത്രന്‍ സംഭാഷണം നിര്‍ത്തിയപ്പോള്‍ രാജാവു് നിരാശകൊണ്ടു് ആര്‍ത്തനായി ഒന്നും പറയാന്‍ കഴിയാതെ ദീര്‍ഘശ്വാസമിട്ടു. അപ്പോള്‍ ചൂഡാലവീണ്ടും പറയാന്‍ തുടങ്ങി.

രാജാവേ! അങ്ങയുടെ പട്ടമഹിഷിയായ ചൂഡാല വാസ്തവത്തില്‍ അറിയേണ്ടതൊക്കെ അറിഞ്ഞ ഒരു നല്ല ജ്ഞാനസമ്പന്നയാണല്ലോ. അവളുടെ വാക്കുകേള്‍ക്കാതെയല്ലേ അങ്ങു രാജ്യവും ഗൃഹവുമെല്ലാമുപേക്ഷിച്ചു് ഈ കാട്ടിലേയ്ക്കുപോന്നതു്. അവള്‍ പറയുന്നതിനെ കേള്‍ക്കുകയും അവളെപ്പോലെ ജീവിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതിനെത്രയോ മുമ്പുതന്നെ അങ്ങു ജ്ഞാനിയായിത്തീര്‍ന്നേനെ. അങ്ങനെ ചെയ്യാതെ സര്‍വ്വസന്ത്യാഗമാണെന്നു പറഞ്ഞു കാട്ടിലേയ്ക്കുപോന്നു. അതും നല്ലതുതന്നെ. എന്നാല്‍ സര്‍വ്വസന്ത്യാഗം പൂര്‍ണ്ണമാക്കേണ്ടതല്ലേ? അതും ചെയ്തില്ല. ഗൃഹത്തിലിരിക്കുമ്പോള്‍ അനുഭവിച്ചിരുന്ന അജ്ഞാനത്തെത്തന്നെ കാട്ടില്‍ വന്നു മറ്റൊരു സ്വരൂപത്തില്‍ അനുഭവിച്ചുകൊണ്ടു ജ്ഞാനമുണ്ടാവുമെന്നാണോ വ്യാമോഹം? അതു ശരിയല്ല. അതുകൊണ്ടു് അങ്ങയുടെ സര്‍വ്വസന്ത്യാഗത്തെ പൂര്‍ണ്ണമാക്കൂ എന്നുപറഞ്ഞ കുംഭന്റെ വാക്കിനെ കേട്ട രാജാവു് ഞാന്‍ രാജ്യം, ഗൃഹം, ഭാര്യ, സ്വത്തു തുടങ്ങിയ എല്ലാറ്റിനെയും ഉപേക്ഷിച്ചതിനാല്‍ സര്‍വ്വസന്ത്യാഗിയല്ലേ എന്നുചോദിച്ചു.

അപ്പോള്‍ കുംഭന്‍: പറഞ്ഞു രാജാവേ! അങ്ങുപേക്ഷിച്ചുവെന്നു പറയുന്നതൊന്നും അങ്ങയുടേതല്ല. അങ്ങുവരുന്നതിനുമുമ്പും അവരൊക്കെയുണ്ടായിരുന്നു. അങ്ങു പോയാലും അവയൊക്കെ ശേഷിക്കുകതന്നെ ചെയ്യും. ആ സ്ഥിതിക്കു അവയെല്ല‍ാം അങ്ങേയുടേതാവുന്നതെങ്ങിനെ? തന്റേതല്ലാത്ത വസ്തുക്കളെ ഉപേക്ഷിച്ചു താന്‍ ത്യാഗിയാണെന്നഭിമാനിക്കുന്നവനെ മൂഢനല്ലാതെന്താണു് പറയേണ്ടതു് എന്ന ദേവപുത്രന്റെ വാക്കു ശരിയാണെന്നു തോന്നി. വാസ്തവത്തില്‍ പദാര്‍ത്ഥങ്ങളൊന്നും തന്റേതല്ലെന്നും തന്റേതാണെന്ന അഭിമാനം മാത്രമേ ഉള്ളുവെന്നും ബോധ്യമായി. അതിനാല്‍ സര്‍വ്വസന്ത്യാഗം സംഭവിച്ചിട്ടില്ലെന്നു സമ്മതിക്കുകതന്നെ ചെയ്തു. അനന്തരം സര്‍വ്വസന്ത്യാഗം ചെയ്യാനൊരുങ്ങി തന്റേതെന്നഭിമാനിച്ചിരുന്ന ആ കാടിനോടും അവിടെയുള്ള പര്‍ണ്ണശാലയോടും തനിക്കുണ്ടായ മമതയെ അദ്ദേഹം ഉപേക്ഷിച്ചു. പിന്നെ തന്റെ മാന്‍തോല്‍, ജപമാല, പൂക്കൊട്ട, മരവിരി, ജലപാത്രം തുടങ്ങിയ സാധനങ്ങളെയൊക്കെ തീയിലിട്ടു ചുട്ടു. വസ്ത്രത്തെപ്പോലും ഉപേക്ഷിച്ചു. ഇപ്പോള്‍ ഞാനെല്ലാറ്റിനെയും ഉപേക്ഷിച്ചു കഴിഞ്ഞ സര്‍വ്വസന്ത്യാഗിയായി. ത്യാഗം കൊണ്ടുള്ള ആനന്ദവും ശാന്തിയും ഒന്നു വേറെതന്നെയാണു്. ഞാനിപ്പോളതിനെ അനുഭവിക്കുന്നു. എന്നൊക്കെപ്പറഞ്ഞു. അതുകൊണ്ടും അദ്ദേഹം സര്‍വ്വസന്ത്യാഗിയാണെന്ന കുംഭന്‍ സമ്മതിച്ചുകൊടുത്തില്ല. രാജാവേ! അങ്ങിപ്പോഴും സര്‍വ്വസന്ത്യാഗിയൊന്നുമായിട്ടില്ല. അങ്ങയ്ക്കിപ്പോഴും വലിയ ആഗ്രഹവും മമതയും നിലവിലുണ്ടു്. അതിനാല്‍ വെറുതെ സര്‍വ്വസന്ത്യാഗിയുടെ ഭാവത്തെ അഭിനയിക്കാതിരിക്കൂ എന്നുപറഞ്ഞു. അതുകേട്ടപ്പോള്‍ രാജാവു് വിഷമിച്ചു. ഇനിയെന്താണുപേക്ഷിക്കേണ്ടതെന്നുപോലും അദ്ദേഹത്തിനു ബോധിക്കാന്‍ കഴിഞ്ഞില്ല.

കുറച്ചുനേരം ആലോചിച്ചശേഷം രാജാവൊരു തീരുമാനത്തിലെത്തിയവനെപ്പോലെ പറഞ്ഞു. ശരി! ഇനിയും ഒന്നുകൂടി ഉപേക്ഷിക്കാനുണ്ടു്. അതിനെ ഞാനുപേക്ഷിക്കാത്തതുകൊണ്ടാണു് അങ്ങെന്നെ സര്‍വ്വസന്ത്യാഗിയായിട്ടില്ലെന്നു പറയുന്നതു്. പഞ്ചേന്ദ്രിയങ്ങളാകുന്ന ക്രൂരസര്‍പ്പങ്ങളുടെ ആവാസസ്ഥലവും രസരക്താദി ധാതുമയവുമായ ഈ ശരീരം തന്നെ ഉപേക്ഷിക്കപ്പെടേണ്ട വസ്തു. പര്‍വ്വതശൃംഗത്തില്‍നിന്നു താഴോട്ടു ചാടി അതിനെയും ഉപേക്ഷിച്ചു സര്‍വ്വസന്ത്യാഗിയാവാന്‍ പോകയാണെന്നു പറഞ്ഞു രാജാവു് അതിനായൊരുങ്ങി. അപ്പോള്‍ കുംഭവേഷധാരിണിയായ ചൂഡാലപറഞ്ഞു. ഒരപരാധവും ചെയ്തിട്ടില്ലാത്ത ഈ ശരീരത്തെ അങ്ങെന്തിനാണുപേക്ഷിക്കുന്നതു്? അല്ലെങ്കില്‍ അതിനെ ഉപേക്ഷിച്ചുകൊണ്ടു് അങ്ങു സര്‍വ്വസന്ത്യാഗിയാവുമോ? ഒരിക്കലുമില്ല. ഈ ശരീരം പോയാല്‍ പിന്നെയും വേറെ ശരീരമുണ്ടാവും. ആ സ്ഥിതിക്കു് ഈ ശരീരംമാത്രം ഉപേക്ഷിച്ചതുകൊണ്ടെങ്ങനെ സര്‍വ്വസന്ത്യാഗിയാവും? ശരീരങ്ങളുണ്ടാവാന്‍ കാരണമായ അങ്ങയുടെ വാസനാബീജങ്ങളെയും, അവയെനിലനിര്‍ത്തുന്ന അഹങ്കാരത്തെയുമാണു് അങ്ങുപേക്ഷിക്കേണ്ടതു്. അവ ഉപേക്ഷിക്കപ്പെടുമ്പോഴാണു് ഒരാള്‍ സര്‍വ്വസന്ത്യാഗിയാവുന്നതും എന്നു്. അതുകേട്ടപ്പോള്‍ രാജാവിനാലോചനവന്നു. എങ്ങനെയാണു് വാസനകളെയും അഹങ്കാരത്തെയും അകറ്റേണ്ടതെന്നു സംശയമായി. കുറേയൊക്കെ ആലോചിച്ചു. ഒന്നും വ്യക്തമായി പ്രകാശിച്ചില്ല. അതിനാല്‍ അവസാനം കുംഭനോടു ചോദിക്കുകതന്നെ ചെയ്തു. ഏതൊന്നിനെ ഉപേക്ഷിച്ചാലാണു് അഹങ്കാരവും വാസനയുമെല്ല‍ാം ഇല്ലാതായിത്തീരുന്നതു്? ഏതൊന്നിന്റെ നിലനില്പുകൊണ്ടാണു് സംസാരവും അതിലെ ജനനമരണങ്ങളുമെല്ല‍ാം നിലനില്‍ക്കുന്നതെന്നു പറഞ്ഞു തരണമെന്നു്. അപ്പോഴാണു് കുംഭന്‍ ശരിക്കും ജ്ഞാനോപദേശം ചെയ്യാനാരംഭിച്ചതു്.

രാജാവേ ശ്രദ്ധവച്ചു കേള്‍ക്കൂ. ജീവനെന്നും അഹങ്കാരമെന്നും അവിദ്യയെന്നുമൊക്കെപ്പറയുന്നതു് ചിത്തത്തിനെയാണു്. ആ ചിത്തം തന്നെയാണു് സംസാരം. ജനനജരണങ്ങളും ബന്ധമോക്ഷങ്ങളുമെല്ല‍ാം ചിത്തം ഹേതുവായിട്ടുണ്ടാവുന്നവയാണു്. ചിത്തമില്ലെങ്കില്‍ പിന്നെ ഒന്നുമില്ല. അതിനാല്‍ പണിപ്പെട്ടും ചിത്തത്തെയാണൊരാള്‍ ത്യാഗം ചെയ്യേണ്ടതു്. ചിത്തത്തെ ത്യാഗം ചെയ്തവനെയാണു് അഭിജ്ഞന്മാര്‍ സര്‍വ്വസംത്യാഗിയെന്നു പറയുന്നതു്. ചിത്തത്തെ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ ദ്വൈതത്തിന്റെ സ്ഫുരണംപോലുമുണ്ടാവില്ല. കേവലം അദ്വൈതവുമായ വസ്തുസ്വരൂപം പ്രകാശിക്കുകയും ചെയ്യും. അതുതന്നെയാണു് കൈവല്യം. അതിനാല്‍ അതാണു് പരമമായ അഭയസ്ഥാനം. മറ്റെല്ല‍ാം പലപ്രകാരത്തില്‍ ഭയത്തെ ഉണ്ടാക്കി തീര്‍ക്കുന്നവയെയാണു്. എന്നു പറഞ്ഞപ്പോള്‍ ചിത്തത്തിന്റെ സ്വരൂപമെന്താണെന്നു കൂടി പറഞ്ഞുതരണമെന്നായി രാജാവു്. അതിനു മറുപടി പറഞ്ഞു ദേവപുത്രന്‍. വാസനകള്‍ തന്നെയാണു് ചിത്തത്തിന്റെ സ്വരൂപം. വാസനകളില്ലാത്തവനു ചിത്തമുണ്ടാവാന്‍ വയ്യ. വാസനകളോടു കൂടാതെ ചിത്തത്തിനു പ്രത്യകമായ സത്തയുമില്ല. അഹങ്കാരമാണു് ചിത്തത്തിന്റെ ബീജം. അതിനാല്‍ അഹങ്കാരത്തെയും വാസനകളെയും അകറ്റിയാല്‍ ചിത്തമോ, ചിത്തമില്ലെങ്കില്‍ സംസാരമോ നിലനില്‍ക്കുന്നില്ല. ചിത്തത്തിനു കാരണം അഹങ്കാരവും നിലനില്പിന് ഹേതു വാസനകളുമാണെന്നു പറഞ്ഞതുപോലെ, അഹങ്കാരത്തിനും വാസനകള്‍ക്കും ഹേതു ചിത്തവുമാണു്. അവ രണ്ടും അന്യോന്യാധാരാധേയസ്വരൂപേണ കാര്യകാരണങ്ങളാണു്. ഒന്നു നശിച്ചാല്‍ രണ്ടും നശിക്കും. ഒന്നു് ഉള്ളപ്പോള്‍ രണ്ടും നിലനില്‍ക്കുകയും ചെയ്യും.

വാസനയെന്ന ശബ്ദത്തിന്റെ പര്യായമാണു് ചിത്തശബ്ദമെന്നുപോലും ചിലര്‍ പറയാറുണ്ടു്. ആദ്യമുണ്ടാവുന്ന അഹങ്കാരത്തില്‍നിന്നും പൊട്ടിമുളച്ചുണ്ടാവുന്ന നിശ്ചയകരമായ ബോധസ്വരൂപമാണു് ചിത്തം. അതിനെത്തന്നെയാണു് ബുദ്ധിയെന്നും പറയുന്നതു്. സൂക്ഷ്മമാണെന്നതിനാല്‍ കാണാനോ തൊടാനോ വയ്യ എങ്കിലും അനുഭവം കൊണ്ടു് തിരിച്ചറിയത്തക്കതുമാണു്. ബുദ്ധി, ചിത്തം, മനസ്സു്, ചേതസ്സു് എന്നൊക്കെപ്പറയുന്നതു മിക്കവാറും ഒരേ തത്ത്വത്തെത്തന്നെ. എങ്കിലും ഈഷദ്വ്യത്യാസമില്ലെന്നും പറഞ്ഞുകൂടാ. നിശ്ചയാത്മകമായ സൂക്ഷമബോധത്തെ ബുദ്ധിയെന്നും അതുതന്നെ കുറച്ചുകൂടി സ്ഥൂലമായി വിചാരാത്മകമാവുമ്പോള്‍ മനസ്സു്, ചിത്തം എന്നുമൊക്കെപ്പറയുന്നു. ആഗ്രഹങ്ങളാണു് ചിത്തത്തിന്റെ വളര്‍ച്ച. ചിത്തത്തെ ഒരു വൃക്ഷമായി കണക്കാക്കുന്നുവെങ്കില്‍ അതിന്റെ കൊമ്പുകളാണു് ആഗ്രഹങ്ങള്‍. ആദ്യത്തില്‍ കൊമ്പുകളെ മുറിക്കാതെ വൃക്ഷത്തെ മുറിച്ചുവീഴ്ത്താന്‍ വയ്യാത്തതു പോലെ ആഗ്രഹങ്ങളെ മുഴുവന്‍ ആദ്യംതന്നെ നശിപ്പിച്ചു ചിത്തത്തെ അതിന്റെ ആണിവേരാകുന്ന മൂലത്തോടുകൂടി നിശ്ശേഷം നശിപ്പിക്കുന്നതുതന്നെ ഉത്തമമായ ത്യാഗമെന്നു് അഭിജ്ഞന്മാര്‍ പറയുന്നു. നാനാവിധങ്ങളായ വാസനകളാണു് ചിത്തവൃക്ഷത്തിന്റെ വളം. വാസനകള്‍ ധാരാളമുള്ളപ്പോള്‍ ചിത്തത്തെ നശിപ്പിക്കുകയെന്നതു് വിഷമം തന്നെ. അതിനാല്‍ വാസനകളെ അകറ്റി ആഗ്രഹങ്ങളെ നശിപ്പിച്ചു് അഹങ്കാരത്തെ അടക്കുമ്പോള്‍ മാത്രമേ ചിത്തത്തെ നശിപ്പിക്കാന്‍ സാധിക്കൂ. നിരന്തരമായ ആത്മാനുസന്ധാനം കൊണ്ടു് അതൊക്കെ സാധിക്കുകയും ചെയ്യും.

മൗനനിഷ്ഠ, ആത്മാനുസന്ധാനം, നിര്‍വ്വിചാരത്വം തുടങ്ങിയ അനുഷ്ഠാനങ്ങളെകൊണ്ടു ആഗ്രഹങ്ങള്‍ മുഴുവന്‍ നശിക്കും. അപ്പോള്‍ മൂലച്ഛേതം എളുപ്പമായിത്തീര്‍ന്നു. എന്നിങ്ങനെ പറഞ്ഞുകേട്ടപ്പോള്‍ ചിത്തവൃക്ഷത്തിന്റെ ബീജമായ അഹങ്കാരത്തെ ദഹിപ്പിക്കുന്ന അഗ്നി ഏതാണെന്നു ചോദിച്ചു രാജാവു്. അപ്പോള്‍ വീണ്ടും കുംഭന്‍ പറഞ്ഞു: “ഞാന്‍ ആരാണു്” എന്നുള്ള വിചാരം തന്നെയാണു് അഹങ്കാരത്തെ ദഹിപ്പിക്കുന്ന തീഷ്ണമായ വഹ്നി എന്നു കൂടിപ്പറഞ്ഞപ്പോള്‍ പലതും രാജാവിനു് ഉള്ളില്‍ത്തട്ടുക തന്നെ ചെയ്തു. അദ്ദേഹം വിചാരം ചെയ്യാന്‍ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഏതോ വലിയൊരു കാര്യം പിടികിട്ടിയതുപോലെ രാജാവു് പറഞ്ഞു: ഞാനാലോചിച്ചുനോക്കി. ജഡവും, നിശ്ചേഷ്ടവുമായ ഈ ജഗത്ത് ഞാനല്ല. പ്രാണന്‍, മനസ്സു്, ബുദ്ധി എന്നിവയും ഉല്പത്തിലയങ്ങളോടും ജഡാദിഭാവങ്ങളോടും കൂടിയവയാകയാല്‍ അവയും ഞാനല്ല. അങ്ങനെ പരിശോധിച്ചു നോക്കുമ്പോള്‍, സ്വര്‍ണ്ണം, കടകകുണ്ഡലാദി ആഭരണങ്ങളായിത്തീര്‍ന്നപോലെ സത്താമാത്രമായ ആത്മചൈതന്യം തന്നെയാണു് അങ്ങായും ഞാനായും പരിണമിച്ചിരിക്കുന്നതെന്നു പറയണം എന്നു്. കുംഭനു രാജാവിന്റെ വിചാരഫലമായ വാക്കുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

അനന്തരം ശരീരാദി വസ്തുക്കളൊന്നും അങ്ങല്ലെന്നു പറഞ്ഞെങ്കിലും വാസ്തവത്തില്‍ ആരാണു് അങ്ങെന്ന കഥ വ്യക്തമായി തിരിച്ചു പറഞ്ഞില്ല. അതും കൂടിപ്പറയൂ. എന്നു പറഞ്ഞപ്പോള്‍ നിര്‍മ്മലവും നിത്യസുദ്ധമുക്തവുമായ യാതൊരു ചിന്മാത്രം ഈ ജഗത്തിനുമൂലമായിരിക്കുന്നവോ, അതുതന്നെ ഞാനായും അങ്ങായും വിളങ്ങുന്നതു്. എന്നാല്‍ അതിനെ വേണ്ടപോലെ അറിയാന്‍ പറ്റാത്തനിലയില്‍ അഹങ്കാരമാകുന്ന മലം എന്റെ ഹൃദയത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നുവല്ലോ. എത്രയൊക്കെ അകറ്റിയാലും അതകലുന്നില്ല. അതിനെന്താണു് കാരണം? എങ്ങനെയാണിതിനെ അകറ്റുന്നതെന്നുകൂടിപ്പറഞ്ഞു തരണം എന്നായി ശിഖിദ്ധ്വജന്‍. കാരണത്തില്‍ നിന്നല്ലാതെ കാര്യമുണ്ടാവില്ല. ഏതൊന്നിനു കാരണമില്ലയോ ആ വസ്തു ഇല്ലാത്തതുതന്നെയെന്നു വിചാരിക്ക‍ാം. രാജാവേ, അങ്ങെത്രതന്നെ അകറ്റിയാലും അകലാതെ അങ്ങയുടെ ഹൃദയത്തില്‍ പറ്റിപ്പിടിച്ചു നില്ക്കുന്ന അഹങ്കാരമാകുന്ന കാര്യത്തിന്റെ കാരണമെന്താണെന്നു് അങ്ങുതന്നെ ആലോചിച്ചു കണ്ടുപിടിച്ചു പറയണമെന്നു കുംഭന്‍ പറഞ്ഞപ്പോള്‍ പിന്നയും രാജാവാലോചിക്കാന്‍ തുടങ്ങി. “വേദനം”- പദാര്‍ത്ഥങ്ങളെ അറിയല്‍- ആണു് അഹങ്കാരത്തിനു കാരണമെന്നും അദ്ദേഹം വിചാരം ചെയ്തറിഞ്ഞു. അതിനെ പറയുകയും ചെയ്തു. നിര്‍മ്മലമായ ചിത്തത്തില്‍ അനേകമനേകം ചേത്യങ്ങളുണ്ടായിത്തീര്‍ന്നിരിക്കുന്നു. അതാണു് വേതനത്തിനും ഹേതു. ചിത്തത്തില്‍ നിന്നും ചേത്യങ്ങള്‍ നീങ്ങിയാല്‍ വേദനമോ വേദനമില്ലെങ്കില്‍ അഹങ്കാരമോ ഉണ്ടാവില്ലെന്നും അപ്പോള്‍ ആത്മബോധത്തിനു തടസ്സമില്ലെന്നും രാജാവിന്നറിയാന്‍ കഴിഞ്ഞു. ഇനി ചിത്തത്തില്‍ ചേത്യങ്ങളുണ്ടാവാനെന്തു കാരണമെന്നും, അതെങ്ങനെ ഇല്ലാതായിത്തീരുമെന്നുമാണ് അറിയേണ്ടിയിരിക്കുന്നതു്.

തന്റെ ശിഷ്യന്റെ ബ്രഹ്മവിചാരം ശരിയായമാര്‍ഗ്ഗത്തില്‍ക്കൂടെ മുന്നോട്ടു നീങ്ങുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ പ്രജ്ഞ ഉണര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കണ്ട കുംഭബ്രഹ്മചാരി വളരെയധികം സന്തോഷിച്ചു. അതിനാല്‍ നിലവിലുള്ള സംശയങ്ങളേയും അദ്ദേഹത്തെക്കൊണ്ടു തന്നെ വിചാരം ചെയ്യിച്ചു. കുറേവിചാരം ചെയ്തശേഷം ശരീരാദിസ്വരൂപേണ പ്രകാശിക്കുന്ന മിത്ഥ്യാസ്ഫുരണങ്ങളായ വസ്നതുസത്ത കൊണ്ടാണു് വേദനമുണ്ടാവുന്നതെന്നു സമര്‍ത്ഥിച്ചു രാജാവു്. പക്ഷേ കുംഭന്‍ അതിനെ ഖണ്ഡിച്ചു. ശരീരാദിസ്ഫുരണങ്ങള്‍ക്കു പ്രത്യേകം സത്തയില്ല. വെറും സ്ഫുരണംമാത്രമാണെന്നു വ്യക്തമാണു്. ആ സ്ഥിതിക്കു ശരീരാദി സ്ഫുരണങ്ങള്‍ ഹേതുവായിട്ടുണ്ടാവുന്ന വേതനം നിരാലംബമാകയാല്‍ അതു ശരീരാദികള്‍ എന്നപോലെത്തന്നെ മിഥ്യയുമാണു് എന്നു്. ശരീരീദികള്‍ക്കു പ്രത്യേക സത്തയില്ലെന്നും അവ മിത്ഥ്യാ സ്ഫുരണങ്ങള്‍ മാത്രമാണെന്നും പറഞ്ഞുകേട്ടപ്പോള്‍ രാജാവമ്പരന്നു. ഞാനിതുവരെയും സത്യമെന്നു വിശ്വസിച്ചു വന്ന ശരീരം കേവലം ഇല്ലാത്തതാണെന്നാണു് തനിക്കേറ്റവും പ്രിയപ്പെട്ട കുംഭന്‍ പറയുന്നതു്. അതിനെ അംഗീകരിക്കുകയോ നിഷേധിക്കുകയോ എന്താണു് ചെയ്യേണ്ടതെന്നുപോലും സംശയമായി രാജാവിനു്. ഏതായാലും ആലോചിക്കാതെ തീര്‍ച്ചപ്പെടുത്തുന്നതു് യുക്തമല്ലെന്നു കരുതിയദ്ദേഹം കുംഭനോടു ചോദിച്ചു. കരചരണാദ്യാവയവങ്ങളോടും രസരക്താദിധാതുക്കളോടും കൂടിയതും കര്‍മ്മഫലഭൂക്തിക്കുവേണ്ടിയുണ്ടായതും ഇപ്പോള്‍ അനുഭവിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഈ ശരീരം എങ്ങനെ ഇല്ലാത്തതാണെന്നു പറയാമെന്നു്.

അതുകേട്ടു് കുംഭന്‍ രാജാവിനെനോക്കിചിരിച്ചു കൊണ്ടു പറഞ്ഞു: രാജാവേ! ഞാനാദ്യംതന്നെ പറഞ്ഞില്ലേ, ഏതൊന്നിനു് കാരണമില്ലയോ ആ വസ്തു രജ്ജുസര്‍പ്പമെന്നപോലെ ഇല്ലാത്തതാണെന്നു്, ഏതൊരുകാരണത്തില്‍നിന്നാണു് ശരീരമാകുന്ന കാര്യമുണ്ടായതെന്നാലോചിച്ചുനോക്കൂ. ഒന്നില്‍ നിന്നുമല്ല, ഒരുകാരണവുമില്ല ശരീരത്തിനെന്നുകാണ‍ാം. അപ്പോള്‍ രാജാവു് ചോദിച്ചു. സൃ‍ഷ്ടിയുടെ ആരംഭത്തില്‍ അവതരിച്ച ബ്രഹ്മദേവനാണു് ലോകത്തെയൊക്കെ സൃഷ്ടിച്ചതെന്നല്ലേ പ്രമാണം? ആസ്ഥിതിക്കു ബ്രഹ്മദേവന്‍ ലോകത്തിലുള്ള എല്ലാറ്റിന്റെയും കാരണമാവുന്നില്ലേ? എന്നു്. അതു ശരിയല്ലെന്നു കുംഭനും വാദിച്ചു. സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മദേവനുണ്ടായിയെന്നല്ല, കേവലവും ശാന്തവുമായ ബ്രഹ്മമൊഴിച്ചു മറ്റൊന്നും തന്നെ ഇല്ലെന്നാണു് പ്രമാണം എന്നാണു് കുംഭന്റെ വാദം. രാജാവും വിട്ടില്ല. അതുശരിയാണു്, പിന്നീടു ബ്രഹ്മാവുണ്ടായിയെന്നു പറയുന്നല്ലോ. ബ്രഹ്മദേവനു് ആ കേവലം ബ്രഹ്മം കാരണമായിരിക്ക‍ാം. അതിനാല്‍ ബ്രഹ്മദേവനുണ്ടായിട്ടില്ലെന്നോ ജഗത്തിനു കാരണമില്ലെന്നോ വരുന്നില്ലെന്നായി രാജാവു്.

രാജാവിന്റെ ആ വാദങ്ങളെയൊക്കെ ഖണ്ഡിച്ചു കുംഭന്‍. രാജാവേ, അതൊന്നും ശരിയല്ല. ആദ്യവും അവ്യവും, ആദ്യന്തരഹിതവും, നിരീഹവും, നിഷ്ക്രിയവുമായ ബ്രഹ്മമൊഴിച്ചു രണ്ടാമതൊന്നുണ്ടായിട്ടില്ലെന്നല്ലേ ശാസ്ത്രസിദ്ധാന്തം. ആ സ്ഥിതിക്കു് ആര്‍ എന്തിന്റെ കര്‍ത്താവോ ഭോക്താവോ ആയിത്തീരും? കര്‍ത്താവും ഭോക്താവും ഉണ്ടായിട്ടില്ലെന്നപോലെ കര്‍മ്മഭോജ്യങ്ങളും ഉണ്ടായിട്ടില്ല. അതിനാല്‍ ജഗത്തുണ്ടായിട്ടേയില്ല. വെറും ഭ്രമം മാത്രമാണു് ജഗല്‍പ്രതീതി. രജ്ജുസര്‍പ്പവും, മൃഗതൃഷ്ണാജലവുമൊക്കെ എപ്രകാരം മൂന്നുകാലത്തും സംഭവിച്ചിട്ടില്ലാത്തവയാണോ, അതുപോലെ ജഗത്തും മൂന്നുകാലത്തും സംഭവിച്ചിട്ടില്ലാത്തതെന്നാണു് പരമാര്‍ത്ഥം. ചിന്മാത്രമായ ബ്രഹ്മത്തില്‍ കല്പിതനായ ഒരു ബ്രഹ്മാവുണ്ടെങ്കില്‍ അതും ചിന്മാത്രം കൊണ്ടു ചിന്മാത്രത്തില്‍ തന്നെ നടത്തിയ കല്പിതമായ വിക്രിയയല്ലാതെ മറ്റൊന്നുമില്ല. അതിനാല്‍ ബ്രഹ്മത്തില്‍ നിന്നും വേറെയായി ജഗത്തെന്നൊരു വസ്തുവില്ല. ഉണ്ടെന്നു തോന്നപ്പെടുന്ന ജഗത്തും ചിന്മാത്രം മാത്രമല്ലാതെ മറ്റൊന്നുമല്ല. കര്‍ത്താവും ഭോക്താവുമായി ആരും ഉണ്ടായിട്ടില്ല. കര്‍മ്മഭോജ്യങ്ങളായിട്ടും ഒന്നുമുണ്ടായിട്ടില്ല. ഇതാണു് പരമാര്‍ത്ഥം. രാജാവേ, അങ്ങീ നിശ്ചയത്തെ ബലപ്പെടുത്തിക്കൊണ്ടു് അങ്ങയുടെ അജ്ഞാനത്തെ ക്ഷയിപ്പിക്കൂ. അജ്ഞാനത്തിനു ക്ഷയം സംഭവിച്ചുകഴിഞ്ഞാല്‍ അങ്ങുവളരെക്കാലമായി വളര്‍ത്തിക്കൊണ്ടിരിക്കുന്ന ജഗന്നിശ്ചയമാകുന്ന വാസനയും അതു ഹേതുവായിട്ടുള്ള ബന്ധദുഃഖാദികളെല്ല‍ാം നശിക്കും. അവയെല്ല‍ാം നശിക്കുമ്പോള്‍ അങ്ങിതുവരെ അനുഭവിച്ചിട്ടില്ലാത്ത അമൃതായമാനമായ ഉപശമസുഖം അനുഭവിക്കാറാവും.

എന്നിങ്ങനെ കുംഭന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ രാജാവു് ഒന്നും മിണ്ടാതെ കുറച്ചു സമയം സ്തബ്ധനായിരുന്നു. അദ്ദേഹത്തിന്റെ ശക്തിയേറിയ അജ്ഞാനത്തിന്നു കനത്തൊരു പ്രഹരമാണു് കുംഭനില്‍നിന്നും കിട്ടിയതു്. അഭിമാനഗ്രന്ഥി ഇനി അധികം സമയമില്ലെന്ന നിലയായി. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം ദീര്‍നിദ്രയില്‍നിന്നെന്നപോലെ ഉണര്‍ന്നു തന്റെ സന്തോഷത്തെയും ചാരിതാര്‍ത്ഥ്യത്തെയും പ്രകാശിപ്പിക്കാന്‍ തുടങ്ങി. ഹാ! ദീര്‍ഘകാലമായി മുഴുകിക്കിടന്നിരുന്ന അജ്ഞാനനിദ്രയില്‍നിന്നു ഞാനുണര്‍ന്നു. എന്റെ മായാഗ്രന്ഥി പൊട്ടിയെന്നുതന്നെ പറയ‍ാം. ഈ ജഗത്തില്ലാത്തതാണെന്നെനിക്കു ബോദ്ധ്യമായി. കര്‍ത്താവില്ലാത്തതിനാല്‍ ജദത്തോ, ജഗത്തിന്‍ പദാര്‍ത്ഥദൃഷ്ടിയോ ഇല്ലെന്ന അങ്ങയുടെ പ്രതിപാദനം യുക്തിയുക്തമായിട്ടുണ്ട്. ചിന്മാത്രമാത്രസ്വരൂപനായ ഞാന്‍ തന്നെയാണു് എല്ലാമായി സ്ഫുരിച്ചു പ്രകാശിക്കുന്നതെന്നും എനിക്കു ബോധ്യമായി. പദാര്‍ത്ഥങ്ങളുടെ അനുസന്ധാനം കൊണ്ടാണു് ലോകമുള്ളതായി തോന്നപ്പെടുന്നതു്. അതിനാല്‍ ഇനി പദാര്‍ത്ഥാനുസന്ധാനത്തെ കേവലം അകറ്റി ആകാശമെന്നപോലിരിക്കാനാണു് ഞാന്‍ വിചാരിക്കുന്നതു്. കാലദേശപദാര്‍ത്ഥാദി കല്പനകളില്‍ വളരെക്കാലമായി കുടുങ്ങിയ സംവിത്തു് ഭാഗ്യംകൊണ്ടു് ഇന്നു നിവൃത്തവും സ്വരൂപസ്ഥിതിയാകുന്ന ബ്രഹ്മാവുമായിത്തീര്‍ന്നു എന്നിങ്ങനെ രാജാവു തന്റെ അനുഭൂതിയെയും ചാരിതാര്‍ത്ഥ്യത്തെയും വെളിപ്പെടുത്തി.

വസിഷ്ഠമഹര്‍ഷി പറയുകയാണു്. രാമചന്ദ്ര! നിര്‍മ്മലനായ കുംഭന്റെ അകൃത്രിമങ്ങളായ ജ്ഞാനവാക്യങ്ങളാല്‍ ചിരകാലമായി മായാമോഹത്തില്‍ മുഴുകിയിരുന്ന ശിഖിദ്ധ്വജനുണര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ ചിത്തം സംസാരത്തില്‍ നിന്നു കേവലം നിവര്‍ത്തിച്ചു സ്വപദമാകുന്ന സംവിത്തില്‍ രമിക്കാന്‍ തുടങ്ങി. മനസ്സു് കേവലമടങ്ങി. കണ്ണടഞ്ഞു്, അറിയാതെ സമാധിയിലേയ്ക്കുയര്‍ന്നു രാജാവിന്റെ പ്രജ്ഞ. പക്ഷേ അധികസമയം കഴിഞ്ഞില്ല, അദ്ദേഹം സമാധ്യില്‍ നിന്നുണര്‍ന്നു കണ്‍മിഴിച്ചു. ഹേ രാമഭദ്ര! അപ്പോള്‍ കുംഭവേഷധാരിണിയായ ചൂഡാല ചോദിച്ചു: മൃദുവും, ശാന്തവും, നീര്‍മ്മലവുമായ യാതൊരു ബ്രഹ്മപദത്തില്‍ സമാധിസ്ഥന്മാരായ ജ്ഞാനികള്‍ വിശ്രമിക്കുന്നുവോ; ആപരമപദത്തില്‍തന്നെ അങ്ങും സുഖമായി വിശ്രമിച്ചില്ലേ! ഭ്രാന്തികളെ മുഴുവന്‍ അകറ്റത്തക്ക പ്രബോധം അകത്തുപ്രകാശിച്ചില്ലേ? അറിയേണ്ടതിനെ അറിയുകയും, കാണേണ്ടതിനെ കാണുകയും ചെയ്തില്ലേ? കുംഭനോടു തന്റെ കൃതജ്ഞതയെ പ്രകാശിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു രാജാവിനു്. അദ്ദേഹം പറയുകയാണു്. സാക്ഷാല്‍ ഭഗവാനായ അങ്ങു് എന്നെ വേണ്ടപോലെ അനുഗ്രഹിച്ചതിനാല്‍ എല്ലാറ്റിലുംവെച്ചു മഹാത്മ്യമേറിയതും ദിവ്യവുമായ പരമപദത്തെ ഞാന്‍ കണ്ടു. ജ്ഞാതജ്ഞേയന്മാരായ മഹാത്മാക്കളുടെ ചേര്‍ച്ചകൊണ്ടു് എന്താണു് ലോകത്തില്‍ സാധിക്കാത്തതു്? അങ്ങനെയുള്ള മഹാജനങ്ങളില്‍ മുമ്പനായ അവിടുത്തെ അല്പസമയത്തെ സംഗമംകൊണ്ടു ഞാന്‍ ധന്യധന്യനും ചരിതാര്‍ത്ഥനുമായി. മറ്റൊന്നുകൊണ്ടും കിട്ടാന്‍ കഴിയാത്ത ഏതോ ദിവ്യാമൃതമാണു് അവിടുന്നെനിക്കു തന്നതു്. എന്നാല്‍ ഇത്രയും കാലം ഞാനറിയാതിരിക്കാനെന്തായിരുന്നു കാരണമെന്നാണാലോചിക്കുന്നതു്. എന്നിങ്ങനെ രാജാവു പറഞ്ഞപ്പോള്‍ കുംഭന്‍ പറയുകയാണു്:

രാജാവേ! ഗുരൂപദേശവും വേണ്ടസമയത്തേ ഫലിക്കൂ. ചിത്തം ശാന്തമായി, ഭോഗങ്ങളില്‍ ആഗ്രഹമില്ലാതായി, ഇന്ദ്രിയങ്ങളടങ്ങി, അജ്ഞാനം നീങ്ങുമ്പോള്‍ മാത്രമേ ആചാര്യോപദേശം പ്രജ്ഞയില്‍ പതിയൂ. നിര്‍മ്മലമായ വസ്ത്രത്തില്‍ ഒരുതുള്ളി അരക്കിന്റെ വെള്ളം വീണാല്‍ ചുവപ്പുവണ്ണം തെളിഞ്ഞുകാണ‍ാം. എന്നാല്‍ ചളി പുരണ്ടവസ്തത്തില്‍ അതുകാണില്ല. അതുപോലെ നിര്‍മ്മലമായ പ്രജ്ഞയിലേ ആചാര്യവാക്യവും പതിയൂ. ആ അവസ്ഥ അങ്ങയ്ക്കിതുവരെ സംഭവിക്കാതിരിക്കുന്നതുകൊണ്ടാണു് ഇതുവരെയും പരമപദം അറിയപ്പെടാതിരിക്കാനും കാരണം. ദ്വിത്വവും,ഏകത്വവുമാകുന്ന രണ്ടു ദൃഷ്ടികളുണ്ട് പ്രജ്ഞയ്ക്കു്. അവരണ്ടും ലയിക്കല്‍തന്നെയാണു് ജ്ഞാനം. അതുതന്നെയാണു് പരമപദവും. ഏതായാലും രാജാവേ! ഭാഗ്യംകൊണ്ടു് അങ്ങിപ്പോള്‍ പ്രബുദ്ധനും മുക്തനുമായി. ഇനി ചിത്തത്തെ ലയിപ്പിച്ചു സ്വരൂപത്തില്‍തന്നെ ഏകാന്തനിഷ്ടനായി സ്ഥിതിചെയ്തോളൂ. എന്നിങ്ങനെ കുംഭന്‍ പറഞ്ഞപ്പോള്‍, ജ്ഞാനികള്‍ക്കു ചിത്തമില്ലെന്നു പറഞ്ഞുകേട്ടിട്ടുണ്ടു്, അങ്ങനെയാണെങ്കില്‍ മഹാന്മാരായ ജീവന്മുക്തന്മാര്‍ എങ്ങനെയാണു് ചിത്തമില്ലാതെ ലോകത്തില്‍ വികരിക്കുന്നെന്നുകൂടിപറഞ്ഞു തന്നാല്‍ കൊള്ളാമെന്നു് ആവശ്യപ്പെട്ടു. കുംഭന്‍ മറുപടിപറയാന്‍ തുടങ്ങി.

ജനനമരണങ്ങളേയും അതുവഴി മറ്റു സംസാരാനുഭവങ്ങളെയും വളര്‍ത്തുന്ന വാസനകളെത്തന്നെയാണു് രാജാവേ! ചിത്തമെന്നു പറയുന്നതു്. ജ്ഞാനികള്‍ക്കു് അങ്ങനെയുള്ള വാസനകളുണ്ടാവില്ല. അവരുടെ വാസനയെ സത്വമെന്നാണു് പറഞ്ഞുവരുന്നതു്. അതൊരിക്കലും ജന്മത്തെയുണ്ടാക്കുകയോ, സംസാരത്തെ വളര്‍ത്തുകയോ ചെയ്യില്ല, മൂഢന്മാരുടെ ചിത്തത്തെയാണു് ചിത്തമെന്നു പറയുന്നതു്. ജ്ഞാനികളുടെ ചിത്തത്തെ സത്വമെന്നാണു് പറയാറു്. സത്വംകൊണ്ടു് ലോകത്തില്‍ വിഹരിക്കുന്ന ജ്ഞാനികള്‍ക്കു യാതൊരുവിധ ബന്ധങ്ങളുമുണ്ടാവുന്നില്ല. സാധാരണ ജനങ്ങളുടെമാതിരിതന്നെയാണു് ജീവന്മുക്തന്മാരും ലോകത്തില്‍ വിഹരിക്കുന്നതെന്നു തോന്നിയാലും അനുഭവത്തിന് വളരെ വ്യത്യാസമുണ്ടു്. ചഞ്ചലമായ ചിത്തംകൊണ്ടു പദാര്‍ത്ഥങ്ങളെ ഗ്രഹിക്കുന്നു അജ്ഞന്മാര്‍, അതിനാല്‍ അവരുടെ ചിത്തമെപ്പോഴും പദാര്‍ത്ഥങ്ങളെ കൊണ്ടു നിബിഡവും രാഗാദിവികാരങ്ങളെ കൊണ്ടു സങ്കല്പവുമാണു്. എന്നാല്‍ ജ്ഞാനികളുടെ ചിത്തമെപ്പോഴും ചഞ്ചലമാകുകയോ പദാര്‍ത്ഥങ്ങളെ ഗ്രഹിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ രാഗാദിവികാരങ്ങളും അവര്‍ക്കില്ല. നിര്‍മ്മലമായ ചിദാകാശം പോലെ ശാന്തവും നിശ്ചലവുമായിരിക്കും ജ്ഞാനികളുടെ ചിത്തം. അതിനാല്‍ അവര്‍ എന്തുചെയ്താലും ഇല്ലെങ്കിലും അവര്‍ക്കു് ഒന്നിന്റെയും യാതൊരുവിധ ബന്ധങ്ങളുമുണ്ടാകുന്നില്ല. ആരുടെ ചിത്തമാണോ എപ്പോഴും നിശ്ചലമായിട്ടിരിക്കുന്നതു്; അവനു സംസാരംതന്നെയില്ലെന്നു പറയണം, ഈ ലോകത്തില്‍ കാണുന്ന എല്ലാവിധ ദുഃഖങ്ങള്‍ക്കും ഒരേ ഒരുഹേതു ചിത്തത്തിന്റെ ചലനം മാത്രമാണു്. അതിനാല്‍ ബുദ്ധിമാനായ രാജാവേ! ചിത്തത്തിന്റെ സ്പന്ദനാസ്പന്ദങ്ങള്‍ക്കു് ഐകരൂപത്തെവരുത്തി നിത്യവസ്തുവില്‍ രമിച്ചുകൊണ്ടു കഴിഞ്ഞുകൂടും.

എന്നിങ്ങനെ കുംഭന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ചിത്തത്തിന്റെ സ്പന്ദനാസ്പന്ദനങ്ങള്‍ക്കു് ഐകരൂപം വരുത്തുന്നതെങ്ങനെയെന്നു ചോദിച്ചു രാജാവു്. അതിനും മറുപടിപറയാന്‍ തുടങ്ങി കുംഭവേഷധാരിണിയായ ചൂഡാല. രാജാവേ! സമുദ്രത്തില്‍ സമുദ്രജലമല്ലാതെ മറ്റൊന്നുമില്ല. കാറ്റുകൊണ്ടു് ജലം ഇളകുമ്പോഴാണു് തിരകളുണ്ടാകുന്നതു്. തിരകള്‍ സമുദ്രജലത്തില്‍നിന്നു വേറെയാണെന്നു തോന്നിയാലും വാസ്തവത്തില്‍ വേറെയല്ല; സമുദ്രജലംതന്നെയാണു് തിരയായിത്തീരുന്നതു്, അതിനു ഹേതു ജലത്തിന്റെ ചലനവുമാണു്. ഇതുപോലെ ബ്രഹ്മത്തില്‍ ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല. വാസനാപ്രകാരം ഹേതുവായി ചലിക്കുന്ന ചിത്തത്തിന്റെ ചലനമാണു് ബ്രഹ്മസത്തയില്‍ പദാര്‍ത്ഥങ്ങളുടെ സ്ഫുരണത്തിനു ഹേതു.അതിനെയാണു് അജ്ഞന്മാര്‍ ജഗത്തായി കാണുന്നതു് തിരമാലകളെ കാണുമ്പോഴും അതു സമുദ്രജലമാണെന്നു ബോധ്യം വന്നു കഴിഞ്ഞാല്‍ പിന്നെ ഭേദബുദ്ധിയോ അതു ഹേതുവായിട്ടുള്ള ക്ലേശങ്ങളോ ഇല്ലാത്തതുപോലെ ജഗത്തായി കാണപ്പെടുമ്പോഴും കാണപ്പെടുന്നതു ബ്രഹ്മമാണെന്ന ബോധ്യം വന്നു കഴിഞ്ഞാല്‍ പിന്നെ അതുകൊണ്ടുള്ള ബാധയോ ക്ലേശമോ ഇല്ല. അങ്ങിനെ ബോധ്യം വന്നുകഴിഞ്ഞൊരാള്‍ക്കു് ചിത്തത്തിന്റെ സ്പന്ദനാസ്പന്ദനങ്ങള്‍ ഐകരൂപ്യത്തെ പ്രാപിച്ചുകഴിഞ്ഞിരിക്കുന്നുവെന്നു കരുത‍ാം. പക്ഷേ ആദ്യത്തില്‍ അതു് ബോദ്ധ്യം വരാനായി ചിത്തം നിഷ്പന്ദമായിത്തീരുകതന്നെ വേണം.

പാമ്പെന്നു തോന്നപ്പെട്ട വസ്തു കയറാണെന്നു ബോദ്ധ്യം വന്നാല്‍ പിന്നെ അതിന്റെ ബാധയുണ്ടാവുന്നില്ലല്ലോ. അതുപോലെ ചിത്തനിഷ്പന്ദതയില്‍ക്കൂടെ ജഗത്തിന്റെ ഉല്പത്തി ലയങ്ങളെ ശരിക്കറിയുമ്പോള്‍ ജഗത്തെന്നു തോന്നപ്പെട്ട വസ്തു ബ്രഹ്മംതന്നെയാണെന്നും ബ്രഹ്മത്തില്‍നിന്നന്യമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബോദ്ധ്യമാവും. അപ്പോള്‍ ചിത്തം പ്രശാന്തവും സംതൃപ്തവും ആനന്തമത്തവുമായിത്തീരും. പിന്നെ ചിത്തം ചലിച്ചാലും പദാര്‍ത്ഥങ്ങളുടെ സ്ഫുരണമുണ്ടായാലും അതുബ്രഹ്മം തന്നെയാണെന്നു ബോദ്ധ്യമുള്ളതുകൊണ്ടു വിക്രിയകളൊന്നുമുണ്ടാവുന്നില്ല. അപ്പോള്‍ സ്പന്ദനവും അസ്പന്ദനവും ഒരുപോലെയായി. ചിത്തസ്പന്ദനംകൊണ്ടു പദാര്‍ത്ഥസ്ഫുരണങ്ങളുണ്ടായാലും ഇല്ലെങ്കിലും ബ്രഹ്മഭാവത്തിന് മുറിവില്ലെന്നു വരുമല്ലോ, ആ ദൃഷ്ടിയെ എപ്പോഴുമുണ്ടാവുന്നില്ലെന്നുമാത്രമല്ല, ആത്മനിര്‍വൃത്തിക്കു മുറിവുണ്ടാവില്ല. അതുകൊണ്ടു് ആ ദൃഷ്ടിയെ നിലനിര്‍ത്തിക്കൊണ്ടിരിക്കൂ. ഇങ്ങനെ അങ്ങേയ്ക്കറിയേണ്ടതിനെയൊക്കെ ഞാന്‍ സാമാന്യമായിപ്പറഞ്ഞു. ഇനിയും എനിക്കിവിടെ നില്ക്കാന്‍ നിവൃത്തിയില്ല. എന്റെ അച്ഛനായ ശ്രീ നാരദമഹര്‍ഷി സത്യലോകത്തില്‍ സുധര്‍മ്മയെന്ന ദേവസഭയിലേയ്ക്കെത്തുമ്പോഴേയ്ക്കു് എനിക്കവിടെയെത്തണം. എന്നെ ദേവസഭയില്‍ കണ്ടില്ലെങ്കില്‍ അച്ഛന്‍ കോപിക്കാനിടയായിത്തീരുമെന്നു പറഞ്ഞു ദേവപുത്രന്‍ അവിടെ നിന്നന്തര്‍ദ്ധാനം ചെയ്തു.

കുംഭബ്രഹ്മചാരിമറഞ്ഞുപോയിക്കഴിഞ്ഞശേഷം രാജാവു് അദ്ദേഹമുപദേശിച്ചുകൊടുത്ത ബ്രഹ്മദൃഷ്ടിയെപ്പറ്റി വിചാരം ചെയ്തു് അതില്‍ ദൃഢത വരുത്തി. അമൃതസമുദ്രത്തില്‍ മുങ്ങിയപ്പോലുള്ള നിര്‍വൃതികൊണ്ടു രാജാവാവിഷ്ടനായി. അദ്ദേഹം ആ ദിവ്യസ്ഥിതിയുടെ മഹാത്മ്യത്തെയും ഗൗരവത്തെയുമോര്‍ത്തു് അതീവ സന്തുഷ്ടനും ചരിതാര്‍ത്ഥനുമായി. അത്യന്ത നിശ്ചലതായാല്‍ കാഷ്ഠപാഷാണങ്ങളെന്നപോലെ ആത്മനിര്‍വൃതിയില്‍ മുഴുകിക്കൊണ്ടു് അല്പസമയം ഇരുന്നപ്പോഴേയ്ക്കു സുദൃഢമായ നിര്‍വ്വികല്പസമാധിയിലേയ്ക്കുയര്‍ന്നു കഴിഞ്ഞു. പരമപദത്തില്‍ സമ്പൂര്‍ണ്ണവിശ്രാന്തിസ്വരൂപമായ ആ നിര്‍വ്വികല്പസമാധിയില്‍ മുഴുകിക്കൊണ്ടുതന്നെ രാജാവു് വളരെക്കാലം കഴിച്ചുകൂട്ടി.

രാജാവിനെ വിട്ടു മേലോട്ടുയര്‍ന്ന കുംഭനാകട്ടെ കുറച്ചു ദൂരം പോയശേഷം വീണ്ടും ചൂഢാലയായിത്തീര്‍ന്ന് തന്റെ അന്തഃപുരത്തില്‍ പ്രവേശിച്ചു തന്റെ രാജ്യകാര്യങ്ങളെയൊക്കെ വേണ്ട പോലെ നിര്‍വ്വഹിച്ചുവന്നു. അങ്ങനെ മൂന്നു കൊല്ലം കഴിഞ്ഞശേഷം പിന്നെയും ഒരു ദിവസം രാത്രി മഹാരാജ്ഞി രാജാവിനെ കാണാന്‍ പുറപ്പെട്ടു. നിശ്ചിതസ്ഥലത്തെത്തുന്നതിനുമുമ്പുതന്നെ സങ്കല്പമാത്രംകൊണ്ടു കുംഭവേഷധാരിണിയായികീഴ്പോട്ടു നോക്കിയപ്പോള്‍ പര്‍വ്വതത്തില്‍ ശിലയെന്നപോലെ രാജാവു് നിശ്ചേഷ്ടനായിരിക്കുന്നതിനെക്കണ്ടു. സാവധാനം താഴോട്ടിറങ്ങി രാജാവിന്റെ മുമ്പില്‍ വന്നുനിന്നു നിശ്ചേഷ്ടകാഷ്ഠസദൃശ്യമായ ഇരിപ്പു കണ്ടപ്പോള്‍ അദ്ദേഹം സ്വപദത്തില്‍ തികച്ചും വിശ്രാന്തനായിരിക്കുന്നുവെന്നും വളരെക്കാലമായിത്തന്നെ ഈ നിര്‍വ്വികല്പാവസ്ഥയില്‍ മുഴുകിയിരിക്കുകയാണെന്നും ബോദ്ധ്യമായി. ശരീരത്തെ വിട്ടു കഴിഞ്ഞുവോ രാജാവിന്റെ ചേതനയെന്നുപോലും സംശയിക്കാതിരുന്നില്ല. ദര്‍ശനസ്പര്‍ശനാദികളെക്കൊണ്ടു വേണ്ടത്ര പരിശോദിച്ചുകഴിഞ്ഞപ്പോള്‍ ചേതനശരീരത്തെ വിട്ടു കഴിഞ്ഞിട്ടില്ലെന്നും ഹൃദയത്തില്‍ സത്വശേഷമുണ്ടെന്നും ബോദ്ധ്യമായി. അതെങ്ങനെയെന്നാല്‍ ചൂടു്, സ്പന്ദനം തുടങ്ങിയ ലക്ഷണങ്ങളെക്കൊണ്ടൊന്നും ചിലപ്പോള്‍ സത്വശേഷത്തെ ബോധിക്കാന്‍ കഴിഞ്ഞില്ലെന്നു വന്നേക്ക‍ാം, അപ്പോള്‍ മരിച്ച ആളേയും സമാധിസ്ഥനായ ആളെയും തിരിച്ചറിയുന്നതു് ശരീരത്തിന്റെ വാട്ടം കൊണ്ടാണു്. മരിച്ചാളുടെ ശരീരം വാടുകയും ദ്രവിക്കുകയും ചെയ്യും. എന്നാല്‍ സമാധിസ്ഥനായ ഒരാള്‍ എത്രതന്നെ നിഞ്ചേഷ്ടനായാലും, അങ്ങിനെ എത്രകാലം സമാധിയില്‍ത്തന്നെ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ശരീരം വാടുകയോ, പ്രത്യേകം ഓജസ്സുള്ളതായിത്തീരുകയോ ചെയ്യാതെ സമനിലയില്‍തന്നെ വര്‍ത്തിക്കും. ഈ ലക്ഷണം കൊണ്ടു രാജാവിന്റെ ഹൃദയത്തില്‍ സത്വശേഷമുണ്ടെന്നു ബോദ്ധ്യപ്പെട്ട ചൂഡാല അദ്ദേഹത്തെ ഉണര്‍ത്താന്‍ വേണ്ടി ഉച്ചത്തില്‍ അട്ടഹാസ ശബ്ദം മുഴക്കി. അങ്ങനെ പലപ്രാവശ്യം ശബ്ദം മുഴക്കിയിട്ടും രാജാവുണരുന്നില്ലെന്നു കണ്ടു് അദ്ദേഹത്തെ പിടിച്ചു കുലുക്കുകയും മറിച്ചിടുകയും ചെയ്തു എന്തൊക്കെ ചെയ്തിട്ടും രാജാവുണരുന്നില്ലെന്നു കണ്ടപ്പോള്‍ അവസാനം ചൂഡാല യോഗശക്തികൊണ്ടു് തന്റെ ശരീരത്തെവിട്ടു രാജശരീരത്തില്‍ പ്രവേശിപ്പിച്ചു് അദ്ദേഹത്തിന്റെ ചിത്തത്തെ ചലിപ്പിച്ചു. ഉടനെതന്നെ കുംഭനായി എഴുന്നേറ്റു തന്റെ പീഠത്തില്‍ വന്നിരുന്നു സമാഗമനത്തെ ആലപിക്കാന്‍ തുടങ്ങി. ചിത്തം ചലിക്കാന്‍ തുടങ്ങിയതോടെ കരണങ്ങളോരോന്നായുണര്‍ന്നു രാജാവു് കണ്ണുമിഴിച്ചു.

ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ രാജാവു് സമാധിയില്‍നിന്നുണര്‍ന്നു. കണ്ണുമിഴിച്ചു നോക്കിയപ്പോള്‍ ആദ്യംതന്നെ കണ്ടതു് തന്റെമുമ്പിലിരിക്കുന്ന കുംഭനെയാണു്. സന്തോഷഭരിതനായെഴുന്നേറ്റു് അദ്ദേഹത്തോടു കുശലപ്രശ്നം ചെയ്തു. എന്നെ ധന്യനാക്കിത്തീര്‍ക്കാന്‍വേണ്ടിത്തന്നെയാണു് അങ്ങുവന്നതു്. അങ്ങയുടെ പുനഃസമാഗമംകൊണ്ടു ഞാന്‍ ധന്യധന്യനും ചരിതാര്‍ത്ഥനുമായിതീര്‍ന്നിരിക്കുന്നുവെന്നിങ്ങനെ കുംഭനെ അനുമോദിക്കുകയും ചെയ്തു. അപ്പോള്‍ കുംഭന്‍ പറഞ്ഞു രാജാവേ! ഞാനിവിടെനിന്നും അങ്ങയെ വിട്ടുപോയശേഷം എന്റെ മനസ്സു് അങ്ങയെയല്ലാതെ മറ്റൊന്നിനെയും ഓര്‍മ്മിച്ചിട്ടില്ലെന്നുതന്നെ പറയ‍ാം. എനിയ്ക്കു് ഏറ്റവും ഇഷ്ടനായ കൂട്ടുകാരനും, ബന്ധുവും സ്നേഹിതനും, ശിഷ്യനുമെല്ല‍ാം അങ്ങുതന്നെ. അങ്ങയോടൊരുമിച്ചിരിക്കുമ്പോഴുള്ള സുഖം എനിയ്ക്കു് സ്വര്‍ഗ്ഗ ലീലകളില്‍പ്പോലുമില്ല. അതുകേട്ട രാജാവു് അതീവസന്തുഷ്ടനായി. അങ്ങുകേവലം നിസ്സംഗനാണെങ്കിലും എന്റെ സാമിപ്യത്തെ ഇഷ്ടപ്പെടുന്നുവെന്നതു് എന്റെ പുണ്യവിശേഷംതന്നെ എന്നുപറയുകയും ചെയ്തു.

അനന്തരം രാജാവിന്റെ അനുഭൂതിയെപ്പറ്റി കുംഭന്‍ ചോദിച്ചു. ഭേദബുദ്ധികള്‍ മുഴുവന്‍ നശിച്ചുവോ? സ്വീകരിക്കുക, ഉപേക്ഷിക്കുക തുടങ്ങിയഭേദഭാവങ്ങളെല്ല‍ാം നീങ്ങി അങ്ങയുടെ ചിത്തം തികഞ്ഞ സമതാഭാവത്തില്‍ രമിക്കാന്‍ തുടങ്ങിയോ? അഥവാ ഏതെങ്കിലും തരത്തിലുള്ള ഭേദഭാവങ്ങള്‍ എപ്പോഴെങ്കിലുമുണ്ടാവുന്നുണ്ടോ? എന്നിങ്ങനെ അതിനൊക്കെ വളരെ ആശാസ്യമായ മറുപടിയാണു് രാജാവില്‍ നിന്നും കിട്ടിയതു്. ഒരു തരത്തിലുള്ള ഭേദഭാവവും എപ്പോഴും അദ്ദേഹത്തിനില്ലെന്നു് ഭയം, വ്യസനം, ക്രോധം, തുടങ്ങിയവികാരങ്ങളും അദ്ദേഹത്തില്‍ നിന്നും വിട്ടുമാറിയെന്നും ചുരുക്കത്തില്‍ ഇനി യാതൊന്നും ഉപദേശിക്കാന്‍ ബാക്കിയില്ലെന്ന നിലയില്‍ താന്‍ സംസാരത്തെ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുംഭന്‍ തന്റെ ശിഷ്യന്റെ അനുഭൂതി വിശേഷത്തെയറിഞ്ഞു വളരെ സന്തോഷിക്കുകയും കൃതകൃത്യനായിത്തീരുകയും ചെയ്തു. തുല്യജ്ഞാനികളും, തുല്യാനുഭൂതിസമ്പന്നരുമായ അവര്‍ രണ്ടുപേരും പിന്നീടു കുറച്ചുകാലം ആകാട്ടില്‍ സന്തോഷഭരിതന്മാരായി വിഹരിച്ചുകൊണ്ടു കഴിഞ്ഞുകൂടി. ചിലപ്പോള്‍ സ്നാനചമനങ്ങളൊക്കെ ചെയ്തു നല്ല വസ്ത്രങ്ങളെ ധരിച്ചു ഗന്ധപുഷ്പാദികളെയണിഞ്ഞു തേജസ്വികളായി നടക്കും. മറ്റു ചിലപ്പോള്‍ ദേഹത്തു മണ്ണും പൊടിയുമൊക്കെയണിഞ്ഞു നടക്കും. ചിലപ്പോള്‍ പുഷ്പങ്ങളെ അറുത്തു മാല കെട്ടി ദേവപൂജയും പിതൃതര്‍പ്പണവുമൊക്കെ ചെയ്യും. മറ്റു ചിലപ്പോള്‍ ഒന്നും ചെയ്യാതെ കേവലം സമാധിസ്ഥന്മാരായിരിക്കും.. അതുപോലെ ചിലപ്പോള്‍ സ്വാദിഷ്ടങ്ങളായ പഴങ്ങളെയും മറ്റും കൊണ്ടുവന്നാഹാരം കഴിക്കും. ഒരാഹാരവും കഴിക്കാതെ പല ദിവസ്സങ്ങളും കഴിച്ചു കൂട്ടുകയും ചെയ്യും. അങ്ങനെ ഭേദബുദ്ധിനശിച്ചവരായ ആ ജ്ഞാനികള്‍ രണ്ടുപേരും ഒന്നിച്ചു കുറച്ചു ദിവസം കഴിഞ്ഞുകൂടിയപ്പോഴേയ്ക്കു് രാജാവിനെപ്പോലെതന്നെയായി. അദ്ദേഹത്തിന്റെ എല്ലാവിധ സംസാരവികൃയകള്‍ മുഴുവന്‍ നീങ്ങി തികഞ്ഞ ആത്മജ്ഞാനിയായി. ആപരമാര്‍ത്ഥത്തെ പ്രകാശിപ്പിക്കുകയാണോ എന്നു തോന്നുമാറു് അദ്ദേഹത്തിന്റെ ശരീരവും പൂര്‍വ്വാധികം ഓജസും തേജസ്സും വളര്‍ന്നാകര്‍ഷകമായിത്തീര്‍ന്നു.

അങ്ങനെയിരിക്കെ തന്റെ ഭര്‍ത്താവായ ശിഖിദ്ധ്വജന്‍ ജ്ഞാതജ്ഞേയനും സംസാരനിവൃത്തനുമായെന്നു ബോദ്ധ്യം വന്ന ചൂഡാല അദ്ദേഹത്തിന്റെ ജ്ഞാനത്തിന്നു ദൃഢത വരുത്താന്‍ ഒരു പരീക്ഷണം ചെയ്യണമെന്നു നിഷ്ചയിച്ചു. ഒരു ദിവസം പ്രഭാതത്തില്‍ രാജാവും കുംഭനും കൂടി കാട്ടില്‍ക്കൂടെ ചുറ്റിനടക്കുമ്പോള്‍ കുംഭന്‍ പറഞ്ഞു: ഇന്നു ചൈത്രമാസത്തിലെ ശുക്ലപ്രഥമയാണു്. സ്വര്‍ഗ്ഗലോകത്തുവരെ വിശേഷമായ ഒരു ഉത്സവം നടക്കുന്ന ദിവസ്സമാണു്. അതില്‍ പങ്കുകൊള്ളാന്‍ ഞാനും അവിടെ പോയി അച്ഛനടുക്കലിരിക്കണമെന്നതു് നിയതിയാണു്. നിയതിയെ ഉല്ലംഘിക്കുകയെന്നതു ജ്ഞാനികളും പതിവില്ലല്ലോ. അതുകൊണ്ടു ഞാന്‍ പോയിവര‍ാം. എന്നാല്‍ ഉത്സവാഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഒട്ടും താമസ്സിക്കാതെ ഇന്നു രാത്രിതന്നെ ഇവിടെ മടങ്ങി വരുകയും ചെയ്യ‍ാം. അങ്ങയുടെ ഒരുമിച്ചിരിക്കലാണു് എനിക്കു സ്വര്‍ഗ്ഗാനുഭവങ്ങളെക്കാള്‍ ഇഷ്ടമായിട്ടിരിക്കുന്നതു് എന്നു പറഞ്ഞു് അപ്പോള്‍ തന്നെ രാജാവിന്റെ അനുവാദത്തോടുകൂടി സ്വര്‍ഗ്ഗത്തിലേയ്ക്കു പോവാന്‍ മേല്പോട്ടുയര്‍ന്നു. കുറേ ദൂരം പോയശേഷം സങ്കല്പശക്തിയാല്‍ കുംഭവേഷത്തെമാറ്റി ചൂഡാലയായിത്തീര്‍ന്നു് അന്തഃപ്പുരത്തിലേയ്ക്കു പോയി. വൈകുന്നേരംവരെ അരമനയില്‍ രാജ്യകാര്യങ്ങളെ അന്വേഷിച്ചശേഷം രാത്രിയില്‍ ആരുമറിയാതെ രാജാവിന്റെ സന്നിധിയിലേയ്ക്കു പുറപ്പെടുകയും ചെയ്തു. കുംഭനെ കാണാനുള്ള ബദ്ധപ്പാടോടെ രാജാവു് പ്രതീക്ഷിച്ചുകൊണ്ടുതന്നെയിരിക്കുമ്പോള്‍ ചൂഡാല കുംഭവേഷത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. രാജാവിന് വളരെ സന്തോഷമായെങ്കിലും മുമ്പുകണ്ടിട്ടില്ലാത്തവിധം കുംഭന്റെ മുഖം മ്ലാനമായിരിക്കുന്നതിനെക്കണ്ടു പരിഭ്രാന്തനായി എന്താണു് മ്ലാനതയ്ക്കു കാരണമെന്നദ്ദേഹത്തോടു ചോദിക്കുകയും ചെയ്തു.

നിസ്സംഗന്മാരും, ശരീരാഭിമാനത്തിന്റെ കണികപോലുമില്ലാത്തവരും, സ്വയം ബ്രഹ്മസ്വരൂപികളുമായ ജ്ഞാനികള്‍ക്കു് എന്തു സംഭവിച്ചാലും ഭാവഭേദമുണ്ടാവാന്‍ വയ്യ. എങ്കിലും കാര്യമായൊരു തകരാറു പറ്റീട്ടുണ്ടു് കുംഭനെന്നു രാജാവിനു ബോദ്ധ്യമായി. അദ്ദേഹം വൈമനസ്യത്തെ പ്രകാശിപ്പിച്ചതല്ലാതെ കാര്യമൊന്നും പറഞ്ഞില്ല. അതുകണ്ടപ്പോള്‍ കൂടുതല്‍ ആശങ്കയോടെ രാജാവു് നിര്‍ബന്ധപൂര്‍വ്വം കുംഭനോടു വൈമനസ്യത്തിന്റെ കാരണം പറയാനാവശ്യപ്പെട്ടു. അപ്പോള്‍ കുംഭന്‍ വളരെ വിഷാദപരവശ്യങ്ങളെ അഭിനയിച്ചുകൊണ്ടു പറഞ്ഞു. രാജാവേ! ഞാന്‍ പറയ‍ാം. കേട്ടോളൂ. ഞാനിവിടെനിന്നു നേരെ സ്വര്‍ഗ്ഗത്തില്‍ പോയി അച്ഛനോടുകൂടി ദേവോത്സവത്തില്‍ പങ്കുകൊണ്ടശേഷം അങ്ങയുടെ അടുത്തെത്താനുള്ള ബദ്ധപ്പാടോടുകൂടി ദേവമാര്‍ഗ്ഗത്തെയും ആദിത്യമാര്‍ഗ്ഗത്തയും പിന്നിട്ടു കീഴ്പോട്ടു വരുമ്പോള്‍ വെള്ളം നിറഞ്ഞമേഘങ്ങള്‍ക്കിടയില്‍ക്കൂടി ദുര്‍വ്വാസ്സാവുമഹര്‍ഷി വരുന്നതായികണ്ടു. അദ്ദേഹത്തെ അഭിവാദനം ചെയ്തുകഴിഞ്ഞപ്പോള്‍ ഒരു ചെറിയ തമാശപറയാന്‍ തോന്നി. “അല്ലേ! മഹര്‍ഷേ! അങ്ങു് മേഘങ്ങളാകുന്ന വസ്ത്രമണിഞ്ഞുവരുന്നതു കാണാന്‍ ഒരു അഭിസാരികയുടെ മട്ടുണ്ടു്.” എന്നു പറയുകയും ചെയ്തു. അതുകേള്‍ക്കേണ്ടതാമസം മഹര്‍ഷി കോപിച്ചു് “എന്നെയിങ്ങനെ പരിഹസിച്ചതുകൊണ്ടു് രാത്രി കാലങ്ങളില്‍ ഒരു സ്ത്രീയായിത്തീരട്ടേ” എന്നു ശപിച്ചു. ശാപം കൊണ്ടു രാത്രിയില്‍ സ്ത്രീയായിത്തീരുമല്ലോ എന്നാണു് വ്യസനകാരണം.

അതിനെ കേട്ട രാജാവു പറഞ്ഞു: ബുദ്ധിമാനായ ദേവപുത്രാ ! സംഭവിക്കേണ്ടതു സംഭവിച്ചു കഴിഞ്ഞു. ഇനി അതിനെപ്പറ്റി വ്യസനിച്ചിട്ടെന്താണു് കാര്യം? നിയതിയെ ആര്‍ക്കും ലംഘിക്കാന്‍ കഴിയാത്തതല്ലേ? പിന്നെ വ്യസനം കൊണ്ടെന്താണു് പ്രയോജനം? അല്ലെങ്കില്‍ സ്തീത്വം പുംസ്ത്വം തുടങ്ങിയതൊക്കെ ശരീരത്തിനല്ലാതെ ആത്മാവിനു ബാധകമല്ലല്ലോ. എന്നിങ്ങനെ പലതും അന്യോന്യം പറഞ്ഞുകൊണ്ടു് അവര്‍ പകല്‍ സമയം കഴിച്ചു കൂട്ടി. അസ്തമനമായപ്പോള്‍ അവര്‍ സന്ധ്യാവന്ദനാദികൃത്യങ്ങള്‍ ചെയ്തു് വള്ളിക്കുടിലുകള്‍ക്കുള്ളില്‍ വന്നിരുന്നു ജപിച്ചു. ജപം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ കുംഭന്‍ യൗവ്വനയുക്തയായ ഒരു സ്ത്രീയായിത്തീര്‍ന്നു. നോക്കൂ രാജാവേ! ഞാനിതാ ഒരു സ്തീയായി മാറിക്കഴിഞ്ഞു. എന്റെ പുരുഷശരീരം ഭൂമിയില്‍ വീണുപോയതുപോലെയും സ്ത്രീശരീരം പൊട്ടിമുളച്ചതുപോലെയും തോന്നി. അവയവങ്ങളെല്ല‍ാം മാറിക്കഴിഞ്ഞു. ലജ്ജയും എന്നെ വിട്ടുമാറുന്നില്ല, എന്നൊക്കെപ്പറഞ്ഞു പരവശനായിത്തീര്‍ന്ന സ്തീവേഷധാരിയായ കുംഭനെ രാജാവു സമാധാനപ്പെടുത്തി. അറിയേണ്ടതിനെ അറിഞ്ഞ നിര്‍ഭയനും നിരപേക്ഷകനുമായ വിദ്വാനാണു് അങ്ങു്. നിയതിയെ ആര്‍ക്കും തടുക്കാന്‍ കഴിയില്ലെന്നങ്ങയ്ക്കറിയുകയും ചെയ്യ‍ാം. എന്നിട്ടും അങ്ങുവ്യസനിക്കുന്നുവെന്നാല്‍ മറ്റുള്ളവരുടെയൊക്കെ ഗതിയെന്താണു്? എന്നിങ്ങനെ പറഞ്ഞപ്പോള്‍ കുംഭനൊരുവിധം സമാധാനമായി. ഇല്ല; ഞാനിനി വ്യസനിക്കുന്നില്ല. എന്തു വേണമെങ്കിലും വന്നോട്ടെയെന്നു സമാധാനിക്കുകയും ചെയ്തു. രണ്ടുപേരും കൂടിരാത്രിയെക്കഴിച്ചുക്കൂട്ടി. നേരം പുലര്‍ന്നപ്പോള്‍ സ്ത്രീത്വം പോയി വീണ്ടും കുംഭനായിത്തീരുകയും ചെയ്തു. അങ്ങനെ കുറച്ചു ദിവസം പതിവായി പകല്‍ പുരുഷനും രാത്രിയില്‍ സ്ത്രീയുമായി ചൂഡാല രാജാവോടൊരുമിച്ചു കാട്ടില്‍ കഴിഞ്ഞു വന്നു. മുമ്മൂന്നു ദിവസം കൂടുമ്പോള്‍ രാത്രിയില്‍ രാജാവുറങ്ങിയാല്‍ ചൂഡാല ഗൃഹത്തില്‍ പോയി രാജ്യകാര്യങ്ങളെയൊക്ക വേണ്ടപോലെ ചെയ്യും. രാജാവുണരുന്നതിനുമുമ്പു കാട്ടില്‍ത്തന്നെ മടങ്ങിയെത്തുകയും ചെയ്തു.

അങ്ങനെ കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും രാജാവിനെ ഒന്നു പരീക്ഷിക്കാന്‍ തീര്‍ച്ചപ്പെടുത്തി ചൂഡാല. അതിന്റെ ഫലമായി ഒരു ദിവസം രാജാവിനോടു പറഞ്ഞു. അല്ല രാജാവേ! ഞാനിങ്ങനെ പതിവായി രാത്രിയില്‍ സ്ത്രീയായിത്തീരുന്നുണ്ടല്ലോ.ആ സ്ഥിതിക്കു് എനിക്കൊരു ഭര്‍ത്താവുണ്ടാവേണ്ടത് അത്യാവശ്യമാണു്. ഭര്‍തൃമതിയല്ലാത്ത സ്ത്രീ അമംഗളസ്വരൂപിണിയാണെന്നു പറയപ്പെടുന്നുണ്ടു്. അതിനാല്‍ ഞാനൊരു പുരുഷന്റെ ഭാര്യയായിരിക്കുവാന്‍ ആഗ്രഹിക്കുകയാണു്. അങ്ങനെ ആരെയെങ്കിലും ഞാന്‍ ഭര്‍ത്താവായി വരിക്കുന്ന പക്ഷം അങ്ങയെയല്ലാതെ മറ്റാരേയും വരിക്കാന്‍ പോവുന്നില്ല. അതുകൊണ്ടു് അങ്ങെന്നെ വിവാഹം കഴിച്ചു് എന്റെ ഭര്‍ത്താവായിരിക്കണം എന്നു്. അതിനെ കേട്ട രാജാവു് അങ്ങനെ ചെയ്യുന്നതുകൊണ്ടു് യാതൊരു ഗുണവും ദോഷവും കാണുന്നില്ലെന്നുമാത്രം മറുപടി പറഞ്ഞു. എന്നാല്‍ ഇന്നു തന്നെ നമുക്കു വിവാഹമാഘോഷിക്കണം. ഇന്നു നല്ല ദിവസമെന്നായി കുംഭന്‍. രാജാവതിനു വിസമ്മതമൊന്നും പറഞ്ഞതുമില്ല. പിന്നെ രണ്ടുപേരും കൂടിപ്പോയി വിവാഹകര്‍മ്മത്തിനാവശ്യമായ പദാര്‍ത്ഥങ്ങളെയൊക്കെ ഒരുക്കി സന്ധ്യ കഴിഞ്ഞതോടെ കുംഭന്‍ സ്ത്രീയായി. “മദനിക” യെന്നു പേരുംവരിച്ചു. അഗ്നിയെ ജ്വലിപ്പിച്ചു അവരുടെ പാണീഗ്രഹണകര്‍മ്മത്തെ അഗ്നിസാക്ഷിയായി നടത്തി. നല്ല പഴങ്ങളും കിഴങ്ങുകളുമൊക്കെക്കഴിച്ചു. വള്ളിക്കുടിലില്‍ കിടന്നുറങ്ങുകയും ചെയ്തു. അങ്ങനെ രണ്ടുപേരും ഭാര്യാഭര്‍ത്താക്കന്മാരായിക്കൊണ്ടും കുറച്ചുകാലം അവിടെ കഴിച്ചുകൂട്ടി. ദാമ്പത്യലീലകളിലും സ്ത്രീകളിലുമെന്നുവേണ്ട പ്രയേണ എല്ലാറ്റിലും പരമ നിസ്സംഗനായിത്തീര്‍ന്നിരിക്കുന്നു രാജാവെന്നു ചൂഡാലയ്ക്കുമനസ്സിലാക്കാന്‍ കഴിഞ്ഞു.

അങ്ങനെ പിന്നെയും കുറച്ചുനാള്‍ ചെന്നശേഷം ഈ ലോകത്തിലുള്ള ഒന്നിലും രാജാവിന്നല്പംപോലും ഇച്ഛയില്ലെന്നറിഞ്ഞ ചൂഡാല സ്വര്‍ഗ്ഗാദിലോകങ്ങളിലെ ഭോഗങ്ങളില്‍ താല്പര്യമുണ്ടോ എന്നു പരീക്ഷിക്കണമെന്നു നിശ്ചയിച്ചു് ഒരുമായയെ പ്രയോഗിച്ചു. അതിന്റെ ഫലമായി ഒരുദിവസം രാജാവും കുംഭനും കൂടി ഒരു പാറക്കല്ലില്‍ നിഷ്ഠയെച്ചെയ്തിരിക്കുമ്പോള്‍ ത്രൈലോക്യചക്രവര്‍ത്തിയായ ഇന്ദ്രനും കുറേ ദേവന്മാരും കൂടി അവിടേയ്ക്കു വരുന്നതായികണ്ടു. ഇന്ദ്രനാണു് വന്നതെന്നറിഞ്ഞു രാജാവു് അദ്ദേഹത്തെ ഉചിതമാകംവണ്ണം പൂജിച്ചു. എന്തിനാണീ വനാന്തര്‍ഭാഗത്തേയ്ക്കു വരുന്നതെന്നു ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഇന്ദ്രന്‍ രാജാവിനെ കുറേ സ്തുതിച്ചു. അനന്തരം അങ്ങയുടെ ഗുണഗണങ്ങളെകൊണ്ടു് ത്രൈലോക്യത്തിലുള്ള എല്ലാവരും അങ്ങയെ ബഹുമാനിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ടു്. സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്കൊക്കെ അങ്ങയെ കണ്ടാല്‍കൊള്ളാമെന്നുണ്ടു്. ദേവസ്ത്രീകള്‍ അങ്ങയുടെ പേരുകേള്‍ക്കുമ്പോള്‍ തന്നെ വികാരപരവശകളായിത്തീരുന്നു. അതിനാല്‍ അങ്ങയെ സ്വര്‍ഗ്ഗലോകത്തേയ്ക്കു കൂട്ടികൊണ്ടു പോകണമെന്നുവച്ചു് ഞാന്‍ തന്നെ പുറപ്പെട്ടതാണു്. അങ്ങയെപ്പോലുള്ള ജീവന്മുക്തന്മാര്‍ക്കു കല്പകാലം കഴിയുന്നതുവരെ ദിവ്യഭോഗങ്ങളനുഭവിച്ചു് സ്വര്‍ഗ്ഗത്തില്‍ സുഖിക്ക‍ാം. എന്നൊക്കെപ്പറഞ്ഞു തന്റെ ഒരുമിച്ചു സ്വര്‍ഗ്ഗത്തിലേയ്ക്കു പോരാന്‍ ആവശ്യപ്പെട്ടു. പക്ഷേ രാജാവായതുകൊണ്ടൊന്നും വഞ്ചിതനായില്ല. അല്പം പോലും പരിഭ്രമം കൂടാതെ അക്ഷോഭ്യനായിക്കൊണ്ടു രാജാവു് പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ ഇന്നിന്നതൊക്കെയാണുള്ളതെന്നെനിക്കറിയ‍ാം. അവിടെയുള്ളതൊന്നും എനിക്കാവശ്യമില്ല. എനിക്കൊന്നിലും ഇച്ഛയുമില്ല. അതിനാല്‍ ഞാന്‍ വരുന്നില്ല.

അതുകൂടി കേട്ടപ്പോള്‍ ചൂഡാലയ്ക്കു രാജാവിനോടു വളരെ ബഹുമാനം തോന്നി. അദ്ദേഹത്തിനൊന്നിലും യാതൊരാഗ്രഹവുമില്ലെന്നും തികച്ചും സാമ്യഭാവം വന്നുകഴിഞ്ഞിരിക്കുന്നുവെന്നു ബോദ്ധ്യമായി. എങ്കിലും അവസാനമായി ഒരു പരീക്ഷണംകൂടി നടത്തണമെന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. അന്നു വൈകുന്നേരം പതിവുപോലെ സന്ധ്യാവന്ദനം കഴിഞ്ഞു ജപിക്കാന്‍ വേണ്ടി രണ്ടുപേരും രണ്ടു വള്ളിക്കുടിലുകളില്‍ പോയിരുന്നു. രാജാവിന്റെ ജപം കഴിഞ്ഞുപുറത്തുവന്നു. വളരെനേരം കാത്തിട്ടും കുംഭനെ കാണാതിരുന്നപ്പോള്‍ രാജാവു് കുംഭനിരുന്ന വള്ളിക്കുടിലില്‍ പോയിനോക്കി. അപ്പോള്‍ കുംഭന്‍ മദനികയായി ഒരു കാമുകനോടു കൂടി രമിച്ചു കൊണ്ടിരിക്കുന്നതാണു് കണ്ടതു്. അദ്ദേഹം അല്പംപോലും ക്ഷോഭിക്കാതെ ‘നിങ്ങള്‍ വിഘ്നം വരുത്തരുതെ’ന്നുമാത്രം പറഞ്ഞുമടങ്ങിവന്നു് ഒരു ശിലാതലത്തിലിരുന്നു. അല്പം കഴിഞ്ഞപ്പോഴേക്കു മദനിക ലജ്ജകൊണ്ടും ഭയംകൊണ്ടും അപരാധബോധംകൊണ്ടും പരവശയായി രാജാവിന്റെ മുമ്പില്‍ വന്നു നമ്രമുഖിയായിനിന്നു. രാജാവവളെ കണ്ടപ്പോള്‍ എന്റെ സമാഗമം നിങ്ങടെ രതിക്രീഡയ്ക്കു വിഘ്നമുണ്ടാക്കിയില്ലല്ലോ, എന്താണിത്രവേഗത്തില്‍ പോകുന്നതു്? എന്നുചോദിച്ചു. മദനിക അപരാധങ്ങളും ക്ഷമാപണങ്ങളുമൊക്കെപ്പറഞ്ഞു. തന്നോടു് ക്ഷമിക്കണമെന്നപേക്ഷിച്ചു.

രാജാവതിനു ചിരിച്ചു കൊണ്ടുപറഞ്ഞു; ക്ഷമിക്കാനെന്തിരിക്കുന്നു? പിന്നെ ഞാന്‍ കോപിക്കുമോ എന്നാണെങ്കില്‍ അതുസംശയിക്കേണ്ട. എനിക്കുകോപമുണ്ടാവുമെങ്കില്‍ ആകാശത്തു പര്‍വ്വതങ്ങളുമുണ്ടാവും. അതിനാല്‍ ഒന്നും സംശയിക്കേണ്ടതില്ല. തനിക്കു യാതൊരപ്രീതിയുമില്ലെന്നു രാജാവു് തുറന്നു പറഞ്ഞു. പക്ഷേ സജ്ജനങ്ങള്‍ നിന്ദിക്കുമെന്ന കാരണത്താല്‍ ഞാനിനി മദനികയെ പത്നിയായി സ്വീകരിക്കുന്നില്ലെന്നുമാത്രം പറഞ്ഞു. അതുകേട് ടചൂഡാലയ്ക്കു് അപാരമായ ആശ്ചര്യവും രാജാവില്‍ അളവറ്റ ബഹുമാനവുമുണ്ടായി. എല്ലാവിധ ബന്ധങ്ങളില്‍ നിന്നും രാജാവു് തികച്ചും മുക്തനായിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അവിദ്യ കേവലം നശിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും ജീവന്മുക്തനായിക്കഴിഞ്ഞിരിക്കുന്നെന്നുംകൂടി ചൂഡാലയ്ക്കു ബോധ്യമായി. അതിനാല്‍ ഇനി പരീക്ഷണങ്ങളൊന്നും ആവശ്യമില്ലെന്നും ചൂഡാലയാകുന്ന തന്റെ സ്വന്തസ്വരൂപത്തെ പ്രകാശിപ്പിച്ചു രാജാവിനെ സംഗതികള്‍ ബോധ്യപ്പെടുത്തണമെന്നും നിശ്ചയിച്ചു താന്‍ ചൂഡാലയാവട്ടെ എന്നു സങ്കല്പിച്ചു കഴിഞ്ഞപ്പോഴേയ്ക്കു സാക്ഷാല്‍ ചൂഡാലരാജ്ഞിയായിത്തീര്‍ന്നു.

ചൂഡാലയെക്കണ്ട രാജാവു് വേഗത്തില്‍ തിരിച്ചറിഞ്ഞു. ആശ്ചര്യം, പരിഭ്രമം തുടങ്ങിയ വികാരങ്ങളെക്കൊണ്ടു, അല്പസമയത്തേയ്ക്കു ഒന്നും പറയാന്‍ കഴിയാതെ സ്തബ്ധനായിത്തീര്‍ന്നു രാജാവു്. പിന്നീടു വര്‍ത്തമാനങ്ങളൊക്കെ ചോദിച്ചു രാജാവു്. ആദ്യംമുതലുള്ള എല്ലാസംഗതികളും വിസ്തരിച്ചു പറഞ്ഞുകൊടുക്കുകയും ചെയ്തു മഹാരാജ്ഞി. കുംഭനായിവന്നു തന്നെ ഉല്‍ബുദ്ധനാക്കിയതും, മദനികയായി പ്രലോഭിച്ചതുമെല്ല‍ാം തന്റെ രാജ്ഞിയായ ചൂഡാലയായിരുന്നുവെന്നും, ഇന്ദ്രനേയും ദേവഗണങ്ങളെയും കാണിച്ചതും പുരുഷനുമായി രമിക്കുന്നതിനെ കാണിച്ചതുമെല്ല‍ാം രാജ്ഞിയുടെ മായാപ്രയോഗങ്ങളായിരുന്നവെന്നറിഞ്ഞ രാജാവു് ആശ്ചര്യത്തിന്റെ പരമകാഷ്ഠയില്‍ത്തന്നെ എത്തിച്ചേര്‍ന്നു. അപ്പോള്‍ മഹാരാജാവുല്‍ബുദ്ധനായിക്കഴിഞ്ഞിരുന്നതിനാല്‍ രാജ്ഞിപറഞ്ഞ എല്ലാകാര്യങ്ങളും അദ്ദേഹം ധ്യാനത്തില്‍ കാണുകയും ചെയ്തു. ഏതായാലും ഉദ്ദേശിച്ച കാര്യങ്ങളൊക്കെ സാധിച്ചു കഴിഞ്ഞു ഇനി എങ്ങനെ ജീവിക്കാനാണു് താല്പര്യമെന്നു ചോദിച്ചു രാജ്ഞി. എങ്ങനെയായാലും കൊള്ള‍ാം. സ്വീകരിക്കേണ്ടതായോ ഉപേക്ഷിക്കേണ്ടതായോ ഒന്നുമില്ലെന്നു ബോധ്യംവന്നിരിക്കുന്നു എനിക്കെന്നു പറഞ്ഞു രാജാവു്. എന്നാല്‍ ഞാന്‍ പറയുംപോലെ ചെയ്യണമെന്നായി രാജ്ഞി.

നമ്മളിപ്പോള്‍ എല്ലാവിധഭേദഭാവങ്ങളും നീങ്ങി സൗമ്യഭാവത്തിലെത്തികഴിഞ്ഞിരിക്കുന്നു. മൂര്‍ഖത അല്പംപോലും നമ്മുടെ ചിത്തത്തെ പ്രകാശിപ്പിക്കുന്നില്ല. സുഖദുഃഖങ്ങളും ശീതോഷ്ണങ്ങളുമൊന്നും നമ്മളില്‍ ഭേദഭാവത്തെ നമ്മളില്‍ വളര്‍ത്താന്‍ പര്യാപ്തങ്ങളല്ലെന്നാണിരിക്കുന്നതു്. രാഗദ്വേഷങ്ങളും മദമത്സരങ്ങളുമൊക്കെ എന്നോനശിച്ചുകഴിഞ്ഞിരിക്കുന്നു. അവയൊന്നും ഇനി നമ്മളില്‍ അങ്കുരിക്കാനും പോവുന്നില്ല. ആസ്ഥിതിക്കു രാജ്യഭാരം നമുക്കാപല്കരമല്ല. മാത്രമല്ല നിര്‍മ്മത്സരനും ശുദ്ധനുമായ ഒരാളാണു് ഭരണം നടത്തുന്നതെന്നു വരുമ്പോള്‍ പ്രജകള്‍ക്കു കൂടുതല്‍ ക്ഷേമമുണ്ടാവുകയും ചെയ്യും. അതിനാല്‍ നമുക്കിനി കുറേക്കാലം കൂടി രാജ്യത്തില്‍ നീതിനിഷ്ഠയോടെ ഭരണം നടത്തി അന്ത്യത്തില്‍ ശരീരത്തെവിട്ടു വിദേഹകൈവല്യത്തെ പ്രാപിക്കുകയും ചെയ്യ‍ാം. എന്നു പറഞ്ഞ രാജ്ഞിയുടെ അഭിപ്രായത്തെ രാജാവും അംഗീകരിച്ചു. അതിനാല്‍ അപ്പോള്‍തന്നെ ചൂഡാലസങ്കല്പമാത്രംകൊണ്ടു വരുത്തിയ ചതുഃസിന്ധുജലംകൊണ്ടു ശിഖിദ്ധ്വജനെ രാജാവാക്കി പട്ടാഭിഷേകം ചെയ്തു. അനന്തരം സങ്കല്പസഞ്ജാതങ്ങളായ ചതുരംഗസേലയോടുകൂടി മഹാരാജാവും രാജ്ഞിയും തേരില്‍ക്കയറി അരമനയിലേക്കു മടങ്ങി.

തങ്ങളുടെ മഹാരാജാവും രാജ്ഞിയും സേനാപരിവാരങ്ങളോടുകൂടി വരുന്നുണ്ടെന്നറിഞ്ഞ സാമന്തന്മാരും മന്ത്രിമാരും വേഗത്തില്‍ എതിരേല്‍ക്കാന്‍ തയ്യാറായിചെന്നു. ഉചിതമാകും വണ്ണം എതിരേറ്റ കൂട്ടികൊണ്ടുവരുകയും ചെയ്തു. ഹേ ! രാമചന്ദ്രാ! ജീവന്മുക്തന്മാരായ ആ ദമ്പതിമാര്‍ പിന്നെ വളരെക്കാലം രാജ്യം ഭരിച്ചു് അന്ത്യത്തില്‍ വിദേഹകൈവല്യത്തെ പ്രാപിക്കുകയും ചെയ്തു.

വസിഷ്ഠമഹര്‍ഷി പറയുകയാണ്. ഹേ രാമചന്ദ്രാ! ആകര്‍ഷകവും സുന്ദരവുമായ ശിഖിദ്ധ്വജന്റെ ഇതിഹാസത്തെ കേട്ടുവല്ലോ, ഏറ്റവും നല്ലതാണ് ആ മാര്‍ഗ്ഗം. അതിനെ അറിഞ്ഞ് വേണ്ടപോലെ ആചരിക്കുന്നപക്ഷം സംസാരത്തിന്റെ യാതൊരു ബാധയുമിവല്ലാതെ സുഖിക്ക‍ാം. അന്ത്യത്തില്‍ വിദേഹകൈവല്ല്യത്തെ പ്രാപിക്കുകയും ചെയ്യ‍ാം. പിന്നീടൊരുകാലത്തും ജനിക്കുമെന്ന ശങ്കയേ വേണ്ട.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.