ഏതാണ് എക്കാലത്തേയും ഏറ്റവും ശക്തിയേറിയ ആയുധം?

വലിയ ഭക്തനായിരുന്നു മഹാരാജാവ്. എന്നും പ്രാര്‍ത്ഥിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം രാജാവിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വലിയ ഒരു വാള്‍ സമ്മാനിച്ചു കൊണ്ട് ദൈവം അരുളി “ഇതാ… ഈ ശക്തമായ ആയുധം കൊണ്ട് നിനക്ക് ഭൂമി മുഴുവനും നേടാം, ഭരിക്കാം.”

“എനിക്കതിനാഗ്രഹമില്ല പ്രഭോ… ഇപ്പോഴുള്ള രാജ്യം കൊണ്ടു തന്നെ, അധികാരം കൊണ്ട് തന്നെ ഞാന്‍ സംതൃപ്തനാണ് ദൈവം പുഞ്ചിരിയോടെ അതു കേട്ടു.

പിന്നീട് വലിയൊരു രത്നം നീട്ടിക്കൊണ്ട് പറഞ്ഞു, “ഇത് സ്വീകരിക്കൂ… അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ നീയാകും.”

“ഏറ്റവും വലിയ ധനികനാവണമെന്ന മോഹവും എനിക്കില്ല പ്രഭോ.” രാജാവ് പറഞ്ഞു. രാജാവിന്റെ മറുപടിയില്‍ സന്തോഷം പൂണ്ട് ദൈവം പറഞ്ഞു, “എങ്കില്‍ നിന്നെ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടു പോകാം.”

“എന്റെ മാതൃഭൂമിയില്‍, ജനങ്ങള്‍ക്കിടയില്‍ കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലാണ്. പിന്നെ എനിക്കെന്തിന് മറ്റൊരു സ്വര്‍ഗ്ഗം.?”

ദൈവം അതീവ സംതൃപ്തനായി അരുളി, “ഇതാ, ഞാന്‍ നിനക്ക് വിശേഷപ്പെട്ട ഒരിനം വിത്തു നല്കാം. ഇത് നടുക. ഇതിലുള്ള പൂക്കള്‍ മുഴുവനും സുഗന്ധവും ആനന്ദവും പടര്‍ത്തും. ഇത് സ്നേഹത്തിന്റെ വിത്തുകളാണ്. ഒരു ഭരണാധികാരിക്ക് വേണ്ട ഏറ്റവും ശക്തമായ ആയുധവും അതാണ്.”

“നല്കിയാലും പ്രഭോ…” രാജാവ് ഇരുകൈകളും നീട്ടി ഉടന്‍ പറഞ്ഞു.

സ്നേഹത്തേക്കാള്‍ വലുതായി ഒരായുധവുമില്ല. മഹത്തുക്കളെല്ലാം ഈ ലോകം കീഴടക്കിയത് സ്നേഹമെന്ന ആയുധം കൊണ്ടാണ്.

കടപ്പാട്: നാം മുന്നോട്ട്