ആരണ്യകാണ്ഡം
ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍
നീലനീരജദലലോചനന്‍ നാരായണന്‍
നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍
കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍
പാലനപരായണന്‍ പരമാത്മാവുതന്റെ
ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും.
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
സാരമായൊരു മുക്തിസാധനം രസായനം.
ഭാരതീഗുണം തവ പരമാമൃതമല്ലോ
പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാള്‍.
ഫാലലോചനന്‍ പരമേശ്വരന്‍ പശുപതി
ബാലശീതാംശുമൌലി ഭഗവാന്‍ പരാപരന്‍
പ്രാലേയാചലമകളോടരുള്‍ചെയ്തീടിനാന്‍.
ബാലികേ കേട്ടുകൊള്‍ക പാര്‍വ്വതി ഭക്തപ്രിയേ!
രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
രാമനദ്വയനേകനവ്യയനഭിരാമന്‍
അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം.
മഹാരണ്യപ്രവേശം
പ്രത്യുഷസ്യുത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു
നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍.
“പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി-
മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു
ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ!
ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-
ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരില്‍ ചിലരെയും.”
ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു
തിങ്ങീടും കൌതൂഹലംപൂണ്ടുടനരുള്‍ചെയ്തുഃ
“നേരുളള മാര്‍ഗ്ഗം ഭവാനേവര്‍ക്കും കാട്ടീടുന്നി-
താരുളളതഹോ തവ നേര്‍വഴി കാട്ടീടുവാന്‍!
എങ്കിലും ജഗദനുകാരിയാം നിനക്കൊരു
സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം.”
‘ചൊല്ലുവിന്‍ നിങ്ങള്‍ മുമ്പില്‍നടക്കെ’ന്നവരോടു
ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാന്‍.
അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-
തന്നോടു രാമചന്ദ്രന്‍ വന്ദിച്ചു ഭക്തിപൂര്‍വ്വംഃ
“നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ-
മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ.”
എന്നു കേട്ടാശീര്‍വാദംചെയ്തുടന്‍ മന്ദം മന്ദം
ചെന്നു തന്‍ പര്‍ണ്ണശാല പുക്കിരുന്നരുളിനാന്‍.
പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോള്‍
മുന്നിലാമ്മാറു മഹാവാഹിനി കാണായ്‌വന്നു.
അന്നേരം ശിഷ്യര്‍കളോടരുളിച്ചെയ്തു രാമ-
‘നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?’
എന്നുകേട്ടവര്‍കളും ചൊല്ലിനാ’രെന്തു ദണ്ഡം
മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
വേഗേന ഞങ്ങള്‍ കടത്തീടുന്നതുണ്ടുതാനു-
മാകുലം വേണ്ട ഞങ്ങള്‍ക്കുണ്ടല്ലോ പരിചയം.
എങ്കിലോ തോണികരേറീടാ’മെന്നവര്‍ ചൊന്നാര്‍,
ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാര്‍.
ശ്രീരാമന്‍ പ്രസാദിച്ചു താപസകുമാരക-
ന്മാരോടു ‘നിങ്ങള്‍ കടന്നങ്ങുപോകെ’ന്നു ചൊന്നാന്‍.
ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-
രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാര്‍.
ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ
ഘോരമായുളള മഹാകാനനമകംപുക്കാര്‍.
ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-
ശല്യാദിമൃഗഗണാകീര്‍ണ്ണമാതപഹീനം
ഘോരരാക്ഷസകുലസേവിതം ഭയാനകം
ക്രൂരസര്‍പ്പാദിപൂര്‍ണ്ണം കണ്ടു രാഘവന്‍ ചൊന്നാന്‍ഃ
“ലക്ഷ്മണാ! നന്നായ് നാലുപുറവും നോക്കിക്കൊള്‍ക
ഭക്ഷണാര്‍ത്ഥികളല്ലോ രക്ഷസാം പരിഷകള്‍.
വില്ലിനി നന്നായ്‌ക്കുഴിയെക്കുലയ്‌ക്കയും വേണം
നല്ലൊരു ശരമൂരിപ്പിടിച്ചുകൊള്‍ക കൈയില്‍.
മുന്നില്‍ നീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം.
ജീവാത്മപരമാത്മാക്കള്‍ക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ
ആവയോര്‍മ്മദ്ധ്യേ നടന്നീടുകവേണം സീതാ-
ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌വരാ.”
ഇത്തരമരുള്‍ചെയ്തു തല്‍പ്രകാരേണ പുരു-
ഷോത്തമന്‍ ധനുര്‍ദ്ധരനായ് നടന്നോരുശേഷം
പിന്നിട്ടാരുടനൊരു യോജനവഴിയപ്പോള്‍
മുന്നിലാമ്മാറങ്ങൊരു പുഷ്‌കരിണിയും കണ്ടാര്‍.
കല്‌ഹാരോല്‍പലകുമുദാംബുജരക്തോല്‍പല-
ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം
തോയപാനവുംചെയ്തു വിശ്രാന്തന്മാരായ് വൃക്ഷ-
ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം.
വിരാധവധം
അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം.
ഉത്ഥാനംചെയ്തു ചാപബാണങ്ങള്‍ കൈക്കൊണ്ടഥ
ലക്ഷ്‌മണന്‍തന്നോടരുള്‍ചെയ്തിതു രാമചന്ദ്രന്‍ഃ
“കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
വല്ലജാതിയും പരിപാലിച്ചുകൊള്‍വനല്ലോ.
എന്നരുള്‍ചെയ്തു നിന്നാനേതുമൊന്നിളകാതേ
വന്നുടനടുത്തിതു രാക്ഷസപ്രവരനും.
നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
ദൃഷ്‌ടിയില്‍നിന്നു കനല്‍ക്കട്ടകള്‍ വീഴുംവണ്ണം
പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താന്‍ഃ
“കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
ദുഷ്‌ടജന്തുക്കളേറ്റമുളള വന്‍കാട്ടിലിപ്പോള്‍
നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-
വല്‌ക്കലജടകളും ധരിച്ചു മുനിവേഷം
കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
മുള്‍ക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങള്‍.
കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടില്‍
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊല്‍വിന്‍.”
രക്ഷോവാണികള്‍ കേട്ടു തല്‍ക്ഷണമരുള്‍ചെയ്താ-
നിക്ഷ്വാകുകുലനാഥന്‍ മന്ദഹാസാനന്തരംഃ
“രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവള്‍
വാമലോചന സീതാദേവിയെന്നല്ലോ നാമം.
ലക്ഷ്‌മണനെന്നു നാമമിവനും മല്‍സോദരന്‍
പുക്കിതു വനാന്തരം ജനകനിയോഗത്താല്‍,
രക്ഷോജാതികളാകുമിങ്ങനെയുളളവരെ-
ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ.”
ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
വക്ത്രവും പിളര്‍ന്നൊരു സാലവും പറിച്ചോങ്ങി
ക്രുദ്ധനാം നിശാചരന്‍ രാഘവനോടു ചൊന്നാന്‍ഃ
“ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-
തെത്രയും മുഢന്‍ ഭവാനെന്നിഹ ധരിച്ചോന്‍ ഞാന്‍.
മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-
ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാര്‍.
നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-
ലംഗനാരത്നത്തെയുമായുധങ്ങളും വെടി-
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോള്‍
തിങ്ങീടും വിശപ്പടക്കീടുവേന്‍ ഭവാന്മാരാല്‍.”
ഇത്തരം പറഞ്ഞവന്‍ മൈഥിലിതന്നെ നോക്കി-
സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോള്‍
പത്രികള്‍ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോള്‍
ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളര്‍ന്നതി-
സത്വരം നക്തഞ്ചരനടുത്താനതുനേര-
മസ്ര്തങ്ങള്‍കൊണ്ടു ഖണ്ഡിച്ചീടിനാന്‍ പാദങ്ങളും
ബദ്ധരോഷത്തോടവന്‍ പിന്നെയുമടുത്തപ്പോ-
ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമന്‍.
രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
ചിത്തകൌതുകത്തോടു പുണര്‍ന്നു വൈദേഹിയും.
നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-
മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
അന്നേരം വിരാധന്‍തന്നുളളില്‍നിന്നുണ്ടായൊരു
ധന്യരൂപനെക്കാണായ്‌വന്നിതാകാശമാര്‍ഗ്ഗേ.
സ്വര്‍ണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
സുന്ദരശരീരനായ് നിര്‍മ്മലാംബരത്തോടും
രാഘവം പ്രണതാര്‍ത്തിഹാരിണം ഘൃണാകരം
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
ഇന്ദിരാരമണമിന്ദീവരദളശ്യാമ-
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
സുന്ദരം സുകുമാരം സുകൃതിജനമനോ-
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-
നന്ദംപൂണ്ടവന്‍ പിന്നെ സ്തുതിച്ചുതുടങ്ങിനാന്‍ഃ
“ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരന്‍!
കാരുണ്യമൂര്‍ത്തേ! കമലാപതേ! ധരാപതേ!
ദുര്‍വ്വാസാവായ മുനിതന്നുടെ ശാപത്തിനാല്‍
ഗര്‍വിതനായോരു രാത്രിഞ്ചരനായേനല്ലോ.
നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-
ബന്ധവുംതീര്‍ന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.
വാണികള്‍കൊണ്ടു നാമകീര്‍ത്തനം ചെയ്യാകേണം
പാണികള്‍കൊണ്ടു ചരണാര്‍ച്ചനംചെയ്യാകേണം
ശ്രോത്രങ്ങള്‍കൊണ്ടു കഥാശ്രവണംചെയ്യാകേണം
നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം.
ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-
മുത്തമഭക്തന്മാര്‍ക്കു ഭൃത്യനായ് വരേണം ഞാന്‍.
നമസ്തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ
നമസ്തേ രാമായാത്മാരാമായ നമോ നമഃ.
നമസ്തേ രാമായ സീതാഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ.
ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേന്‍.
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം.”
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും.
“മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
ഭക്തിയുണ്ടായാലുടന്‍ മുക്തിയും ലഭിച്ചീടും.”
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരന്‍
കാമലാഭേന പോയി നാകലോകവും പുക്കാന്‍.
ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.