അഗസ്ത്യസന്ദര്‍ശനം
ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്‌കി മഹാ-
കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം.
സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്‌മര്‍ഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം.
ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ
ബ്രഹ്‌മജ്ഞന്മാരായുളേളാര്‍ ചൊല്ലുന്നു കാണുംതോറും.
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമന്‍
വിശ്രുതനായ സുതീക്ഷ്‌ണന്‍തന്നോ’ടിനിയിപ്പോള്‍
വേഗേന ചെന്നു ഭവാനഗസ്ത്യമുനീന്ദ്രനോ-
ടാഗതനായോരെന്നെയങ്ങുണര്‍ത്തിച്ചീടേണം.
ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.’
ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി-
ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
നത്വാ തം ഗുരുവരമഗസ്ത്യം മുനികുല-
സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
രാമമന്ത്രാര്‍ത്ഥവ്യാഖ്യാതല്‍പരം ശിഷ്യന്മാര്‍ക്കാ-
യ്‌ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം
ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
മാരാല്‍ വീണുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍.
“രാമനാം ദാശരഥി സോദരനോടും നിജ-
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോള്‍.
നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിന്‍
തൃക്കഴലിണ കണ്ടു വന്ദിപ്പാന്‍ ഭക്തിയോടെ.”
മുമ്പേതന്നകകാമ്പില്‍ കണ്ടറിഞ്ഞിരിക്കുന്നു
കുംഭസംഭവന്‍ പുനരെങ്കിലുമരുള്‍ചെയ്താന്‍:
“ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാന്‍.
പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
കോമളം കാളമേഘശ്യാമളം നളിനാക്ഷം.”
ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
രോത്തമന്‍ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാര്‍ത്തരുള്‍ചെയ്താന്‍ഃ
“ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം.
യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാല്‍ മമ
ഭാഗ്യപൂര്‍ണ്ണത്വേന സംപ്രാപ്തനായിതു ഭവാന്‍.
അദ്യവാസരം മമ സഫല,മത്രയല്ല
മത്തപസ്സാഫല്യവും വന്നിതു ജഗല്‍പതേ!”
കുംഭസംഭവന്‍തന്നെക്കണ്ടു രാഘവന്‍താനും
തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോള്‍
കുംഭജന്മാവുമെടുത്തെഴുനേല്‍പിച്ചു ശീഘ്രം
ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
ഗൂഢപാദീശാംശജനായ ലക്ഷ്‌മണനെയും
ഗാത്രസ്പര്‍ശനപരമാഹ്ലാദജാതസ്രവ-
ന്നേത്രകീലാലാകുലനായ താപസവരന്‍
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
രാഘവനുടെ കരപങ്കജമതിദ്രുതം
സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ-
നാശ്രിതജനപ്രിയനായ വിശ്വേശം രാമം
പാദ്യാര്‍ഗ്‌ഘ്യാസന മധുപര്‍ക്കമുഖ്യങ്ങളുമാ-
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം
വന്യഭോജ്യങ്ങള്‍കൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാന്‍:
അഗസ്ത്യസ്തുതി
“നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാന്‍
ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്‌തു
‘ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല-
ഭാരാപഹരണം ചെയ്‌തീടുവനെ’ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍.
താപസജനത്തോടും ശിഷ്യസംഘാതത്തോടും
ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍.
ലോകസൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്
ലോകകാരണന്‍ വികല്‍പോപാധിവിരഹിതന്‍
തന്നുടെ മായ തനിക്കാശ്രയഭൂതയായി
തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ
നിര്‍ഗ്ഗുണനായ നിന്നെയാവരണംചെയ്‌തിട്ടു
തല്‍ഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
നിര്‍വ്യാജം വേദാന്തികള്‍ ചൊല്ലുന്നു നിന്നെ മുന്നം
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാല്‍.
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും.
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
നിന്നാല്‍ സംക്ഷോഭ്യമാണയാകിയ മായതന്നില്‍-
നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നല്ലോ ചൊല്‍വൂ.
നിന്നുടെ നിയോഗത്താല്‍ മഹത്തത്ത്വത്തിങ്കലേ-
നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ.
മഹത്തത്ത്വവുമഹങ്കാരവും സംസാരവും
മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
സാത്വികം രാജസവും താമസമെന്നീവണ്ണം
വേദ്യമായ് ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
താമസത്തിങ്കല്‍നിന്നു സൂക്ഷ്‌മതന്മാത്രകളും
ഭൂമിപൂര്‍വകസ്ഥൂലപഞ്ചഭൂതവും പിന്നെ
രാജസത്തിങ്കല്‍നിന്നുണ്ടായിതിന്ദ്രിയങ്ങളും
തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ
സാത്വികത്തിങ്കല്‍നിന്നു മനസ്സുമുണ്ടായ്‌വന്നു;
സൂത്രരൂപകം ലിംഗമിവറ്റില്‍നിന്നുണ്ടായി.
സര്‍വത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു
ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ.
അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയല്ലോ
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഹു-
സ്ഥാവരജംഗമൗഘപൂര്‍ണ്ണമായുണ്ടായ്‌വന്നു.
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
ബ്രഹ്‌മാവും വിഷ്‌ണുതാനും രുദ്രനുമുണ്ടായ്‌വന്നു.
ലോകസൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ
ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി,
സത്ത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്‌ണു,
രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
ബുദ്ധിജാദികളായ വൃത്തികള്‍ ഗുണത്രയം
നിത്യമംശിച്ചു ജാഗ്രല്‍സ്വപ്‌നവും സുഷുപ്‌തിയും.
ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയന്‍ ഭവാന്‍
നിവൃത്തന്‍ നിത്യനേകനവ്യയനല്ലോ നാഥ!
യാതൊരു കാലം സൃഷ്‌ടിചെയ്‌വാനിച്ഛിച്ചു ഭവാന്‍
മോദമോടപ്പോളംഗീകരിച്ചു മായതന്നെ.
തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാന്‍
ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളല്ലോ,
വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
വിദ്യയെന്നല്ലോ ചൊല്‍വൂ നിവൃത്തിനിരതന്മാര്‍
അവിദ്യാവശന്മാരായ് വര്‍ത്തിച്ചീടിന ജനം
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
വേദാന്തവാക്യാര്‍ത്ഥവേദികളായ് സമന്മാരായ്
പാദഭക്തന്മാരായുളളവര്‍ വിദ്യാത്മകന്മാര്‍.
അവിദ്യാവശഗന്മാര്‍ നിത്യസംസാരികളെ-
ന്നവശ്യം തത്ത്വജ്ഞന്മാര്‍ ചൊല്ലുന്നു നിരന്തരം.
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാര്‍.
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാര്‍ക്കു
നിര്‍മ്മലയായ വിദ്യ താനേ സംഭവിച്ചീടും.
മറ്റുളള മൂഢന്മാര്‍ക്കു വിദ്യയുണ്ടാകെന്നതും
ചെറ്റില്ല നൂറായിരം ജന്മങ്ങള്‍ കഴിഞ്ഞാലും.
ആകയാല്‍ ത്വത്ഭക്തിസമ്പന്നന്മാരായുളളവ-
രേകാന്തമുക്തന്മാരില്ലേതും സംശയമോര്‍ത്താല്‍.
ത്വഭക്തിസുധാഹീനന്മാരായുളളവര്‍ക്കെല്ലാം
സ്വപ്‌നത്തില്‍പ്പോലും മോക്ഷം സംഭവിക്കയുമില്ല.
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ!
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്ലുവന്‍ ധരാപതേ!
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാര്‍ ചൊല്ലീടുന്നു.
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്
നിസ്‌പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ്
ഇഷ്‌ടാനിഷ്‌ടപ്രാപ്തികള്‍ രണ്ടിലും സമന്മാരായ്
നഷ്‌ടസംഗന്മാരുമായ് സന്യസ്തകര്‍മ്മാക്കളായ്
തുഷ്‌ടമാനസന്മാരായ് ബ്രഹ്‌മതല്‍പ്പരന്മാരായ്
ശിഷ്‌ടാചാരൈകപരായണന്മാരായി നിത്യം
യോഗാര്‍ത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോള്‍
ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ടാം.
ത്വല്‍കഥാശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും
ഭക്തി വര്‍ദ്ധിച്ചീടുമ്പോള്‍ വിജ്ഞാനമുണ്ടായ്‌വരും;
വിജ്ഞാനജ്ഞാനാദികള്‍കൊണ്ടു മോക്ഷവും വരും;
വിജ്ഞാതമെന്നാല്‍ ഗുരുമുഖത്തില്‍നിന്നിതെല്ലാം.
ആകയാല്‍ ത്വല്‍ഭക്തിയും നിങ്കലേപ്രേമവായ്‌പും
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
ത്വല്‍പാദാബ്‌ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
ന്നുള്‍പ്പൂവില്‍ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
ഇന്നല്ലോ സഫലമായ്‌വന്നതു മമ ജന്മ-
മിന്നു മല്‍ ക്രതുക്കളും വന്നിതു സഫലമായ്.
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌വന്നു
ഇന്നല്ലോ സഫലമായ്‌വന്നതു മന്നേത്രവും.
സീതയാ സാര്‍ദ്ധം ഹൃദി വസിക്ക സദാ ഭവാന്‍
സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
നാനാകര്‍മ്മങ്ങളനുഷ്‌ഠിക്കുമ്പോള്‍ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!”
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്‌തമായ ചാപം
ബാണതൂണീരത്തോടും കൊടുത്തു ഖഡ്‌ഗത്തോടും
ആനന്ദവിവശനായ് പിന്നെയുമരുള്‍ചെയ്‌താന്‍:
“ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍
ഭൂപതേ! വിനഷ്‌ടമായീടേണം വൈകീടാതെ.
സാക്ഷാല്‍ ശ്രീനാരായണനായ നീ മായയോടും
രാക്ഷസവധത്തിനായ്‌മര്‍ത്ത്യനായ് പിറന്നതും.
രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതില്‍
സീതയാ വസിക്ക പോയ് ശേഷമുളെളാരുകാലം
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം
സത്വരം ചെയ്‌കെ”ന്നുടനനുജ്ഞ നല്‌കി മുനി.
ജടായുസംഗമം
ശ്രുത്വൈതല്‍ സ്തോത്രസാരമഗസ്ത്യസുഭാഷിതം
തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടന്‍ നമസ്‌കരിച്ചഗസ്ത്യപാദാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
എത്രയും വളര്‍ന്നൊരു വിസ്‌മയംപൂണ്ടു രാമന്‍
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാന്‍:
“രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാന്‍ വൈകാതെയിനിയിപ്പോള്‍.”
ലക്ഷ്‌മണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാന്‍ഃ
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവന്‍;
ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാന്‍.”
എന്നിവ കേട്ടു ബഹുസ്നേഹമുള്‍ക്കൊണ്ടു നാഥന്‍
നന്നായാശ്ലേഷംചെയ്‌തു നല്‍കിനാനനുഗ്രഹം:
“എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
കിങ്കരപ്രവരനായ് വാഴുക മേലില്‍ ഭവാന്‍.”