അദ്യാപി ദൃശ്യതേ രാജന്‍ , യമുനാകൃഷ്ടവര്‍ത്മനാ
ബലസ്യാനന്തവീരസ്യ വിര്യം സൂചയതീവ ഹി (10-65-31)

ശുകമുനി തുടര്‍ന്നു:
വ്രജത്തിലെ തന്റെ ബന്ധുമിത്രാദികളെ കാണാന്‍ ബലരാമന്‌ അതിയായ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം അവിടെ ചെന്നപ്പോള്‍ ഗോപാലന്മാരും ഗോപികമാരും ഗംഭീരമായ സ്വീകരണം നല്‍കി. തങ്ങളുടെ ദ്വാരകയിലുളള ബന്ധുജനങ്ങളുടെ ക്ഷേമം അന്വേഷിച്ചു. അവര്‍ കൃഷ്ണനെപ്പറ്റി പറഞ്ഞു: ‘അദ്ദേഹം ഞങ്ങളെപ്പറ്റി ഓര്‍മ്മിക്കുന്നുണ്ടോ?’ കൃഷ്ണന്‍ അവരുടെയിടയില്‍ കഴിഞ്ഞുപോയ കാലത്തെപ്പറ്റി അവര്‍ പറയാന്‍ തുടങ്ങി. ദ്വാരകയില്‍ സ്ത്രീജനങ്ങള്‍ കൃഷ്ണന്റെ വാക്കു വിശ്വസിക്കുന്നുണ്ടോ എന്നവര്‍ അത്ഭുതം കൂറി. അതെങ്ങനെ? ഗോപികമാരോട്‌ ഏറ്റവും അടുപ്പമുണ്ടെന്നു കാണിച്ചു ജിവിച്ചു വന്നിട്ട്‌ ഒരൊറ്റ നിമിഷം കൊണ്ട്‌ എല്ലാ മമതയും ഉപേക്ഷിച്ച്‌ അദ്ദേഹം പോയില്ലേ? ‘കൃഷ്ണന്റെ കടക്കണ്ണുകൊണ്ടുളള നോട്ടവും പുഞ്ചിരിയും ആര്‍ക്കും ചെറുത്തു നില്‍ക്കാനാവില്ല’, മറ്റൊരു ഗോപിക പറഞ്ഞു. അങ്ങനെ ദ്വാരകയിലുളള സ്ത്രീകളും കൃഷ്ണന്‌ വഴങ്ങിയിരിക്കും. ‘കൃഷ്ണന്‌ നമ്മെ പിരിഞ്ഞിരിക്കാന്‍ വൈഷമ്യമില്ലെങ്കില്‍ നാമും അദ്ദേഹത്തെ കൂടാതെ ജീവിക്കാന്‍ പഠിക്കണം. നമുക്ക്‌ മറ്റെന്തങ്കിലും സംസാരിക്കാം.’ എന്നിരുന്നാലും അവരെല്ലാം കൃഷ്ണനിലും കൃഷ്ണലീലാകഥകളിലും മഹിമകളിലും അത്യാകൃഷ്ടരായിരുന്നതുകൊണ്ട്‌ ഭഗവാനെപ്പറ്റി സംസാരിക്കുന്നുതുതന്നെ അവര്‍ക്ക്‌ ആഹ്ലാദം നല്‍കി. ബലരാമനും സംഭാഷണങ്ങളില്‍ പങ്കെടുത്തു. ഗോപികമാര്‍ക്ക്‌ ആഹ്ലാദമേകികൊണ്ട്‌ രണ്ടുമാസം അദ്ദേഹം വൃന്ദാവനത്തില്‍ കഴിഞ്ഞു.

യമുനാപുളിനത്തില്‍ മന്ദമാരുതന്‍ വീശി. പൗര്‍ണ്ണമി ദിനം. ബലരാമന്‍ ഗോപികമാരോടൊത്ത്‌ രമിക്കുന്നു. വാരുണി എന്നു‌ പേരായ മദ്യം ലഭിക്കുന്ന ഒരു വൃക്ഷം അവിടെയുണ്ടായിരുന്നു. മദ്യഗന്ധത്തിലാകൃഷ്ടനായ ബലരാമന്‍ അതെടുത്ത്‌ ആവോളം കുടിച്ചു. ലഹരിപിടിച്ച അവസ്ഥയില്‍ അദ്ദേഹം കാട്ടില്‍ ചുറ്റി നടന്നു. യമുനാനദിയോട്‌ ഗതിമാറിയൊഴുകാന്‍ അദ്ദേഹം കല്‍പ്പിച്ചു. ഗോപികമാരുമായി താന്‍ നില്‍ക്കുന്നിടത്ത്‌ ജലക്രീഡ ചെയ്യാനായിരുന്നു ബലരാമന്റെ ഉദ്ദേശ്യം. മത്തുപിടിച്ചവന്റെ പ്രലപനമെന്ന് ധരിച്ച്‌ യമുന ബലരാമന്റെ ആജ്ഞയെ അവഗണിച്ചു. കോപിഷ്ഠനായ ബലരാമന്‍ തന്റെ കലപ്പയുമായി വന്നു്‌ യമുനയെ ആയിരം ചെറുചാലുകളാക്കുമെന്ന് ഭീഷണിപ്പെടുത്തി. കലപ്പകൊണ്ട്‌ യമുനയെ വലിച്ചിഴയ്ക്കാനും തുങ്ങി. ആഴമേറിയ ഒരു ചാലുണ്ടാക്കി ബലരാമന്‍ , യമുനാനദി ബലരാമനോട്‌ യാചിച്ചു: ‘ഭഗവാനേ ഒരു നിമിഷം അങ്ങാരാണെന്നു ഞാന്‍ മറന്നു പോയി. ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു. ആദ്യത്തേതുപോലെ ഒറ്റയായി ഒഴുകാന്‍ അനുവദിച്ചാലും.’ ബലരാമന്‍ സമ്മതിച്ചു. ഗോപികമാരുമൊത്ത്‌ അദ്ദേഹം യമുനയില്‍ ജലക്രീഡ നടത്തി.

‘പരീക്ഷിത്തേ, ഇപ്പോഴും യമുന ഒഴുകുന്നത്‌ ബലരാമന്‍ ചാലുകീറി ഗതിമാറ്റിയിടത്തു കൂടിയാണ്‌. ബലരാമന്റെ ശക്തിവിശേഷത്തിന്‌ തെളിവായി അതു നിലകൊളളുന്നു.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF