ജടായുസ്തുതി
“അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
മഖിലജഗല്‍സൃഷ്‌ടിസ്ഥിതിസംഹാരമൂലം
പരമം പരാപരമാനന്ദം പരാത്മാനം
വരദമഹം പ്രണതോസ്‌മി സന്തതം രാമം.
മഹിതകടാക്ഷവിക്ഷപിതാമരശൂചം
രഹിതാവധിസുഖമിന്ദിരാമനോഹരം
ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-
കോമളകരാംബുജം പ്രണതോസ്മ്യഹം രാമം.
ഭൂവനകമനീയരൂപമീഡിതം ശത-
രവിഭാസുരമഭീഷ്‌ടപ്രദം ശരണദം
സുരപാദപമൂലരചിതനിലയനം
സുരസഞ്ചയസേവ്യം പ്രണതോസ്മ്യഹം രാമം.
ഭവകാനനദവദഹനനാമധേയം
ഭവപങ്കജഭവമുഖദൈവതം ദേവം
ദനുജപതികോടി സഹസ്രവിനാശനം
മനുജാകാരം ഹരിം പ്രണതോസ്മ്യഹം രാമം.
ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം
ഭവഭീവിരഹിതം മുനിസേവിതം പരം
ഭവസാഗരതരണാംഘൃപോതകം നിത്യം
ഭവനാശായാനിശം പ്രണതോസ്മ്യഹം രാമം.
ഗിരിശ ഗിരിസുതാഹൃദയാംബുജവാസം
ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം
സുരസഞ്ചയദനുജേന്ദ്രസേവിതപാദം
സുരപമണിനിഭം പ്രണതോസ്മ്യഹം രാമം.
പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണാം
പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം
പരലോകൈകഹിതനിരതാത്മനാം സേവ്യം
പരമാനന്ദമയം പ്രണതോസ്മ്യഹം രാമം.
സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം
സ്മൃതിഗോചരമസിതാംബുദകളേബരം
സിതപങ്കജചാരുനയനം രഘുവരം
ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യഹം രാമം.
ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ
സകലചരാചരജന്തുക്കളുളളില്‍ വാഴും
പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകും
പരമം പരാപരം പ്രണതോസ്മ്യഹം രാമം.
വിധിമാധവ ശംഭുരൂപഭേദേന ഗുണ-
ത്രിതയവിരാജിതം കേവലം വിരാജന്തം
ത്രിദശമുനിജനസ്തുതമവ്യക്തമജം
ക്ഷിതിജാമനോഹരം പ്രണതോസ്മ്യഹം രാമം.
മന്മഥശതകോടി സുന്ദരകളേബരം
ജന്മനാശാദിഹീനം ചിന്മയം ജഗന്മയം
നിര്‍മ്മലം ധര്‍മ്മകര്‍മ്മാധാരമപ്യനാധാരം
നിര്‍മ്മമമാത്മാരാമം പ്രണതോസ്മ്യഹം രാമം.”
ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്
പത്രീന്ദ്രന്‍തന്നോടരുളിച്ചെയ്തു മധുരമായ്:
“അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം
ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാല്‍
ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം
പക്ഷീന്ദ്ര! നിന്നെപ്പോലെ മല്‍പരായണനായാല്‍.”
ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-
നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്
ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ
നിര്‍മ്മലരാമനാമം ചൊല്ലുന്ന ജനംപോലെ.
കബന്ധഗതി
പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി
ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാല്‍
സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്‌താന്‍:
“വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
ഭക്ഷിക്കുമിപ്പോളിവന്‍ നമ്മെയെന്നറിഞ്ഞാലും.
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
രക്ഷസ്സു പിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേ നമ്മെ
രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാല്‍.
തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
കല്‍പിതം ധാതാവിനാലെന്തെന്നാലതു വരും.”
രാഘവനേവം പറഞ്ഞീടിനോരനന്തര-
മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താന്‍ഃ
“പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
നോരോരോ കരം ഛേദിക്കേണം നാമിരുവരും.”
തല്‍ക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമന്‍
ലക്ഷ്‌മണന്‍ വാമകരം ഛേദിച്ചാനതുനേരം
രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-
ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെ:
“മത്ഭുജങ്ങളെച്ഛേദിച്ചീടുവാന്‍ ശക്തന്മാരാ-
യിബ്‌ഭുവനത്തിലാരുമുണ്ടായീലിതിന്‍കീഴില്‍.
അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
സല്‍പുരുഷന്മാരെന്നു കല്‍പിച്ചീടുന്നേന്‍ ഞാനും.
ഘോരകാനനപ്രദേശത്തിങ്കല്‍ വരുവാനും
കാരണമെന്തു നിങ്ങള്‍ സത്യം ചൊല്ലുകവേണം.”
ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു-
ഷോത്തമന്‍ ചിരിച്ചുടനുത്തരമരുള്‍ചെയ്‌തു:
“കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
ജ്യേഷ്‌ഠനന്ദനനഹം രാമനെന്നല്ലോ നാമം.
സോദരനിവന്‍ മമ ലക്ഷ്‌മണനെന്നു നാമം
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി-
മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍.
കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍
കാണായി നിന്നെയതിഭീഷണവേഷത്തൊടും.
പാണികള്‍കൊണ്ടു തവ വേഷ്‌ടിതന്മാരാകയാല്‍
പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും.
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍?
നേരോടെ പറകെ”ന്നു രാഘവന്‍ ചോദിച്ചപ്പോള്‍
സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനും:
“നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കില്‍
ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്.
ദിവ്യനായിരുപ്പോരു ഗന്ധര്‍വനഹം രൂപ-
യൗവനദര്‍പ്പിതനായ് സഞ്ചരിച്ചീടുംകാലം
സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
സുന്ദരനായോരു ഞാന്‍ ക്രീഡിച്ചുനടക്കുമ്പോള്‍
അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്‌ടനായ്മഹാമുനി ശാപവും നല്‌കീടിനാന്‍.
ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാന്‍
തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‌കീടിനാന്‍.
സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടിതന്നെ
മോക്ഷദന്‍ ദശരഥപുത്രനായ് ത്രേതായുഗേ
വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ!
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍
താപേന നടന്നീടുംകാലമങ്ങൊരുദിനം
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
ശതകോടിയാല്‍ തലയറുത്തു ശതമഖന്‍.
വജ്രമേറ്റിട്ടും മമ വന്നീല മരണമ-
തബ്‌ജസംഭവന്‍ മമ തന്നൊരു വരത്തിനാല്‍.
വദ്ധ്യനല്ലായ്‌കമൂലം വൃത്തിക്കു മഹേന്ദ്രനു-
മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാന്‍.
വക്ത്രപാദങ്ങള്‍ മമ കുക്ഷിയിലായശേഷം
ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്.
വര്‍ത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ
സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍
വക്ത്രേണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു-
മുത്തമോത്തമ! രഘുനായക! ദയാനിധേ!
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍
പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്ലീടുവന്‍.”
മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം
തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്‌ക്കാണായി
ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്
സര്‍വഭൂഷണപരിഭൂഷിതനായന്നേരം
രാമദേവനെ പ്രദക്ഷിണവുംചെയ്‌തു ഭക്ത്യാ
ഭൂമിയില്‍ സാഷ്‌ടാംഗമായ്‌വീണുടന്‍ നമസ്‌കാരം
മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
മാന്യനാം ഗന്ധര്‍വനുമാനന്ദവിവശനായ്
കോള്‍മയിര്‍ക്കൊണ്ടു ഗദ്‌ഗദാക്ഷരവാണികളാം
കോമളപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍:
കബന്ധസ്തുതി
“നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും
ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും
നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു
സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ-
മന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം.
അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
അവ്യക്തമതിസൂക്ഷ്‌മമായൊരു ഭവദ്രൂപം
സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
ദൃഗ്രുപമേക,മന്യന്‍ സകലദൃശ്യം ജഡം
ദുര്‍ഗ്രാഹ്യമതാന്മകമാകയാലജ്ഞാനികള്‍
എങ്ങനെയറിയുന്നു മാനസവ്യതിരിക്തം
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്‌മാനന്ദം!
ബുദ്ധ്യാത്മാഭാസങ്ങള്‍ക്കുളൈളക്യമായതു ജീവന്‍
ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്‌മമെന്നതും നൂനം.
നിര്‍വികാരബ്രഹ്‌മണി നിഖിലാത്മനി നിത്യേ
നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍
ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്‌മദേഹം
ഹൈരണ്യമതു വിരാള്‍പുരുഷനതിസ്ഥൂലം.
ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം
കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം.
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
ബ്രഹ്‌മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു
സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും.
തുംഗനാം വിരാള്‍പുമാനാകിയ ഭഗവാന്‍ ത-
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം
നാഥ! തേ ഗുല്‌ഫം രസാതലവും തലാതലം
ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
ഊരുകാണ്ഡങ്ങള്‍ തവ വിതലമതലവും
ജഘനം മഹീതലം നാഭി തേ നഭസ്ഥലം
രഘുനാഥോരസ്ഥലമായതു സുരലോകം
കണ്‌ഠദേശം തേ മഹര്‍ലോകമെന്നറിയേണം
തുണ്ഡമായതു ജനലോകമെന്നതു നൂനം
ശംഖദേശം തേ തപോലോകമിങ്ങതിന്‍മീതേ
പങ്കജയോനിവാസമാകിയ സത്യലോകം
ഉത്തമാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ!
സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും.
ശക്രാദിലോകപാലന്മാരെല്ലാം ഭുജങ്ങള്‍ തേ
ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും.
വക്ത്രമായതു വഹ്നി നേത്രമാദിത്യന്‍തന്നെ
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ
കോപകാരണമഹങ്കാരമായതു രുദ്രന്‍.
വാക്കെല്ലാം ഛന്ദസ്സുകള്‍ ദംഷ്‌ട്രകള്‍ യമനല്ലോ
നക്ഷത്രപങ്‌ക്തിയെല്ലാം ദ്വിജപങ്‌ക്തികളല്ലോ
ഹാസമായതു മോഹകാരിണി മഹാമായ
വാസനാസൃഷ്‌ടിസ്തവാപാംഗമോക്ഷണമല്ലോ.
ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്‌ഠഭാഗം
ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളല്ലോ.
സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളല്ലോ
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
നദികളെല്ലാം തവ നാഡികളാകുന്നതും
പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും.
വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും
ത്യ്‌രക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും.
വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
സ്ഥൂലമായുളള വിരാള്‍പുരുഷരൂപം തവ
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി.
നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു
സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേന്‍.
ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപ്പോന്നി-
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
താപസവേഷം ധരാവല്ലഭം ശാന്താകാരം
ചാപേഷുകരം ജടാവല്‌ക്കലവിഭൂഷണം
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം
മാനവശ്രേഷ്‌ഠം മനോജ്ഞം മനോഭവസമം
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍
ഭാനുവംശോല്‍ഭൂതനാം ഭഗവന്‍! നമോനമഃ
സര്‍വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍
ശര്‍വനവ്യയന്‍ പരമേശ്വരിയോടുംകൂടി
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം
സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്.
തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങള്‍ക്കു
തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്‌മവാക്യം
രാമരാമേതി കനിഞ്ഞുപദേശവും നല്‌കി-
സ്സോമനാം നാഥന്‍ വസിച്ചീടുന്നു സദാകാലം.
പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി
പരമേശ്വരനായതറിഞ്ഞു വഴിപോലെ
മൂഢന്മാര്‍ ഭവത്തത്വമെങ്ങനെയറിയുന്നു!
മൂടിപ്പോകയാല്‍ മഹാമായാമോഹാന്ധകാരേ?
രാമഭദ്രായ പരമാത്മനേ നമോനമഃ
രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം.”
ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ-
ടുത്തമപുരുഷനാം ദേവനുമരുള്‍ചെയ്‌തു:
“സന്തുഷ്‌ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ
ഗന്ധര്‍വശ്രേഷ്‌ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും.
സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ!
അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പന്‍ ഞാ-
നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും
മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
ഭക്തനാം നിനക്കധഃപതനമിനി വരാ.”
ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വശ്രേഷ്‌ഠന്‍
മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാന്‍:
“മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
ത്വല്‍പാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്
അവളെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊല്ലുമവ-
ളവനീസുതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍ .”