സുഗ്രീവരാജ്യാഭിഷേകം
സുഗ്രീവനോടരുള്‍ചെയ്താനനന്തര-
“മഗ്രജപുത്രനാമംഗദന്‍തന്നെയും
മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ-
പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ”
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു-
മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍.
സൗമ്യയായുള്ളോരു താരയും പുത്രനും
ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും
പൗരജനങ്ങളുമായ് നൃപേന്ദ്രോചിതം
ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും
ശാസ്‌ത്രോക്തമാര്‍ഗ്ഗേണ കര്‍മ്മം കഴിച്ചഥ
സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ
മന്ത്രികളോടും പ്രണമ്യ പാദാംബുജ-
മന്തര്‍മ്മുദാ പറഞ്ഞാന്‍ കപിപുംഗവന്‍:
“രാജ്യത്തെ രക്ഷിച്ചുകൊള്‍കവേണമിനി
പൂജ്യനാകും നിന്തിരുവടി സാദരം.
ദാസനായുള്ളോരടിയനിനിത്തവ-
ശാസനയും പരിപാലിച്ചു സന്തതം
ദേവദേവേശ! തേ പാദപത്മദ്വയം
സേവിച്ചുകൊള്ളുവാന്‍ ലക്ഷമണനെപ്പോലെ”
സുഗ്രീവവാക്കുകളിത്തരം കേട്ടാട-
നഗ്രേ ചിരിച്ചരുള്‍ചെതു രഘൂത്തമന്‍:
“നീ തന്നെ ഞാനതിനില്ലൊരു സംശയം
പ്രീതനായ്‌പോയാലുമാശു മമാജ്ഞയാ
രാജ്യാധിപത്യം നിനക്കു തന്നേനിനി-
പ്പൂജ്യനായ്ചെന്നഭിഷേകം കഴിക്ക നീ
നൂനമൊരു നഗരം പുകയുമില്ല
ഞാനോ പതിന്നാലു സംവത്സരത്തോളം.
സൗമിത്രി ചെയ്യുമഭിഷേകമാദരാല്‍
സാമര്‍ത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ
യൗവരാജ്യാര്‍ത്ഥമഭിഷേചയ പ്രഭോ!
സര്‍വമധീനം നിനക്കു രാജ്യം സഖേ!
ബാലിയെപ്പോലെ പരിപാലനം ചെയ്തു
ബാലനേയും പരിപാലിച്ചുകൊള്‍ക നീ
അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-
നദ്യപ്രഭൃതി ചാതുര്‍മ്മാസ്യമാകുലാല്‍
പിന്നെ വരിഷം കഴിഞ്ഞാലനന്തര-
മന്വേഷണാര്‍ത്ഥം പ്രയത്നങ്ങള്‍ ചെയ്ക നീ
തന്വംഗിതാനിരിപ്പേടമറിഞ്ഞു വ-
ന്നെന്നോടു ചൊല്‍കയും വേണം മമ സഖേ!
അത്രനാളും പുരത്തിങ്കല്‍ വസിക്ക നീ
നിത്യസുഖത്തൊടും ദാരാത്മജൈസ്സമം
രാഘവന്‍തന്നോടനുജ്ഞയും കൈക്കൊണ്ടു
വേഗേന സൗമിത്രിയോടു സുഗ്രീവനും
ചെന്നു പുരിപുക്കഭിഷേകവും ചെയ്തു
വന്നിതു രാമാന്തികേ സുമിത്രാത്മജന്‍
സോദരനോടും പ്രവര്‍ഷണാഖ്യേ ഗിരൗ
സാദരം ചെന്നു കരേറീ രഘൂത്തമന്‍.
ഉന്നതമൂര്‍ദ്ധ്വശിഖരം പ്രവേശിച്ചു
നിന്നനേരമൊരു ഗഹ്വരം കാണായി.
സ്ഫാടികദീപ്തി കലര്‍ന്നു വിളങ്ങിന
ഹാടകദേശം മണിപ്രവരോജ്ജ്വലം
വാതവരിഷഹിമാതപവാരണം
പാദപവൃന്ദഫലമൂലസഞ്ചിതം
തത്രൈവ വാസായ രോചയാമാസ സൗ-
മിത്രിണാ ശ്രീരാമഭദ്രന്‍ മനോഹരന്‍
സിദ്ധയോഗീന്ദ്രാദി ഭക്തജനം തദാ
മര്‍ത്ത്യവേഷം പൂണ്ട നാരായണന്‍തന്നെ
പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം.
പക്ഷിദ്ധ്വജനെബ്ഭജിച്ചു തുടങ്ങിനാര്‍.
സ്ഥാവരജംഗമജാതികളേവരും
ദേവനെക്കണ്ടു സുഖിച്ചു മരുവിനാര്‍.
രാഘവന്‍ തത്ര സമാധിവിരതനാ-
യേകാന്തദേശേ മരുവും ദശാന്തരേ
ഏകദാ വന്ദിച്ചു സൗമിത്രി സസ്‌പൃഹം
രാഘവനോടു ചോദിച്ചരുളീടിനാന്‍:
“കേള്‍ക്കയിലാഗ്രഹം പാരം ക്രിയാമാര്‍ഗ്ഗ-
മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ!
വര്‍ണ്ണാശ്രമികള്‍ക്കു മോക്ഷദംപോലതു
വര്‍ണ്ണിച്ചരുള്‍ചെയ്കവേണം ദയാനിധേ!
നാരദവ്യാസവിരിഞ്ചാദികള്‍ സദാ
നാരായണപൂജകൊണ്ടു സാധിക്കുന്നു
നിത്യം പുരുഷാര്‍ത്ഥമെന്നു യോഗീന്ദ്രന്മാര്‍
ഭക്ത്യാ പറയുന്നിതെന്നു കേള്‍പ്പുണ്ടു ഞാന്‍.
ഭക്തനായ് ദാസനായുള്ളോരടിയനു
മുക്തിപ്രദമുപദേശിച്ചരുളേണം
ലോകൈകനാഥ! ഭവാനരുള്‍ചെയ്കിലോ
ലോകോപകാരകമാകയുമുണ്ടല്ലോ.
ലക്ഷ്മണനേവമുണര്‍ത്തിച്ച നേരത്തു
തല്‍ക്ഷണേ ശ്രീരാമദേവനരുള്‍ചെയ്തു:
ക്രിയാമാര്‍ഗ്ഗോപദേശം
“കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി-
നോര്‍ക്കിലവസാനമില്ലെന്നറിക നീ.
എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍.
തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ
മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍
ആചാര്യനോടു മന്ത്രം കേട്ടു സാദര-
മാചാര്യപൂര്‍വമാരാധിക്ക മാമെടോ.
ഹൃല്‍ക്കമലത്തിങ്കലാകിലുമാം പുന-
രഗ്നിഭഗവാങ്കലാകിലുമാമെടോ.
മുഖ്യപ്രതിമാദികളിലെന്നാകിലു-
മര്‍ക്കങ്കലാകിലുമപ്പി ങ്കലാകിലും
സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ-
മുണ്ടെങ്കിലോ പുനരുത്തമമെത്രയും.
വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങള്‍കൊ-
ണ്ടാദരാല്‍ മൃല്ലേപനാദി വിധിവഴി
കാലേ കളിക്കവേണം ദേഹശുദ്ധയേ.
മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം
നിത്യകര്‍മ്മം ചെയ്തുപിന്നെ സ്വകര്‍മ്മണാ.
ശുദ്ധ്യര്‍ത്ഥമായ് ചെയ്ക സങ്കല്‍പമാദിയെ.
ആചാര്യനായതു ഞാനെന്നു കല്‍പിച്ചു
പൂജിക്ക ഭക്തിയോടെ ദിവസംപ്രതി
സ്നാപനം ചെയ്ക ശിലയാം പ്രതിമാസു
ശോഭനാര്‍ത്ഥം ചെയ്കവേണം പ്രമാര്‍ജ്ജനം
ഗന്ധപുഷ്പാദ്യങ്ങള്‍കൊണ്ടു പൂജിപ്പവന്‍
ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ.
മുഖ്യപ്രതിമാദികളിലലംകാര-
മൊക്കെ പ്രസാദമെനിക്കെന്നറിക നീ
അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദര-
ലര്‍ക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ
മുമ്പിലേ സര്‍വ്വപൂജാദ്രവ്യമായവ
സമ്പാദനം ചെയ്തുവേണം തുടങ്ങുവാന്‍
ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും
ഭക്തനായുള്ളവന്‍ തന്നാലതിപ്രിയം
ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക-
ളെന്തു പിന്നെപ്പറയേണമോ ഞാനെടോ?
വസൃതാജിനകശാദ്യങ്ങളാലാസന-
മുത്തമമായതു കല്‍പിച്ചുകൊള്ളണം
ദേവസ്യ സമ്മുഖേ ശാന്തനായ് ചെന്നിരു-
ന്നാവിര്‍മ്മുദാ ലിപിന്യാസം കഴിക്കണം
ചെയ്ക തത്വന്യാസവും ചെയ്തു സാദരം
തന്നുട മുമ്പില്‍ വാമേ കലശം വെച്ചു
ദക്ഷിണഭാഗേ കുസുമാദികളെല്ലാ-
മക്ഷതഭക്ത്യൈവ സംഭരിച്ചീടണം
അര്‍ഗ്ഘ്യപാദ്യപ്രദാനാര്‍ത്ഥമായും മധു-
പര്‍ക്കാര്‍ത്ഥമാചമനാര്‍ത്ഥമെന്നിങ്ങനെ
പാത്രചതുഷ്ടയവും വെച്ചുകൊള്ളണം
പേര്‍ത്തു മറ്റൊന്നും നിരൂപണം കൂടാതെ
മല്‍ക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃല്‍ക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം
പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത-
മെന്നുറയ്ക്കേണമിളക്കവും കൂടാതെ
ആവാഹയേല്‍ പ്രതിമാദിഷ്ട മല്‍ക്കലാം
ദേവസ്വരൂപമായ് ധ്യാനിക്ക കേവലം
പാദ്യവുമര്‍ഗ്ഘ്യം തഥാ മധുപര്‍ക്കമി-
ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈ:
എത്രയുണ്ടുള്ളതുപചാരമെന്നാല-
തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ
ആഗമോക്തപ്രകാരേണ നീരാജനൈ-
ര്‍ദ്ധൂ പദീപൈര്‍ന്നിവേദ്യൈര്‍ബ്ബഹുവിസ്തരൈ:
ശ്രദ്ധയാ നിത്യമായര്‍ച്ചിച്ചുകൊള്ളുകില്‍
ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ.
ഹോമമഗസ്ത്യോക്തമാര്‍ഗ്ഗകുണ്ഡാനലേ?
മൂലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ
ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ
ചിത്തതാരിങ്കല്‍ നിനയ്ക്ക കുമാര! നീ.
ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ
സോപാധിനാ ചെയ്ക ഹോമം മഹാമതേ!
തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം
ദീപ്താഭരണവിഭൂഷിതം കേവലം
മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക
ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമന്‍
പാരിഷദാനാം ബലിദാനവും ചെയ്തു
ഹോമശേഷത്തെ സമാപയന്മന്ത്രവില്‍
ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്
വക്ത്രവാസം നാഗവല്ലീദലാദിയും
ദത്വാ മദഗ്രേ മഹല്‍പ്രീതിപൂര്‍വകം
നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു
പാദാംബുജേ നമസ്കാരവും ചെയ്തുടന്‍
ചേതസി മാമുറപ്പിച്ചു വിനീതനായ്
മദ്ദത്തമാകും പ്രസാദത്തെയും പുന-
രുത്തമാംഗേ നിധായാനന്ദപൂര്‍വകം
‘രക്ഷ മാം ഘോരസംസാരാ’ദിതി മുഹു-
രുക്ത്വാ നമസ്കാരവും ചെയ്തനന്തരം
ഉദ്വസിപ്പിച്ചുടന്‍ പ്രത്യങ്ങ്‌മഹസ്സിങ്ക-
ലിത്ഥം ദിനമനുപൂജിക്ക മത്സഖേ!
ഭക്തിസംയുക്തനായുള്ള മര്‍ത്ത്യന്‍ മുദാ
നിത്യമേവം ക്രിയായോഗമനുഷ്ഠിക്കില്‍
ദേഹനാശേ മമ സാരൂപ്യവും വരു-
മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ?
ഇത്ഥം മയോക്തം ക്രിയായോഗമുത്തമം
ഭക്ത്യാ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്കിലോ
നിത്യപൂജാഫലമുണ്ടവനെ”ന്നതും
ഭക്തപ്രിയനരുള്‍ചെയ്താനതുനേരം.
ശേഷാംശജാതനാം ലക്ഷ്മണന്‍തന്നോട-
ശേഷമിദമരുള്‍ചെയ്തോരനന്തരം
മായാമയനായ നാരായണന്‍ പരന്‍
മായാമവലംബ്യ ദുഃഖം തുടങ്ങിനാന്‍:
“ഹാ! ജനകാത്മജേ! സീതേ! മനോഹരേ!
ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!”
ഏവമാദിപ്രലാപം ചെയ്തു നിദ്രയും
ദേവദേവന്നു വരാതെ ചമഞ്ഞിതു
സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു
സൗമുഖ്യമോടു മരുവും ചിലനേരം.