brahmanananda_sivayogiപാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) വിഗ്രഹാരാധനയെ വിട്ട് രാജയോഗം പരിശീലിക്കാന്‍ ആഹ്വാനം ചെയ്തു. വിഗ്രഹാരാധനയെ അദ്ദേഹം എതിര്‍ത്തു എന്നുമാത്രം മനസ്സിലാക്കി ചിലര്‍ അദ്ദേഹത്തെ യുക്തിവാദി / നിരീശ്വരവാദി എന്ന് ചിത്രീകരിക്കാറുണ്ട് എന്നതാണ് വൈചിത്ര്യം. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് കാരാട്ട് തറവാട്ടില്‍ 1852 ആഗസ്ത് 26ന് ജനിച്ചു. ഗോവിന്ദന്‍ കുട്ടി എന്നായിരുന്നു പേര്. സംസ്‌കൃതവും ഇംഗ്ലീഷും അഭ്യസിച്ചു. താവുക്കുട്ടി അമ്മയെ വിവാഹം ചെയ്തു. പിന്നീട് താവുക്കുട്ടിയമ്മ യോഗിനിമാതാ എന്ന പേരില്‍ അറിയപ്പെടുകയും ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച ആനന്ദ മഹാസഭയുടെ അധ്യക്ഷയുമായി.

ശ്രീ ബ്രഹ്മാനന്ദ ശിവയോഗി ജീവചരിത്രം – എ. കെ. നായര്‍

ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയുടെ സമാധിയ്ക്കുശേഷം നാല്‍പതു വര്‍ഷത്തിനുശേഷമാണ് ഈ ജീവചരിത്രം പുറത്തുവന്നത്. ദീര്‍ഘകാലം സ്വാമികളോട് വളരെ അടുത്തിടപഴുകിയിട്ടുള്ള ശിഷ്യനായ ശ്രീ എ. കെ. നായര്‍ എഴുതിയ ഈ ജീവചരിത്രഗ്രന്ഥത്തില്‍ അദ്ദേഹത്തോട് സിദ്ധാന്തങ്ങളെയും വേണ്ടുംവണ്ണം പ്രതിപാദിച്ചിരിക്കുന്നു.

ബ്രഹ്മാനന്ദസ്വാമി ശിവയോഗി നവോത്ഥാനഗുരു

ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദര്‍ശങ്ങള്‍ സ്വാധീനിച്ച പ്രശസ്തരുടെ ലേഖനസമാഹാരമാണ് ‘ബ്രഹ്മാനന്ദസ്വാമി ശിവയോഗി – നവോത്ഥാനഗുരു’ എന്ന ഈ ഗ്രന്ഥം. ശ്രീ ഏ കെ നായര്‍, തകഴി, സി. അച്യുതമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, ലളിതാംബികാ അന്തര്‍ജ്ജനം, നിത്യചൈതന്യയതി, ഏ പി ഉദയഭാനു, പവനന്‍, പണ്ഡിറ്റ്‌ പി ഗോപാലന്‍ നായര്‍ തുടങ്ങി ധാരാളം മഹദ് വ്യക്തികളുടെ കുറിപ്പുകള്‍ അടങ്ങിയിരിക്കുന്നു.

ബ്രഹ്മാനന്ദ ശിവയോഗിയുടെ ഗ്രന്ഥങ്ങള്‍.

മോക്ഷപ്രദീപം

മോക്ഷപ്രദീപം (The Light to Salvation) എന്ന ഈ ഗ്രന്ഥത്തിലൂടെ ജാതിഭേദത്തെയും യാഗം, വ്രതം, തീര്‍ത്ഥസ്നാനം, വിഗ്രഹാരാധനം, മുതലായ കര്‍മ്മങ്ങളെയും അവയെ വിധിക്കുന്ന ശാസ്ത്രങ്ങളെയും ഖണ്ഡിച്ചിരിക്കുന്നു.

സിദ്ധാനുഭൂതി , ജ്ഞാനക്കുമ്മി
സിദ്ധാനുഭൂതി എന്ന കൃതിയോടൊപ്പം ശിവയോഗികൃതങ്ങളായ ജ്ഞാനക്കുമ്മിയും പിള്ളത്താലോലിപ്പും കൂടി ചേര്‍ന്നിട്ടുണ്ട്. ഈ ശ്ലോകങ്ങള്‍ രാമായണത്തിന്റെ മട്ടിലും വായിക്കാം.

ആനന്ദക്കുമ്മി
“സത്യത്തില്‍ സ്വാതന്ത്ര്യമെല്ലാവര്‍ക്കും
ചിത്തത്തിലുള്ളതറിയാതെ
പൃഥ്വീപതിവശമാണതെന്നോര്‍ക്കുന്നോര്‍
എത്തുമോ സ്വാതന്ത്ര്യേ ജ്ഞാനപ്പെണ്ണേ.”

ആനന്ദമതപരസ്യം
“ദുഃഖം നീങ്ങി ആനന്ദം ലഭിക്കണമെങ്കില്‍ ദൈവത്തെ പ്രാര്‍ത്ഥനാദികള്‍കൊണ്ടും പായസാദികള്‍കൊണ്ടും പ്രസാദിപ്പിക്കാനല്ല ശ്രമിക്കേണ്ടത്.മനസ്സിനെ ചികിത്സിച്ച് നന്നാക്കുകയാണ് വേണ്ടത്. ഇതാണ് യഥാര്‍ത്ഥ ദൈവഭജനം. പ്രാര്‍ത്ഥനാദികളാല്‍ പ്രസാദിക്കുന്ന ഒരു ദൈവം ഇല്ല. ”

രാജയോഗപരസ്യം
“ദേഹക്ഷോഭത്തെ ഉണ്ടാക്കി ദുഃഖത്തെ നല്‍കുന്ന കുക്കുടാസനം മുതലായവകൊണ്ട് ഹഠയോഗികള്‍ ജീവാത്മാവിനെ വൃഥാ ക്ഷീണിപ്പിക്കുന്നു. ഹേ ആനന്ദകാംക്ഷികളെ, സര്‍വ്വമനുഷ്യര്‍ക്കും ദുഃഖത്തില്‍നിന്ന് വേര്‍പെട്ട് ശാശ്വതാനന്ദത്തെ (മുക്തിയെ) പ്രാപിക്കാനുള്ള സുഖോപായം രാജയോഗം എന്ന ആനന്ദ വിദ്യ ഒന്നല്ലാതെ വേറെ യാതൊന്നുമില്ല. ഈ യോഗത്തെ ആര്‍ക്കും ശീലിക്കാം.”

വിഗ്രഹാരാധനാ ഖണ്ഡനം
‘കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം, വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികള്‍ക്ക് വിഗ്രഹാരാധന വേണം, അല്ലാതെ അവര്‍ക്ക് ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല’ എന്ന് ചിലര്‍ വാദിക്കുന്നു. ഇത് കുട്ടികള്‍ക്ക് കാണാന്‍ ഒരു ചെറിയ സൂര്യന്‍ വേണം, വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല എന്ന് പറയുന്നതുപോലെ അസംബന്ധമാകുന്നു.

ആനന്ദവിമാനം

“കര്‍മ്മകാണ്ഡാചാര്യന്മാര്‍ തങ്ങളുടെ പൂജതയെയും ലഭ്യത്തെയും നിലനിര്‍ത്തുവാന്‍വേണ്ടി യോഗത്തിലും ജ്ഞാനത്തിലും കര്‍മ്മകാണ്ഡത്തെ കലര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ സ്വാര്‍ത്ഥതല്പരന്മാര്‍ ഹിന്ദുമതത്തില്‍ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്” എന്ന് ആനന്ദവിമാനം എന്ന ഈ ഗ്രന്ഥത്തില്‍ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി അവകാശപ്പെടുന്നു.

ആനന്ദസോപാനം

അനുമോദിച്ചുകൊണ്ടും രാജയോഗാനുഭവം വിവരിച്ചുകൊണ്ടും ശിഷ്യന്മാര്‍ ശ്രീ ബ്രഹ്മാനന്ദ ശിവയോഗിക്ക് അയച്ച കത്തുകളുടെ ഒരു സമാഹാരമാണ് ആനന്ദസോപാനം എന്ന ഈ ഗ്രന്ഥം.

ആനന്ദസൂത്രം

“ഹേ പരമ കാരുണീക! ആട്, കോഴി മുതലായ അനാഥപ്രാണികളെ അറുക്കുന്ന സങ്കടം കണ്ട് സഹിക്കാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ട് ഹിംസാദോഷത്തെപ്പറ്റി അങ്ങുന്നു വിസ്തരിച്ചതിനെ കണ്ട് എത്രയോപേര്‍ ഇക്കാലത്തില്‍ ഹിംസയെ നിറുത്തിയിരിക്കുന്നു. ഭദ്രകര്‍മ്മമാണെന്ന് വിചാരിച്ച് ഭദ്രകാളീ ക്ഷേത്രത്തില്‍ വച്ച് അനേകകാലമായി നടത്തി വരുന്ന ‘കുരുതി’ കര്‍മ്മത്തെക്കൂടി ചില സാരഗ്രാഹികള്‍ നിറുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് ‘ആറ്റുകാല്‍’ എന്ന സ്ഥലത്തിലെ ഭദ്രകാളീക്ഷേത്രത്തിലും ആറ്റിങ്ങല്‍ തോട്ടുവാരത്ത് ഇടയാവണത്ത്‌ ഭഗവതീക്ഷേത്രത്തിലും അനവധി ആടുകോഴികളെ അറുത്തിരുന്ന ‘കുരുതി’ കര്‍മ്മത്തെ നിറുത്തി തദ്ദേശവാസികള്‍. ഇങ്ങനെയുള്ള പുണ്യസമ്പാദനത്തിനു സംഗതി വരുത്തിയത് അഹിംസാധര്‍മ്മതല്പരനായ നിന്തിരുവടിയുടെ മോക്ഷപ്രദീപാദികളില്‍നിന്നു സിദ്ധിച്ച ജ്ഞാനവിശേഷമാണെന്ന് പത്രങ്ങളില്‍ പ്രസിദ്ധം ചെയ്തിരിക്കുന്നു”

ആനന്ദാദര്‍ശാംശം

വിഗ്രഹാരാധനാഖണ്ഡന രാജയോഗ ആനന്ദമത പ്രചാരണത്തിനുമായി രചിച്ചതാണ് ‘ആനന്ദാദര്‍ശാംശം’ (A Little Mirror to the Eternl Bliss). ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു.

ആനന്ദാദര്‍ശം
ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു. അദ്വൈതസാരസംവാദം, അന്ധവിശ്വാസപ്രകടനങ്ങള്‍, ആത്മാനാത്മാവിചാരം, ആനന്ദമതത്തിനൊരാമുഖം, ഈശ്വരാരാധനാഖണ്ഡനം, ജാതിയിലെ യുക്തിരാഹിത്യം, തപസ്സ് എന്ന പൊള്ളത്തരം, നിരീശ്വരവാദം, പുണ്യപാപചിന്തകള്‍, പൂജ ഒരു നിഷ്ഫലകര്‍മ്മം, പ്രാര്‍ഥനാദി പ്രഹസനങ്ങള്‍, ബുദ്ധമതവിമര്‍ശനം, മുക്തിയും മോക്ഷവും എന്നിങ്ങനെ 48 അദ്ധ്യായങ്ങളിലായി ചിന്തകളെ നയിക്കുന്നു.