മോക്ഷപ്രദീപം (The Light to Salvation) എന്ന ഈ ഗ്രന്ഥത്തിലൂടെ പാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) അനാദികാലമായി ആചരിച്ചുവരുന്ന ജാതിഭേദത്തെയും യാഗം, വ്രതം, തീര്‍ത്ഥസ്നാനം, വിഗ്രഹാരാധനം, മുതലായ കര്‍മ്മങ്ങളെയും അവയെ വിധിക്കുന്ന ശാസ്ത്രങ്ങളെയും ഖണ്ഡിച്ചിരിക്കുന്നു.

മതഭേദപ്രകരണം, ജാതിഭേദഖണ്ഡനാദിപ്രകരണം, യോഗമഹാത്മ്യപ്രകരണം, ഭഗവദ്ഗീതാസാരം, സാംഖ്യജ്ഞാനവൈകല്യപ്രകരണം, രൂപധ്യാനാദിഖണ്ഡനപ്രകരണം, യാഗാദി കര്‍മ്മഖണ്ഡനപ്രകരണം, ഭിക്ഷാടനഖണ്ഡനപ്രകരണം, രാജയോഗപ്രകരണം, അഷ്ടാംഗയോഗപ്രകരണം, യോഗസിദ്ധി, സപ്തഭൂമ്യാദിസിദ്ധി എന്നിങ്ങനെ 37 ആധ്യായങ്ങള്‍ ഉണ്ട്.

മോക്ഷപ്രദീപം PDF ഡൗണ്‍ലോഡ് ചെയ്യൂ

മുഖവിന്യാസത്തില്‍ നിന്ന്:
ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്ന ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളില്‍വച്ച് മോക്ഷമാണ് മുഖ്യപുരുഷാര്‍ത്ഥം എന്ന് മിക്കജനങ്ങളും അറിയുന്നു. അങ്ങനെയുള്ള മോക്ഷത്തെ സാധിപ്പാനായി മുഖ്യസാധനം യോഗമേന്നരിയുന്നവര്‍ ചുരുക്കമായിരിക്കുന്നു. യോഗമാഹാത്മ്യത്തെ അറിയാതെ അതിനെ ദുഷിക്കുന്ന വേദാന്തികള്‍ ദിശിദിശി വര്‍ദ്ധിച്ചുവരുന്നു. അറിവില്ലാത്ത ചില കൂട്ടര്‍ ആ ദൂഷണത്തെ വിശ്വസിക്കുകയും ചെയ്യുന്നു. അതിനുപുറമേ, ചില ദുര്‍ബലശ്രുതികളില്‍ ഘോഷിച്ചിരിക്കുന്ന യാഗാദികര്‍മ്മങ്ങള്‍ മോക്ഷോപായങ്ങളാക്കുന്നു എന്ന് ഭ്രമിച്ച് ചിലര്‍ അനേക കര്‍മ്മങ്ങള്‍ചെയ്ത് കഷ്ടപ്പെട്ട് കാലം മിഥ്യയാക്കി കളയുന്നു. പഠിപ്പില്ലാത്തവര്‍ക്ക് മോക്ഷം കിട്ടില്ലെന്ന [പണ്ഡിതന്‍മാരുടെ ദുരുക്തികേട്ട് ചില സാധുക്കള്‍ പരിതപിക്കുന്നു. ഈശ്വരനെ ആരാധിപ്പാന്‍ നമുക്ക് അധികാരമില്ലല്ലോ എന്ന് ചിലര്‍ വ്യസനിക്കുന്നു.