ജ്ഞാനേശ്വരി – ആമുഖം വായിക്കുക.
ശ്ലോകം 39
ഏഷാ തേഭിഹിതാ സാംഖ്യേ
ബുദ്ധിര്യോഗേ ത്വിമാം ശൃണു
ബുദ്ധ്യായുക്തോ യയാ പാര്‍ത്ഥ
കര്‍മ്മബന്ധം പ്രഹാസ്യസി.
അര്‍ത്ഥം:
അല്ലയോ പാര്‍ത്ഥാ! നിനക്ക് ഇതുവരെ ഞാനുപദേശിച്ചത് സംഖ്യസിദ്ധാന്തമനുസരിച്ചുള്ള ജ്ഞാനമാകുന്നു. ഇനി കര്‍മ്മയോഗമനുസരിച്ചുള്ള ജ്ഞാനത്തെ കേട്ടുകൊള്ളുക. ഈ ജ്ഞാനം സമ്പാദിച്ചാല്‍ കര്‍മ്മബന്ധത്തില്‍ നിന്നു നിനക്ക് മുക്തനാകാം.
ഭാഷ്യം:
സ്വധര്‍മ്മാനുഷ്ഠാനം ഫലേച്ഛയില്ലാത്ത കര്‍ത്തവ്യനിര്‍വഹണം മാത്രമാണ് എന്ന് മനസ്സില്‍ പതിയുന്ന ഒരുവന് സര്‍വ്വകര്‍മ്മബന്ധങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയും. അത് ഉരുക്കുപടച്ചട്ട ധരിച്ചിരിക്കുന്ന ഒരു യോദ്ധാവിന് തന്റെ നേര്‍ക്കുവരുന്ന ശരങ്ങളെ സുരക്ഷിതമായി നേരിട്ടുകൊണ്ട് വിജയശ്രീലാളിതനാകാന്‍ കഴിയുന്നതുപോലെയാണ്.
ശ്ലോകം 40
നേഹാഭിക്രമനാശോസ്തി
പ്രത്യവായോ ന വിദ്യതേ
സ്വല്‍പമപ്യസ്യ ധര്‍മ്മസ്യ
ത്രായതേ മഹതോ ഭയാത്
അര്‍ത്ഥം:
ഫലാപേക്ഷ കൂടാതെ ഈശ്വരാര്‍പ്പണമായി ചെയ്യപ്പെടുന്ന യോഗധര്‍മ്മത്തിന് ആരംഭമോ നാശമോ ഇല്ല. തുടങ്ങിയതിനെ മുഴുവനാക്കാഞ്ഞാലുള്ള ദോഷവുമില്ല. ഈ ധര്‍മ്മത്തിന്റെ അനുഷ്ഠാനം കുറച്ചുമാത്രമായാല്‍പോലും കൊടിയ വിപത്തില്‍നിന്ന് അത് രക്ഷിക്കുന്നു.
ഭാഷ്യം:
കര്‍മ്മയോഗംകൊണ്ട് ഒരാള്‍ക്ക് ലൗകികസുഖങ്ങള്‍ നഷ്ടപ്പെടുന്നില്ല. അവസാനം മോക്ഷപ്രാപ്തി ഉണ്ടാവുകയുംചെയ്യും. എന്നാല്‍ ഫലേച്ഛകൂടാതെ വേണം ഒരാള്‍ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. പിശാച് മന്ത്രവാദിയില്‍ കുടികൊള്ളുന്നില്ലെന്നതുപോലെ, ധാര്‍മ്മികചിന്തയോടുകൂടിയ നിസ്വാര്‍ത്ഥനായ ഒരു വ്യക്തിക്ക് ബാഹ്യമായ അവസ്ഥാഭേദങ്ങളൊന്നും ബാധകമാകുന്നില്ല.
ധാര്‍മ്മികബുദ്ധി പുണ്യത്തെയോ പാപത്തെയോ സ്പര്‍ശിക്കുകയില്ല. അത് നിഗൂഡവും അചലവും മൂന്നു ഗുണങ്ങള്‍ക്കും അതീതവുമാണ്. മുജ്ജന്മങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ അര്‍ഹതകൊണ്ട് അല്പമായിട്ടെങ്കിലും ധാര്‍മ്മികബുദ്ധി സമ്പാദിക്കാന്‍ കഴിയുന്ന ഒരാളുടെ മനസ്സ് പ്രകാശമാനമാവുകയും അയാള്‍ക്ക് ജനനമരണങ്ങളെപ്പറ്റിയുള്ള ഭയം നഷ്ടപ്പെടുകയും ചെയ്യും.
ശ്ലോകം 41
വ്യവസായാത്മികാ ബുദ്ധിഃ
ഏകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച
ബുദ്ധയോവ്യവസായിനാം.
അര്‍ത്ഥം:
ഹേ കുരുനന്ദനാ, ഈ ലോകത്തില്‍ നിശ്ചയബുദ്ധി ഒന്നേയുള്ളൂ. എന്നാല്‍ നിശ്ചയത്തിലെത്തിച്ചേര്‍ന്നി ട്ടില്ലാത്തവരുടെ ബുദ്ധികള്‍ അനേകവഴിക്ക് തിരിയുന്നവയും അന്തമില്ലാത്തവയുമാണ്.
ഭാഷ്യം:
ഒരു വിളക്കിന്റെ ചെറിയ തീനാളം വലിയ ഒരു പ്രദേശത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്നതുപോലെയാണ് വിജ്ഞാനസമ്പന്നമായ ഒരു മനസ്. അതെത്ര ചെറുതാണെങ്കില്‍കൂടി അതിനെ ഒരിക്കലും തരംതാഴ്ത്തികാണരുത്. വിവേകശാലികള്‍ ഇതു ലഭിക്കുന്നതിനുവേണ്ടി വളരെ ആഗ്രഹിക്കാറുണ്ടെങ്കിലും അപൂര്‍വ്വമായേ ഇതു ഒരാള്‍ക്ക് ലഭിക്കാറുള്ളൂ. സ്പര്‍ശമണി മറ്റു സാധാരണ രത്നങ്ങളെപ്പോലെ ലഭിക്കുന്നതല്ല. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ അമൃതിന്റെ ഒരു തുള്ളിയെങ്കിലും കിട്ടുകയുള്ളൂ. അതുപോലെ ധാര്‍മ്മികബുദ്ധി കൈവരിക്കുക എന്നത് വളരെ ദുഷ്കരമാണ്. സമീക്ഷണത്തില്‍കൂടി രൂപംപ്രാപിക്കുന്ന നിശ്ചയബുദ്ധി ഒന്നുമാത്രമേ ഈശ്വരസാക്ഷാല്‍ക്കാരമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയുള്ളൂ. അല്ലാത്തതൊക്കെ പ്രതിലോമാപരവും ചഞ്ചലസ്വഭാവമുള്ളതുമാണ്. അവിവേകികള്‍ അങ്ങനെയുള്ളതില്‍ ആമോദിതരാകുന്നു. അവര്‍ സ്വര്‍ഗീയവും ലൗകികവുമായ സുഖങ്ങളും നരകയാതനകളും അനുഭവിക്കാന്‍ ഇടയാകുമെങ്കിലും അവര്‍ക്ക് ആത്മസാക്ഷാത്കാരംകൊണ്ടുണ്ടാകുന്ന ആനന്ദാനുഭൂതിയുടെ നിഴല്‍പോലും ലഭിക്കുകയില്ല.
ശ്ലോകം 42
യാമിമാം പുഷ്പിതാം വാചം
പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ
നാന്യദസ്തീതി വാദിനഃ
അര്‍ത്ഥം:
അല്ലയോ പാര്‍ത്ഥാ, അവിവേകികളായ ഈ ആളുകള്‍ വേദവാക്യങ്ങളില്‍ ആനന്ദം കണ്ടെത്തുകയും അതില്‍ കവിഞ്ഞു മറ്റൊന്നുമില്ലെന്ന് ആലങ്കാരികമായി പ്രസംഗിക്കുകയും ചെയ്യുന്നു.
ഭാഷ്യം:
അവര്‍ വേദങ്ങളിലെ പ്രമാണങ്ങളെ അധാരമാക്കി സംസാരിക്കുകയും അതിലെ ആചാരക്രമങ്ങളെ പിന്താങ്ങി കര്‍മ്മത്തിനുള്ള പ്രാധാന്യത്തെ ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലായ്പ്പോഴും ഫലേച്ഛയോടെയാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. ഒരുവന്‍ ഈ ലോകത്തില്‍ ജനിച്ചു യാഗങ്ങളും ആരാധനാക്രമങ്ങളും അനുഭവിക്കണമെന്ന് അവര്‍ പറയും. സ്വര്‍ഗീയ ഭോഗങ്ങളല്ലാതെ ആനന്ദകരമായി മറ്റൊന്നും തന്നെയില്ലെന്നും സ്വര്‍ഗ്ഗംതന്നെയാണ് എല്ലാറ്റിലുംവെച്ചു ശ്രേഷ്ഠമായ പുരുഷാര്‍ത്ഥമെന്നും ഈ മൂഢന്മാര്‍ ഉദ്ഘോഷിക്കും.
ശ്ലോകം 43
കാമാത്മാനഃ സ്വര്‍ഗപരാഃ
ജന്മകര്‍മ്മ ഫലപ്രദാം
ക്രിയാവിശേഷബഹുലാം
ഭോഗൈശ്വര്യഗതിം പ്രതി.
അര്‍ത്ഥം:
കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും ജന്മങ്ങളും മറ്റു ഭോഗൈശ്വര്യങ്ങളുടെ ആനന്ദാനുഭവത്തിനുവേണ്ടിയുള്ളതാണെന്ന് അവര്‍ വിസ്മരിക്കും. അവര്‍ കാമ സങ്കല്‍പ്പങ്ങളില്‍ത്തന്നെ മുഴുകിക്കഴിയുന്നവരും സ്വര്‍ഗ്ഗപ്രാപ്തിക്കായി ഒരുങ്ങിയിരിക്കുന്നവരുമാണ്.
ഭാഷ്യം:
അവര്‍ ആഗ്രഹസാദ്ധ്യത്തിനായി പരവശപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നു. അവരുടെ ഹൃദയം ഇന്ദ്രിയവിഷയങ്ങളിലുള്ള ആസക്തികൊണ്ട് നിറഞ്ഞിരിക്കും. അവര്‍ വിവിധ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ മതാചാര്യപ്രകാരമുള്ള പ്രമാണങ്ങള്‍ മുറതെറ്റാതെയും വിദഗ്ദ്ധമായും നിര്‍വ്വഹിക്കുകയും ചെയും.
ശ്ലോകം 44
ഭോഗൈശ്വര്യപ്രസക്താനാം
തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ
സമാധൗ ന വിധീയതേ.
അര്‍ത്ഥം:
ഫലമില്ലാതെ പുഷ്പം മാത്രമുള്ള വൃക്ഷം പോലെ വിളങ്ങുന്ന വാക്കുകള്‍ പറയുകയും അതില്‍ അപഹൃതചിത്തരാവുകയും ചെയ്യുന്ന അവരുടെ മനസ്സ് എല്ലായ്പ്പോഴും ഭോഗൈശ്വര്യങ്ങളുടെ പിന്നാലെ പോകുന്നതുകൊണ്ട് അവര്‍ക്ക് ഈശ്വരധ്യാനവിഷയത്തില്‍ ഏകാഗ്രമായ സുബുദ്ധി ഉണ്ടാകുന്നതേയില്ല.
ഭാഷ്യം:
അര്‍ജ്ജുനാ, എല്ലാ ആരാധനയുടെയും കേന്ദ്രബിന്ദു ഈശ്വരനാണ്. ആ ഈശ്വരനെ മറന്നാണ് അവര്‍ സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുന്നത്. കര്‍പ്പൂരം കൂട്ടിവച്ചിട്ട് തീ കത്തിക്കുന്നതുപോലെയോ മധുരമുള്ള പദാര്‍ത്ഥങ്ങള്‍ പാകം ചെയ്തിട്ട് അതില്‍ വിഷം കലര്‍ത്തുന്നതുപോലെയോ, ഭാഗ്യംകൊണ്ടു ലഭിച്ച ഒരു പാത്രം അമൃത് ചവിട്ടിമറിച്ച് കളയുന്നതുപോലെയോ ആണ് ഇവരെല്ലാം ലാഭേച്ഛകൊണ്ട് അവരുടെ ധാര്‍മ്മികയോഗ്യതകളെ മലിനപ്പെടുത്തി, ശ്രേയസ്സിനുള്ള അര്‍ഹത നഷ്ടപ്പെടുത്തിക്കളയുന്നത്. എത്രയോപ്രയത്നിച്ചിട്ടാണ് അവര്‍ക്ക് ഈ സുകൃതം ഉണ്ടായതെന്ന് മനസ്സിലാക്കാതെയാണ് അവര്‍ വിവേകശൂന്യമായി ലൗകികസുഖങ്ങളുടെ പിന്നാലെ പായുന്നത്. അതുകൊണ്ട് അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ള ആളുകള്‍ വേദപ്രമാണങ്ങളെ വ്യാഖ്യാനിച്ചു ആസ്വാദനം നടത്തുമ്പോഴും അവരുടെ ചിത്തവൃത്തി ദുര്‍ദമമായിരിക്കും.
ശ്ലോകം 45
ത്രൈഗുണ്യവിഷയാ വേദാഃ
നിസ്ത്രൈഗുണ്യോ ഭവാര്‍ജ്ജുന
നിര്‍ദ്വന്ദോ നിത്യസത്വസ്ഥഃ
നിര്യോഗക്ഷേമ ആത്മവാന്‍
അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, വേദങ്ങള്‍ സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു മായാഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയാകുന്നു. നീ ത്രിഗുണാതീതനായി, നിഷ്കാമനായിത്തീരണം. അന്യോന്യവിരുദ്ധങ്ങളായ ദ്വന്ദ്വങ്ങളില്‍നിന്നു വേര്‍വിട്ട് രണ്ടെന്ന ചിന്തയില്ലാത്തവനായിരിക്കണം. സദാ ഏകമായ സത്തയെത്തന്നെ അനുഭവിക്കുന്നവനായിരിക്കണം. ലോകത്ത് കാണുന്ന യാതൊന്നും തന്റേതായിരിക്കണമെന്ന് കൊതിക്കാത്തവനായിരിക്കണം. സദാ ആത്മാനന്ദം അനുഭവിക്കുന്നവനുമായിരിക്കണം.
ഭാഷ്യം:
അര്‍ജ്ജുനാ, ത്രിഗുണങ്ങളുടെ സംയോഗമാണ് വേദത്തില്‍ തിങ്ങിനില്‍ക്കുന്നത്. എന്നാല്‍ എല്ലാ ഉപനിഷത്തുക്കളും സത്വഗുണത്തെ പ്രകീര്‍ത്തിക്കുന്നവയാണ്. മറ്റുള്ള മതഗ്രന്ഥങ്ങള്‍ രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളെ ഉള്‍ക്കൊള്ളുന്നവയും സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള യജ്ഞങ്ങളുടെ ആചാരക്രമങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവയാണ്. ഇവകള്‍ സുഖദുഃഖങ്ങള്‍ക്കുമാത്രം കാരണമാകുന്നുവെന്ന് മനസ്സിലാക്കി നിന്റെ മനസ്സിനെ അതില്‍ വ്യാപരിപ്പിക്കരുത്. നീ ഗുണത്രയങ്ങളെ ഒഴിവാക്കുകയും ഞാനെന്നും എന്റേതെന്നും ഉള്ള വിചാരം നിന്റെ മനസ്സിനെ വിഷലിപ്തമാക്കുന്നതിന് അനുവദിക്കാതിരിക്കുകയും ആത്മാവില്‍നിന്ന് നിര്‍ഗളിക്കുന്ന ആനന്ദാനുഭൂതി ഒരു നിമിഷത്തേക്കുപോലും വിസ്മരിക്കാതിരിക്കുകയും വേണം.
ശ്ലോകം 46
യാവാനര്‍ത്ഥ ഉദപാനേ
സര്‍വതഃ സംപ്ലുതോദകേ
താവാന്‍ സര്‍വേഷു വേദേഷു
ബ്രാഹ്മണസ്യ വിജാനതഃ
അര്‍ത്ഥം:
സര്‍വ്വത്ര ജലം നിറഞ്ഞിരിക്കെ ചെറുജലാശയങ്ങള്‍ (കുളം, കിണര്‍ തുടങ്ങിയവ) കൊണ്ട് എത്രത്തോളം പ്രയോജനമുണ്ട്? ബ്രഹ്മജ്ഞാനിക്ക് സര്‍വ്വവേദങ്ങളെക്കൊണ്ടും അത്രത്തോളം പ്രയോജനമേയുള്ളൂ.
ഭാഷ്യം:
വേദങ്ങള്‍ വിസ്തരിച്ചു ഉപദേശിക്കുകയും വിവിധ തരത്തിലുള്ള ധാര്‍മ്മികാചാരക്രമങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ശാശ്വതമായ നന്മയ്ക്ക് ഉത്തകുന്നതുമാത്രം നാം തിരഞ്ഞെടുത്തു സ്വീകരിക്കണം. സൂര്യന്‍ ഉദിക്കുമ്പോള്‍ അനേകം വീഥികള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരും. എന്നാല്‍ നാം എല്ലാ വഴികളില്‍കൂടിയും ഒരേ സമയത്ത് നടക്കാറുണ്ടോ? ഭൂമിയില്‍ ജലം നിറഞ്ഞൊഴുകിയാലും നമ്മുടെ ആവശ്യത്തിന് വേണ്ടത് മാത്രമല്ലേ നാം എടുക്കാറുള്ളൂ. അതുപോലെ ജ്ഞാനികള്‍ വേദത്തില്‍ അടങ്ങിയിരിക്കുന്ന എല്ലാറ്റിനെയുംപറ്റി കൂലങ്കുഷമായി പര്യാലോചിച്ചിട്ട് നിത്യസത്യത്തെ (ബ്രഹ്മജ്ഞാനത്തെ) മാത്രം അംഗീകരിക്കുന്നു.