ലങ്കാലക്ഷ്മീമോക്ഷം
ഉടല്‍ കടുകിനൊടു സമമിടത്തു കാല്‍ മുമ്പില്‍ വ-
ച്ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ
കഥിനതരമലറിയൊരു രജനിചരി വേഷമായ്-
കാണായിതാശു ലങ്കാ ശ്രീയെയും തദാ
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിന്‍ വാഞ്ഛിതം
അസുരസുര നര പശുമൃഗാദി ജന്തുക്കള്‍ മ-
റ്റാര്‍ക്കുമേ വന്നുകൂടാ ഞാനറിയാതെ
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും
രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ-
രേണ പതിച്ചു വമിച്ചിതു ചോരയും
കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാള്‍:
“കണ്ടേനെടോ തവ ബാഹുബലം സഖേ!
വിധിവിഹിതമിതു മമ പുരൈവ ധാതാവു താന്‍
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ
സകല ജഗധിപതി സനാതനന്‍
മാധവന്‍ സാക്ഷാല്‍ മഹാവിഷ്ണുമൂര്‍ത്തി നാരായണന്‍
കമലദല നയന നവനിയിലവതരിക്കു മുള്‍-
ക്കാരുണ്യമോട്ഷ്ടവിംശതിപര്യയേ
ദശരഥനൃപതിതനയനായ് മമ പ്രാര്‍ത്ഥനാല്‍
ത്രേതായുഗേ ധര്‍മ്മദേവരക്ഷാര്‍ത്ഥമായ്
ജനകനൃപവരനു മകളായ് നിജമായയും
ജാതയാം പംക്തിമുഖ വിനാശത്തിനായ്
സരസിരുഹനയനനടവിയലഥ തപസ്സിനായ്
സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ
ദശവദനനവനിമകളെയുമപഹരിച്ചുടന്‍
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാള്‍
സപദി രഘുവരനൊടരുണജനു സാചിവ്യവും
സംഭവിക്കും പുനസ്സുഗ്രീവശാസനാല്‍
സകലദിശി കപികള്‍ തിരവാന്‍ നടക്കുന്നതില്‍
സന്നദ്ധനായ് വരുമേകന്‍ തവാന്തികേ
കലഹമവനൊടു ഝടിതി തുടരുമളവെത്രയും
കാതരയായ് വരും നീയെന്നു നിര്‍ണ്ണയം
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു
രാമദൂതന്നു നല്‍കേണമനുജ്ഞയും
ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊള്‍കില്‍ നീ-
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും
കരുണയൊടുഗതകപടമായ് നിയോഗിക്കയാല്‍
കാത്തിരുന്നേനിവിടം പല കാലവും
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊള്‍ക നീ
ലങ്കയും നിന്നാല്‍ ജിതയായിതിന്നെടോ!
നിഖില നിശിചര കുലപതിക്കു മരണവും
നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു
ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ
ത്രിദശകുലരിപുദശമുഖാന്തഃപുരവരേ
ദിവ്യ ലീലാവനേ പാദപസംകുലേ
നവകുസുമ ഫലസഹിത വിടപിയുത ശിംശപാ
നാമവൃക്ഷത്തിന്‍ ചുവട്ടിലതിശുചാ
നിശിചരികള്‍ നടുവിലഴലൊടുമരുവിടുന്നെടോ!
നിര്‍മ്മല ഗാത്രിയാം ജാനകി സന്തതം
ത്വരിതമവള്‍ ചരിതമുടനവനൊടറിയിക്ക പോ-
യംബുധിയും കടന്നംബരാന്തേ ഭവാന്‍
അഖില ജഗദധിപതി രഘൂത്തമന്‍ പാതുമാ-
മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ!
ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു
ലങ്കയില്‍ നിന്നു വാങ്ങീ മലര്‍മങ്കയും.
സീതാദര്‍ശനം
ഉദകനിധി നടുവില്‍ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ
ജനക നരപതി വരമകള്‍ക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും
ജാതനെന്നാകില്‍ വരും സുഖദുഃഖവും
തദനു കപികുലപതി കടന്നിതു ലങ്കയില്‍
താനതി സൂക്ഷ്മശരീരനായ് രാത്രിയില്‍
ഉദിതരവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
ദശവദന മണി നിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോര്‍ത്തു മാരുതി
കനകമണി നികരവിരചിത പുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോര്‍ത്തീടിനാന്‍
ഉടമയൊടു മസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞുതുടങ്ങിനാന്‍
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും
സഹജ സുത സചിവ ബലപതികള്‍ ഭവനങ്ങളും
സൌവര്‍ണ്ണ സാലധ്വജ പതാകങ്ങളും
ദശവദന മണിഭവനശോഭ കാണും വിധൌ
ദിക്പാലമന്ദിരം ധികൃതമായ് വരും
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ
കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടന്‍
ഉപവനവുമുരുതരതരു പ്രവരങ്ങളു-
മുന്നത്മായുള്ള ശിംശപാവൃക്ഷവും
അതിനികടമഖില ജഗദീശ്വരി തന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാന്‍
മലിനതര ചികുരവസനം പൂണ്ടു ദീനയായ്
മൈഥിലി താന്‍ കൃശഗാത്രിയായെത്രയും
ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി
ഭര്‍ത്താവു തന്നെ നിനച്ചു നിനച്ചലം
നയന ജല മനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമ രാമേതി ജപിക്കയും
നിശിചരികള്‍ നടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി
വിടപിവരശിരസി നിബിഡച്ഛദാന്തര്‍ഗ്ഗതന്‍
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാന്‍
ദിവസകരകുലപതി രഘൂത്തമന്‍ തന്നുടെ
ദേവിയാം സീതയെക്കണ്ടു കപിവരന്‍
കമലമകളഖില ജഗദീശ്വരി തന്നുടല്‍
കണ്ടേന്‍ കൃതാര്‍ത്ഥോസ്മ്യഹം കൃതാര്‍ത്ഥോസ്മ്യഹം
ദിവസകരകുലപതി രഘൂത്തമന്‍ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാന്‍.
രാവണന്റെ പുറപ്പാട്
ഇതിപലവുമക തളിരിലോര്‍ത്ത കപിവര
നിത്തിരി നേരമിരിക്കും ദശാന്തരേ
അസുരകുലവര നിലയനത്തിന്‍ പുറത്തുനി-
ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി
കിമിദമിതി സപദി കിസലയച നിലീനനാ-
യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍
വിബുധകുലരിപു ദശമുഖന്‍ വരവെത്രയും
വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍
അസുരസുര നിശിചരവരാംഗനാ വൃന്ദവു-
മത്ഭുതമായുള്ള ശൃംഗാരവേഷവും
ദശവദനനനവരതമകതളിരിലുണ്ടു തന്‍
ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ!
സകല ജഗദധിപതി സനാതനന്‍ സന്മയന്‍
സാക്ഷാല്‍ മുകുന്ദനേയും കണ്ടു കണ്ടു ഞാന്‍
നിശിതരശരശകലിതാംഗനായ്കേവലേ
നിര്‍മ്മലനായ ഭഗവല്‍ പദാംബുജേ
വരദനജനനമരുമമൃതാനന്ദപൂര്‍ണ്ണമാം
വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേന്‍
അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-
നായുര്‍വിനാശകാലം നമുക്കാഗതം
ശിരസി മമ ലിഖിതമിഹ മരണസമയദൃഢം
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം
കമലജനുമറിയരുതു കരുതുമളവേതുമേ
കാലസ്വരൂപനാമീശ്വരന്‍ തന്മതം
സതതമകതളിരിലിവ കരുതി രഘുനാഥനെ
സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ
കപികള്‍ കുലവരനവിടെയാശു ചെല്ലും മുമ്പേ
കണ്ടിതു രാത്രിയില്‍ സ്വപ്നം ദശാനനന്‍
രഘുജനകതിലക വചനേന രാത്രൌ വരും
കശ്ചില്‍ കപിവരന്‍ കാമരൂപാന്വിതന്‍
കൃപയോടൊരു കൃമിസദൃശ സൂക്ഷ്മശരീരനായ്
കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം
തരുനികര വരശിരസി വന്നിരുന്നാദരാല്‍
താര്‍മകള്‍ തന്നെയും കണ്ടു രാമോദന്തം
അഖിലമവളൊടു ബത! പറഞ്ഞടയാളവു-
മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം
അതു പൊഴുതിലവനറിവതിന്നു ഞാന്‍ ചെന്നു ക-
ണ്ടാധി വളര്‍ത്തുവന്‍ വാങ്മയാസ്ത്രങ്ങളാല്‍
രഘുപതിയൊടതുമവനശേഷമറിയിച്ചു
രാമനുമിങ്ങു കോപിച്ചുടനേവരും
രണശിരസി സുഖമരണമതിനിശിതമായുള്ള
രാമശരമേറ്റെനിക്കും വരും ദൃഢം
പരമഗതി വരുവതിനു പരമൊരുപദേശമാം
പന്ഥാവിതു മമ പാര്‍ക്കയില്ലേതുമേ
സുരനിവഹമതിബലവശാല്‍ സത്യമായ്‌വരും
സ്വപ്നം ചിലര്‍ക്കു ചിലകാലമൊക്കണം
നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു
നിശ്ചിത്യ നിര്‍ഗ്ഗമിച്ചീടിനാന്‍ രാവണന്‍
കനകമണി വലയ കടകാംഗദ നൂപുര-
കാഞ്ചീമുഖാഭരണാരാവമന്തികേ
വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ
വിസ്മയമാമ്മാറു കണ്ടു പുരോഭുവി
വിബുധരി പുനിശിചരകുലാധിപന്‍ തന്‍ വര-
വെത്രയും ഭീതയായ് വന്നിതു സീതയും
ഉരസിജവുമുരു തുടകളാല്‍ മറച്ചാധിപൂ-
ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ്
നിജരമണ നിരുപമ ശരീരം നിരാകുലം
നിര്‍മ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ
ദശവദന നയുഗശരപരവശതയാസമം
ദേവീസമീപേ തൊഴുതിരുന്നീടിനാന്‍.