യുദ്ധയാത്ര
അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ
സഞ്ജാതകൌതുകം സംഭാവ്യ സാദരം
അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു
കഞ്ജവിലോചനനാകിയ രാഘവന്‍:
‘ഇപ്പോള്‍വിജയമുഹൂര്‍ത്തകാലം പട-
യ്ക്കുല്‍പ്പന്നമോദം പുറപ്പെടുകേവരും.
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദം
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
സൈന്യമെല്ലാം പരിപാലിച്ചു കൊള്ളണം
സൈന്യാധിപനായ നീലന്‍മഹാബലന്‍
മുമ്പും നടുഭാഗവുമിരുഭാഗവും
പിന്‍പടയും പരിപാലിച്ചുകൊള്ളുവാന്‍
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവര്‍
മുന്‍പില്‍ഞാന്‍മാരുതികണ്ഠവുമേറി മല്‍
പിമ്പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിര്‍ഗ്ഗമിച്ചീടുക മറ്റുള്ള വീരരും
നീലന്‍ഗജന്‍ഗവയന്‍ഗവാക്ഷന്‍ബലി
ശൂലിസമാനനാം മൈന്ദന്‍വിവിദനും
പങ്കജസംഭവസൂനു സുഷേണനും
തുംഗന്‍നളനും ശതബലി താരനും
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാര്‍ക്കും വഴിക്കെടോ!’
ഇത്ഥമരുള്‍ചെയ്തു മര്‍ക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും
ആകാശമാര്‍ഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാര്‍തെളിഞ്ഞു വിളങ്ങിനാര്‍.
ആര്‍ത്തു വിളിച്ചു കളിച്ചു പുളച്ചു ലോ-
കാര്‍ത്തി തീര്‍ത്തീടുവാന്‍മര്‍ക്കടസഞ്ചയം
രാത്രിഞ്ചരേശ്വരരാജ്യം പ്രതി പര-
മാസ്ഥയാ വേഗാല്‍നടന്നുതുടങ്ങിനാര്‍.
രാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വാര്‍ദ്ധി നടന്നങ്ങടുക്കുന്നതുപോലെ
ചാടിയുമോടിയുമോരോ വനങ്ങളില്‍
തേടിയും പക്വഫലങ്ങള്‍ഭുജിക്കയും
ശൈലവനനദീജാലങ്ങള്‍പിന്നിട്ടു
ശൈലശരീരികളായ കപികുലം
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രാചലാന്തികേ മേവിനാര്‍
മാരുതിതന്നുടെ കണ്ഠ്ദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
താരേയകണ്ഠമമര്‍ന്ന സൌമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും
വാരിധി തീരം പ്രവേശിച്ചനന്തരം
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചതപ്പോള്‍നൃപാധിപന്‍
സൂര്യാത്മജനോടരുള്‍ചെയ്തിതാശു ‘നാം
വാരിയുമുത്തു സന്ധ്യാവന്ദനംചെയ്തു
വാരാന്നിധിയെക്കടപ്പാനുപായവും
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
പാരാതെ കല്പിക്കവേണമിനിയുടന്‍
വാനരസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാര്‍കൃശാനുപുത്രാദികള്‍
രാത്രിയില്‍മായാവിശാരദന്മാരായ
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോര്‍‘
ഏവമരുള്‍ചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാന്‍പര്‍വതാഗ്രേ രഘുനാഥനും
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലര്‍ന്നു മരുവിനാര്‍
നക്രചക്രൌഘ ഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
അത്യുന്നതതരംഗാഢ്യമഗാധമി-
തുത്തരണം ചെയ്‌വതിന്നരിതാര്‍ക്കുമേ
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-
ന്നെങ്ങനെ രാവണന്‍തന്നെ വധിക്കുന്നു?
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാര്‍ശ്വേ മരുവിനാര്‍
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാന്‍
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും
ദു:ഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാന്‍
ദു:ഖഹര്‍ഷഭയക്രോധലോഭാദികള്‍
സൌഖ്യമദമോഹകാമജന്മാദികള്‍
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നു വിചാരിച്ചു കാണ്‍കിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിനാം
കിം പരമാത്മനി സൌഖ്യദു:ഖാദികള്‍
സമ്പ്രസാദത്തിങ്കലില്ല രണ്ടേതുമേ
സമ്പ്രതി നിത്യമാനന്ദമാത്രം പരം
ദു:ഖാദിസര്‍വ്വവും ബുദ്ധിസംഭൂതങ്ങള്‍
മുഖ്യനാം രാമന്‍പരാത്മാ പരംപുമാന്‍
മായാഗുണങ്ങളില്‍സംഗതനാകയാല്‍
മായവിമോഹിതന്മാര്‍ക്കു തോന്നും വൃഥാ.
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോര്‍ത്താലബുധന്മാരുടെ മതം.
രാവണാദികളുടെ ആലോചന
അക്കഥ നില്‍ക്ക ദശരഥപുത്രരു-
മര്‍ക്കാത്മജാദികളായ കപികളും
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയില്‍വാഴുന്ന ലങ്കേശ്വരന്‍തദാ
മന്ത്രികള്‍തമ്മെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാന്‍
ആദിതേയാസുരേന്ദ്രാദികള്‍ക്കുമരു-
താതൊരു കര്‍മ്മങ്ങള്‍മാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍
മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍:
‘മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ-
ളാരുമറിയാതിരിക്കയുമല്ലല്ലോ
ആര്‍ക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടുവന്നകംപുക്കൊരു വാനരന്‍
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനെയും കൊന്നു
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും
ലംഘനം ചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ് പോയതോര്‍ത്തോളം നമുക്കുള്ളി-
ലെത്രയും നാണമാമില്ലൊരു സംശയം
ഇപ്പോള്‍കപികുലസേനയും രാമനു-
മബ്ധിതന്നുത്തരതീരേ മരുവുന്നോര്‍.
കര്‍ത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും.
മന്ത്രവിശാരദന്മാര്‍നിങ്ങളെന്നുടെ
മന്ത്രികള്‍ചൊന്നതു കേട്ടതു മൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്ലുവിന്‍വൈകാതെ.
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലേ സ്നേഹവും നിങ്ങള്‍ക്കചഞ്ചലം.
ഉത്തമം മദ്ധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ,മിദം ദുസ്സാദ്ധ്യമാ,മിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാല്‍പലര്‍ക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നീദൃശം.
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാന്‍
ഓരോ തരം പറഞ്ഞൂനങ്ങളുള്ളതു
തീരുവാനായ് പ്രതിപാദിച്ചനന്തരം
നല്ലതിതെന്നൈകമത്യമായേവനു-
മുള്ളിലുറച്ചു കല്പിച്ചു പിരിവതു
മദ്ധ്യമമായുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താന്‍താന്‍പറഞ്ഞതു
സാധിപ്പതിനു ദുസ്തര്‍ക്കം പറഞ്ഞതു
ബാധിച്ചു മറ്റേവനും പറഞ്ഞീര്‍ഷ്യയാ
കാലുഷ്യചേതസാ കലിച്ചുകൂടാതെ
കാലവും ദീര്‍ഘമായിട്ടു പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യനായുള്ളോനധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങള്‍വിചാരിച്ചു ചൊല്ലുവിന്‍’
ഇങ്ങനെ രാവണന്‍ചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാര് നിശാചരര്‍ചൊല്ലിനാര്‍:
‘നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
മര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവ
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം
വിശ്രുതയായൊരു കീര്‍ത്തി വളര്‍ത്തതും
പുത്രനാം മേഘനിനാദനതോര്‍ക്ക നീ
വിത്തേശനെപ്പുരായുദ്ധമദ്ധ്യേഭവാന്‍
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവും
കാലനെപ്പോരില്‍ജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാകൂ?
ഹുങ്കാരമാത്രേണതന്നെ വരുണനെ
സംഗരത്തിങ്കല്‍ജയ്ച്ചീലയോ ഭവാന്‍?
മറ്റുള്ള ദേവകളെപ്പറയേണമോ
പറ്റലരാരു മറ്റുള്ളാതു ചൊല്ലു നീ!
പിന്നെ മയനാം മഹാസുരന്‍പേടിച്ചു
കന്യകാരത്നത്തെ നല്‍കീലയൊ-തവ?
ദാനവന്മാര്‍കരംതന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമമ്മാനമാടിയകാരണം
കാലാരി ചന്ദ്രഹാസത്തെ നല്‍കീലയോ
മൂലമുണ്ടോ വിഷാദിപ്പാന്‍മനസി തേ?
ത്രൈലോക്യവാസികളെലാം ഭവല്‍ബല-
മാലോക്യ ഭീതികലര്‍ന്നു മരുവുന്നു
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങള്‍
വീരരായുള്ള നമുക്കോക്കില്‍നാണമാം
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുമവന്‍
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ-
യങ്ങവന്‍ജീവനോടേ പോകയില്ലല്ലോ.’
ഇത്ഥം ദശമുഖനോടറിയിച്ചുടന്‍
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാര്‍:
‘മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്പിച്ചയയ്ക്കുന്നതാകിലോ
മാനുഷജാതികളില്ല ലോകത്തിങ്കല്‍
വാനരജാതിയുമില്ലെന്നതും വരും
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്കതു-
മുള്‍ത്താരിലോര്‍ത്തരുളേണം ജഗല്‍പ്രഭോ!’
നക്തഞ്ചരവരരിത്ഥം പറഞ്ഞള-
വുള്‍ത്താപമൊട്ടു കുറഞ്ഞു ദശാസ്യനും.
രാവണ കുംഭകര്‍ണ്ണ സംഭാഷണം
നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ
വിദ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍
ഗാഢ ഗാഢം പുണര്‍ന്നൂഢമോദം നിജ
പീഠമതിന്മേലിരുത്തിദ്ദശാസ്യനും
വൃത്താന്തമെല്ലാമവരജന്‍ തന്നോടു
ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം
ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാന്‍
“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ
രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍
ഭൂമിയില്‍ വാഴ്വാനയയ്ക്കയില്ലെന്നുമേ
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്
രാമന്‍ മനുഷ്യനല്ലേക സ്വരൂപനാം
ശ്രീമാന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാള്‍ തവനാശം വരുത്തുവാന്‍
മോഹേന നാദഭേദം കേട്ടു ചെന്നുടന്‍
ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു
മീനങ്ങളെല്ലാം രസത്തിങ്കല്‍ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍
മഗ്നമായ് മൃത്യുഭവിക്കുന്നിതവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്ക കാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നതെന്നാകിലും
ചൊല്ലുമതിങ്കല്‍ മനസ്സതിന്‍ കാരണം
ചൊല്ലുവന്‍ മുന്നം കഴിഞ്ഞ ജന്മത്തിലേ
വാസനകൊണ്ടതു നീക്കരുതാര്‍ക്കുമേ-
ശാസനയാലു മടങ്ങുകയില്ലതു
വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലുമ-
റ്റജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോര്‍ക്കുമാപത്തിനായ് നിര്‍ണ്ണയം
ഞാനിതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കുവന്‍
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊള്‍ക നീ
ഇന്ദ്രിയങ്ങള്‍ക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തു കാണ്‍
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ”
ഇന്ദ്രാരിയാം കുംഭകര്‍ണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കി ഞാന്‍
ആശുവരുവനനുജ്ഞയെച്ചെയ്കിലെ-“
നാശരാധീശ്വരനോടു ചൊല്ലീടിനാന്‍.