ഉമാമഹേശ്വരസംവാദം
കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ
“സര്‍വാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
സര്‍വ്വലോകാവാസ ! സര്‍വ്വേശ്വര! മഹേശ്വരാ!
ശര്‍വ! ശങ്കര! ശരണാഗതജനപ്രിയ!
സര്‍വ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുളള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുന്തോറും
ഭക്തന്മാര്‍ക്കുപദേശംചെയ്തീടുമെന്നു കേള്‍പ്പു.
ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു.
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
ക്ഷേത്രോപവാസഫലം യാഗാദികര്‍മ്മഫലം
തീര്‍ത്ഥസ്നാനാദിഫലം ദാനധര്‍മ്മാദിഫലം
വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു.
ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല-
മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ!
ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുളളില്‍
പാരമാഗ്രഹമുണ്ടു, ഞാനതിന്‍ പാത്രമെങ്കില്‍
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍.”
ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവന്‍ ജഗ-
ദാദ്യനീശ്വരന്‍ മന്ദഹാസംപൂണ്ടരുള്‍ചെയ്തുഃ
“ധന്യേ! വല്ലഭേ! ഗിരികന്യേ! പാര്‍വ്വതീ! ഭദ്രേ!
നിന്നോളമാര്‍ക്കുമില്ല ഭഗവത്ഭക്തി നാഥേ!
ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു മന-
താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ!
അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും
ഭക്ത്യതിശയം പുരുഷോത്തമന്‍തങ്കലേറ്റം
നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം.
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
സാരമായുളള തത്വം ചൊല്ലുവന്‍ കേട്ടാലും നീ.
ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
പുരുഷന്‍ പ്രകൃതിതന്‍കാരണനേകന്‍ പരന്‍
പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍
ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്‌മം
ജഗദുത്ഭവസ്ഥിതിപ്രളയകര്‍ത്താവായ
ഭഗവാന്‍ വിരിഞ്ചനാരായണശിവാത്മകന്‍
അദ്വയനാദ്യനജനവ്യയനാത്മാരാമന്‍
തത്ത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍
മാനസം മായാതമസ്സംവൃതമാകമൂലം.
സീതാരാഘവമരുല്‍സൂനുസംവാദം മോക്ഷ-
സാധനം ചൊല്‍വന്‍ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍
പങ്കജവിലോചനന്‍ പരമാനന്ദമൂര്‍ത്തി
ദേവകണ്ടകനായ പങ്‌ക്തികണ്‌ഠനെക്കൊന്നു
ദേവിയുമനുജനും വാനരപ്പടയുമായ്
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
സത്താമാത്രാത്മാ സകലേശനവ്യയന്‍ നാഥന്‍
മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ-
ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
കീകസാത്മജാസുതനാം വിഭീഷണനാലും
ലോകേശാത്മജനായ വസിഷ്‌ഠാദികളാലും
സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ-
ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി
സാനന്ദമിരുന്നരുളീടുന്നനേരം പര-
മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ
വന്ദിച്ചുനില്‌ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ-
നന്ദനന്‍തന്നെത്തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി
മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ
“സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍-
തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ!
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
നിര്‍മ്മലനാത്മജ്ഞാനത്തിന്നിവന്‍ പാത്രമത്രേ
നിര്‍മ്മമന്‍ നിത്യബ്രഹ്‌മചാരികള്‍മുമ്പനല്ലോ.
കല്‍മഷമിവനേതുമില്ലെന്നു ധരിച്ചാലും
തന്മനോരഥത്തെ നീ നല്‌കണം മടിയാതെ.
നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോള്‍
ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
ബ്രഹ്‌മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍
ബ്രഹ്‌മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമനെടോ!”
ഹനുമാന് തത്ത്വോപദേശം (രാമതത്ത്വോപദേശം)
ശ്രീരാമദേവനേവമരുളിച്ചെയ്തനേരം
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ
“വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകക്കല്ലേ!
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ.
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം
നിശ്ചലം സര്‍വ്വോപാധിനിര്‍മ്മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുളളില്‍ ശ്രീരാമദേവനെ നീ.
നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗുണം നിര്‍വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികളില്ലാതൊരു വസ്തു പര-
ബ്രഹ്‌മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
സര്‍വ്വകാരണം സര്‍വവ്യാപിനം സര്‍വാത്മാനം
സര്‍വജ്ഞം സര്‍വേശ്വരം സര്‍വസാക്ഷിണം നിത്യം
സര്‍വദം സര്‍വാധാരം സര്‍വദേവതാമയം
നിര്‍വികാരാത്മാ രാമദേവനെന്നറിഞ്ഞാലും.
എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം
നിന്നോടു,ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ.
എന്നുടെ പതിയായ പരമാത്മാവുതന്റെ
സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.
തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ.
ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍
രാമനായ് സര്‍വ്വേശ്വരന്‍താന്‍ വന്നു പിറന്നതും
ആമിഷഭോജികളെ വധിപ്പാനായ്‌ക്കൊണ്ടു വി-
ശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം
ക്രൂദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-
പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
സിദ്ധസങ്കല്‍പനായ കൌശികമുനിയോടും
മൈഥിലരാജ്യത്തിനായ്‌ക്കൊണ്ടു പോകുന്നനേരം
ഗൌതമപത്നിയായോരഹല്യാശാപം തീര്‍ത്തു
പാദപങ്കജം തൊഴുതവളെയനുഗ്രഹി-
ച്ചാദരപൂര്‍വ്വം മിഥിലാപുരമകംപുക്കു
മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടന്‍
മല്‍പാണിഗ്രഹണവുംചെയ്തു പോരുന്നനേരം
മുല്‍പ്പുക്കുതടുത്തോരു ഭാര്‍ഗ്ഗവരാമന്‍തന്റെ
ദര്‍പ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു
ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
മാതാവു കൈകേയിയും മുടക്കിയതുമൂലം
ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ
ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതന്‍
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
ചിത്തശോകത്തോടുദകക്രിയാദികള്‍ ചെയ്തു
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്
ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ
ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു
പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാന്‍
പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം
പുഷ്‌കരശരപരവശയായ് വന്നാളല്ലോ
രക്ഷോനായകനുടെ സോദരി ശൂര്‍പ്പണഖാ;
ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു.
ഉന്നതനായ ഖരന്‍ കോപിച്ചു യുദ്ധത്തിന്നായ്-
വന്നിതു പതിന്നാലുസഹസ്രം പടയോടും,
കോന്നിതു മൂന്നേമുക്കാല്‍നാഴികകൊണ്ടുതന്നെ;
പിന്നെശ്ശൂര്‍പ്പണഖ പോയ് രാവണനോടു ചൊന്നാള്‍.
മായയാ പൊന്മാനായ് വന്നോരു മാരീചന്‍തന്നെ-
സ്സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപ്പോള്‍
മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം
മായാമാനുഷന്‍ ജടായുസ്സിനു മോക്ഷം നല്‌കി.
രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു
മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു.
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി
മിത്രനന്ദനനായ സുഗ്രീവന്‍തന്നെക്കണ്ടു
മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു
സീതാന്വേഷണംചെയ്തു ദക്ഷിണജലധിയില്‍
സേതുബന്ധനം ലങ്കാമര്‍ദ്ദനം പിന്നെശ്ശേഷം
പുത്രമിത്രാമാത്യഭൃത്യാദികളൊടുംകൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
ശസ്ത്രേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം
ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു
പാവകന്തങ്കല്‍ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
പാവകനോടു വാങ്ങി പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാല്‍
പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍.
യാജ്യനാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സാ-
യൂജ്യമാം മോക്ഷത്തെ നല്‌കീടിനാന്‍ നിരഞ്ജനന്‍.
ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ-
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
രാമനാം ജഗല്‍ഗുരു നിര്‍ഗുണന്‍ ജഗദഭി-
രാമനവ്യയനേകനാനന്ദാത്മകനാത്മാ-
രാമനദ്വയന്‍ പരന്‍ നിഷ്‌കളന്‍ വിദ്വദ്‌ഭൃംഗാ-
രാമനച്യുതന്‍ വിഷ്ണുഭഗവാന്‍ നാരായണന്‍
ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചില്‍
ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല.
നിര്‍വികാരാത്മാ തേജോമയനായ് നിറഞ്ഞൊരു
നിര്‍വൃതനൊരുവസ്തു ചെയ്‌കയില്ലൊരുനാളും.
നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി
ചിന്മയന്‍ മായാമയന്‍തന്നുടെ മായാദേവി
കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍.”
അഞ്ജനാതനയനോടിങ്ങനെ സീതാദേവി
കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
അഞ്ജസാ രാമദേവന്‍ മന്ദഹാസവുംചെയ്തു
മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ
“പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം
പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ!
തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
ഓരോരോ ജലാശയേ കേവലം മഹാകാശം
നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ
സാക്ഷാലുളെളാരു പരബ്രഹ്‌മമാം പരമാത്മാ
സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!
തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു മമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍.
മത്ഭക്തനായുളളവനിപ്പദമറിയുമ്പോള്‍
മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.
മത്ഭക്തിവിമുഖന്മാര്‍ ശാസ്‌ത്രഗര്‍ത്തങ്ങള്‍തോറും
സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
ഭക്തിഹീനന്മാര്‍ക്കു നൂറായിരം ജന്മംകൊണ്ടും
സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.
പരമാത്മാവാം മമ ഹൃദയം രഹസ്യമി-
തൊരുനാളും മത്ഭക്തിഹീനന്മാരായ് മേവീടും
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
പരമമുപദേശമില്ലിതിന്മീതെയൊന്നും.”
ശ്രീമഹാദേവന്‍ മഹാദേവിയോടരുള്‍ചെയ്ത
രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
സാക്ഷാല്‍ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
സര്‍വ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാന്‍
മുക്തനായ്‌വരുമൊരു സംശയമില്ല നാഥേ!
ബ്രഹ്‌മഹത്യാദിദുരിതങ്ങളും ബഹുവിധം
ജന്മങ്ങള്‍തോറുമാര്‍ജ്ജിച്ചുളളവയെന്നാകിലും
ഒക്കവേ നശിച്ചുപോമെന്നരുള്‍ചെയ്തു രാമന്‍
മര്‍ക്കടപ്രവരനോടെന്നതു സത്യമല്ലോ.
ജാതിനിന്ദിതന്‍ പരസ്‌ത്രീധനഹാരി പാപി
മാതൃഘാതകന്‍ പിതൃഘാതകന്‍ ബ്രഹ്‌മഹന്താ
യോഗിവൃന്ദാപകാരി സുവര്‍ണ്ണസ്തേയി ദുഷ്ടന്‍
ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ
രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ-
ലാമോദപൂര്‍വം പൂജ്യനായ്‌വരുമത്രയല്ല
യോഗീന്ദ്രന്മാരാല്‍പ്പോലുമലഭ്യമായ വിഷ്ണു-
ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും.
ഇങ്ങനെ മഹാദേവനരുള്‍ചെയ്തതു കേട്ടു
തിങ്ങീടും ഭക്തിപൂര്‍വമരുള്‍ചെയ്തിതു ദേവിഃ
“മംഗലാത്മാവേ! മമ ഭര്‍ത്താവേ! ജഗല്‍പതേ!
ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്
ധന്യയായ് കൃതാര്‍ത്ഥയായ് സ്വസ്ഥയായ്‌വന്നേനല്ലോ.
ഛിന്നമായ്‌വന്നു മമ സന്ദേഹമെല്ലാമിപ്പോള്‍
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാല്‍.
നിര്‍മ്മലം രമാതത്ത്വാമൃതമാം രസായനം
ത്വന്മുഖോദ്‌ഗളിതമാവോളം പാനംചെയ്താലും
എന്നുളളില്‍ തൃപ്തിവരികെന്നുളളതില്ലയല്ലോ
നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാന്‍.
സംക്ഷേപിച്ചരുള്‍ചെയ്തതേതുമേ മതിയല്ല
സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്ലാം.
കിംക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുളേളാര്‍ക്കര്‍ത്ഥമുണ്ടായ്‌വരാ
കിമൃണന്മാര്‍ക്കു നിത്യസൌഖ്യവുമുണ്ടായ്‌വരാ,
കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ.
ഉത്തമമായ രാമചരിതം മനോഹരം
വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ.”
ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര-
നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം
മന്ദഹാസവുംചെയ്തു ചന്ദ്രശേഖരന്‍ പരന്‍
സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുള്‍ചെയ്തു.
വേധാവുശതകോടി ഗ്രന്ഥവിസ്തരം പുരാ
വേദസമ്മിതമരുള്‍ചെയ്തിതു രാമായണം.
വാല്മീകി പുനരിരുപത്തുനാലായിരമായ്
നാന്മുഖന്‍നിയോഗത്താല്‍ മാനുഷമുക്ത്യര്‍ത്ഥമായ്
ചമച്ചാനതിലിതു ചുരുക്കി രാമദേവന്‍
നമുക്കുമുപദേശിച്ചീടിനാനേവം പുരാ.
അദ്ധ്യാത്മരാമായണമെന്ന പേരിതി, ന്നിദ-
മദ്ധ്യയനംചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം.
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം.
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.