ശ്രീത്രിപുരാരഹസ്യം മൂലഗ്രന്ഥം 12,000 പദ്യങ്ങള്‍ അടങ്ങിയതാണ്. അതിലെ രണ്ടാം ഖണ്ഡമായ 23 അദ്ധ്യായങ്ങളുള്ള ജ്ഞാനകാണ്ഡം മാത്രമാണ് ഈ പുസ്തകം. ഹരിതായന മഹര്‍ഷി നാരദ മഹര്‍ഷിയ്ക്ക് ത്രിപുരാമാഹാത്മ്യം എന്ന ആദ്യഖണ്ഡം ഉപദേശിച്ചുകൊടുത്തത്തിനുശേഷം മനഃക്ലേശം നീങ്ങാന്‍ വീണ്ടും ഉപദേശിക്കുന്നതാണ് ഈ ഖണ്ഡം. ഇതില്‍ വൈദികം, പാഞ്ചരാത്രം, ശൈവം, ശാക്തേയം, കാമികം മുതലായ താന്ത്രിക ഗ്രന്ഥങ്ങളുടെ സംക്ഷിപ്ത വിവരണവും കാണാം.
ജ്ഞാനവാസിഷ്ഠം, ദേവീഭാഗവതം, ശ്രുതിഗീത, ശങ്കരവിജയം തുടങ്ങിയ ഉല്‍കൃഷ്ടഗ്രന്ഥങ്ങള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത പണ്ഡിതനും കവിയും പ്രതിഭാസമ്പന്നനും അദ്ധ്യാത്മശാസ്ത്രപാരംഗതനും ആയ കവിതിലകന്‍ വരവൂര്‍ ശാമുമേനോന്‍ ആണ് ശ്രീത്രിപുരാരഹസ്യം കിളിപ്പാട്ട് വിവര്‍ത്തനം ചെയ്തത്. ഒരു ലഘുജീവചരിത്രവും കൂടി ശ്രീവിദ്യാധിരാജാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.