അതികായവധം
കുംഭകർണൻ മരിച്ചോരു വൃത്താന്തവും
കമ്പം വരുമാറു കേട്ടു ദശാനനൻ
മോഹിച്ചു ഭൂമിയിൽവീണു പുനരുടൻ
മോഹവും തീർന്നു മുഹൂർത്തമാത്രം കൊണ്ടു
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നനായൊരു ദശഗ്രീവനെത്തദാ
ചെന്നുതൊഴുതു പറഞ്ഞു ത്രിശിരസ്സു-
മുന്നതനായോരതികായവീരനും
ദേവാന്തകനും നരാന്തകനും മുഹു-
രേവം മഹോദരനും മഹാപാർശ്വനും
മത്തനുമുന്മത്തനുമൊരുമിച്ചതി-
ശക്തിയേറീടും നിശാചരവീരന്മാർ
എട്ടുപേരും സമരത്തിനൊരുമ്പെട്ടു
ദുഷ്ടനാം രാവണൻ തന്നോടു ചൊല്ലിനാർ:-
“ദുഃഖിപ്പതിനെന്തു കാരണം ഞങ്ങൾ ചെ
ന്നൊക്കെ രിപൂക്കളെക്കൊന്നു വരാമല്ലോ
യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ-
ശ്ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ”
“എങ്കിലോ നിങ്ങൾ പോയ്ചെന്നു യുദ്ധം ചെയ്തു
സങ്കടം തീർക്കെന്നു ചൊന്നാൻ ദശാനനൻ
കണ്ടുകൂടാതോളമുള്ള പെരുമ്പട-
യുണ്ടതും കൊണ്ടു പൊയ്ക്കൊൾവിനെല്ലാവരും”
ആയുധവാഹനഭൂഷണജാലവു-
മാവോളവും കൊടുത്താൻ ദശകന്ധരൻ.
വെള്ളം കണക്കേ പരന്ന പെരുമ്പട-
യ്ക്കുള്ളിൽ മഹാരഥന്മാരിവരെൺവരും
പോർക്കു പുറപ്പെട്ടു ചെന്നതു കണ്ടള-
വൂക്കോടടുത്തു കപിപ്രവരന്മാരും
സംഖ്യയില്ലാതോളമുള്ള പെരുമ്പട
വൻകടൽപോലെ പരന്നതു കണ്ടള-
വന്തകൻ വീട്ടിലാക്കീടിനാർ സത്വര-
മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും.
കല്ലും മലയും മരങ്ങളും കൈക്കൊണ്ടു
ചെല്ലുന്ന വീരരോടേറ്റു നിശാചരർ
കൊല്ലുന്നിതാശു കപിവരന്മാരെയും
നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ
വാരണവാജി രഥങ്ങളും കാലാളും
ദാരുണന്മാരായ രാക്ഷസവീരരും
വീണുമരിച്ചുള്ള ചോരപ്പുഴകളും
കാണായിതു പലതായൊലിക്കുന്നതും.
അന്തമില്ലാതെ കബന്ധങ്ങളും പല-
തന്തികേ നൃത്തമാടിത്തുടങ്ങീ ബലാൽ.
രാക്ഷസരൊക്കെ മരിച്ചതു കണ്ടതി-
രൂക്ഷതയോടുമടുത്താൻ നരാന്തകൻ
കുന്തവുമേന്തിക്കുതിരപ്പുറമേറി-
യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ
അംഗദൻ മുഷ്‌ടികൾ കൊണ്ടവൻ തന്നുടൽ
ഭംഗം വരുത്തി യമപുരത്താക്കിനാൻ.
ദേവാന്തകനും പരിഘവുമായവന്ന്
ദേവേന്ദ്രപുത്രതനയനോടേറ്റിതു.
വാരണമേറി മഹോദരവീരനും
തേരിലേറി ത്രിശിരസ്സുമണഞ്ഞിതു.
മൂവരോടും പൊരുതീടിനാനംഗദൻ
ദേവാദികളും പുകഴ്ത്തിനാരന്നേരം
കണ്ടുനിൽക്കും വായുപുത്രനും നീലനും
മണ്ടിവന്നാശു തുണച്ചാരതുനേരം.
മാരുതി കൊന്നിതു ദേവാന്തകനെയും
വീരനാം നീലൻ മഹോദരൻ തന്നെയും
ശൂരനാകും ത്രിശിരസ്സിൻ തലകളെ
മാരുതി വെട്ടിക്കളഞ്ഞു കൊന്നീടിനാൻ.
വന്നു പൊരുതാൻ മഹാപാർശ്വനന്നേരം
കൊന്നുകളഞ്ഞാനൃഷഭൻ മഹാബലൻ
മത്തനുമുന്മത്തനും മരിച്ചാർ കപി-
സത്തമന്മാരോടെതിർത്തതിസത്വരം
വിശ്വൈകവീരനതികായനന്നേര-
മശ്വങ്ങളായിരം പൂട്ടിയ തേരതിൽ
ശസ്ത്രാസ്ത്രജാലം നിറച്ചുവില്ലും ധരി-
ച്ചസ്ത്രജ്ഞനത്യർത്ഥമുദ്ധതചിത്തനായ്
യുദ്ധത്തിനായ് ചെറു ഞാണാലിയുമിട്ടു
നക്തഞ്ചരശ്രേഷ്ഠപുത്രനടുത്തപ്പോൾ
നില്ക്കരുതാഞ്ഞു ഭയപ്പെട്ടു വാനര-
രൊക്കെ വാൽപൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ.
സാമർത്ഥ്യമേറെയുള്ളോരതികായനെ
സൗമിത്രി ചെന്നു ചെറുത്താനതുനേരം.
ലക്ഷ്മണബാണങ്ങൾ ചെന്നടുക്കും വിധ
തൽക്ഷണേ പ്രത്യങ്മുഖങ്ങളായ് വീണുപോം
ചിന്ത മുഴുത്തേതുമാവതല്ലാഞ്ഞേറ്റ-
മന്ധനായ് സൗമിത്രി നിൽക്കുന്നതുനേരം
മാരുതദേവനും മാനുഷനായ് വന്നു
സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ:-
“പണ്ടു വിരിഞ്ചൻ കൊടുത്തൊരു കഞ്ചുക-
മുണ്ടതുകൊണ്ടിവനേൽക്കയില്ലായുധം
ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി
ബ്രഹ്മാസ്ത്രമെയ്‌തിവൻതന്നെ വധിക്ക നീ
പിന്നെ നിന്നാൽ വധിക്കപ്പെടുമിന്ദ്രജി-
ത്തുന്നതനായ ദശാനനൻ തന്നെയും
കൊന്നുപാലിക്കും ജഗത്രയം രാഘവ”-
നെന്നു പറഞ്ഞു മറഞ്ഞു സമീരണൻ.
ലക്ഷ്മണനും നിജപൂർവ്വജൻ തൻപദ-
മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു
പുഷ്കരസംഭവബാണം പ്രയോഗിച്ചു
തൽക്ഷണേണ കണ്ഠം മുറിച്ചാനതുനേരം
ഭൂമൗ പതിച്ചോരതികായമസ്തക-
മാമോദമുൾക്കൊണ്ടെടുത്തു കപികുലം
രാമാന്തികേ വച്ചു കൈതൊഴുതീടിനാ-
രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം
രാവണനോടറിയിച്ചാരവസ്ഥകൾ
ഹ! വിധിയെന്നലറീ ദശകണ്ഠനും.
ഇന്ദ്രജിത്തിന്റെ വിജയം
മക്കളും തമ്പിമാരും മരുമക്കളു-
മുള്‍ക്കരുത്തേറും പടനായകന്മാരും
മന്ത്രികളും മരിച്ചീടിനാരേറ്റവ-
രെന്തിനി നല്ലതു ശങ്കര! ദൈവമേ!’
ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര-
ജിത്തും നമസ്കരിച്ചീടിനാന്‍ താതനെ
‘ഖേദമുണ്ടാകരുതേതുമേ മാനസേ
താതനു ഞാനിഹ ജീവിച്ചിരിക്കവേ
ശത്രുക്കളെക്കൊലചെയ്തു വരുന്നതു-
ണ്ടത്തലും തീര്‍ത്തിങ്ങിരുന്നരുളേണമേ!
സ്വസ്ഥനായ് വാഴുക ചിന്തയും കൈവിട്ടു
യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!’
എന്നതു കേട്ടു തനയനേയും പുണര്‍-
‘ന്നെന്നേ സുഖമേ ജയിച്ചു വരിക നീ’
വമ്പനാം പുത്രനും കുമ്പിട്ടു താതനെ-
ത്തന്‍പടയോടും നടന്നു തുടങ്ങിനാന്‍
ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു
ജംഭാരിജിത്തും നികുംഭില പുക്കിതു
സംഭാരജാലവും സംപാദ്യ സാദരം
സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം
രക്തമാല്യാംബര ഗന്ധാനുലേപന-
യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം
ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ
ശക്തി തനിയ്ക്കു വര്‍ദ്ധിച്ചുവരുവാനായ്
നക്തഞ്ചരാധിപപുത്രനുമെത്രയും
വ്യക്തവര്‍ണ്ണസ്വരമന്ത്രപുരസ്കൃതം
കര്‍ത്തവ്യമായുള്ള കര്‍മ്മം കഴിച്ചഥ
ചിത്രഭാനുപ്രസാദത്താലതിദ്രുതം
ശസ്ത്രാസ്ത്രചാപരഥാദികളോടുമ-
ന്തര്‍ദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം
ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു
രാമാദികളൊടു പോരിനായാശരന്‍
പോര്‍ക്കളം പുക്കോരുനേരം കപികളും
രാക്ഷസരെച്ചെറുത്താര്‍ത്തടുത്തീടിനാന്‍
മേഘജാലം വരിഷിക്കുന്നതുപോലെ
മേഘനാദന്‍ കണ തൂകിത്തുടങ്ങിനാന്‍
പാഷാണപര്‍വ്വതവൃക്ഷാദികള്‍കൊണ്ടു
ഭീഷണന്മാരായ വാനരവീരരും
ദാരുണമായ് പ്രഹരിച്ചുതുടങ്ങിനാര്‍
വാരണവാജിപദാതിരഥികളും
അന്തകന്‍തന്‍ പുരിയില്‍ച്ചെന്നു പുക്കവര്‍-
ക്കന്തം വരുന്നതു കണ്ടൊരു രാവണി
സന്താപമോടുമന്തര്‍ദ്ധാനവും ചെയ്തു
സന്തതം തൂകിനാന്‍ ബ്രഹ്മാസ്ത്രസഞ്ചയം
വൃക്ഷങ്ങള്‍ വെന്തു മുറിഞ്ഞു വീഴുംവണ്ണ-
മൃക്ഷപ്രവരന്മാര്‍ വീണു തുടങ്ങിനാര്‍
വമ്പരാം മര്‍ക്കടന്മാരുടെ മെയ്യില്‍ വ-
ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും
അമ്പുകള്‍ കൊണ്ടു പിളര്‍ന്നു തെരുതെരെ-
ക്കമ്പം കലര്‍ന്നു മോഹിച്ചു വീണീടിനാര്‍
അമ്പതുബാണം വിവിദനേറ്റൂ പുന-
രൊമ്പതും മൈന്ദനുമഞ്ചുഗജന്‍മേലും
തൊണ്ണൂറുബാണം നളനും തറച്ചിത-
വണ്ണമേറ്റു ഗന്ധമാദനന്‍ മെയ്യിലും
ഈരൊമ്പതേറ്റിതു നീലനും മുപ്പതു-
മീരഞ്ചു ബാണങ്ങള്‍ ജാംബവാന്‍മെയ്യിലും
ആറു പനസനു, മേഴു വിനത,നീ-
രാറു സുഷേണനുമെട്ടു കുമുദനും
ആറഞ്ചു ബാണമൃഷഭനും, കേസരി-
ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു
പത്തുശതബലിക്കൊമ്പതു ധൂമ്രനും
പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു
പത്തും പുനരിരുപത്തഞ്ചുമേറ്റിതു
ശക്തിയേറും വേഗദര്‍ശി,ക്കതുപോലെ
നാല്‍പതുകൊണ്ടു ദധിമുഖന്‍മെയ്യിലും
നാല്‍പത്തിരണ്ടു ഗവാക്ഷനുമേറ്റിതു
മൂന്നു ഗവയനുമഞ്ചു ശരഭനും
മൂന്നുമൊരു നാലുമേറ്റു സുമുഖനും
ദുര്‍മ്മുഖനേറ്റിതിരുപത്തിനാലമ്പു
സമ്മാനമായറുപത്തഞ്ചു താരനും
ജ്യോതിര്‍മ്മുഖനുമറുപതേറ്റു, പുന-
രാതങ്കമോടമ്പതഗ്നിവദനനും
അംഗദന്‍മേലെഴുപത്തഞ്ചു കൊണ്ടിതു-
തുംഗനാം സുഗ്രീവനേറ്റു ശരശതം
ഇത്ഥം കപികുലനായകന്മാരറു-
പത്തേഴു കോടിയും വീണിതു ഭൂതലേ
മര്‍ക്കടന്മാരിരുപത്തൊന്നു വെള്ളവു-
മര്‍ക്കതനയനും വീണോരനന്തരം
ആവതില്ലേതുമിതിന്നു നമുക്കെന്നു
ദേവദേവന്മാരുമന്യോന്യമന്നേരം
വ്യാകുലം പൂണ്ടു പറഞ്ഞുനില്‍ക്കേ, രുഷാ
രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാന്‍
മേഘനാദന്‍ മഹാവീര്യവൃതധരന്‍
ശോകവിഷണ്ണമായ് നിശ്ചലമായിതു
ലോകവും കൂണപാധീശജയത്തിനാ-
ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു
വേഗേന ലങ്കയില്‍ പുക്കിരുന്നീടിനാന്‍
ലേഖസമൂഹവും മാഴ്കീ ഗതാശയാ.