യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 424 – ഭാഗം 6 നിര്‍വാണ പ്രകരണം.
ആത്മജ്ഞാനം വിനാ സാരോ നാധിര്‍ നശ്യതി രാഘവ
ഭൂയോ രജ്ജ്വബോധേന രജ്ജുസര്‍പ്പോ ഹി നശ്യതി (6/81/25)
വസിഷ്ഠന്‍ തുടര്‍ന്നു: പഞ്ചഭൂതങ്ങളില്‍ നിന്നുമാണ് ഈ ആതുരാവസ്ഥകള്‍ സംജാതമാവുന്നത്. അവയെങ്ങനെയാണവസാനിപ്പിക്കാന്‍ സാധിക്കുക എന്നിനി പറയാം. ദേഹാസ്വാസ്ഥ്യങ്ങള്‍ രണ്ടു വിധമാണ്. ഒന്ന്‍ തീവ്രം, മറ്റേത് തുലോം നിസ്സാരം. ആദ്യത്തേത് ജന്മനാ ഉള്ളതും രണ്ടാമത്തേത് ദൈനംദിനങ്ങളായ കാരണങ്ങള്‍ കൊണ്ടുമാണുണ്ടാവുന്നത്.
അവയെ നിത്യജീവിതത്തിലെ പരിചിതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കൊണ്ട് നേരിടാനാവും. “എന്നാല്‍ ജന്മനാ ഉള്ള ആതുരാവസ്ഥയ്ക്ക് ആത്മജ്ഞാനമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. കയറില്‍ കണ്ട പാമ്പ് നശിക്കണമെങ്കില്‍ കയറിനെ കയറായിത്തന്നെ വീണ്ടും കാണുകതന്നെ വേണം.”
ആത്മജ്ഞാനം ദേഹ-മനസംബന്ധികളായ എല്ലാ രോഗങ്ങളെയും അവസാനിപ്പിക്കുന്നു. എന്നാല്‍ മാനസീകാവസ്ഥകള്‍ കൊണ്ടല്ലാതെയുണ്ടാവുന്ന രോഗങ്ങള്‍ ധ്യാനം, പ്രാര്‍ത്ഥന, സദ്കര്‍മ്മങ്ങള്‍ , സ്നാനാദികള്‍ എന്നിവകൊണ്ട് ചിലപ്പോള്‍ ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കും. ഇതെല്ലാം വൈദ്യശാസ്ത്രത്തില്‍ ഭംഗിയായി പ്രദിപാദിച്ചിട്ടുണ്ടല്ലോ.
രാമന്‍ ചോദിച്ചു: മാനസീകപ്രശ്നങ്ങളില്‍ നിന്നും എങ്ങനെയാണ് ദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്? എങ്ങനെയാണവയെ വൈദ്യശാസ്ത്രത്തിനതീതമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുക?
വസിഷ്ഠന്‍ തുടര്‍ന്നു: മനസ് കലുഷമായിരിക്കുമ്പോള്‍ ഒരുവന്‍ തന്റെ മുന്നിലുള്ള പാതയെ സ്പഷ്ടമായി കാണുന്നില്ല. മുന്‍പിലുള്ളതു കാണാതെ അവന്‍ തെറ്റായ മറ്റു മാര്‍ഗ്ഗങ്ങളെ അവലംബിക്കുന്നു. പ്രാണവായുക്കള്‍ (അപാന-സമാന-ഉദാനന്മാര്‍ ) ഈ കാലുഷ്യത്തില്‍ പ്രക്ഷുബ്ധമായി നാഡികളിലൂടെ അങ്ങുമിങ്ങും നിയന്ത്രണമില്ലാതെ പായാന്‍ തുടങ്ങും. അപ്പോള്‍ ചില നാഡികള്‍ ചൈതന്യരഹിതമായും മറ്റുചിലതടഞ്ഞ് രക്തചംക്രമണം തടസ്സപ്പെട്ടും പോവുന്നു.
പിന്നെ ഭക്ഷണം ദഹിക്കാനും പരിപോഷണത്തിനുമുള്ള ബുദ്ധിമുട്ട്, ഭക്ഷണത്തിനോടുള്ള അത്യാര്‍ത്തി, തുടങ്ങി ദഹനസംബന്ധികളായ മറ്റസുഖങ്ങള്‍ ഉണ്ടാവുന്നു. കഴിക്കുന്ന ഭക്ഷണം വിഷം പോലെയായി ശരീരത്തിന്റെ സ്വാഭാവികമായ ആഹാരവിരേചനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. അത് പലവിധ രോഗങ്ങള്‍ക്ക് കാരണമാവുന്നു. അങ്ങനെയാണ് മനസ്സിന്റെ പ്രശ്നങ്ങള്‍ ദേഹത്തിനെ ബാധിക്കുന്നത്.
കടുക്കകൊണ്ട് വയറിളക്കാന്‍ കഴിയുമെന്നതുപോലെ ‘യ,ര,ല,വ,’ തുടങ്ങിയ മന്ത്രങ്ങള്‍ക്ക് മനസ്സിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. മഹാത്മാക്കള്‍ക്ക് സേവനം ചെയ്യുക മുതലായ ശുദ്ധസദ്‌കര്‍മ്മങ്ങള്‍ കൊണ്ടും മാനസീകമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനസ്സിനെ നിര്‍മ്മലമാക്കാന്‍ ഉതകുന്നവയും ആനന്ദദായകവുമാണല്ലോ. അപ്പോള്‍ നാഡികള്‍ വഴി വീണ്ടും ജീവശക്തി പ്രവഹിക്കാന്‍ തുടങ്ങും; ദഹനക്രിയപൂര്‍വ്വരീതിയിലാവും; രോഗാവസ്ഥ അവസാനിക്കും.
പ്രാണായാമവേളയില്‍ ശ്വാസമെടുക്കുമ്പോള്‍ അത് നട്ടെല്ലിന്റെ മൂലഭാഗത്തുള്ള കുണ്ഡലിനിയെ പൂരിതമാക്കുന്നു. അപ്പോളത് സമതുലിതാവസ്ഥയെ പ്രാപിച്ച് ദേഹത്തെ ദൃഢവത്താക്കുന്നു. ശ്വാസം ഉള്ളില്‍ പിടിച്ചുവക്കുമ്പോള്‍ നാഡികള്‍ ചൂടുപിടിച്ച് ചുരുണ്ടുകൂടിയിരിക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തി വടിപോലെ നേരെയാക്കുന്നു. അപ്പോള്‍ നാഡികളിലൂടെയുള്ള ഊര്‍ജ്ജപ്രവാഹം ചടുലമായി, നാഡികള്‍ ശുദ്ധമായി, ലഘുവാകുന്നു. അങ്ങനെ യോഗിക്ക് ആകാശഗമനം സാദ്ധ്യമാവുന്നു.
രേചകം എന്ന ഉഛ്വാസവേളയില്‍ കുണ്ഡലിനി ബ്രഹ്മനാഡിയിലൂടെ ഉണര്‍ന്നുയര്‍ന്ന്‍ ‘ദ്വാദശാന്തം’ അകലത്തില്‍ (പന്ത്രണ്ടംഗുലം) ശിരസ്സിനുമുകളില്‍ എത്തുന്നു. അവിടെ ഒരു മണിക്കൂര്‍ നേരം കുണ്ഡലിനിയെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ യോഗിയ്ക്ക് ആകാശചാരികളെ (മാലാഖമാരെ) കാണാന്‍ കഴിയും.