യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 574 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഹേമാദിഷു സുവര്‍ണത്വം നരാദിഷു പരാക്രമ:
കാചകച്യം ച രത്നാദൌ വര്‍ഷാദിഷ്വവഭാസനം (6.2/91/17)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് ഞാന്‍ തേജോധാരണയിലൂടെ അഗ്നിയെ ധ്യാനിച്ച്‌ അഗ്നിധാതുവായി. അഗ്നി അല്ലെങ്കില്‍ പ്രകാശം ഏറെയും സത്വമാണ്. അതിനാല്‍ അതെപ്പോഴും പ്രകാശം പരത്തിക്കൊണ്ടിരിക്കും. രാജാവിന്റെ സാന്നിദ്ധ്യം തസ്കരന്മാരെ അകറ്റുന്നതുപോലെ ഇരുട്ടിനെ അകറ്റാന്‍ അഗ്നിക്കാവുന്നു.

ഇരുട്ടിന്റെ ദുരിതം എന്തെന്ന് ഞാനറിയുന്നു. കാരണം അത് നന്മയുടെ ഗുണങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. എല്ലാത്തിനെയും ‘സു’ദൃശ്യമാക്കുന്ന വെളിച്ചമായി ഞാനെങ്ങും പരക്കുന്നു. താതന്‍ പുത്രന് രൂപം നല്‍കുന്നതുപോലെ പ്രകാശം എല്ലാറ്റിനും രൂപമേകുന്നു.

പാതാളങ്ങളില്‍ വെളിച്ചം തുലോം മങ്ങിയിരിക്കും. അതില്‍ കൊടിയ ഇരുട്ടുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എല്ലായിടത്തും എല്ലാസമയത്തും പ്രകാശം മാത്രമേയുള്ളൂ. കര്‍മ്മത്തിന്റെ താമരയെ വിരിയിക്കുന്ന സൂര്യനാണ് പ്രകാശം.

“ഞാന്‍ സ്വര്‍ണ്ണത്തിലും മറ്റും സുവര്‍ണ്ണമായി; പുരുഷന്മാരില്‍ ഞാന്‍ വീര്യമായി; രത്നക്കല്ലുകളില്‍ ഞാന്‍ തിളക്കമായി; മഴമേഘങ്ങളില്‍ ഞാന്‍ ഇടിമിന്നലിന്റെ ഒളിയായി.”

വശ്യസ്ത്രീകളുടെ കണ്ണുകളിലെ തിളക്കമായി ഞാന്‍. സിംഹങ്ങളുടെ ശക്തിയായി. ദേവന്മാരില്‍ അസുരവിരോധമായും അസുരന്മാരില്‍ ദേവവിരോധമായും കുടികൊള്ളുന്നത് ഞാനാണ്. എല്ലാ ജീവജാലങ്ങളുടെയും സത്ത ഞാനാകുന്നു.

ഞാന്‍ സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും രത്നക്കല്ലുകളായും വിശ്വത്തെ എരിക്കാന്‍ പോന്ന അഗ്നിയായും വിളക്കായും മിന്നലായും വിരാജിച്ചു.

അഗ്നിയാകുമ്പോള്‍ എരിയുന്ന കനലുകള്‍ എന്റെ പല്ലുകളാണ്. പുകയാണെന്റെ മുടി. തീ ആളിക്കത്തിക്കാനുള്ള എണ്ണ, ജീവികള്‍ കഴിക്കുന്ന ആഹാരമാണ്. കൊല്ലന്റെ ആലയില്‍ ഇരുമ്പിനെ ഉരുക്കി സ്വര്‍ണ്ണവര്‍ണ്ണമാക്കുന്ന അഗ്നിയാണ് ഞാന്‍. കൊല്ലന്‍ തന്റെ കൂടമെടുത്ത് ചുട്ടുപഴുത്ത ഇരുമ്പില്‍ ആഞ്ഞടിക്കുമ്പോള്‍ പാറുന്ന തീക്കനലുകളായി ജ്വലിക്കുന്നതും ഞാനാണ്.

രാമന്‍ ചോദിച്ചു: മാമുനേ, അങ്ങങ്ങനെ അഗ്നിധാതുവായി വിരാജിച്ചപ്പോള്‍ സന്തോഷമായിരുന്നോ ദുഖമായിരുന്നോ ഉണ്ടായിരുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഒരുവന്‍ ഉറങ്ങുമ്പോള്‍ താല്‍ക്കാലികമായി അവന്‍ ചേതനാരഹിതനാണ്. അവനെ സംബന്ധിച്ച് ബോധം എന്നത് ജഡമാണ്. അവന്‍ സ്വയം ഭൂമി മുതലായ ധാതുക്കളായി ധരിക്കുമ്പോള്‍ (പ്രഥ്വീധാരണ..) അത് സ്വയം ചേതനാരഹിതമായി കണക്കാക്കുന്നു.

വാസ്തവത്തില്‍ ബോധത്തില്‍ (ബ്രഹ്മത്തില്‍) വിഷയ-വിഷയീ ഭേദമില്ല. ഭൂമിയായും ജലമായും അഗ്നിയായും ഞാന്‍ അനുഭവങ്ങളെ സ്വാംശീകരിച്ചതെല്ലാം ബ്രഹ്മഭാവത്തിലായിരുന്നു.

വെറും ജഡമായിരുന്നുവെങ്കില്‍ ഭൂമിയും മറ്റും ഞാനെങ്ങനെ അനുഭവിച്ചറിഞ്ഞു? ഉറങ്ങുമ്പോള്‍ ചേതനയുള്ള ഒരുവന്‍ ‘ഞാനുറക്കത്തിലാണ്’ എന്ന് ചിന്തിക്കുന്നു; എന്നാല്‍ അയാള്‍ ചേതനാരഹിതഭാവത്തിലാണ് നില്‍ക്കുന്നത്.

തന്നെക്കുറിച്ചുള്ള സത്യത്തില്‍ ഉണര്‍ന്നവനില്‍ ദേഹബുദ്ധി പൊയ്പ്പോയിരിക്കുന്നു. പിന്നീട് അതിവാഹിക ദേഹം കൊണ്ട് (സൂക്ഷ്മദേഹം) അയാള്‍ക്ക് എവിടെയും കയറിച്ചെല്ലാം. സൂക്ഷ്മശരീരം എന്നത് ശുദ്ധമായ പ്രജ്ഞയാണ്. ഈ പ്രജ്ഞയുമായി സ്വേച്ഛയാല്‍ ഏതസ്തിത്വതലങ്ങളില്‍ എത്തിയാലും അയാള്‍ക്ക് ദുഖാനുഭവങ്ങള്‍ അനുഭവിക്കേണ്ടതില്ല. സ്വപ്നത്തില്‍ ഇരുളടഞ്ഞതും അജ്ഞാനകലുഷവുമായ ലോകത്തെ അനുഭവിച്ചാലും അത് സത്തല്ല എന്നതുപോലെ മറ്റു ധാതുക്കളുടെ അനുഭവവും, അപ്രകാരമാണ്.

ഒരുവന്‍മനസ്സില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ നദിയില്‍ നിറയെ മുതലകള്‍ ഉണ്ടെങ്കിലും അവന് ആ നദിയില്‍ ഇറങ്ങുമ്പോള്‍ പേടിക്കേണ്ടതില്ല. എന്റെ പഞ്ചഭൂതാനുഭവങ്ങളും അപ്രകാരമായിരുന്നു.