വസിഷ്ഠമഹര്‍ഷി കൃഷ്ണാര്‍ജ്ജുന്മാരുടെ അവതാരത്തെയും അനന്തരം പാണ്ഡവരും കൗരവരും തമ്മിലുള്ള സംഘട്ടനത്തിന്റെ കാരണങ്ങളേയും സാമാന്യമായി പറഞ്ഞുകൊടുത്തതിനു ശേഷം പോര്‍ക്കളത്തില്‍ ഇരുസൈന്യങ്ങളുടെയും മദ്ധ്യത്തില്‍ ബന്ധുക്കളെ കൊല്ലേണ്ടിവരുന്നല്ലോ എന്നവ്യസന വ്യാമോഹംകൊണ്ടു പരവേശനായിത്തീര്‍ന്ന അര്‍ജ്ജുനനോടു ഭഗവാന്‍ അരുളിചെയ്ത ഉപദേശവാക്യങ്ങളെ പറഞ്ഞികൊടുക്കാന്‍ തുടങ്ങി.

ഹേ അര്‍ജ്ജുനാ, ആദിമധ്യാവസാനങ്ങളില്ലാത്തതും അവ്യക്തവും അനാമയവുമായ ആത്മാവിനെ അറിയൂ. നീയും ഇക്കാണപ്പെടുന്നവരുമെല്ല‍ാം അതാണല്ലോ. അതിനുണ്ടോ ഉല്പത്തിലയങ്ങള്‍? പിന്നെ ആര്‍ ആരെക്കൊല്ലുന്നു, ആര്‍ കൊല്ലപ്പെടുന്നു? ആരും ജയിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ലെന്നതാണ് പരമാര്‍ത്ഥം. ആത്മാവൊരിക്കലും ഇല്ലാതായിത്തീരുകയോ പിന്നീടൊരിക്കല്‍ ഉണ്ടായിത്തീരുകയോ രണ്ടും ചെയ്യുന്നില്ല. എപ്പോഴും ഉള്ളതായിതന്നെ ഇരിക്കുന്നു. ഈ ബോധത്തോടെ നന്മതിന്മകളേയോ ലാഭാലാഭങ്ങളേയോ കണക്കാക്കാതെ കര്‍ത്തവ്യങ്ങളെ ബ്രഹ്മാര്‍പ്പണം ചെയ്യുന്നവന്‍ കാലംകൊണ്ടു ബ്രഹ്മംതന്നെയായിത്തീരും. എല്ലാവസ്തുക്കളെയും അനുഭവങ്ങളെയും ഭാവങ്ങളെയും ഈശ്വരാര്‍പ്പണംചെയ്തു നീ സ്വയമേവ ഈശ്വരനായിത്തീരാന്‍ ശ്രമിക്കൂ. സങ്കല്‍പ്പങ്ങളെ മുഴുവന്‍ അകറ്റി സമനും ശാന്തനുമായിത്തീര്‍ന്നാല്‍ നീ മുക്തന്‍തന്നെ.

എന്നിങ്ങനെ ഭഗവാന്‍ അരുളിചെയ്യുമ്പോള്‍ അര്‍ജ്ജുന്‍ ചോദിക്കും; ഭഗവാനേ, ത്യാഗം, സന്യാസം, ജ്ഞാനം, ബ്രഹ്മം എന്നിവയുടെ ലക്ഷണങ്ങളെന്താന്താണ്? വാസുദേവന്‍ അപ്പോള്‍ മറുപടി പറയും: ഹേ അര്‍ജ്ജുനാ, സങ്കല്‍പ്പങ്ങളെ മുഴുവന്‍ അകറ്റി ഭാവനയും വാസനയും അല്പം പോലുമില്ലാതെ സ്വച്ഛനിര്‍മ്മലനായിരിക്കുന്നതു തന്നെ ബ്രഹ്മലക്ഷണം. ബ്രഹ്മമായിത്തീരാനുള്ള അറിവും പ്രയത്നവുമാണ് ജ്ഞാനലക്ഷണം. യോഗവും അതുതന്നെ. അതിനാല്‍ രണ്ടിന്റയും ലക്ഷണങ്ങള്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഞാനടക്കമുള്ള ഈ ലോകം മുഴുവന്‍ ബ്രഹ്മമാണന്ന വിശ്വാസം തന്നെ ബ്രഹ്മാര്‍പ്പണം. കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നത് സന്യാസം; സങ്കല്‍പ്പങ്ങളെ അകറ്റുന്നതു് അസംഗവുമാണ്. സര്‍വ്വാന്തര്യാമിയും അദ്വൈതനുമായ ഈശ്വരന്‍ എല്ല‍ാം ചെയ്യുന്നുവെന്ന ഭാവനയോടെ ദ്വൈതഭാവനയില്ലാതിരിക്കുന്നതും ബ്രഹ്മാര്‍പ്പണമാണെന്നു അറിവുള്ളവര്‍ പറയുന്നു.

സാമാന്യമെന്നും പരമമെന്നും ഈശ്വരനു് രണ്ടുരൂപങ്ങളുണ്ട്. ശംഖപത്മഗദാചക്രങ്ങളെ ധരിച്ചു നാലുതൃക്കൈകളോടുകൂടിയ വിഷ്ണു സ്വരൂപം സാമാന്യവും, ഏകവും അനാദ്യന്തവും അവ്യക്തവുമായ ബ്രഹ്മം പരമവുമാണ്. ആത്മ‍ജ്ഞാനംകൊണ്ടു പ്രബുദ്ധനും ജീവന്മുക്തനും ആകാതിരിക്കുംകാലത്തോളം ഭക്തിശ്രദ്ധാവിശ്വാസങ്ങളോടെ സാമാന്യസ്വരൂപിയായ വിഷ്ണുദേവനെ ജപകീര്‍ത്തനധ്യാനപൂജാനമസ്കാരാദികളെ കൊണ്ടു് ഉപാസിക്കണം. ഭഗവാനെ ധ്യാനിക്കുക, അവിടുത്തെ ഭക്തനായിരിക്കുക, എല്ല‍ാം ഭഗവാനില്‍സമര്‍പ്പിക്കുക; അങ്ങനെ ജീവിക്കുമ്പോള്‍ കാലം കൊണ്ട് ആത്മജ്ഞനമുണ്ടായി ഉണര്‍ന്ന് ആത്യന്തഹിനമായ ബ്രഹ്മസ്വരൂപത്തെ അറിഞ്ഞു തന്മയനായിത്തീരും. അങ്ങനെ സംഭവിക്കാനിടവന്നാല്‍ പിന്നീടീസംസാരത്തില്‍ ജനിക്കേണ്ടി വരുകയുമില്ല.

മാനം, മോഹം തുടങ്ങിയ ചിത്തദോഷങ്ങള്‍ നീങ്ങി നിസ്സംഗന്മാരും ആത്മാനുസന്ധാനനിരതന്മാരും കാമാദിദോഷങ്ങള്‍ നീങ്ങിയവരും നിര്‍ദ്വന്ദന്മാരുമായ വിദ്വാന്മാര്‍ കേവലമായ തത്പദത്തെ പ്രാപിക്കുന്നു. സംസാരബാധ എന്നെന്നേക്കുമായി അവരെ വിട്ടുമാറുകയും ചെയ്യുന്നു. ആരംഭങ്ങള്‍ ചുരുങ്ങണം. ചിലതൊക്കെ ഉണ്ടായാല്‍ത്തന്നെ അവ കാമാദി സങ്കല്പവര്‍ജ്ജിതങ്ങളും കേവലം നിഷ്കാമങ്ങളുമായിത്തീരുകയും വേണം. അങ്ങനെയുള്ളവരെയാണ് വിദ്വാന്മാരെന്നു ലോകത്തില്‍ പറഞ്ഞുവരുന്നതു്. നിത്യസത്വസ്ഥനും നിര്യോഗക്ഷേമനും അപ്രമത്തനുമായിരിക്കണം. ഹേ അര്‍ജ്ജുനാ, എന്തൊക്കെ സംഭവിച്ചാലും തന്റെ നിഷ്ഠക്കു ഭംഗം വരുത്താതിരിക്കണം. പ്രാരബ്ധത്തിന് അനുരൂപമായി അപ്പേഴപ്പോള്‍ എന്തുവന്നാലും അതില്‍ നന്മതിന്മകളെ കാണാതെ അനുഭവിച്ചു് ചരിതാര്‍ത്ഥനാവണം. ഗുരൂപദേശവും ശാസ്ത്രവുമാകുന്ന മാര്‍ഗ്ഗത്തെ ഒരുകാലത്തും ഉപേക്ഷിക്കരുതു്. അവ വാസനാജാലത്തെ അഗ്നിയെന്നപോലെ ദഹിപ്പിക്കും. അങ്ങനെ ജീവിച്ചാല്‍ കാലംകൊണ്ടു് മുക്തനായിത്തീരും. എന്നിപ്രകാരമുള്ള വാസുദേവവ്യാക്യങ്ങളെ കേട്ടു് കുന്തീപുത്രനായ അര്‍ജ്ജുനന്‍ ഉല്‍ബുദ്ധനും ചരിതാര്‍ത്ഥനുമായിത്തീരും. ഹേ രാമചന്ദ്രാ, നീയും അതുപോലെ ഉല്‍ബുദ്ധനും ചരിതാര്‍ത്ഥനുമായിത്തീരാന്‍ ശ്രമിക്കൂ.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.