അനന്തരം വസിഷ്ഠമഹര്‍ഷി “ഹേ രാമചന്ദ്രാ, അല്ലെങ്കില്‍ നീ മഹാബലിയെന്നപോലെ വിചാരവാനായി സ്വയം വസ്തുബോധത്തെ പ്രാപിക്കൂ എന്നുപറഞ്ഞപ്പോള്‍ മഹാബലി എങ്ങനെയാണ് തന്നത്താന്‍ വിചാരവാനും വസ്തുസിദ്ധനുമായതെന്നറിയാന്‍ ശ്രീരാമന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു.

“ഹേ രാമാ! അവരവരുടെ സ്വപ്രയത്നംകൊണ്ടല്ലാതെ ആര്‍ക്കാണ് ജ്ഞാനമുണ്ടായിട്ടുള്ളത്? സുപ്രസിദ്ധമായ പാതാളലോകത്തില്‍ അസുരന്മാരുടെ ചക്രവര്‍ത്തിയായ മഹാബലി പത്തുകോടി കൊല്ലവും എല്ലാവര്‍ക്കും ആരാധ്യനായി എല്ലാവിധ രാജകീയഭോഗങ്ങളെയും അനുഭവിച്ചുകൊണ്ടും ധര്‍മ്മനിഷ്ഠയോടുകൂടി രാജ്യഭരണം നടത്തിവന്നു. വളരെക്കാലം ഇഷ്ടംപോലെ സുഖഭോഗങ്ങളെ അനുഭവിച്ചുവന്നുവെങ്കിലും ഒരു ദിവസം അനുഭവിച്ച ഭോഗങ്ങളെത്തന്നെയാണ് എല്ലാ ദിവസങ്ങളിലും അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിനു കുറെകാലംകൊണ്ട് ബോധ്യംവന്നു. ചെയ്തതിനെത്തന്നെ ചെയ്തും കണ്ടതിനെത്തന്നെ കണ്ടും അനുഭവിച്ചതിനെത്തന്നെ അനുഭവിച്ചുംവരുന്ന സംസാരാനുഭാവങ്ങള്‍ക്കും, രാജഭോഗങ്ങളെന്നോ എന്തുപേരുപറഞ്ഞാലും, അവ ബാലിശങ്ങളായ ബാലക്രീഡകള്‍ തന്നെയാണ്. അവയില്‍ ഒരാള്‍ക്ക്‌ ലജ്ജയുണ്ടാവാത്തതാണദ്ഭുതം. അതിനാല്‍ ഇനിയും ഇങ്ങനെ ബാലിശമായി ജീവിക്കാതെ എന്താണ് ജീവിതത്തിന്റെ ലക്ഷ്യമെന്നും താന്‍ ആരാണെന്നും അറിഞ്ഞ് അതിനെ പ്രാപിക്കണമെന്നും എങ്കിലേ ചിത്തസമാധാനമുണ്ടാവൂ എന്നും അദ്ദേഹത്തിനു ബോധ്യമായി. അതിന്റെ ഫലമായി താന്‍ ആരാണെന്ന തത്വത്തെ അന്വേഷിക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ പണ്ട് തന്റെ പിതാവായ വീരോചനന്‍ പറഞ്ഞത് ഓര്‍മ്മ വന്നത്. പ്രഹ്ലാദപുത്രനായ  വീരോചനന്‍ നല്ല ജ്ഞാനിയും ബ്രഹ്മനിഷ്ഠനും ആയിരുന്നു. അദ്ദേഹമൊരു ദിവസം പുത്രനായ ബലിക്കു ജ്ഞാനോപദേശം ചെയ്യുകയുണ്ടായി.  ആ സംഗതി കഴിഞ്ഞിട്ട് എത്രയോ കാലമായി എന്നിരുന്നാലും ബാലിക്ക്  അതോര്‍മ്മവന്നു. വീരോചനന്‍ പറഞ്ഞതിനെ അദ്ദേഹം ഇങ്ങനെ ഓര്‍മ്മിച്ചു.

“എത്രയും ശക്തനും എല്ലാറ്റിനും അധിപതി യുമായി ഒരു രാജാവുണ്ട്. അദ്ദേഹത്തിനു അധീനവും സ്വന്തവുമാണ് ത്രിലോക്യം മുഴുവനും. അങ്ങനെയാണെങ്കിലും യാതൊന്നിനെയും താന്‍ ആഗ്രഹിക്കുകയോ പ്രവര്‍ത്തിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. വിശ്വസ്തനും എല്ലാറ്റിനും പ്രാപ്തിയുള്ളവനുമായ ഒരു മന്ത്രിയുണ്ട് അദ്ദേഹത്തിന്. പ്രസ്തുത മന്ത്രിയാണ് എല്ലാ കാര്യങ്ങളും നടത്തുന്നത്. അദ്ദേഹം മഹാസമര്‍ത്ഥനാണ്. ഉള്ളത് ഇല്ലാത്തതാക്കാനും ഇല്ലാത്തത് ഉള്ളതാക്കാനും എല്ല‍ാം ആ മന്ത്രിവര്യന് കഴിയും. പറയത്തക്ക സൈന്യങ്ങളോ ആയുധബലമോ ഒന്നുമില്ലെങ്കിലും ആര്‍ക്കും അദ്ദേഹത്തെ ജയിക്കാന്‍ സാദ്ധ്യമല്ല. യുക്തിപൂര്‍വ്വം ആ മന്തിസത്തമനെ ജയിക്കുന്നവര്‍ക്കുമാത്രം മഹാരാജാവിനെ കാണ‍ാം. അല്ലാത്തവര്‍ക്കൊന്നും രാജാവിനെ കാണാന്‍പോലും സാധ്യമല്ല.” എന്നൊക്കെയാണ് പണ്ട് വീരോചനന്‍ ഉപദേശിച്ചതായ ജ്ഞാനസ്വരൂപത്തെ മഹാബലി സ്മരിച്ചത്‌.

ആത്മാവിനെ അല്ലെങ്കില്‍ മോക്ഷാനുഭൂതിയെയാണ് രാജാവായി ചിത്രീകരിച്ചതെന്നും മനസ്സിനെയാണ്‌ മന്ത്രിയായിപ്പറഞ്ഞതെന്നുംകൂടി ഓര്‍മ്മിച്ചു. അനേകമനേകം സങ്കല്‍പ്പങ്ങളെക്കൊണ്ടും വികാരങ്ങളെക്കൊണ്ടും വൃത്തികളെക്കൊണ്ടും പ്രക്ഷുബ്ധവും അവ്യാകൃതവുമായ ചിത്തത്താല്‍ മറയപ്പെട്ടിരിക്കുകയാണ് താനാകുന്ന ആത്മതത്വമെന്നും അനാസ്ഥയാകുന്ന യുക്തികൊണ്ട് പതുക്കെപ്പതുക്കെ ചിത്തത്തെ അടക്കുമ്പോള്‍മാത്രമേ ഒരാള്‍ക്ക്‌ ആത്മസ്വരൂപത്തെ അറിയാന്‍ കഴിയൂ എന്നുമുള്ള പരമാര്‍ത്ഥം ക്രമേണ ഗ്രഹിക്കാന്‍ കഴിഞ്ഞു. അങ്ങനെ ചിത്തത്തെ അനാസ്ഥമാക്കിത്തീര്‍ത്തു ലോകത്തിലുള്ള ഒരു പദാര്‍ത്ഥത്തിലും അനുഭവത്തിലും അല്പം പോലും ആസ്ഥയില്ല ചിത്തത്തിനെന്നു വന്നപ്പോള്‍ത്തന്നെ മനസ്സ് മിക്കവാറും അടങ്ങി. ഓരോ പദാര്‍ത്ഥത്തെയും അതിന്റെ അനുഭവത്തെയും വീണ്ടും വീണ്ടും മനനം ചെയ്തപ്പോള്‍ അതിന്റെ മിഥ്യാത്വവും ദുഖാത്മകതയും വെളിവായി. അങ്ങനെ പലതിനെയും മനനം ചെയ്തപ്പോള്‍ മനസ്സ് മിക്കവാറും അനാസ്ഥമായിക്കഴിഞ്ഞു.

എങ്കിലും സംശയം തീര്‍ക്കാന്‍വേണ്ടി കലാചാര്യനും സര്‍വ്വജ്ഞനുമായ ശുക്രാചാര്യനെ സ്മരിച്ചു. ശിഷ്യനായ മഹാബലി  തന്റെ ദര്‍ശനത്തെ ക‍ാംക്ഷിക്കുന്നുവെന്ന് ജ്ഞാനദൃഷ്ടികൊണ്ട് കണ്ടറിഞ്ഞ ഭാര്‍ഗ്ഗവന്‍ വളരെ വേഗത്തില്‍ ബലി ചക്രവര്‍ത്തിയിരിക്കുന്ന മുറിയുടെ സ്വര്‍ണ്ണജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ട് എന്താണ് ത്തന്നെക്കൊണ്ട് ആവശ്യമെന്ന് അന്വേഷിച്ചു. തന്റെ സംശയങ്ങളെ മുഴുവന്‍ മഹാബലി അറിയിച്ചു. ജഗത്തില്‍ ഓരോ പദാര്‍ഥത്തെ പരിശോധിച്ചാലും അതിന്റെ പൂര്‍വ്വാപരകാലങ്ങളിലെ അഭാവം ഹേതുവായിട്ടു അവയോരോന്നും അസത്യമാണെന്ന് വ്യക്തമാണ്. അങ്ങനെ എല്ല‍ാം അസത്യമാണെങ്കില്‍ സത്യമായിട്ടുള്ളതെന്താണ്? താന്‍ ആരാണ്? എങ്ങനെയാണ് ഇല്ലാത്തതായ ഈ ലോകങ്ങള്‍ ഉണ്ടായത്? ആരിലാണിത് നിലനില്‍ക്കുന്നത്? എന്നൊക്കെയാണ് മഹാബലി ചോദിച്ച സംശയങ്ങള്‍.

ബുദ്ധിമാനോട് അധികമൊന്നും പറയേണ്ട ആവശ്യമില്ല. ബുദ്ധിയില്ലാത്തവനോട് കുറെയധികം  പറഞ്ഞതുകൊണ്ടും വിശേഷിച്ചു പ്രയോജനമൊന്നുമില്ല. അതുകൊണ്ട് ഉള്ള കാര്യത്തെ ഞാന്‍ ചുരുക്കിപ്പറയ‍ാം. ചിത്താണ് ജഗത്തെല്ല‍ാം. ചിത്തലാതെ ഒന്നുംതന്നെ ജഗത്തിലില്ല. എന്നാല്‍ ചിത്തിനെ ചേത്യരൂപത്തിലാണ് എല്ലാവരും ഗ്രഹിക്കുന്നത്. അതുതന്നെയാണ് ബന്ധം. ചേത്യഭാവം വിട്ട ചിത്തുതന്നെ മോക്ഷം. ചേത്യതയെ പ്രാപിച്ച ചിത്തുതന്നെ ബന്ധവും. ഇതാണ് ചുരുക്കം.ചേത്യ ഭാവമെല്ല‍ാം വിക്ഷേപങ്ങലാണ്. സ്വതവേ ഉള്ളത് ചിത്തുമാത്രം. ഇതിനെ അറിഞ്ഞാല്‍ അജ്ഞാനവും അത് ഹേതുവായിട്ടുള്ള ബന്ധവും അവസാനിക്കുകയും ചെയ്യും. ഇത്രയും പറഞ്ഞ് ശുക്രാചാര്യന്‍ തനിക്കു അടിയന്തിരമായ ചില കാര്യങ്ങള്‍ക്ക് പോകേണ്ടതുണ്ട് എന്നുപറഞ്ഞ് പെട്ടെന്ന് മറയുകയും ചെയ്തു.

മഹാബലിയാകട്ടെ ശുക്രാചാര്യന്‍ പറഞ്ഞ വാക്കുകളെ ദൃഡമായി ബോധിച്ചു മനനം ചെയ്തുറപ്പിച്ചു ചേത്യഭാവത്തെ വിട്ട ചിത്തിനെ ധ്യാനിക്കാന്‍ തുടങ്ങി. ക്ഷണനേരംകൊണ്ട് അദ്ദേഹം എല്ലാ വികല്‍പ്പങ്ങളെയും വിട്ട് നിര്‍വ്വികല്‍പ്പമായ പരമഭാവത്തില്‍ മുഴുകി. അനന്തരം തുടര്‍ച്ചയായിരുന്ന് വളരെ ദിവസം കഴിഞ്ഞ ശേഷമാണ് അദ്ദേഹം ആപരമഭാവത്തില്‍ നിന്നുണര്‍ന്നത്‌. പിന്നെ ചേത്യഭാവമില്ലാത്ത സത്താമാത്രസ്ഥിതിയില്‍ മനസ്സിനെ നിര്‍ത്തിക്കൊണ്ട് തന്റെ രാജ്യകാര്യങ്ങളൊക്കെ നടത്തിവന്നു. നോക്കൂ! മഹാബലി ജന്മനാ അസുരനായിരുന്നിട്ടും എത്ര എളുപ്പത്തിലാണ് മുക്തനായത്. ഇതുപോലെ എല്ലാവര്‍ക്കും സാദ്ധ്യമാണ്. ശുദ്ധിയും കൂര്‍മ്മതയും പ്രജ്ഞയും ശരിയായ മാര്‍ഗ്ഗത്തിലുള്ള വിചാരവും മാത്രമേ ആവശ്യമുള്ളൂ. പരമാര്‍ത്ഥമായ ജ്ഞാനം ആര്‍ക്കും ഉണ്ടാവ‍ാം. അതിനാല്‍ ഹേ രാമചന്ദ്രാ, നീയും ബാലിയെന്ന പോലെ വിചാരം കൊണ്ട് വസ്തുവില്‍ ഉണര്‍ന്നു ഇതേ നിമിഷം ത്തന്നെ മുക്തനായിത്തീരൂ.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.