ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 27

സര്‍വ്വാണീന്ദ്രിയകര്‍മ്മാണി
പ്രാണകര്‍മ്മാണി ചാപരേ
ആത്മസംയമയോഗാഗ്നൗ
ജുഹ്വതി ജ്ഞാനദീപിതേ

മറ്റു ചില ധ്യാനനിഷ്‍ഠന്മാര്‍ ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളുടേയും പ്രാണന്‍ മുതലായ പത്തു വായുക്കളുടെയും വ്യാപാരങ്ങളെ ആത്മവിഷയകമായ ജ്ഞാനം കൊണ്ടു ജ്വലിക്കുന്നതായ ആത്മസംയമയോഗമെന്ന അഗ്നിയില്‍ ഹോമിക്കുന്നു.

അല്ലയോ പാര്‍ത്ഥാ, ഇപ്രകാരം ചിലര്‍ അവരുടെ പാപത്തെ കഴുകികളയുന്നു. ചിലര്‍ വിവേചനമാകുന്ന അരണി ഗുരു ഉപദേശിച്ച പ്രകാരം, ഹൃദയമാകുന്ന അരണിയോടു ചേര്‍ത്ത് അതിവേഗത്തില്‍ ഉരുമ്മുന്നു. എല്ലാ മാനസികാവസ്ഥകളും ഏകരൂപമാക്കി ദ്രവീഭവിപ്പിച്ചതിനുശേഷമുള്ള ഉരസല്‍ ആയതുകൊണ്ട് ഇതിന് പെട്ടെന്നു ഫലം സിദ്ധിക്കുകയും ജ്ഞാനത്തിന്റെ അഗ്നി കത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ അഗ്നി കത്തിജ്ജ്വലിക്കുന്നതിനുമുമ്പ് അതില്‍നിന്നുണ്ടാകുന്നത് അത്ഭുതശക്തികള്‍ സമ്പാദിക്കണമെന്നുള്ള മോഹത്തിന്റെ വശീകരണധൂമമാണ്. ധൂമപ്രവാഹം നില്‍ക്കുമ്പോള്‍ ജ്ഞാനത്തിന്റെ തീപ്പൊരികള്‍ കാണാറാവുന്നു. ആത്മീയാനുഷ്ഠാനങ്ങള്‍ കൊണ്ട് ലാഘവമാക്കിത്തീര്‍ത്ത ചിത്തത്തിന്റെ ബന്ധനരഹിതമായ ചെറിയ അംശങ്ങള്‍ ഈ ജ്ഞാനാഗ്നിയില്‍ ഇട്ടുകൊടുക്കുമ്പോള്‍ , മമതയാകുന്ന നെയ്യിന്റെ സഹായത്തോടെ അഗ്നി ആളിക്കത്തി വാസനകളെ എരിച്ചു കളയുന്നു. അപ്പോള്‍ ഇന്ദ്രിയ കര്‍മ്മങ്ങളെ ‘ഞാന്‍ ബ്രഹ്മമാകുന്നു, ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന മന്ത്രോച്ചാരണത്തോടുകൂടി ഈ അഗ്നിജ്വാലയിലേക്കു നിവേദിക്കുന്നു. പിന്നീട് പ്രാണന്‍ മുതലായ വായുക്കളുടെ വ്യാപാരങ്ങളെ അവസാനത്ത ഹോമദ്രവ്യമാക്കി ഈ അഗ്നിയില്‍ ഹോമിക്കുന്നു. ജ്ഞാനത്തിന്റെ പരിസരമാപ്തിയില്‍ ബ്രഹ്മത്തില്‍ നിമഗ്നമായി അവഭൃതസ്നാനവും നടത്തുന്നു. ആത്മാനിയന്ത്രണമെന്ന യജ്ഞത്തിന്റെ അവസാനത്തില്‍ യജ്ഞശേഷിപ്പായി ലഭിക്കുന്ന ആത്മജ്ഞാനാനന്ദത്തിന്റെ അനുഭൂതിയാകുന്ന ഹവിസ്സ് അവര്‍ യജ്ഞശിഷ്ടമായി അനുഭവിക്കുന്നു. അതുപോലെ യജ്ഞം നടത്തി മോക്ഷം നേടിയവര്‍ പലരുമുണ്ട്. ഇപ്രകാരമുള്ള യജ്ഞകര്‍മ്മങ്ങള്‍ പലവിധത്തില്‍ ഉള്ളതാണെങ്കിലും പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം.