ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 8

ജന്മ കര്‍മ്മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്‍ജന്മ
നൈതി മാമേതി സോഽര്‍ജ്ജുന.

അല്ലയോ അര്‍ജ്ജുന, ദിവ്യമായ എന്റെ അവതാരത്തെയും കര്‍മ്മത്തയും ഏവന്‍ ഇപ്രകാരം ശരിയായി അറിയുന്നുവോ, അവന്‍ ഈ ദേഹത്തെ ഉപേക്ഷിച്ചശേഷം ഇനിയൊരു ജന്മത്തെ പ്രാപിക്കുന്നില്ല. അവന്‍ മുക്തനായി എന്നെത്തന്നെ പ്രാപിക്കുന്നു.

എന്റെ ജനനരഹിതവും കര്‍മ്മരഹിതവുമായ സ്വഭാവത്ത യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തിക്കൊണ്ട് മാത്രമാണ് ഞാന്‍ ജന്മമെടുക്കുന്നതെന്നും കര്‍മ്മങ്ങള്‍ ചെയ്യുന്നതെന്നുമുള്ള ശാശ്വതമായ സത്യം അറിയുന്നവര്‍ മാത്രമേ മോചിതനാകുകയുള്ളൂ. അങ്ങനെയുള്ളവന്‍ മര്‍ത്ത്യലോകത്ത് ജീവിക്കുന്നുവെങ്കിലും അവന്‍ ദേഹത്തോടുള്ള ബന്ധം ഇല്ലാത്തവനായിട്ടാണ് വര്‍ത്തിക്കുന്നത്. കാലക്രമത്തില്‍ അവന്റെ ശരീരം പഞ്ചഭൂതങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ , അവന്‍ എന്റെ ശാശ്വതികമായ സത്തയില്‍ വിലയം പ്രാപിക്കുന്നു.