ആടുപാമ്പേ! പുനം തേടു പാമ്പേ,യരു-
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!

തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ!

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!

ആയിരം കോടിയനന്തന്‍ നീ ആനന-
മായിരവും തുറന്നാടു പാമ്പേ!

ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!

പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!

പേയും പിണവും പിറക്കും ചുടുകാട്
മേയും പരമ്പൊരുളാടു പാമ്പേ!

പൂമണക്കുംകുഴലാളകം‌പൂകുമാ-
കോമളമേനി കണ്ടാടു പാമ്പേ!

നാദത്തിലുണ്ട‍ാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!

പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!

കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ!

വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു‌‌-
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ!

എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!

എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ!

എല്ല‍ാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!

ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌-
ളെല്ലയിലേറി നിന്നാടു പാമ്പേ!

ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ!

നാടും നഗരവുമൊന്നായ് നാവില്‍ നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ!

പേരിങ്കല്‍നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!

ചേര്‍ന്നുനില്‍ക്കുമ്പൊരുളെല്ല‍ാം ചെന്താരൊടു
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ!